Sorry, you need to enable JavaScript to visit this website.

ജൈവകവചത്തില്‍ കോവിഡ്; ഐ.പി.എല്ലില്‍ ആശങ്ക, കളി മാറ്റി

അഹമ്മദാബാദ് - ജൈവകവചത്തിനുള്ളില്‍ ഏറ്റവും സുരക്ഷിതമെന്ന് ബി.സി.സി.ഐ വിശേഷിപ്പിച്ച ഐ.പി.എല്ലിലും കോവിഡിന്റെ ആക്രമണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര് വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി പെയ്‌സ്ബൗളര്‍ സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് സപ്പോര്‍ട് സ്റ്റാഫിനുമാണ് കോവിഡ് ബാധിച്ചത്. ബൗളിംഗ് കോച്ച് എല്‍. ബാലാജി, സി.ഇ.ഒ കാശി വിശ്വനാഥന്‍, ലോജിസ്റ്റിക്‌സ് സംഘത്തിലെ ഒരാള്‍ എന്നിവര്‍ക്കാണ് ചെന്നൈ ടീമില്‍ കോവിഡ് പോസിറ്റിവ്. 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റി വെച്ചു. ജൈവകവചത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വിദേശ കളിക്കാരുടെ ആശങ്ക വര്‍ധിപ്പിക്കുമെന്നുറപ്പാണ്. 
ഈ സീസണ്‍ ആരംഭിച്ച ശേഷം ആദ്യമായാണ് ഐ.പി.എല്‍ കളിക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നത്. പരിക്കേറ്റ ചുമലിന്റെ സ്‌കാനിംഗിനായി വരുണ്‍ ചക്രവര്‍ത്തി ഈയിടെ ജൈവകവചം വിട്ടിരുന്നു. അപ്പോഴാവാം കോവിഡ് ബാധിച്ചതെന്ന് കരുതുന്നു. എന്നാല്‍ പരിശോധനക്കായി പി.പി.ഇ കിറ്റണിഞ്ഞ ഡ്രൈവര്‍ക്കൊപ്പമാണ് കളിക്കാരന്‍ പോവുക. പി.പി.ഇ കിറ്റണിഞ്ഞവരാണ് പരിശോധന നടത്തുക. മറ്റൊരു സമ്പര്‍ക്കവും പാടില്ല. 
കൊല്‍ക്കത്ത കളിക്കാരെ ഇനി ദിവസവും പരിശോധിക്കും. മുഴുവന്‍ കൊല്‍ക്കത്ത കളിക്കാരും അഞ്ചു ദിവസം ഹോട്ടലില്‍ ക്വാരന്റൈനില്‍ കഴിയണം. മെയ് എട്ടിന് ദല്‍ഹി കാപിറ്റല്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം റദ്ദാക്കി. 
ഐ.പി.എല്ലിലെ ജൈവകവചം ഏറ്റവും സുരക്ഷിതമാണെന്നും പരിശോധനാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ബി.സി.സി.ഐ സി.ഇ.ഒ ഹേമാംഗ് അമീന്‍ അവകാശപ്പെട്ടിരുന്നു.
 

Latest News