Sorry, you need to enable JavaScript to visit this website.

കടൽപ്പെരുമയുടെ പെരുമീനുദിച്ച പൊന്നാനി

കടലിന്റെ കരുത്തിനോട് പടവെട്ടി പത്തേമ്മാരികളിൽ നിന്ന് ജീവിതായോധനത്തിന്റെ തുഴയെറിഞ്ഞ, ദിക്കറിയാതെ നക്ഷത്രവെളിച്ചത്തിൽ തിരകൾ മുറിച്ചുനീന്തിയ പൊന്നാനിയിലെയും പരിസരങ്ങളിലേയും കടലിന്റെ മക്കളുടെ കനവുകളിലൂടെ ഒരു യാത്ര...

കരയിൽനിന്ന് നോക്കുമ്പോൾ കൗതുകമാണ് കടൽ. എന്നാൽ കടലിലെ ധ്യാനനിരതമായ ഇടവേളകൾക്കിടയിൽ തിരയടിച്ചു കൊണ്ടിരിക്കുന്ന മനസ്സാണ് മത്സ്യത്തൊഴിലാളികളുടേത്. കടലിൽ തെളിയുന്ന ചിത്രം കരയിൽ കാത്തിരിക്കുന്ന ഉറ്റവരുടേതാകുമ്പോൾ ത്യാഗത്തിന്റെ മറ്റൊരു രൂപമായി മാറുകയാണ് കടൽത്തൊഴിലാളികൾ. അരനൂറ്റാണ്ടു മുൻപുവരെ സജീവമായിരുന്ന പൊന്നാനി വാണിജ്യ തുറമുഖം അയവിറക്കുന്നത് പത്തേമാരികളുടെ പ്രതാപകാലത്തിന്റെ കഥകളാണ്. പത്തേമാരികളിൽ പണിയെടുത്തിരുന്ന വഞ്ചിത്തൊഴിലാളികൾ ആഴ്ചകളും മാസങ്ങളും കടലിൽ കഴിഞ്ഞിരുന്നു. തീക്ഷ്ണവും അതിലേറെ സാഹസികവുമായിരുന്നു പലപ്പോഴും അവരുടെ യാത്രകൾ. പത്തേമ്മാരികളിലെ നോമ്പുകാല ഓർമ്മകളും വൈവിധ്യമാർന്നതാണ്. വെള്ളം പോലും സൂക്ഷിച്ച് ഉപയോഗിച്ചിരുന്ന കാലത്ത് വിഭവങ്ങളുടെ വൈവിധ്യങ്ങൾക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. നോമ്പിനേയും മത ചിഹ്നങ്ങളേയും ആദരവോടെ സമീപിച്ച കടൽത്തൊഴിലാളികൾ സൂര്യനെ നോക്കി നേരം തിട്ടപ്പെടുത്തി നോമ്പെടുക്കുകയും നോമ്പുതുറക്കുകയും ചെയ്തു പോന്നു. കടലിന്റെ ഓളങ്ങൾ സംഗീതമാക്കിയ ജീവിതമാണ് കടൽത്തൊഴിലാളികളുടേത്. യന്ത്രവത്കൃത ബോട്ടുകളും കപ്പലുകളും വ്യാപകമാകുന്നതിനു മുമ്പ്  ദേശങ്ങൾ താണ്ടിയ പത്തേമ്മാരികളിലൂടെ കാറ്റിലും കോളിലുമായി ആടിയുലഞ്ഞ തൊഴിലാളി ജീവിതം സാഹസികവും അതിലേറെ സങ്കടകരവുമായിരുന്നു. 50000 - തേങ്ങയോ 1000 - അരിച്ചാക്കോ കയറ്റാവുന്നതായിരുന്നു ഒരു സാധാരണ പത്തേമ്മാരി. ബോംബെയിൽ നിന്ന് ഗോതമ്പ്, പയറുവർഗങ്ങൾ, കരിമ്പ്, ശർക്കര, ഉപ്പ് തുടങ്ങിയവ കൊണ്ടുവരികയും തേക്ക്, തേങ്ങ എന്നിവ കൊണ്ടുപോവുകയും ചെയ്തിരുന്നു. മലബാറിലെ പ്രമുഖ തുറമുഖമായിരുന്ന പൊന്നാനിയിൽ തന്നെ നൂറുകണക്കിന് പത്തേമ്മാരികൾ ഉണ്ടായിരുന്നു. സ്വദേശി വ്യാപാരികളുടേതും ഗുജറാത്തി വ്യാപാരികളുടേതുമായിരുന്നു ഇവയിലേറെയും. കോഴിക്കോട്ടുകാരും മംഗലാപുരത്തുകാരും പൊന്നാനിയിലെ പത്തേമ്മാരി ഉടമകളിലുണ്ടായിരുന്നു. ഒരു കൊല്ലത്തിൽ അഞ്ചോ ആറോ തവണ ബോംബേ തുറമുഖത്തേക്ക് ചരക്കു നീക്കം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ ഇറക്കുമതിയും ചെയ്തിരുന്നു. അതിനാൽ ധാരാളം മറുനാടൻ വ്യാപാരികളും തൊഴിലാളികളും ഇവിടെ തമ്പടിച്ചു. 


ഗുജറാത്തിലെ കച്ച് ദേശക്കാരായ മുസ്‌ലിം വ്യാപാരികളും ബ്രാഹ്മണ വ്യാപാരികളായ സേട്ടുമാരും പത്തേമ്മാരികളെ ആശ്രയിച്ച് പൊന്നാനിയിൽ താമസമാക്കി. പൊന്നാനി തുറമുഖത്തിന് സമീപം ടൗണിന്റെ വടക്കുഭാഗത്ത് ഉണ്ടായിരുന്ന കച്ചത്തെരുവ് കച്ച് ദേശക്കാരുടെ വാണിജ്യകേന്ദ്രമായിരുന്നു. സേട്ടുമാരുടെ പിൻമുറക്കാർ ഇന്നുമുണ്ട്. കാലവർഷം കനക്കുന്ന ജൂൺ - ജൂലൈ മാസങ്ങളിൽ പത്തേമ്മാരികൾ യാത്രയായിരുന്നില്ല. ഓഗസ്റ്റ് 15 ഓടെ ചരക്ക് നീക്കം തുടങ്ങും. ഈ സമയത്ത് പുതിയ തൊഴിലാളികൾ വഞ്ചിയിൽ കയറും. 
നാഡി പിടിച്ചാണ് വഞ്ചിയിൽ കയറ്റുക. ഈ സമയത്ത് സ്രാങ്കി (ക്യാപ്റ്റന് പറയുന്ന പേര്)നെ സന്തോഷിപ്പിക്കാൻ മുട്ട സുർക്ക സമ്മാനിക്കും. (കോഴിമുട്ട കൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക പലഹാരമാണ് മുട്ട സുർക്ക). വഞ്ചിത്തൊഴിലാളികളുടെ കുടുംബങ്ങളിൽ മനഃസംഘർഷം നിറയുന്ന സമയം കൂടിയാണിത്. വഞ്ചി പുറപ്പെട്ടു കഴിഞ്ഞാലും ആധിയും പ്രാർത്ഥനയും തന്നെയാണ്. അനുഭവങ്ങൾ അത്രമേൽ തീക്ഷ്ണമായിരുന്നു. യാത്രക്കിടയിൽ പരലോകം പൂകുന്നവരുടെ മയ്യത്ത് പോലും തിരിച്ചു വന്നിരുന്നില്ല. പത്തേമ്മാരികൾ തീരത്ത് അടുക്കുന്ന സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളെ സ്വീകരിക്കാൻ തുറമുഖത്തെത്തിയ കുടുംബത്തിന് അവരുടെ മരണവാർത്ത അറിയേണ്ടി വരുന്ന ദാരുണമായ രംഗങ്ങൾക്ക് കടപ്പുറത്തെ പഞ്ചാരമണൽ പല തവണ സാക്ഷികളായി. 
കൂടെയുണ്ടായിരുന്ന തൊഴിലാളിയുടെ വിയോഗ വാർത്ത കുടുംബത്തെ അറിയിക്കുമ്പോൾ നെഞ്ച് പൊട്ടുമായിരുന്നുവെന്ന് പത്തേമ്മാരിയിലെ സ്രാങ്കായിരുന്ന പൊന്നാനിയിലെ കെ.കെ ഖാദർക്ക പലപ്പോഴും പങ്ക് വെച്ചിട്ടുണ്ട്.
സ്വന്തം മകന്റേയും സഹോദരന്റെയും തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരന്റെയും വിയോഗത്തിന് നേരിട്ട് സാക്ഷിയാകേണ്ടിവന്ന  എത്രയോ സന്ദർഭങ്ങൾ തൊഴിലാളികൾക്കുണ്ടായി. കുത്തൊഴുക്കിൽ മുങ്ങിത്താഴുമ്പോൾ നോക്കി നിൽക്കാൻ മാത്രം കഴിയുമായിരുന്ന നിസ്സഹായത. തുമ്പിൽ നിന്ന് തെറിച്ചു പോയവർ. നഷ്ടപരിഹാരങ്ങൾ ഇല്ലാത്ത മരണങ്ങൾ. കേസിൽ വാക്കു മാറുന്ന സ്രാങ്ക്. സ്വത്ത് ഉണ്ടാക്കാൻ ബന്ധു കുടുംബങ്ങളെ തോൽപ്പിച്ചവരുടെ കഥകൾ. സംഘടിതരല്ലാത്തതിനാൽ 6 പാട്ടയും ഏഴ് പാട്ടയും ഒരു ചാക്കും വരെ അരി ഫൈൻ ചുമത്തിയിരുന്ന അനീതി. അങ്ങനെ ഒട്ടേറെ കടലോർമകൾ പഴയ തൊഴിലാളികൾ പറയാറുണ്ട്. 1970 - ൽ വളപട്ടണത്തു നിന്ന് ബോംബേ തുറമുഖത്തേക്ക് പുറപ്പെട്ട പത്തേമ്മാരിയിലുണ്ടായിരുന്ന പൊന്നാനിക്കാരൻ അസൈനാർക്ക പതിറ്റാണ്ടു മുമ്പ് പങ്ക് വെച്ച അനുഭവമിങ്ങനെ. മാൾവാ പുറത്തെത്തിയപ്പോൾ വടക്കൻ കാറ്റ് കൂടി. കാറ്റിനനുസരിച്ച് പായ കെട്ടണം. രണ്ട് പായ കെട്ടാം. പായ കെട്ടിയിറങ്ങുന്ന സമയത്ത് പാമരത്തിൽ നിന്ന് ഒരാൾ വീണു. രാത്രി 4 മണിക്ക് മരിച്ചു. ദുഃഖം തളം കെട്ടിയ നേരം. കരയിലെത്തിക്കാൻ ബുദ്ധിമുട്ട്. വഴികൾ പലതില്ല. കഫൻ കെട്ടി, കടലിൽ താഴ്ത്തി. അതായിരുന്നു പതിവ്. പത്താം ദിവസമാണ് അവർ ബോംബേ തുറമുഖത്തെത്തുന്നത്.
സ്രാങ്കായിരുന്ന പൊന്നാനിയിലെ സി. ഉസ്മാന്റെ അനുഭവം മറ്റൊന്നാണ്. 1975 ൽ ബേപ്പൂരിലേക്ക് വരുന്ന വഴി അനിയൻ ഇടിമിന്നലേറ്റ് മരിക്കുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറ്റിന്റെ ഗതിയിൽ വഞ്ചി കരക്കടുപ്പിക്കാനാവാതെ ഏറെ നേരം കുഴങ്ങി. പിന്നീട് പുതിയങ്ങാടിയിലാണ് കരയണയുന്നത്.
പരുഷമായ ജീവിതാനുഭവങ്ങളെ നേരിട്ട ഇവരുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ പ്രകടമായി. തലമുറകളിലേക്കും അത് പകർന്നതായി കാണാം. അനീതികളോട് അവർ കാണിച്ച വിട്ടുവീഴ്ചയില്ലാത്ത കലഹ മനസ്സ് അതിനൊരുദാഹരണം. പൊന്നാനിയിൽ നിന്നും കോഴിക്കോട്ടുനിന്നും ഏഴിമലയിൽ നിന്നും പുറപ്പെടുന്ന പത്തേമ്മാരികൾ ഏറെയും ബോംബെ തുറമുഖത്തേക്കായിരുന്നു പോയിരുന്നത്. ലക്ഷ്യമണയാൻ ശരാശരി 15 ദിവസം മുതൽ ഒരു മാസം വരെ എടുക്കും. കടലും കാറ്റും അനുകൂലമായാൽ എട്ടാം നാൾ ബോംബെയിൽ എത്തും. കാലാവസ്ഥ പ്രതികൂലമാകുമ്പോഴാണ് വൈകുന്നത്. അത് ചിലപ്പോൾ 40 ദിവസം വരെയാകും. 


ഒരു മാസത്തേക്കുള്ള  ഭക്ഷണവുമായാണ് പത്തേമ്മാരികൾ യാത്ര തിരിക്കുന്നത്. അരിയും പലവ്യഞ്ജനവും  ശുദ്ധജലവുമാണ് കരുതുക.  കറിക്കുള്ള മീൻ അതാത് സമയങ്ങളിൽ  കടലിൽനിന്ന്  പിടിക്കും. ചൂണ്ടയിട്ടാണ് പിടിക്കുക.  ഭക്ഷണം പാകം ചെയ്തു വലിയ മരത്തളികയിൽ വിളമ്പും. ഒരുമിച്ചിരുന്ന് കഴിക്കും. ചെറിയ വിശ്രമ വേളകൾ. മാറി മാറി നക്ഷത്രത്തെ നോക്കി കാവലിരിക്കും. കാറ്റും കോളും ശക്തമാകുമ്പോൾ കടലിരമ്പം തൊഴിലാളിയുടെ നെഞ്ചകങ്ങളിലേക്ക് പടരും.
സംഘർഷഭരിതമായ ദിനരാത്രങ്ങൾ. പടച്ചവനെ ഓർത്ത്്് പിടിച്ചു നിൽക്കും. സംശുദ്ധ ജീവിതം കൊണ്ട് അദ്ഭുതം കാട്ടിയ മഹത്തുക്കളെയും ഓർക്കും. നേർച്ചകൾ നേരും. പലപ്പോഴും അറ്റമില്ലാത്ത കടലിൽ നിനച്ചിരിക്കാതെ എത്തുന്ന കാറ്റും കോളും ചിലപ്പോഴൊക്കെ അപകടങ്ങളായി മാറുകയും ചെയ്യും. മരണത്തിന്റെ മുനമ്പത്ത് നിന്ന് രക്ഷപ്പെട്ടവർ എത്രയോ ഉണ്ട്. ഒന്നും ചെയ്യാനാവാതെ ആരോടും പറയാനാവാതെ തീരമണയാനാവാതെ ദിവസങ്ങൾ പുറംകടലിൽ തന്നെ തങ്ങേണ്ട സ്ഥിതിയും ഉണ്ടാവും.  വെള്ളം തീർന്നു പോകുന്ന അവസ്ഥയും ഭക്ഷണത്തിനുള്ളവ തീർന്നിട്ടും കരയ്്‌ക്കെത്താനാവാത്ത സ്ഥിതിയും ഉണ്ടായിരുന്നു. കടലിലെ വെള്ളത്തിന്റെ ഉപ്പുരുചി ജീവജലമായി തിരിച്ചറിയേണ്ട ഘട്ടങ്ങളിലൂടെ അവർ കടന്നു പോയി. ഏഴു ദിവസം ഒരുതുള്ളി വെള്ളംപോലും കിട്ടാതെ പച്ച മാംസം മാത്രം കഴിച്ച് കടലിൽ കഴിഞ്ഞവരുണ്ടായിരുന്നു. പത്തേമാരികളുടെ സജീവമായ അരനൂറ്റാണ്ടിനിടയിൽ അമ്പതോളം  പത്തേമ്മാരികളെയും മുന്നൂറോളം മനുഷ്യരെയും കടലെടുത്തുവെന്നാണ്  കണക്ക്.
കടൽ ശൂന്യതകൾ ഭാവനകൊണ്ട് സമ്പന്നമാക്കിയ തൊഴിലാളികൾക്ക് എന്നും കൂട്ട് നക്ഷത്രങ്ങളായിരുന്നു. കടലിന്റെ ചലനങ്ങളും കാലാവസ്ഥയിലെ മാറ്റങ്ങളും തിരിച്ചറിയാൻ അനുഭവങ്ങൾ അവരെ പഠിപ്പിച്ചു. സൂര്യനുചുറ്റും രണ്ട് വട്ടം കണ്ടാൽ അത് കാറ്റിനും കോളിനുമുള്ള മുന്നറിയിപ്പാണെന്ന് അവർക്കറിയാം. കൃത്യമായ നട്ടുച്ച സമയത്ത് സൂര്യൻ രണ്ടു നിമിഷം അനങ്ങാതെ നിൽക്കുന്നതും അവരുടെ മറ്റൊരു അറിവ്. 
തെറ്റാത്ത കണക്കുകൂട്ടലുകളുടെ വലിയൊരു അനുഭവം പൊന്നാനി കടൽത്തീരത്തിന് പറയാനുണ്ട്. പതിറ്റാണ്ടുകളുടെ കടലനുഭവങ്ങളുള്ള ഒരാൾ സുനാമി മുൻകൂട്ടി പ്രവചിക്കുകയും അന്നേ ദിവസം കടലിൽ പോകുന്നതിൽ നിന്നും തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. പൊന്നാനിയിലെ തൊഴിലാളികൾ സുനാമിയുടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനു പിന്നിൽ ഇങ്ങനെയും ഒരു വസ്തുതയുണ്ട്.
കാറ്റിന്റെയും ഒഴുക്കിന്റെയും സഹായത്താൽ തുറമുഖങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്ക് നിരന്തരമായി നടത്തിയ യാത്രകൾ തൊഴിലാളികളുടെ സ്ഥിതി വേണ്ടത്ര ഭദ്രമാക്കിയില്ല എന്ന് വേണം പറയാൻ. വ്യാപാരികളും വ്യവസായികളും സമ്പന്നരായപ്പോഴും തൊഴിലാളികൾ കടത്തിൽ ജനിച്ച് കടത്തിൽ വളർന്നു കടക്കാരനായി മരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. മഞ്ചിക്കടം എന്നാൽ വഞ്ചിത്തൊഴിലാളികൾ ഉടമയിൽ നിന്ന് വാങ്ങുന്ന അഡ്വാൻസ് തുകയാണ്. ഇത് വീട്ടാനാവാത്ത അവസ്ഥ പലർക്കും വന്നെത്തി. ഇത് കാരണം വിധേയത്വങ്ങളും ഉണ്ടായി. 
ഇതിനു പുറമെ സ്രാങ്കുമാരുടെ പീഡനങ്ങൾക്കും തൊഴിലാളികൾ ഇരയായി.

'കേട്ടോളിൻ സോദരേ പൊന്നാനി
 സ്രാങ്കന്മാർ കാട്ടുമന്യായമേ... 

എന്നു തുടങ്ങുന്ന ഒരു പാട്ട് തന്നെ പ്രചരിച്ചിരുന്നു. 'സമ്പാദ്യം സ്രാങ്കിന്റെ തല്ലും കുറേ കൊണ്ട്
കേസാക്കും അബ്ദുല്ല പാടുന്നു''

''സ്രാങ്കന്മാർ മെത്തയിലാനന്ദം കൊള്ളുന്നു
തൊഴിലാളിയെക്കാലം തപ്പിട്ട് കോരുന്നു'' 
തുടങ്ങിയ പാട്ടു വരികളിൽ അമർഷവും സങ്കടവും പുകയുന്നതു കാണാം. ഇതിലും രൂക്ഷവും പരിഹാസ ചുവയുള്ളതുമായ വരികളും ഉണ്ട്. 
കുട്ടികൾ പത്തേമാരിയിൽ ചോറു വെക്കാൻ പോകുമായിരുന്നു. പിന്നീട് അവരും 'ലാഞ്ചി'ക്കാരും സ്രാങ്കന്മാരുമായിത്തീർന്നു.സംഘർഷങ്ങളിൽ നിന്ന് ആശ്വാസം നേടാൻ താളവും സംഗീതവും കെട്ടുപാട്ടുകളും തൊഴിലാളികളുടെ കൂടെയുണ്ടായിരുന്നു. അത് അക്കാലത്തെ കടലോര ജനതയുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.

ഫത്താഹിൻ ഖുദ്‌റത്തിൻ
വിധാനോൻ പുകൾ തേട്ടം
ഫത്തഹുൽ സമദെന്ന
പത്തേമ്മാരിന്റെ ഓട്ടം
ആനന്ദമയിലാട്ടം, ആനന്ദമയിലാട്ടം”
എന്നു തുടങ്ങിയ വരികൾ പത്തേമ്മാരികളിലെ കടൽപ്പാട്ടുകളിൽ കൂടുതൽ കേട്ട ഒന്നാണ്.

'ഇറയോൻ വിധിച്ച കടൽ
കോപം കൂടി
ഇരവോനെ രാവിൽ 
കരമേലായ് കേറി
കേറ നിറഞ്ഞാറ്റിയ ചാറ്റിയ
ചാലികളിലാ ചരക്കൊക്കെയും 
കേറ്റി’
അനുഭവങ്ങളെ കവിതയാക്കിയതാണീ വരികൾ. ഇങ്ങനെ നിരവധി കടൽപ്പാട്ടുകൾ പഴയ തലമുറ പാടിത്തീർത്തു. പിൽക്കാലത്ത് വഞ്ചിത്തൊഴിലാളി സമരത്തിലൂടെ ഉണ്ടായ സാമൂഹ്യ മാറ്റത്തിനൊപ്പം നിന്ന വരികൾ മുൻമന്ത്രി ഇ. കെ. ഇമ്പിച്ചിബാവയുടെ സഹോദരനും പോരാളിയും ഗായകനുമായിരുന്ന ഇ. കെ അബൂബക്കർ പല വേദികളിലും പാടുമായിരുന്നു.

'വഞ്ചിത്തൊഴിലാളികൾ
ശറഫഞ്ചും പ്രധാനികൾ
മൊഞ്ചായുള്ള ജീവിതം,  
മൊഞ്ചായുള്ള ജീവിതം
വഞ്ചി തൊഴിലാളികൾ ഐക്യം
മനംപോലെ നാളെ സൗഖ്യം
 വഞ്ചിക്കും തൊഴിലാളിക്കും 
നിർഭാഗ്യം’
തൊഴിലാളികളെ സമര സജ്ജരാക്കാൻ പാടിയതായിരുന്നു ഈ വരികൾ.
കടലിന്റെ ലോകത്തിനപ്പുറം കരയിലെ പല ലോകങ്ങൾ കണ്ടറിഞ്ഞ് ഈ തൊഴിലാളികൾ സാംസ്‌കാരിക വിനിമയത്തിന്റെ ഇടനിലക്കാരുമായി. ഖവ്വാലിയും ഗസലും ഖയാലും പൊന്നാനിയുടെ  സാംസ്‌കാരിക ജീവിതത്തിൽ സന്നിവേശിപ്പിച്ചത് അവരായിരുന്നു. ഹിന്ദുസ്ഥാനി വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും പലഹാരങ്ങളും കടൽ വഴി തീരമണഞ്ഞു. 
കടലിന്റെ കരുത്തിനോട് ചെറുത്തുനിന്ന ഈ മനുഷ്യർ ജീവിതത്തിലെ പ്രയാസങ്ങൾക്ക് മുന്നിൽ ഒരിക്കലും തളർന്നു പോയില്ല. അവർ നേടിയ മനക്കരുത്തും ലോകപരിചയവും അക്കാദമിക് വിദ്യാഭ്യാസത്തിന്റെ അളവുകോലുകൾക്ക് അതീതമായിരുന്നു. ഹിന്ദിയും കന്നഡയും ഉറുദുവും അവർക്ക് നിഷ്പ്രയാസം വഴങ്ങി. തമിഴ്‌നാട്ടിലെ  തൂത്തുക്കുടിയിൽ നിന്ന് ഉപ്പു കയറ്റി വന്ന കാഞ്ചി തലൈവർ എന്ന പത്തേമ്മാരിയാണ് പൊന്നാനിയുടെ തുറമുഖ ചരിത്രത്തിലെ ആദ്യത്തെ പത്തേമ്മാരി. കടൽവഞ്ചികളിൽ ജീവിതം തുഴഞ്ഞിരുന്നവർ പിന്നീട്  പത്തേമാരികളിൽ ചേക്കേറി.
പാതാറിലേക്ക് ചരക്കുകൾ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്ന ജോലിയിൽ  ഏർപ്പെട്ടിരുന്ന തൊഴിലാളികൾ വലിയൊരു വിഭാഗം ഉണ്ടായിരുന്നു. ഈ പണിക്ക് വാർഫിന്റെ പണി എന്നാണ് പറഞ്ഞിരുന്നത്. 1964 വരെ പൊന്നാനിയിൽ നിന്ന് മരത്തടികളും കൊപ്രയും കയറും കുരുമുളകുമെല്ലാം കയറ്റിപ്പോയി. 1973 ഓടെ  ഇറക്കുമതിയും നിലച്ചു. പഞ്ചസാര, അരി, ഉപ്പ്, ഓട് തുടങ്ങിയവയായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.
തുറമുഖത്തിന്റെ സമ്പന്ന കാലത്തിന്റെ ഓർമ്മകൾ ഈ പാതാറിലും പാതാറിലേക്കുള്ള റോഡരികിൽ പഴയ പാണ്ടികശാലയുടെ ആൽമരങ്ങൾ പടർന്നു കയറിയ ചുമരുകളിലും മറഞ്ഞിരിപ്പുണ്ട്.
 

Latest News