വിശാഖപട്ടണം - അതിവേഗം തുടങ്ങിയ ശ്രീലങ്കയെ സ്പിന്നർമാർ കാറ്റൊഴിച്ച് വിട്ടതോടെ തുടർച്ചയായ എട്ടാമത്തെ ഏകദിന ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യ വിജയക്കൊടി നാട്ടി. എല്ലാ രൂപത്തിലുമായി തുടർച്ചയായ പതിനഞ്ചാമത്തെ പരമ്പരയാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ശ്രീലങ്കയുടെ 215 ഇന്ത്യ മുപ്പത്തിരണ്ടോവറിൽ മറികടന്നു. ശിഖർ ധവാന്റെ സെഞ്ചുറിയോടെ എട്ടു വിക്കറ്റിന്റെ വൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് ആദ്യ കളി തോറ്റ ശേഷം ഇന്ത്യ തിരിച്ചുവരുന്നത്. ന്യൂസിലാന്റിനെയും 2-1 നാണ് തോൽപിച്ചത്. ശിഖറാണ് (85 പന്തിൽ 100 നോട്ടൗട്ട്) മാൻ ഓഫ് ദ സീരീസ്. മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവ് മാൻ ഓഫ് ദ മാച്ചായി. സഹസ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും മൂന്നു വിക്കറ്റ് കിട്ടി. ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് ജയിക്കുകയായിരുന്നു. ഇനി മൂന്നു ട്വന്റി20 മത്സരങ്ങളുണ്ട്. തുടരെ എട്ട് പരമ്പരകൾ ജയിക്കാൻ ഇതുവരെ രണ്ടു ടീമുകൾക്കേ സാധിച്ചിട്ടുള്ളൂ, 2000 ന്റെ തുടക്കത്തിലെ ഓസ്‌ട്രേലിയക്കും എൺപതുകളിലെ വെസ്റ്റിൻഡീസിനും.
കൃത്യമായ ആസൂത്രണത്തോടെ കോലാഹലമില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ചൂറിയനും ക്യാപ്റ്റനുമായ രോഹിത് ശർമ (7) എളുപ്പം പുറത്തായ ശേഷം ശിഖറും ശ്രേയസ് അയ്യരും (63 പന്തിൽ 65) രണ്ടാം വിക്കറ്റിലെ 135 റൺസ് കൂട്ടുകെട്ടോടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 85 പന്തിലായിരുന്നു ശിഖറിന്റെ പന്ത്രണ്ടാം ഏകദിന സെഞ്ചുറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക പതിനേഴാം ഓവറിൽ ഒരു വിക്കറ്റിന് 100 പിന്നിട്ടപ്പോൾ കൂറ്റൻ സ്‌കോറാണ് മണത്തത്. എന്നാൽ സ്പിന്നർമാർ അവരെ 44.5 ഓവറിൽ ഓളൗട്ടാക്കി. ഉപുൽ തരംഗയും (82 പന്തിൽ 95) സദീര സമരവിക്രമയുമൊഴികെ (42) ആരും 20 കടന്നില്ല.
സിക്‌സറോടെ ആരംഭിച്ച രോഹിതിനെ ഓഫ്‌സ്പിന്നർ അകില ധനഞ്ജയ മനോഹരമായ ഗൂഗഌയിൽ പുറത്താക്കിയപ്പോൾ ഇന്ത്യ കുലുങ്ങിയതായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് മുന്നേറ്റം സുഗമമായി. മൊഹാലിയിൽ 88 റൺസടിച്ച ശ്രേയസ് കന്നി സെഞ്ചുറിക്കുള്ള മറ്റൊരവസരം കളഞ്ഞു കുളിക്കുകയായിരുന്നു. സുരംഗ ലക്മലിനെ പുൾ ചെയ്താണ് ശിഖർ തുടങ്ങിയത്. പിന്നീട് ഷോട്ടുകൾ നിലക്കാതെ ഒഴുകി. വിരാട് കോഹ്‌ലി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ 4000 റൺസ് തികക്കുന്ന ഇന്ത്യക്കാരനായി ശിഖർ.
പിഴവറ്റ ഇന്നിംഗ്‌സിലൂടെ തരംഗ ടീമിന് ഉജ്വല തുടക്കം നൽകിയതായിരുന്നു. ഒമ്പതാം ഓവറിൽ തുടരെ അഞ്ച് ബൗണ്ടറികൾ പായിച്ചു. 300 അനായാസമെന്നു തോന്നി. എന്നാൽ കുൽദീപിന്റെ അതിമനോഹരമായ പന്തിൽ തരംഗ പുറത്തായതോടെ 55 റൺസിന് എട്ട് വിക്കറ്റുകൾ നിലംപതിച്ചു.
സെഞ്ചുറിക്ക് അഞ്ച് റൺസ് അരികെ തരംഗയെ പുറത്താക്കിയതിനുള്ള എല്ലാ ക്രെഡിറ്റും കുൽദീപിനാണ്. ഓഫ്സ്റ്റമ്പിന് പുറത്ത് നന്നായി ടോസ് ചെയ്ത പന്ത് കവർ ഡ്രൈവ് ചെയ്യാൻ തരംഗ ശ്രമിച്ചതിൽ തെറ്റില്ലായിരുന്നു. എന്നാൽ പന്ത് ഒന്ന് താഴ്ന്നു, നന്നായി തിരിഞ്ഞ് ബാറ്റിനെ കബളിപ്പിച്ചു. എം.എസ് ധോണി അതിവേഗം ബാക്കി ക്രിയകൾ പൂർത്തിയാക്കി. ധോണി സ്റ്റമ്പ് ചെയ്യുമ്പോൾ തരംഗ ക്രീസ് ലൈനിലായിരുന്നു. തലനാരിഴ മുന്നിലായിരുന്നുവെങ്കിൽ ബാറ്റ്‌സ്മാൻ രക്ഷപ്പെട്ടേനേ. അതേ ഓവറിൽ നിരോഷൻ ഡിക്‌വെലയും (8) പുറത്തായി. തരംഗക്കൊപ്പം രണ്ടാം വിക്കറ്റിൽ 6.42 റൺ നിരക്കിൽ 121 റൺസ് ചേർത്ത സദീരയെ ചാഹൽ പുറത്താക്കിയതോടെ ശ്രീലങ്കയുടെ കഥ കഴിഞ്ഞു. ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർകുമാറും ചേർന്ന് വാലറ്റത്തെ ഒതുക്കി.