യുദ്ധങ്ങളും സർവാധിപത്യവും അരാജകത്വവും മനുഷ്യജീവിതത്തിൽ, ബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനമാണ് ആധുനികകാലത്തെ പല ലോക നോവലിസ്റ്റുകളുടെയും പ്രമേയമെങ്കിൽ പോർച്ചുഗീസ് സാഹിത്യകാരനായ ഷൂസെ സാരമാഗുവിന്റെ രചനകൾ തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രകൃതിനിയമത്തിന്റെ അനിവാര്യതയെ പല കോണുകളിലൂടെ പരിശോധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സാർവലൗകികമായിരിക്കും പലപ്പോഴും അവയുടെ പ്രമേയം. കഥാപാത്രങ്ങൾക്ക് പേര് പോലുമുണ്ടായെന്നു വരില്ല. അഭാവത്തിലെ ഭാവവും ഉണ്മയിലെ ശൂന്യതയും അസ്തിത്വത്തെ അന്വേഷണാത്മകമാക്കുന്നതെങ്ങനെയെന്നു സാരമാഗു നോവലുകൾ അനുഭവപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അന്ധത എന്ന നോവലിൽ പെട്ടെന്നൊരു നാൾ ഒരു നഗരത്തിലെ എല്ലാവരും അന്ധരായിത്തീരുകയാണ്. പകർച്ചവ്യാധിപോലെ അന്ധത പടർന്നുപിടിക്കുന്നു. തികച്ചും ഭ്രമാത്മകമായ രീതിയിലാണ് സാരമാഗു പറഞ്ഞു പോവുന്നത്. അതിലൊരിടത്തു പറയുന്നുണ്ട്: 'നാമന്ധരായിത്തീർന്നുവെന്നു ഞാൻ വിചാരിക്കുന്നില്ല. നാം അന്ധരാണെന്നാണ് ഞാൻ ചിന്തിക്കുന്നത്... കാണാൻ കഴിയുന്ന അന്ധരാണ് നാം.'
യൂറോപ്പിൽ നിന്ന് ഐബീരിയൻ ഉപദ്വീപ് വേർപെട്ടു പോവുന്നുവെന്ന ഭൂമിശാസ്ത്ര സങ്കൽപമാണ് കൽച്ചങ്ങാടം എന്ന നോവലിന്റെ വിഷയം. മനുഷ്യന്റെ സ്വത്വവിചാരങ്ങളുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ദാർശനികാന്വേഷണമായി അത് മാറുന്നു.

'അടുത്ത ദിവസം ആരും മരിച്ചിട്ടില്ല' എന്ന വാചകത്തിൽ ആരംഭിച്ച് അതേ വാചകത്തിൽ അവസാനിക്കുന്ന ഡെത്ത് അറ്റ് ഇന്റർവെൽസ് മരണത്തിന്റെ അനിവാര്യതയല്ല; മരണം അനിവാര്യമായിരുന്നില്ലെങ്കിൽ എന്ന ചിന്തയുടെ ആവിഷ്‌കാരമാണ്. മരണം അനിവാര്യമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, എന്തുകൊണ്ടാണ് അത് അനിവാര്യമാവുന്നതെന്ന് ആരും ചിന്തിക്കാറില്ല. അതേസമയം, മരണത്തെ ജയിക്കാനും ആഗ്രഹിക്കാത്തവരുണ്ടാവില്ല. 'മൃത്യോർമാ മാഃ അമൃതംഗമയ' എന്നാണ് ഉപനിഷദ് വാക്യം. അമർത്യത ആഗ്രഹിക്കുന്ന മനുഷ്യരും ദേവൻമാരും ഇതിഹാസപുരാണങ്ങളിൽ നിരവധി. അവയിലേറെയും ഇന്ത്യക്കാരുടേതു തന്നെ. യമൻ വാഗ്ദാനം ചെയ്ത ദീർഘകാല ജീവിതം, താൻ ആഗ്രഹിച്ച അനശ്വര ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര തുച്ഛമെന്നു ചോദിക്കുന്ന നചികേതസ്, തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ ആഗ്രഹം മാനിച്ച് അയാളെ ചിരംജീവിയാക്കാൻ കാലനെ കാലപുരിക്കയക്കുന്ന ശിവൻ, പ്രളയത്തെ അതിജീവിച്ച് അനശ്വരത പ്രാപിച്ച പ്രപിതാമഹനിൽ നിന്ന് അമരത്വത്തിന്റെ ചെടി വഴിമധ്യേ നഷ്ടപ്പെടുന്ന മെസൊപ്പൊട്ടേമിയൻ ഇതിഹാസത്തിലെ ഗിൽഗമേഷ് ഇവരെല്ലാം അമർത്യതയ്ക്ക് വേണ്ടിയുള്ള മനുഷ്യവാഞ്ഛയാണ് അനാവരണം ചെയ്യുന്നത്. എന്നാൽ, മരണം ഇല്ലായിരുന്നെങ്കിലോ? കുറച്ചുനാളത്തേക്കെങ്കിലും മരണം പണിമുടക്കിയാലോ സാരമാഗുവിന്റെ നോവൽ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. പെട്ടെന്ന് ഒരു നവവർഷപ്പുലരിയിൽ രാജ്യത്ത് നിന്ന് മരണം അപ്രത്യക്ഷമാവുന്നു. ജീവനും മരണത്തിനുമിടയിൽ സംത്രാസമനുഭവിക്കുന്ന നൂറുകണക്കിന് മനുഷ്യർ. അതുണ്ടാക്കുന്ന സാമൂഹികവും സദാചാരപരവും ഭരണപരവുമായ പ്രതിസന്ധി. വൃദ്ധമന്ദിരങ്ങൾ, ശവസംസ്‌കാരത്തിന്റെ ചുമതല വഹിക്കുന്ന വകുപ്പ്... എല്ലായിടത്തും പ്രതിസന്ധി. ജനന മരണങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന 60,509 ജീവനുകൾ... അമ്മ മഹാറാണി പോലും ഒരിക്കലും എഴുന്നേറ്റു വരാനാവാത്ത വിധം അസ്ത്രപ്രജ്ഞയായി കിടക്കയിലാണ്... രാജ്യത്തിന്റെ അതിർത്തിക്കപ്പുറം മരണം അവർക്ക് സാന്ത്വനമാവുന്നുവെന്ന അറിവ് പലരെയും അങ്ങോട്ടു നയിച്ചു. പിന്നീടതിന്റെ ഇടപാട് മാഫിയ ഏറ്റെടുത്തു. ആശുപത്രികളിൽ മരണഭാഗ്യം ലഭിക്കാതെ രോഗമൂർച്ഛയിലായവർ നിറഞ്ഞുകവിഞ്ഞു.
മരണം ഇല്ലാത്ത അവസ്ഥ കത്തോലിക്കാ സഭയെയാണ് ഏറ്റവുമധികം പരിഭ്രമിപ്പിക്കുന്നത്. ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും സഭകളുടെ ജീവൻ നിലനിർത്താൻ അപ്പം പോലെ മരണം അനിവാര്യമാണെന്നാണ് തത്ത്വചിന്തകൻ പറയുന്നത്. മനുഷ്യർ മരിക്കുന്നില്ലെങ്കിൽ സകലതും അനുവദനീയവും യുക്തിസഹവുമാവുകയില്ലേ എന്നാണ് മറ്റൊരു ചോദ്യം.
ജനിക്കുന്ന നിമിഷം മുതൽ ഓരോരുത്തരും ചുമന്നുനടക്കുന്ന മരണം നിങ്ങൾക്കവകാശപ്പെട്ടതാണ്; നിങ്ങൾ മരണത്തിനവകാശപ്പെട്ടതും! മരണത്തിന് പ്രവേശനമില്ലാത്ത ഏക സ്ഥലം ശവക്കല്ലറയാണ്. ലോകാരംഭം മുതൽ സഹസ്രാബ്ദങ്ങളോളം വിവരശേഖരണം കുറ്റമറ്റ ഒരു വിവരസാങ്കേതിക വകുപ്പ് മരണത്തിനുണ്ടെന്നും മനുഷ്യൻ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഇൻഡെക്‌സ് കാർഡുകളുണ്ടെന്നും മറ്റൊരിടത്ത് പറയുന്നു.
മനുഷ്യകുലത്തിന്റെ ഏറ്റവും വിനാശകാരിയായ ശത്രുവെന്നാണ് വേറൊരിടത്തു മരണത്തെ വിശേഷിപ്പിക്കുന്നത്. മരണത്തിന്റെ പുസ്തകത്തെ ശൂന്യതയുടെ പുസ്തകത്തോടാണ് നോവലിസ്റ്റ് ഉപമിക്കുന്നത്.

മരണത്തെ കുറിച്ച് പിന്നെയും പല ചിന്തകളും നോവലിലൂടെ കടന്നുപോവുന്നുണ്ട്. മരണം ഏകമാണോ അനേകമാണോ എന്നാണ് ഒരു ചോദ്യം. ഒരാളിന്റെ ജനനം മറ്റൊരാളിന്റെ മരണമാവുന്നതെങ്ങനെയെന്ന് പുഴുവിന്റെ മരണത്തിൽ നിന്ന് ചിത്രശലഭം ജനിക്കുന്നതിനെ ഉദാഹരിച്ചുകൊണ്ട് നോവലിസ്റ്റ് ചോദിക്കുന്നു.
ഇടവേളയിലെ പണിമുടക്ക് കഴിഞ്ഞ് മരണം തിരിച്ചുവരുന്നുണ്ട്. നോവലിൽ. അതും പലവിധ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു. അവസാനഭാഗത്ത് മരണത്തെ സ്ത്രീയായി വ്യക്തിവൽക്കരിക്കുകയും ദൗത്യനിർവഹണത്തിൽ അവർ പരാജയപ്പെടുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്നു. പരാജയപ്പെടുന്നത് ഒരു വായനക്കാരനാണ്. അവൾ അയാളുമായിണചേരുന്നു. മരണദൂത് കത്തിച്ചുകളയുന്നു. വീണ്ടും തനിക്ക് സംഭവിക്കുന്നതെന്തെന്നറിയാത അവൾ അയാളുടെ കിടക്കയിലേക്ക് മടങ്ങിപ്പോവുകയാണ്. 'അടുത്ത ദിവസം ആരും മരിച്ചിട്ടില്ല'. മൃത്യുവിനെപ്പോലും ദുർബലമാക്കുന്നതാണ് രതിയെന്നു സൂചിപ്പിക്കുകയാണിത്തരമൊരു സമാപനത്തിലൂടെ നോവലിസ്റ്റ്.
മരണം പ്രകൃതി നിയമമാണ്. അനിവാര്യമായ പ്രകൃതിനിയമം. എന്തുകൊണ്ടാണ് അത് അനിവാര്യമാവുന്നതെന്ന് ചിന്തിപ്പിക്കാൻ നോവൽ നമ്മെ പ്രേരിപ്പിക്കുന്നു. വാസ്തവത്തിൽ മരണം മനുഷ്യഭാഗധേയത്തിലെ ഒരു ഭാഗം മാത്രമാണ്. അവന് അജ്ഞേയമായ വിധിയുടെ നിയമങ്ങളിലൊന്നു മാത്രം. മരണത്തെയും ഭാഗ്യദൗർഭാഗ്യങ്ങളെയും കുറിച്ചുള്ള ചിന്തകളിൽ നിന്നാണ് മനുഷ്യൻ ജീവിതത്തിന്റെ അർഥത്തെ സംബന്ധിച്ച് ആലോചിക്കാൻ തുടങ്ങിയതുതന്നെ.
'മരണം മാറുന്ന ഇടനേരത്ത്' എന്ന അന്വർഥമായ ശീർഷകത്തിൽ നോവൽ മൊഴിമാറ്റം ചെയ്തിരിക്കുന്നത് ജോളി ജോസഫാണ്.
മരണം മാറുന്ന ഇടനേരത്ത്
ഷൂസെ സാരമാഗു
ഡിസി ബുക്‌സ്






