ദയാദാനം -കഥ

കട്ടിലിൽ തലയിണ കുത്തിവെച്ച് ചാരിയിരുന്നു കൊണ്ടാണ് ശുഹൈബിന്റെ മൊചാറ്റിങ്ങ്. കൂട്ടുകാരൻ കൊണ്ട് കൊടുത്ത ചായ  മേശമേൽ തണുത്തു തുടങ്ങി. തിരക്കിട്ട ഓൺലൈൻ ചർച്ചയിലാണ് ശുഹൈബ്,ഓരോ മെസേജും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു. കാതോർത്ത ഒരു വോയ്‌സിന്ന് ഇങ്ങിനെ മറുപടി കൊടുത്തു,
   - അതെ ഇത്തവണയും നമ്മളെ പ്രവർത്തനത്തിന് ഏറേ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കയാണ്.
മറ്റൊരു കട്ടിലിൽ ലാപ്്്‌ടോപ്പിൽ മുഴുകിയ അഫ്‌സൽ ഒന്നു തലയുയർത്തി നോക്കി. ഗുഡ് എന്ന് കാണിച്ചു  വീണ്ടും ശ്രദ്ധ ലാപ്പിൽ തന്നെ മുഴുകി.
നമസ്‌കാര സമയത്തെ റസ്റ്റിനായ് മുറിയിലെത്തിയ ഷൈജു മറ്റൊരു കട്ടിലിൽ  വെറുതേ കണ്ണടച്ചു കിടക്കുന്നു. നമ്മുടെ ഈ ചെറിയ കൂട്ടായ്മയിൽ ഇരുന്നൂറ്റമ്പത് എന്ന ഉദ്ദേശ്യം ഇന്ന് മുന്നൂറോളം എത്തി നിൽക്കുന്നു.
സുമനസ്സുകളുടെ സഹകരണം ഇനിയുമെത്തുമെന്ന് പ്രതീക്ഷിക്കാം.-
ശുഹൈബ് മറ്റൊരു വോയ്‌സ് കൂടെ സെന്റ് ചെയ്തു.
അല്ലാ, എന്റേത് എഴുതിയൊ,,?
ഷൈജുവിനായിരുന്നു സംശയം.


റസാഖ് കിണാശ്ശേരി
നിന്റേതൊക്കെ എപ്പഴേ എഴുതി. സംസാരിച്ചുകൊണ്ടിരിക്കെ വർക്കിടയിലേയ്ക്ക് നാസറും കുഞ്ഞാപ്പുവും കടന്നു വന്നു.
  -എന്തായി നമ്മടെ കാര്യങ്ങൾ, ?
ഫോൺ കേടായത് കൊണ്ട് ഒന്നും അറിയാൻ കഴിയുന്നില്ല.-
കുഞ്ഞാപ്പുവിന്റെ ചോദ്യത്തിന് ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ ശുഹൈബ് മറുപടി നൽകി.
-മുന്നൂറ്റി എൺപത്തി ഏഴായി, കഴിവതും വേഗം നാട്ടിലെത്തിച്ച് വിതരണത്തിന് വേണ്ടുന്ന ഏർപ്പാട് ചെയ്യണം. അത്രയ്ക്കുണ്ട് പ്രതിസന്ധി. ശേഷം തല ഉയർത്തി അഫ്‌സലിനെയും നാസറിനേയും  നോക്കി.
-ഇനി ഇവന്റെയൊക്കെ കണക്ക് കിട്ടാനുണ്ട്.
നാസറിന്റെ മുഖം ഒന്നു തണുത്തു. ഫസൽ മുഖത്ത് ഒരു ചിരി വരുത്തി.
- ഒക്കെ ശരിയാക്കിത്തരാം. 
എന്നിട്ട് ആവേശത്തോടെ അഫ്‌സൽ ലാപ്പ് കൂട്ടുകാർക്ക് അഭിമുഖമായി തിരിച്ചു വെച്ചു. അതിൽ മനോഹരമായ ഒരു വീടിന്റെ ചിത്രം തെളിഞ്ഞു കാണാം.
- ഞാനിതുവരെ ഒന്നും ഓഫർ ചെയ്യാതിരുന്നത് വീട് പണിയുടെ തിരക്ക് കഴിയട്ടെ എന്ന് കരുതിയാണ്.
എല്ലാവരും ആകാംക്ഷയോടെ അഫ്‌സലിനെ ശ്രദ്ധിച്ചു.
-ഒക്കെയും റാഹത്തായി കഴിഞ്ഞു. ഇനി കയറിക്കൂടാൻ ഒരു ഡേറ്റ് കാണണം.
വാ വന്ന് കാണ് ഫോട്ടോസ് എത്തീട്ടുണ്ട്. ലാപ്പ് കൂട്ടുകാർക്കഭിമുഖമായി ഒന്നൂടെ തിരിച്ചു വച്ചു. അയാൾ മൗസ് അമർത്തി വീടിന്റെ വിവിധ ഭാഗങ്ങൾ കാണിച്ചു കൊടുത്തു. കൂട്ടുകാർ കൗതുകത്തോടെ നോക്കി നിന്നു.
അഫ്‌സൽ ഒന്നൂടെ കട്ടിലിൽ ഉറച്ചിരുന്നു. കോവിഡ് കാരണം പണികളൊക്കെ ഒരു പാട് നീണ്ടു.
- ഈയിടെ വീണ്ടും തുടങ്ങി പെട്ടന്ന് തീർക്കുകയായിരുന്നു. സംഗതി ഉഷാറായിക്ക്ണ്, ഈ വകയിൽ ഒരു പാർട്ടി എന്തായാലും വേണം. -
കുഞ്ഞാപ്പുവിന്റെ കമന്റ്.
    -അതൊക്കെ ചെയ്യാം,
അതിനു മുൻപ് ശുഹൈബിന്റെ ഇത്തവണത്തെ ചാരിറ്റിയിൽ ചെറുതല്ലാത്ത ഒരു പങ്ക് എന്റേതായിട്ടുണ്ടാവും. ശുഹൈബിന്റെ മുഖം ഒന്നൂടെ പ്രകാശിച്ചു.
എല്ലാവരും ചിത്രങ്ങൾ ആസ്വദിക്കുമ്പോൾ നാസറിന്റെ മുഖമപ്പോഴും ശാന്ത ഭാവം. പെട്ടെന്നാണ് ശുഹൈബ് നാസറിനു നേരെ തിരിഞ്ഞത്.
- ഞങ്ങളൊക്കെ ഇത്രയും ചെയ്യുമ്പോൾ നീ മാത്രം എന്തെങ്കിലും തന്നെന്ന് വരുത്തും. ഇത്തവണ അത് പോര. -
   -നിങ്ങളൊക്കെ കൊടുത്തോളി എന്റെ പങ്ക് ഞാനും വൈകാതെ തരാം -
ശുഹൈബിന്റെ വാക്കു കേട്ടപ്പോൾ
  അത്രയും പറഞ്ഞ് നാസർ തിരിഞ്ഞു നടന്നു.
    നാസറിന്റെ വാക്കുകളും ഭാവവും കണ്ട കുഞ്ഞാപ്പു വല്ലാതായി.
     - നീ ഇതെന്തറിഞ്ഞാ,?
മൂന്നര വർഷത്തോളം കഴിഞ്ഞു ഇത് വരെ നാട്ടിൽ പോയിട്ടില്ല.
പോകാൻ ഒരുങ്ങിയപ്പോൾ കോവിഡും ജോലി പ്രശ്‌നങ്ങളും.
അവനെന്തൊക്കെയോ പ്രയാസങ്ങൾ ഉണ്ട്. ഒന്നും ആരോടും പറയാറില്ലാന്ന് മാത്രം. എന്നിട്ടും നമ്മളോട് എല്ലാത്തിനും സഹകരിക്കുന്നു. അവനെ ഇനി നിർബന്ധിക്കരുത് ഞങ്ങളൊക്കെ കഴിയുന്നത് ചെയ്യുന്നുണ്ടല്ലൊ. 
കുഞ്ഞാപ്പു റൂമിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ നാസർ ഒരു ഫോട്ടോയും നോക്കി കട്ടിലിൽ ഇരിക്കുന്നു. കുഞ്ഞാപ്പുവിന്റെ കാൽപ്പെരുമാറ്റം കേട്ട ഉടൻ നാസർ ഫോട്ടോ തലയിണക്കടിയിലേയ്ക്ക് തിരുകി വച്ച് പെട്ടന്നു തന്നെ കണ്ണുകൾ തുടച്ചുവെങ്കിലും കുഞ്ഞാപ്പു അതു ശ്രദ്ധിച്ചിരുന്നു.
അവൻ പെട്ടെന്ന് ചെന്ന് തലയിണക്കടിയിലേയ്ക്ക് കൈ കടത്തിയെങ്കിലും നാസർ അത് തടഞ്ഞു.
  ആ കൈ തട്ടിമാറ്റി കുഞ്ഞാപ്പു ബലമായി തലയിണയ്ക്കിടയിൽ നിന്നും അത് വലിച്ചെടുത്തു. ഫോട്ടോ കണ്ട കുഞ്ഞാപ്പു നാസറിനെ ദയനീയമായൊന്നു നോക്കി. ഏത് നിമിഷവും നിലംപൊത്താവുന്ന ഒരു കൂര.
   അതിന്റെ ഉമ്മറത്ത് ഉമ്മയും രണ്ട് സഹോദരിമാരും.
     -ഇതാണൊ നിന്റെ വീട് - ?
    നാസർ ചോദ്യം ശ്രദ്ധിക്കാതെ തല താഴ്ത്തി ഇരുന്നു.
    അവന്റെ മടിയിലേയ്ക്ക് കണ്ണുനീരുറ്റി വീണു കൊണ്ടിരുന്നു.
   പിന്നീട് ഒന്നും മിണ്ടാതെ കുഞ്ഞാപ്പു കൈയിലെ ഫോട്ടോയുമായി കൂട്ടുകാരുടെ മുറിയിലേയ്ക്ക് ചെന്നു.
  അപ്പോഴും അഫ്‌സലിന്റെ വീടിന്റെ ഫോട്ടോകൾ ആസ്വദിച്ചിരിക്കുകയായിരുന്നു എല്ലാവരും.
    -ഞാൻ പറഞ്ഞില്ലെ, അവന് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടെന്ന്, 
ദാ നോക്ക്, അവന്റെ വീടാണ് ഇത് 
ആ വീടൊന്ന് കണ്ട് നോക്കൂ -
     ഫോട്ടോ കണ്ട കൂട്ടുകാരും വല്ലാതായി.
  -അപ്പോൾ പിന്നെ നിന്റെ വീടിന്റെ മഹിമ കാണുമ്പോൾ അവൻ സ്വന്തം ജീവിതം ഓർത്തു കാണും -
  കുഞ്ഞാപ്പുവിന്റെ വാക്കുകൾ ശരിയെന്ന് അഫ്‌സലിനും തോന്നി.
    ഷൈജുവും ശുഹൈബും ഫോട്ടോ വീണ്ടും വാങ്ങിച്ചു കണ്ടു.
   -ഇതൊന്നും ഒന്നിച്ചൊരു ഫഌറ്റിൽ  കഴിയുന്ന നമ്മളോടു പോലും പറഞ്ഞിട്ടില്ല.
ഒരേ റൂമിൽ കഴിയുന്ന കുഞ്ഞാപ്പുവിനോട് പോലും.
എന്നാലും നമ്മൾടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാണ്താനും,-
എല്ലാവരും അഫ്‌സലിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
- നമ്മൾക്കൊരു കാര്യം ചെയ്യാം. 
  എല്ലാവരും അഫ്‌സലിനെ ആകാംക്ഷയോടെ നോക്കി.
    -ശുഹൈബിന്റെ ഇത്തവണത്തെ പദ്ധതി കുഞ്ഞാപ്പുവിന്റെ വീട് പുതുക്കി പണിയലായാലൊ,,,?
    എന്ത് മറുപടി പറയണമെന്നറിയാതെ ശുഹൈബ് ചിന്തിച്ചു നിന്നു.
    ഷൈജുവും കുഞ്ഞാപ്പുവും ശുഹൈബിന്റെ തോളിൽ തട്ടിയുണർത്തി.
   അഫ്‌സൽ തുടർന്നു.
   -എന്റെ വീട് പണിത വകയിൽ ഇത്തവണ കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതിയതാണ്. അത് കൂടാതെ എന്തെങ്കിലും കൂടുതൽ ഞാൻ തരാം. ഇതായിരിക്കും നമ്മൾ ഇത്രയും കാലം ചെയ്തതിനേക്കാൾ വലിയ കാര്യവും പുണ്യവും -
       -എന്നാൽ അത് തന്നെയാണ് നല്ലത്,
നീ അത് ഗ്രൂപ്പിൽ അനൗൺസ് ചെയ്യ്.
ആർക്ക്  എന്നൊന്നും തൽക്കാലം പറയണ്ട. -
  ഷൈജുവിന്റെ സപ്പോർട്ട്.
   -അതെ എല്ലാവരും നമ്മൾടെ ആൾക്കാരല്ലെ? എല്ലാവർക്കും സമ്മതവും സന്തോഷവുമാവും കാര്യങ്ങൾ ഭംഗിയാവുകയും ചെയ്യും. -
     മറ്റൊന്നും ചിന്തിക്കാതെ ശുഹൈബ് ഗ്രൂപ്പിൽ അനൗൺസ് ചെയ്തു.
   “പ്രിയമുള്ളവരെ,
ഇത് വരെ നമ്മൾ ചെയ്തിരുന്ന പ്രവർത്തനങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ട് നമ്മുടെ കൂട്ടത്തിൽ തന്നെ വളരെ അർഹതപ്പെട്ട ഒരാൾടെ വീട് നിർമ്മാണമാണ് ഇത്തവണത്തെ പദ്ധതി എന്നത് സന്തോഷപൂർവ്വം അറിയിക്കുന്നതോടൊപ്പം ഏവരുടേയും സഹകരണം പ്രതീക്ഷിക്കയും ചെയ്യുന്നു.”-
   അനൗൺസ് ചെയ്തു കഴിഞ്ഞ ശുഹൈബിന്റെ കണ്ണു നിറഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു.
അഫ്‌സൽ എഴുന്നേറ്റ് വന്ന് ശുഹൈബിന്റെ തോളിൽ തട്ടി.
-അതെ, ഇത് കഴിഞ്ഞു മതി നമ്മൾക്ക് ഇനി മറ്റൊരു കാര്യവും. 
മറ്റ് രണ്ട് പേരും കൂടി ഒരു പ്രതിജ്ഞ പോലെ ഇരുവരേയും ചേർത്തു പിടിച്ചു. ചെയ്യാൻ പോകുന്നത് വലിയൊരു നന്മയെന്ന് അവരുടെ ഉള്ളു നിറച്ചു. നാസറിന്റെ സങ്കടങ്ങളൊക്കെയും കണ്ണുനീരായ് പെയ്തു കൊണ്ടിരിക്കയായിരുന്നു.

Latest News