ജാഫർഖാനുമായി കുറച്ചുകാലത്തെ പരിചയം മാത്രമേയുള്ളൂ. ഒന്നോ ഒന്നൊരയോ വർഷത്തെ പരിചയം. ആ ഒന്നര വർഷം കൊണ്ട്, ജീവിച്ചു തീരാത്ത ഒരായുസ്സിന്റെ മുഴുവൻ കഥയും അയാൾ പറഞ്ഞു തീർത്തിട്ടുണ്ട്.അമ്പത്തിയെട്ടിന്റെ വയ്യായ്കയിലും അസ്ഥി പിടയുന്ന വേദനയെ അവഗണിച്ചു തിരക്കു കൂടിയ നഗരപാതയിലൂടെ ഹെവി വാഹനത്തെ നിയന്ത്രിക്കുന്ന മനുഷ്യനെ ആരും ദയയോടെ മാത്രമേ നോക്കിപ്പോകുകയുള്ളു. അമ്പത്തിയെട്ടിലും പടു വൃദ്ധനാണയാൾ. എല്ലാ സമ്പാദ്യവും കൊള്ളയടിക്കപ്പെട്ടു പെരുവഴിയിൽ ദിശയറിയാതെ അന്ധാളിച്ചു നിൽക്കുന്ന ഒരു മുസാഫിറിന്റെ ഭാവമാണ് അയാളുടെ മുഖത്തെപ്പോഴും.
വിശ്രമവേളകളിൽ കമ്പനിയോടു ചേർന്നുള്ള പള്ളിയുടെ വെണ്ണക്കൽപ്പരപ്പുകളിൽ പരൽമീനിനെ പോലെ മലർന്നുകിടന്ന് കൈയിലുള്ള ജപമാലയിലെ മണികൾ ഓരോന്നായി തള്ളി നീക്കുന്നത് കാണാം. ശോകാർദ്രമായ ആ അന്തരീക്ഷത്തിൽ കണ്ണുനീർത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് എത്രയോ വട്ടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മൊയ്തീൻ അംഗടിമുഗർ
പാക്കിസ്ഥാനികളായ പഠാണികൾ ഗൾഫ് നാടുകളിൽ കൂട്ടമായി ജീവിക്കുന്നവരാണ്. പക്ഷെ ജാഫർഖാൻ വ്യത്യസ്തനായിരുന്നു. കൂട്ടുകൂടാനും സൗഹൃദം പങ്കിടാനും അയാൾ പാക്കിസ്ഥാനിയെന്നോ ഇന്ത്യക്കാരനെന്നോ നേപ്പാളിയെന്നോ വ്യത്യാസം കണ്ടില്ല. ഡ്രൈവർമാരായ മറ്റു പഠാണികളെ പോലെയായിരുന്നില്ല. അൽപം വൃത്തിയും വെടിപ്പുമുള്ള മനുഷ്യൻ.
ഫിലിപ്‌സിന്റെ ഒരു കൊച്ചു റേഡിയോ മാത്രമായിരുന്നു അയാളുടെ ലോകം.
ബി.ബി.സി വാർത്താ ബുള്ളറ്റിനുകൾ സദാസമയവും ശ്രവിക്കുന്ന ജാഫർഖാന് ലോകത്തിന്റെ നാഡിമിടിപ്പുകൾ ഹൃദിസ്ഥമാണ്. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അയാൾ അങ്ങ് അമേരിക്ക മുതൽ ഇങ്ങ് കേരളത്തിലെ വരെ സമകാലിക രാഷ്ട്രീയം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു വാദിച്ചു. നായനാരെയും കരുണാകരനെയും അച്യുതാനന്ദനെയും വരെ രാഷ്ട്രീയ സംഭാഷണത്തിനിടയിൽ പേരെടുത്ത് പരാമർശിക്കാറുണ്ട്.
സ്വന്തം രാജ്യമായ പാക്കിസ്ഥാനിലെ അധികാരികളെയും നിശിതമായി വിമർശിക്കും.
ഒരു ദുഃഖകഥാപാത്രമാണ് ജാഫർഖാൻ. 1971 ലെ യുദ്ധത്തിൽ ഭാര്യയും മക്കളുമടക്കമുള്ള കുടുംബം കൊല്ലപ്പെട്ടു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആ മനുഷ്യൻ ലാഹോറിലെ ഓറഞ്ച് തോട്ടത്തിൽ കൂലി വേലക്കാരനായി.
ഒരു പുനർവിവാഹത്തെക്കുറിച്ചോ കുടുംബ ജീവിതത്തെ കുറിച്ചോ പിന്നെ ചിന്തിച്ചതേയില്ല. യുദ്ധത്തിനു കാരണക്കാരായ ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളെ ശപിച്ചും പ്രാകിയും കണ്ണീർ വാർത്ത്്് കാലം പോയതറിഞ്ഞില്ല.
28 വർഷമായി ഗൾഫിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. നാട്ടിൽ പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല.
കിട്ടുന്ന വേതനം സമ്പാദിച്ചു വെക്കാറുമില്ല. കദനം പറയുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും കൈമറന്നു സഹായിക്കും. അതിന് ജാതിമത ദേശ ഭേദമില്ല.
നാട്ടിൽ പോകണമെന്ന ആഗ്രഹമില്ലേ..?'
ഒരിക്കൽ എന്റെ ചോദ്യത്തിന് അയാൾ ക്രുദ്ധനായി.
‘എന്തിന്..? ആരെ കാണാൻ?
ഈ ഭൂമിയിൽ എവിടെയെങ്കിലും അസുഖം വന്നു കിടപ്പിലാവാതെ ഒന്നു മരിച്ചു കിട്ടണം സഹോദരാ.. ഞാൻ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത് ഒരു വാഹനപകടത്തിൽ തൽക്ഷണം മരിച്ചിരുന്നെങ്കിൽ എന്നാണ്.'
ഏകാന്തതയും അനാഥത്വവും അയാളെ എത്രത്തോളം വേട്ടയാടുന്നു എന്ന് ആ വാക്കുകളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.
എന്റെ ജീവിതവും എന്റെ സന്തോഷവും ചീന്തിയെടുത്ത വിധി. ആരോടും എനിക്കിപ്പോൾ കടപ്പാടില്ല സഹോദരാ..' വലിയ ഭക്തനായിട്ടുപോലും അയാൾ വിങ്ങി. ഈ ഒന്നരവർഷത്തെ പരിചയത്തിനിടയിൽ ഒരേ ഒരുവട്ടം മാത്രമാണ് അയാൾ കരഞ്ഞു കണ്ടത്.
യു.എ.ഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രാജ്യം വിടാൻ അവസരം വരികയും വിസ റിന്യൂവൽ ചെയ്യാൻ സ്‌പോൺസർ തയ്യാറാകാതിരിക്കുകയും ചെയ്തപ്പോൾ നാട്ടിൽ പോകാൻ അയാൾ നിർബന്ധിതനായി. എവിടേക്കാണ് പോകേണ്ടത് എന്ന ഒരു നിശ്ചയവും ഇല്ലായിരുന്നു.
യാത്രയാകുന്നതിന്റെ തലേദിവസം അയാൾ എന്നെ വിളിച്ചു.
‘സഹോദരാ വല്ല തെറ്റുകുറ്റങ്ങൾ എന്നിൽ നിന്നും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ മാപ്പ് തരണം.ഈ ലോകത്ത് ആരുമില്ലാതിരുന്ന എനിക്ക് നിങ്ങളെപോലുള്ള ചുരുക്കം ചിലർ മാത്രമായിരുന്നു സഹോദരങ്ങൾ. എന്റെ ഹൃദയത്തിന്റെ ഭാരവും സങ്കടങ്ങളും ഇറക്കി വെച്ചത് നിങ്ങളോടൊക്കെയായിരുന്നു.
ഇന്നു രാത്രി ഞാൻ യാത്രയാകുന്നു. ഇനിയൊരു കണ്ടുമുട്ടൽ അസാധ്യമാണ്. ദൈവം എന്നെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ.'
അയാളുടെ വാക്കുകൾക്ക് വിറയൽ അനുഭവപ്പെടുന്നതായി തോന്നി.
‘ലോകത്തെവിടെയായാലും താങ്കൾക്ക് നല്ലതേ വരൂ ഖാൻസാബ്.. താങ്കളുടെ ഹൃദയം ശുദ്ധമാണ്.' ഞാൻ ആശ്വസിപ്പിച്ചു.
മാസങ്ങൾ ഏറെ കഴിഞ്ഞു. ഓർമ്മയുടെ താളുകളിൽ നിന്നും ജാഫർഖാൻ എന്ന മനുഷ്യൻ കൊഴിഞ്ഞുപോയി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പരക്കംപാച്ചിലിനിടയിൽ സർവ്വ മനുഷ്യരുടെയും സങ്കടങ്ങൾ ഓർമിച്ചു വെക്കാനുള്ള എന്റെ ഇടവും പരിമിതമായിരുന്നു.
ഒരുദിവസം ഉച്ചയുറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ മൂന്ന് മിസ്ഡ് കോൾ.
പാക്കിസ്ഥാനിൽ നിന്നാണ്. ആരായിരിക്കാം?
എന്റെ ഓർമ്മയുടെ വെളിച്ചത്തിൽ എവിടെയും ജാഫർഖാൻ ഇല്ലായിരുന്നു.
തിരിച്ചു വിളിച്ചപ്പോൾ അങ്ങേത്തലക്കൽ ജാഫർഖാൻ.
സലാം പറഞ്ഞ ശേഷം അയാൾ ചോദിച്ചു.
സുഖമാണോ സഹോദരാ..? വാക്കുകളിൽ വാർധക്യത്തിന്റെ തളർച്ച.
സുഖമാണ്.. താങ്കൾക്കോ..?
അതിനയാൾ ഉത്തരം പറഞ്ഞില്ല.
‘നിങ്ങളെപ്പോലെ മൂന്നാലു പേർ മാത്രമാണ് എനിക്കവിടെ സുഹൃത്തായും സഹോദരങ്ങളായും ഉണ്ടായിരുന്നത്. ഇന്ന് രാവിലെ മുതൽ ഞാനതൊക്കെ ഓർക്കുകയായിരുന്നു.'
അയാൾ പഴയ ഓർമ്മകളുടെ കെട്ടഴിക്കുന്നു.
ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന എന്റെ അന്വേഷണത്തിന് ആ പഴയ ഓറഞ്ച് തോട്ടത്തിൽ കാവൽക്കാരനായി നിൽക്കുന്നു എന്ന് പറഞ്ഞു. ശബ്ദത്തിന് വല്ലാതെ തളർച്ച അനുഭവപ്പെടുന്നു എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
‘താങ്കൾ ഫോൺ വെച്ചോളൂ ഖാൻസാബ്. പിന്നീടൊരിക്കൽ വിളിക്കാം..'
കൃത്യം ഒരാഴ്ചയ്ക്കുശേഷം ഞാൻ വിളിച്ചു. ഫോൺ എടുത്തത് ജാഫർഖാൻ ആയിരുന്നില്ല. തോട്ടത്തിലെ മാനേജറായിരുന്നു. അയാളുടെതായിരുന്നു ഫോൺ നമ്പർ.
ഞാൻ ജാഫർഖാനെ കുറിച്ച് തിരക്കി.
‘ഖാൻ സാബ് മരണപ്പെട്ടു. ഒരാഴ്ചയായി.'
‘താങ്കൾ എന്താണീ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണല്ലോ ഞങ്ങൾ സംസാരിച്ചത് ?'
‘അതെ എന്റെ ഈ ഫോണിൽ നിന്ന് തന്നെയാണ് താങ്കൾക്കും മറ്റു മൂന്നുപേർക്കും അയാൾ വിളിച്ചത്. അന്ന് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. രാവിലെ എഴുന്നേറ്റില്ല. ഉറക്കത്തിൽ....'
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ ദാരുണ വാർത്ത എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഓർമ്മയുടെ ചുവരിൽ നിന്നും മാഞ്ഞു പോയ ആ മനുഷ്യൻ വീണ്ടും വിളിച്ചു ഓർമ്മ പുതുക്കിയത് ഈ സങ്കടം സമ്മാനിക്കാനായിരുന്നുവോ?
വേദനകളുടെയും നൊമ്പരങ്ങളുടെയും ഭാണ്ഡവും പേറി കയ്‌പേറിയ ജീവിതത്തിന്റെ തിക്താനുഭവങ്ങളെ ജപമാലയിൽ മറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു പോയ സഹോദരാ.. താങ്കളുടെ കണ്ണീർവിളിക്ക് ഒരുത്തരം മാത്രം ദൈവം സമ്മാനിച്ചു. അസുഖം പെട്ട് കിടപ്പിലാകാതെ, വേദനയില്ലാതെ ഒരു മരണം. താങ്കൾ ഭാഗ്യവാനാണ് ഖാൻസാബ്.. ഭാഗ്യവാൻ..
ഖുദാ ഹാഫിസ്...






