സൗഹൃദത്തിന്റെ പാട്ടുകാരൻ

സൗഹൃദത്തിന്റെ പാട്ടുകാരനായ മുരളീ മാധവൻ ഈശ്വരദാനമായ സംഗീതത്തെ മാനവരാശിയുടെ സ്‌നേഹ സൗഹൃദങ്ങൾക്കായി പ്രയോജനപ്പെടുത്തുന്ന മനുഷ്യ സ്‌നേഹിയാണ്. ഗുരുവായൂരിനടുത്ത് താമരയൂർ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഇരുപത്താറ് വർഷത്തോളമായി ഖത്തറിലുണ്ടെങ്കിലും അധികം വേദികളിലൊന്നും  പ്രത്യക്ഷപ്പെടാറില്ല.
ഖത്തറിൽ സ്വന്തമായി ഇന്റീരിയർ ആർട് വർക്കുകൾ, ജിപ്‌സം ഡക്കറേഷൻ, ടെക്‌നിക്കൽ പെയിന്റിംഗ്, ലാന്റ്സ്‌കേപ്പ് മുതലായ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന ആർട്ടിസ്റ്റായ മുരളിക്ക് ചെറുപ്പത്തിലേ പാട്ടിനോട് കമ്പമുണ്ടായിരുന്നെങ്കിലും പാട്ട് പഠിക്കാൻ പോകാവുന്ന സാഹചര്യമുണ്ടായിരുന്നില്ല. ആർട്ടും പഠിക്കാനായില്ല. എന്നാൽ പാട്ടുകാരനും ആർട്ടിസ്റ്റുമാവുകയെന്നതായിരുന്നു മുരളിയുടെ ജീവിത നിയോഗം. സഹോദരൻ അജയനെ ആർട് പഠിപ്പിച്ചാണ് മുരളി തനിക്ക് പഠിക്കാനാവാത്തതിന്റെ സങ്കടം തീർത്തത്. കഴിഞ്ഞ 24 വർഷമായി മുരളിയുടെ നിഴലായി സഹോദരൻ അജയൻ കൂടെയുണ്ട്. പാട്ടുകൾ കേട്ടും ആസ്വദിച്ചും സംഗീതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വളർന്നത്. മുരളിയുടെ ചെറിയച്ഛൻ പാടുമായിരുന്നു. അവരിവരും കനോലി കനാൽ തീരത്ത് ചെന്നിരുന്ന് പാട്ട് പാടിയിരുന്നതൊക്കെ മുരളി ഇപ്പോഴും ഓർക്കുന്നു.


പ്രവാസ ലോകത്തെത്തിയതോടെ അവസരങ്ങൾ പരിമിതമായി. എങ്കിലും സൗഹൃദ സദസ്സുകളിലും കുടുംബ കൂട്ടായ്മകളിലുമൊക്കെ മുരളി പാടുമായിരുന്നു.
അജിത്ത് തൃപ്പൂണിത്തറയാണ് ഖത്തറിൽ മുരളിയുടെ സംഗീത യാത്രക്ക് പ്രേരകമായത്. മുരളിയുടെ സംഗീതത്തിലുള്ള കഴിവും താൽപര്യവും തിരിച്ചറിഞ്ഞ അദ്ദേഹം മുരളിയെ പാടാൻ പ്രോൽസാഹിപ്പിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്തത് ഏറെ നന്ദിയോടെയാണ് മുരളി ഓർത്തെടുക്കുന്നത്.
സൗഹൃദത്തിന്റെ വലയമൊരുക്കുന്ന ലോകത്ത് തീർത്തും പുതിയ സംഗീതാനുഭവം സമ്മാനിച്ചത് വാട്‌സ് അപ്പ് കൂട്ടായ്മകളാണ്. സംഗീതവുമായി ബന്ധപ്പെട്ട നിരവധി ഗ്രൂപ്പുകളിൽ സജീവമായ മുരളിയെ സംഗീത യാത്രയിൽ ഇന്നും മുന്നോട്ട് നയിക്കുന്നത് ഈ കൂട്ടായ്മയാണ്. അതിരുകളില്ലാത്ത ദിവ്യസൗഹൃദത്തിന്റെ മാധുര്യമാണ് ഈ കൂട്ടായ്മകൾ സമ്മാനിക്കുന്നത്. ലോകത്തിന്റെ പല ദിക്കുകളിലുമുള്ള മനുഷ്യരുമായി സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ശക്തമായ കണ്ണികൾ തീർക്കാൻ സംഗീതത്തിനാകുന്നുവെന്നത് ഏറെ പ്രധാനമാണ്. സംഗീതം സൗഹൃദമാണ്. സൗഹൃദം തണലാകുമ്പോഴാണ് നന്മകൾ പരിലസിക്കുന്നത്. അതിരുകളില്ലാത്ത ലോകത്ത് സ്‌നേഹവും പരിഗണനയും ചേർത്ത് നിർത്തലും നല്ല മനുഷ്യരെ സൃഷ്ടിക്കും. ആ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ദിവ്യ ഔഷധമാണ് സംഗീതം.
അധ്യാപകൻ, നടൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ജിജോയ് ജോർജ് മുരളിയുടെ സംഗീത സപര്യയെ ഉണർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനാണ്. മുരളിയുമായുള്ള സൗഹൃദം തന്റെ സർഗസഞ്ചാരത്തിലും പ്രധാനവഴിത്തിരിവ് സൃഷ്ടിച്ചതായി ജിജോയ് സാക്ഷ്യപ്പെടുത്തുന്നു. അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ ജിജോയ് എഴുതിയ വരികൾക്ക് സംഗീതം നൽകി പാടി അനശ്വരമാക്കിയത് മുരളിയായിരുന്നു.


ചാവക്കാട് സിംഗേർസ് ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്ത് മുരളിയെ ഏറെ പ്രചോദിപ്പിച്ച കലാകാരനാണ്. കാത്തിരിപ്പിന്റെ ഈണം എന്ന മുരളിയുടെ ആദ്യ പാട്ട് സഹൃദയ ലോകം ഏറ്റെടുത്തത് ഈ വാട്‌സ്അപ്പ് കൂട്ടായ്മയിലൂടെയാണ്. 
നിസാർ മമ്പാട്, ശശാങ്കൻ മാഷ്, ഹാറൂൺ തയ്യിൽ തുടങ്ങി നിരവധി സഹൃദയരാണ് സംഗീതയാത്രയിൽ പ്രോൽസാഹനം നൽകിയത്.
തൃശൂർ ജില്ല സൗഹൃദവേദിയുടെ ചില വേദികളിലും പാടാൻ അവസരം ലഭിച്ച മുരളി വേദിയുടെ ടൈറ്റിൽ സോംഗിന്റേയും ഭാഗമായിരുന്നു.
താമരയൂരിലെ മാധവൻ- ചന്ദ്രിക ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തവനാണ് മുരളി. ദീപയാണ് സഹധർമിണി. ദേവിക, മയൂഖ എന്നിവർ മക്കളാണ്. രണ്ട് മക്കളും അത്യാവശ്യം നന്നായി പാടും. മുരളി സംഗീതം നൽകി മകൾ ദേവിക പാടിയ താരാട്ട് പാട്ട് താമസിയാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാപാട്ടുകളും ഇഷ്ടമാണെങ്കിലും മെലഡികളോടാണ് മുരളിക്ക് ആഭിമുഖ്യം.

Latest News