വിഖ്യാതമായ നാഷണൽ ജിയോഗ്രഫിക് മാഗസിനിൽ മലയാളി ഗവേഷകൻ ഡോ. മഹ്മൂദ് ഹുദവി കൂരിയയെ കുറിച്ച് പ്രസിദ്ധപ്പെടുത്തിയ ലേഖനം ഈ ചരിത്രകുതുകിയെ ആഗോളശ്രദ്ധയിലേക്കെത്തിക്കുന്നു. ദ സൈലന്റ് പവർ ഓഫ് മാട്രിയാർക്കി അഥവാ മരുമക്കത്തായ സമ്പ്രദായത്തിന്റെ നിശ്ശബ്ദ ശക്തി എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ ഡച്ച് എഡിഷനിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഹോളണ്ടിലെ (നെതർലാന്റ്‌സ്്്) ലെയ്ഡൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ മഹ്മൂദ് കൂരിയ, മലപ്പുറം പനങ്ങാങ്ങര സ്വദേശിയാണ്. നേരത്തെ ഡച്ച് സർക്കാറിനു കീഴിലുള്ള ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ചിന്റെ 2,50,000 യൂറോ ഇന്ത്യയിൽരണ്ടു കോടി രൂപയുടെ മൂല്യമുള്ള ‘വെനി' റിസർച്ച് ഫെലോഷിപ്പും യുഎസിലെ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിലിൽനിന്ന് 30 ലക്ഷം രൂപയുടെ ഗ്രാന്റും സ്വന്തമാക്കിയ ഏക ഇന്ത്യൻ ഗവേഷകനാണ്.

ഇന്ത്യൻ സമുദ്രതീര രാഷ്ട്രങ്ങളിലെ മുസ്ലിം മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. ഡച്ച് ഫ്രീലാൻസ് മാധ്യമപ്രവർത്തക മിർതെ പ്രിൻസാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. റൂബൻ ഷിപ്പെറാണ് ചിത്രങ്ങൾ പകർത്തിയത്. ലേഖനത്തിലെ ഫോട്ടോകൾക്കായി മുന്നൂറിൽ കൂടുതൽ തവണയാണ് ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതെന്ന് മഹ്മൂദ് പറയുന്നു. ഹരിയാന സോനിപതിലെ അശോക യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ് മഹമൂദ്. യൂസസ് ഓഫ് ദ പാസ്റ്റ്; അണ്ടർസ്റ്റാൻഡിങ് ശരീഅ എന്ന, നാല് യൂറോപ്യൻ സർവകലാശാലകൾ സഹകരിക്കുന്ന ഹെറ പദ്ധതിക്ക് കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്നു. ലെയ്ഡനിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഏഷ്യൻ സ്റ്റഡീസിലും ആഫ്രിക്കൻ സ്റ്റഡീസിലും റിസർച്ച് ഫെലോ ആയി ജോലി ചെയ്തിട്ടുണ്ട്. ദൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും സ്വന്തമാക്കിയ മഹ്മൂദ് ലെയ്ഡൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഹിസ്റ്ററിയിൽ നിന്ന് പി.എച്ച്.ഡിയും നേടി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് പുറമേ നിരവധി അന്താരാഷ്ട്ര ജേണലുകളിലും പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡച്ച് ഭാഷയടക്കം നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം, മഹമൂദ് ഹുദവി പനങ്ങാങ്ങരയെന്ന തൂലിക നാമത്തിൽ സമസ്തയുടെ പ്രസിദ്ധീകരണങ്ങളിലും നിറസാന്നിധ്യമായിരുന്നു. പനങ്ങാങ്ങരയിലെ കെ.ടി കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെയും മൈമൂനത്തിന്റെയും മകനാണ്. എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും അലിഗഢ് സർവ്വകലാശാല പ്രൊഫസറുമായ ഡോ. കെ.ടി മുഹമ്മദ്ബഷീർ പനങ്ങാങ്ങരയുടെ സഹോദരനാണ്.






