Sorry, you need to enable JavaScript to visit this website.

മക്കയിലേക്കും മദീനയിലേക്കും നോക്കൂ; ഇതാണ് ആസൂത്രണം,നിശ്ചയദാർഢ്യം

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് വിശ്വാസികൾ വിശുദ്ധ റമദാനിൽ പ്രാർത്ഥന നടത്തുന്ന ഫോട്ടോയാണ്, മക്കയിൽ നിന്നുളളത്.
എത്ര തിരക്കുള്ള സ്ഥലത്താണെങ്കിലും ഒരു സർക്കാരിന് നിശ്ചയദാർഢ്യമുണ്ടെങ്കിൽ കൃത്യമായി പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുമെന്നതിന്റെ വലിയ ഉദാഹരണമാണ് മക്കയിലേയും മദീനയിലേയും ഹറമുകളും അവിടെയെത്തുന്ന തീർത്ഥാടകരും.
ബഷീർ വള്ളിക്കുന്ന്
 
ലക്ഷക്കണക്കിന് മനുഷ്യർ റമദാനിന്റെ ദിനരാത്രങ്ങളിൽ ഒത്തുകൂടുന്ന ഇടമാണ്. പല തവണ പോയിട്ടുള്ള ആളായതിനാൽ അവിടത്തെ തിരക്കിന്റെ അവസ്ഥ എനിക്കറിയാം. സൂചി കുത്താൻ ഇടമില്ലാത്ത എന്ന പ്രയോഗമൊക്കെ അക്ഷരാർത്ഥത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇടമാണ്. കഅബ പ്രദക്ഷിണം ചെയ്യുന്നിടത്ത് ശരീരം ശരീരത്തോട് മുട്ടി പലപ്പോഴും ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെടും വിധം തിരക്കായിരിക്കും. അത്തരമൊരു തിരക്കുള്ള ഇടത്താണ് ഇത്ര കൃത്യമായ സാമൂഹിക അകലം പാലിച്ച് ആളുകൾ പ്രദക്ഷിണം ചെയ്യുന്നതും നമസ്കരിക്കുന്നതും.
ഇത് ഒരു ദിവസത്തെ ആസൂത്രണത്തിലൂടെ ഉണ്ടായതല്ല, കൃത്യമായ മുന്നൊരുക്കങ്ങളും അതിന് വേണ്ട സംവിധാനങ്ങളും ഒരുക്കിയതിന് ശേഷമുള്ള റിസൾട്ടാണ്. സഊദി അറേബ്യയിൽ നിന്ന് ഹറമുകളിലേക്ക് സന്ദർശനത്തിന് വരുന്നവർ അതിന് വേണ്ടിയുള്ള മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം. കോവിഡ് കുത്തിവെപ്പുകൾ നടത്തിയവർക്കും രോഗം വന്ന് ഭേദമായവർക്കും മാത്രമേ അനുമതി ലഭിക്കൂ. ഓരോരുത്തരുടേയും ഐ ഡി നമ്പറുകളിൽ ആ ഡാറ്റകൾ ശേഖരിച്ചു വെച്ചിട്ടുണ്ടാകും. യോഗ്യതയുണ്ടെങ്കിൽ അനുമതി ലഭിക്കും.
ഹറമുകളിലേക്ക് പ്രവേശിക്കാൻ അനുവദിച്ച സമയം കൃത്യമായി രേഖപ്പെടുത്തിയിരിക്കും. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് വേണ്ട കാർ പാർക്കിങ് ലോട്ടുകൾ നേരത്തെ നിശ്ചയിച്ചിരിക്കും. കാർ പാർക്കിങ് ഏരിയയിൽ നിന്ന് ഹറമിലേക്ക് ബസ്സ് ഷട്ടിൽ സർവീസ് ഉണ്ട്. അത് നേരത്തെ ബുക്ക് ചെയ്യണം. ബസ്സുകൾ ഹറമിന്റെ അണ്ടർ ഗ്രൗണ്ടിൽ വരും. എലവേറ്ററിലൂടെ ഹറമിലേക്ക് പ്രവേശിക്കാം. പ്രവേശനാനുമതിയുടെ ബാർ കോഡ് സ്കാൻ ചെയ്തോ ഉദ്യോഗസ്ഥന്മാർ നേരിട്ടോ അനുവദിച്ച സമയവും തിയ്യതിയും പരിശോധിക്കും. നിശ്ചിത സമയത്തിനുള്ളിൽ കർമ്മങ്ങൾ നിർവ്വഹിച്ച് പുറത്ത് കടക്കണം.
കൃത്യമായ സാമൂഹിക അകലം പാലിച്ച് ഉൾകൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചാണ് അനുമതി നല്കുക. രാത്രിയിലെ തറാവീഹ് നമസ്കാരത്തിന്റെ സമയം കുറച്ചു. ഒന്നര മണിക്കൂറിലധികം എടുത്തിരുന്ന പ്രാർത്ഥനകൾ അര മണിക്കൂറിലേക്ക് ചുരുക്കി. ഹറമുകളിലെ ഭക്ഷണ വിതരണവും നോമ്പ് തുറ പരിപാടികളും നിർത്തലാക്കി. വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്കുള്ള അനുമതി ക്രമീകരിച്ചു തുടങ്ങി വളരെ കണിശവും കൃത്യവുമായ നിരവധി മുന്നൊരുക്കങ്ങളുടെ ഒരു റിസൾട്ടാണ് ഈ ഫോട്ടോയിൽ കാണുന്നത് എന്ന് ചുരുക്കം.
നിശ്ചയ ദാർഢ്യമാണ് പ്രധാനം. where there's a will, there's a way എന്നാണല്ലോ.
 

Latest News