Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിലേക്കും വിമാന സര്‍വീസിന് കരാറായി, സൗദി ഇനിയും ചിത്രത്തിലില്ല

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പരിമിത തോതില്‍  പുനരാരംഭിക്കുന്നതിന് ഇന്ത്യയും ശ്രീലങ്കയും എയര്‍ ബബിള്‍ കരാറിലെത്തി. ഇതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് ശ്രീലങ്കയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനാകും.

സാര്‍ക് മേഖലയില്‍ ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയ ആറാമത്തെ രാജ്യമാണ് ശ്രീലങ്ക.
സാധാരണ വിമാന സര്‍വീസുകള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ 28 രാജ്യങ്ങളുമായാണ്  ഇന്ത്യക്ക് പരിമിത സര്‍വീസുകള്‍ക്ക് എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ളത്. സാധാരണ സര്‍വീസുകള്‍ സ്തംഭിക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ നിശ്ചിത സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ് എയര്‍ ബബിള്‍ കരാറുകളില്‍ ഏര്‍പ്പെടാറുള്ളത്.

ജി.സി.സിയിലെ മറ്റു രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറുണ്ടെങ്കിലും സൗദി അറേബ്യയില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. രോഗം വീണ്ടും വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും യു.എ.ഇയുമടക്കം 20 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച മട്ടാണ്.

അതേസമയം, ശ്രീലങ്കയിലേക്ക് സര്‍വീസ് തുടങ്ങുന്നത് സൗദിയിലേക്ക് വരാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുമെന്ന് കരുതുന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവരായിരിക്കരുതെന്ന നിബന്ധന മറി കടക്കാന്‍ ശ്രീലങ്ക വഴിയുള്ള യാത്ര സഹായകമാകും.
സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയ 20  രാജ്യങ്ങളില്‍ ശ്രീലങ്ക ഉള്‍പ്പെടുന്നില്ല. ഒമാനിലും ബഹ്‌റൈനിലും 14 ദിവസം താമസിച്ചാണ് ഇന്ത്യക്കാര്‍ സൗദിയില്‍ എത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ഒമാനിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നില്ല. ഒമാനി പൗരന്മാരേയും രാജ്യത്ത് താമസ വിസയുള്ളവരേയും മാത്രമാണ് അനുവദിക്കുന്നത്. ബഹ്‌റൈനില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഇന്ത്യ-ശ്രീലങ്ക വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ കൊളംബോയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകുകയെന്ന മാര്‍ഗം തുറക്കപ്പെടുന്നുണ്ട്.

മെയ് 17ന് സൗദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളും തുറക്കുമെന്നും അന്താരാഷ്ട്ര യാത്രക്കുള്ള വിലക്ക് നീക്കുമെന്നും പ്രഖ്യാപിച്ചതിനു പിന്നാലെ അതിനായുള്ള ഒരുക്കങ്ങള്‍ സൗദി എയര്‍ലൈന്‍സ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്തയില്‍നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.


പുത്തന്‍ കിടക്കകളില്‍ പഞ്ഞിക്കു പകരം പഴകി ഉപേക്ഷിച്ച മാസ്‌കുകള്‍; നിര്‍മാണശാല പൂട്ടിച്ചു

സൗദിയില്‍ എല്ലാ പള്ളികളിലും ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ അര മണിക്കൂര്‍ മാത്രം

പഴക്കടയിലെ തർക്കം വർഗീയ സംഘർഷമായി; കർഫ്യൂ പ്രഖ്യാപിച്ചു, ഇന്‍റർനെറ്റ് വിഛേദിച്ചു

 

Latest News