പുത്തന്‍ കിടക്കകളില്‍ പഞ്ഞിക്കു പകരം പഴകി ഉപേക്ഷിച്ച മാസ്‌കുകള്‍; നിര്‍മാണശാല പൂട്ടിച്ചു

മുംബൈ- ആളുകള്‍ ഉപയോഗിച്ച് പഴകി ഉപേക്ഷിച്ച മാസ്‌കുകള്‍ കുത്തിനിറച്ച് പുതിയ കിടക്കകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ പോലീസ് പൂട്ടിച്ചു. കിടക്ക നിര്‍മാണത്തിന് സാധാരണ ഉപയോഗിക്കുന്ന പഞ്ഞി അടക്കമുള്ള വസ്തുക്കള്‍ക്ക് പകരമായാണ് ഇവര്‍ മാസ്‌കുകള്‍ ഉപയോഗിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവിടെ എത്തി റെയ്ഡ് ചെയ്യുകയായിരുന്നു. രഹസ്യ കിടക്ക നിര്‍മാണം പോലീസ് കയ്യോടെ പിടികൂടി. നിര്‍മാണ യൂണിറ്റില്‍ പഴകിയ മാസ്‌കുകള്‍ കുന്നുകൂട്ടി ഇട്ടിരിക്കുകയായിരുന്നു. പോലീസ് ഇവ തീയിട്ട് നശിപ്പിച്ചു. കിടക്ക ഫാക്ടറി ഉടമ അംജദ് അഹമദ് മന്‍സൂരിക്കെതിരെ പോലീസ് കേസെടുത്തു. ഈ കിടക്ക നിര്‍മാണത്തിനു പിന്നില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 

കോവിഡ് സാഹചര്യത്തില്‍ മാസ്‌ക് ഉല്‍പ്പാദനം വളരെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്നവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കപ്പെടുന്നില്ല. ഒരു വര്‍ഷം മുമ്പുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രതിദിനം 1.5 കോടി മാസ്‌കുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട ബയോ മെഡിക്കല്‍ മാലിന്യം ഉല്‍പ്പാദനും വര്‍ധിച്ചതായി സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണക്കുകള്‍ പറയുന്നു.

Latest News