Sorry, you need to enable JavaScript to visit this website.

പഴക്കടയിലെ തർക്കം വർഗീയ സംഘർഷമായി; കർഫ്യൂ പ്രഖ്യാപിച്ചു, ഇന്‍റർനെറ്റ് വിഛേദിച്ചു

ജയ്പൂർ- രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര പട്ടണത്തിൽ വർഗീയ സംഘർഷത്തെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തി.  ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു.  ജില്ലാ കലക്ടറും പോലീസ് മേധാവികളും ഉള്‍പ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്തീരുമാനം.

ഞായറാഴ്ച ഇരു സമുദായങ്ങളിലുള്ളവർ കല്ലേറ് നടത്തുകയും വാഹനങ്ങളും കടകളും കത്തിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പല കടകളും കൊള്ളയടിക്കപ്പെട്ടു.

ശനിയാഴ്ച അഹമ്മദ്‌പുര നിവാസിയായ കമൽ സിംഗ് പഴങ്ങൾ വാങ്ങുന്നതിനിടെ ഉണ്ടായ തർക്കമാണ്  ഏറ്റുമുട്ടലിലും വ്യാപക ആക്രമണത്തിലും കലാശിച്ചത്. പഴം വാങ്ങുന്നതിനിടെ മോശം പരാമർശമുണ്ടായെന്ന് ആരോപിച്ച് മൂർച്ചയുള്ള കത്തി പുറത്തെടുക്കുകയായിരുന്നു.   കടയുടമകൾ ഇടപെട്ടെങ്കിലും ഇതിനിടയിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെ  മൂന്ന് യുവാക്കളെ പോലീസ്  കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പക്ഷേ, ഞായറാഴ്ച വീണ്ടും പ്രശ്നം തുടങ്ങുകയായിരുന്നു.  ഇരുവിഭാഗം ആളുകള്‍ മുഖാമുഖംനിന്ന് കല്ലെറഞ്ഞു. തുടർന്ന് വ്യാപക കൊള്ളയും കൊള്ളിവെപ്പും നടന്നു. തീയണക്കാന്‍ സ്ഥലത്തെത്തിയ ഫയർ എഞ്ചിനും നശിപ്പിക്കപ്പെട്ടു. ബലം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

Latest News