Sorry, you need to enable JavaScript to visit this website.

കോഴിക്കോടിന്റെ പൈതൃകത്തിലേക്ക്  വഴി നടത്താനൊരു ചെറുകൃതി 

നടക്കാവ് മുഹമ്മദ് കോയ
കളിയെഴുത്തിലെ പ്രതിഭകളായ പി.എ. വിംസി (രണ്ടു പേരും ഇന്നില്ല) അബു എന്നിവർ കോഴിക്കോട് സ്‌റ്റേഡിയത്തിലെ പ്രസ്സ് ബോക്‌സിൽ                  
പി.പി ഹസ്സൻ കോയ
ജന്മ ഗേഹമായ പൊൻ മാണിച്ചിന്റകം തറവാട്  
ഇമ്പിച്ചി ഹാജി

പൈതൃക സംരക്ഷണം ആധുനിക സമൂഹം ഗൗരവത്തോടെ കാണുന്ന വിഷയമായി മാറിയ കാലമാണിത്. വളർച്ചയുടെ എല്ലാ ഘട്ടങ്ങളും കടന്ന പാശ്ചാത്യൻ നഗരങ്ങൾ അവരുടെ പൈതൃക ഇടങ്ങൾ പോറലേൽക്കാതെ പിൻ തലമുറകൾക്കായി സൂക്ഷിക്കുന്നു. നാടിന്റെ സാംസ്‌കാരിക, സാമൂഹ്യ ചരിത്രം വേണ്ട വിധം രേഖപ്പെട്ടുകിടന്നത് കൊണ്ടാണ് അവർക്കത് സാധ്യമാകുന്നത്. കേരള  നഗരങ്ങളിൽ കോഴിക്കോടിനെക്കുറിച്ചും ഒട്ടനവധി പഠനങ്ങൾ  നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നടന്നിട്ടുണ്ട്. പക്ഷെ  പൈതൃക സംരക്ഷണം എന്ന ചിന്തയിലേക്ക് അവയൊക്കെ  നയിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. നഗരത്തിന്റെ ഭൂമി ശാസ്ത്രം വിവരിച്ചതുകൊണ്ട് മാത്രം ആ നാടിന്റെ ആത്മാവിലേക്കിറങ്ങുക സാധ്യമല്ല. നേരത്തെ വന്ന കോഴിക്കോടിന്റെ കഥകളിൽ നിന്നെല്ലാം വേറിട്ട രീതിയിൽ നാടിന്റെ  വിശാലമായ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വായനക്കാരെ വഴി നടത്തുന്ന ,  ഒരു  പുസ്തകം വായിച്ചപ്പോഴാണ് ഈ ചിന്ത.  പി.എ.മുഹമ്മദ് കോയ എന്ന ബഹുമുഖ വ്യക്തിത്വത്തെക്കുറിച്ച് മുഹമ്മദ് കോയ നടക്കാവ് എഴുതി, ഗ്രെയിസ് ബുക്‌സ് പ്രസിദ്ധീകരിച്ച പി.എ. മുഹമ്മദ് കോയ മായാത്ത അക്ഷര നിലാവ് എന്ന കൃതി, പി.എ മുഹമ്മദ് കോയ എന്ന വ്യക്തിയെക്കുറിച്ച ചെറിയ തോതിലുള്ള പഠനവും, വിശകലനവും ഉൾച്ചേരുന്നതാണെങ്കിലും അകം വായനയിൽ അതിനപ്പുറത്തേക്ക് സഞ്ചരിക്കുന്നതായി കാണാം.  

ചില പുസ്തകങ്ങൾ അങ്ങിനെയാണ്. അതെഴുതിയവർ പോലും വിചാരിക്കാത്ത വഴിയിൽ അത് വായനക്കാരെ കൊണ്ടു പോയേക്കും.  ഈ പുസ്തകം കോഴിക്കോടിന്റെ മഹിതമായ ഇന്നലെകളിലൂടെയുമാണ് വായനക്കാരെ വഴി നടത്തുന്നത്. മലയാളത്തിന്റെ ആദ്യത്തെ കളിയെഴുത്തുകാരൻ, റേഡിയോക്ക് വേണ്ടി മലയാളത്തിൽ ആദ്യമായി ഫുട്‌ബോൾ കമന്ററി പറഞ്ഞ വ്യക്തി, മലയാളത്തിലെ ഒന്നാം കിട നോവലുകളിലൊന്നായ സുൽത്താൻ വീടിന്റെ കർത്താവ് , വിവിധ പത്രങ്ങളിലെ പത്രാധിപർ , കോഴിക്കോട്ടെ ചിര പുരാതനമായ ഒരു തറവാട്ടിലെ അംഗം .. പി.എ.യുടെ വിശേഷണങ്ങൾ എത്രയെല്ലാമോ ഉണ്ട്.  പക്ഷെ ഇവയിലൊന്നിലും ഒതുങ്ങുന്നയാളായിരുന്നില്ല അദ്ദേഹം. മലയാളത്തിലെ കളിയെഴുത്ത് ഒരു സാഹിത്യ ശാഖയായി വികസിപ്പിച്ചത് പി.എയായിരുന്നുവെന്ന് മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറും പ്രമുഖ പത്ര പ്രവർത്തകനുമായ തോമസ് ജേക്കബ് അവതാരികയിൽ എടുത്തു പറയുന്നുണ്ട്.തോമസ് ജേക്കബ് ചില ചോദ്യങ്ങൾ അവതാരികയിൽ  സമൂഹത്തോടായി ചോദിക്കുന്നുമുണ്ട്.  എം.ടി വാസുദേവൻ നായരുടെ അത്രയൊന്നുമില്ലെങ്കിലും എന്തു കൊണ്ടാണ് അദ്ദേഹത്തിന്  (പി.എക്ക്) കെ.ബാലകൃഷ്ണന്റെയോ,കാമ്പിശ്ശേരി കരുണാകരന്റെയോ,എസ്.ജയ ചന്ദ്രൻ നായരുടെയോ എങ്കിലും പ്രാമുഖ്യം കിട്ടാതെ പോയത്? ഉത്തരവും തോമസ് ജേക്കബ് തന്നെ പുസ്തകത്തിലെ ഉള്ളടക്കം സാക്ഷി കണ്ടെത്തുന്നു. എങ്ങും മുഖം കാണിച്ച് കയറാതെ പിൻവലിഞ്ഞ് നിൽക്കുന്ന പി.എയുടെ പ്രകൃതം  പുരസ്‌കാരങ്ങൾക്കും അംഗീകാരത്തിനും   തടസ്സമായി നിന്നിരിക്കാം. കോഴിക്കോടിന്റെ ഒരു കാലത്തെ സാംസ്‌കാരിക ജീവിതത്തിൽ നിറഞ്ഞു നിന്ന വ്യക്തികൾക്കെല്ലാം ഓരോരോ സ്ഥിരം സങ്കേതമുണ്ടായിരുന്നു.

എസ്.കെ. പൊറ്റക്കാട്  മിഠായി തെരുവിലും പുറത്തും അദ്ദേഹത്തിന്റെതായ സ്ഥിരം  ഇടം സ്ഥാപിച്ചെടുത്തു- മിഠായി തെരുവിലെ മോഡേൺ ബേക്കറി ഇവയിലൊന്നായിരുന്നു. നാട്ടിലുണ്ടെങ്കിൽ അവിടെയൊന്ന് കയറാതെ എസ്.കെ. എവിടെയും പോകുമായിരുന്നില്ല. എസ്.കെ നഗരത്തിൽ പിന്നെയും സ്ഥിരം സങ്കേതങ്ങൾ കണ്ടെത്തി ബന്ധങ്ങൾക്ക് വഴിയൊരുക്കി. തിക്കോടിയൻ, കെ.എ കൊടുങ്ങല്ലൂർ,  വല്ലപ്പോഴും , ഉറൂബ്,പുനത്തിൽ കുഞ്ഞബ്ദുല്ല എന്നിവരൊക്കെ  കൂട്ടു ചേരുന്ന ഇടമായിരുന്നു ഹോട്ടൽ അളകാപുരിക്കടുത്തുള്ള എൻ.ബി.എസ് ബുക്ക് സ്റ്റാൾ . ശ്രീധരൻ എന്ന ജനകീയനായ മാനേജറും അളകാപുരിയിലെ ചായയും ഇവരെയെല്ലാം ഇപ്പറഞ്ഞ സ്ഥലത്ത് ഒന്നിപ്പിച്ചു.അവിടെയൊന്നും ഇവരെ കണ്ടില്ലെങ്കിൽ അവർ ഏതെങ്കിലും യോഗത്തിൽ പ്രസംഗിക്കാൻ പോയതായിരിക്കും. അറിവും തിരിച്ചറിവുമൊക്കെ ആവശ്യത്തിലധികമുണ്ടെങ്കിലും ഇത്തരം വേദികളിലൊന്നും പി.എ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടൊക്കെ മാത്രം ഒരു മനുഷ്യൻ തന്റെ ആയുസിൽ ചെത് തീർത്ത വലിയ വലിയ കാര്യങ്ങൾ വിസ്മരിക്കപ്പെട്ടു കൂടെന്നും പി.എ ഓർമ്മിക്കപ്പെടുക തന്നെ വേണമെന്നും ആലോചിച്ച് ഇക്കാര്യം മറ്റൊരു പ്രമുഖ കളിയെഴുത്തുകാരനായ അബു സാഹിബുമായി ചർച്ച ചെയ്ത കാര്യം തോമസ് ജേക്കബ് അവതാരികയിൽ എടുത്തു പറയുന്നു. കളിയെഴുത്തിലെ ജീവിക്കുന്ന ഇതിഹാസം എന്നാണ് സഹപ്രവർത്തകനായിരുന്ന അബു സാഹിബിനെ  തോമസ് ജേക്കബ് വിശേഷിപ്പിച്ചത്. അദ്ദേഹവുമായി ,പി.എയെക്കുറിച്ച് ആരെങ്കിലും എഴുതണമല്ലോ എന്ന് സംസാരിച്ചപ്പോഴാണ് നടക്കാവ് മുഹമ്മദ് കോയ ഇങ്ങിനെയൊരുപുസ്ത മെഴുതുന്ന കാര്യം തോമസ് ജേക്കബ്  അറിയുന്നത്. മറ്റാരെങ്കിലും ഒരുപക്ഷെ ഇനിയുമെത്രയോ വൈകി ചെയ്യുമായിരുന്ന കാര്യമാണ് പി.എയുടെ ശിഷ്യനായ നടക്കാവ് മുഹമ്മദ് കോയ നിർവ്വഹിച്ചിട്ടുള്ളത്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ പി.എ ജനിച്ചിട്ട് നൂറ് വർഷമാകും. അതിന് മുമ്പായി ഇങ്ങിനെയൊരു ഉപഹാരം സമർപ്പിക്കാനായതിൽ പി.എയുടെ പ്രിയ ശിഷ്യനായ ഗ്രന്ഥകാരൻ ചാരിതാർഥ്യം രേഖപ്പെടുത്തുന്നു.

 
സകല വിഷയങ്ങളിലും സാമാന്യത്തിലധികം അറിവുണ്ടായിരുന്ന വ്യക്തിയായ പി.എ. കോഴിക്കോടിന്റെ വീഥികളിൽ ദീർഘവർഷങ്ങൾ നടന്നു നീങ്ങിയത് എല്ലാം വീക്ഷിച്ചു കൊണ്ടായിരുന്നു. നാടും നാടിന്റെ ചരിത്രവും ഉള്ളിലിറങ്ങി അറിഞ്ഞ പി.എ എഴുതിയ ഒരൊറ്റ നോവൽ മതി കോഴിക്കോട് എന്ന വിസ്മയ നാടിനെ അറിയാൻ. സുൽത്താൻ വീട് പി.എയുടെ മാസ്റ്റർ പീസ് മാത്രമല്ല,നാടിന്റെ ചരിത്രവും, സംസ്‌കാരവുമെല്ലാം നിറഞ്ഞു നിൽക്കുന്ന കൃതിയുമാണ്. കോയമാരേക്കാൾ ബീവിമാർ വാണ കാലത്തിന്റെ കഥയാണ് സുൽത്താൻ വീട്. സുൽത്താൻ വീട് വായിച്ച ഒരന്യ നാട്ടുകാരൻ കുറ്റിച്ചിറയിലും പരിസരത്തുമെത്തിയാൽ ഇന്നും അവശേഷിക്കുന്ന  കാഴ്ചകൾ  അവരെ വിസ്മയിപ്പിക്കും. കുറ്റിച്ചിറയിൽ ജീവിക്കുന്ന മനുഷ്യരെക്കാൾ അധികം ആ നാടിനെ അറിയാൻ സുൽത്താൻ വീടും പി.എയുടെ  മറ്റ് കോഴിക്കോടൻ കഥകളും വായിച്ചയാൾക്ക് സാധിക്കും. കോഴി കൂവിയാൽ കേൾക്കുന്ന ചുറ്റുവട്ടമായ കോഴിക്കോടിനെ പിന്നീട് ഇംഗ്ലീഷുകാരൻ കാലിക്കറ്റും അറബ് നാട്ടുകാർ കാലിക്കൂത്തുമാക്കി. ഈ നഗരത്തിലൂടെ വായനക്കാരന്റെ കൈപ്പിടിച്ച് പി.എ നോവൽ തുടങ്ങും മുമ്പ് കറങ്ങാനിറങ്ങുന്ന കാര്യം ഗ്രന്ഥകാരൻ പറഞ്ഞു തരുന്നു. കോട്ടപറമ്പ്,പാളയം, ചാലപ്പുറം വഴി നഗരഹൃദയ ഭാഗത്തെത്തുന്ന കഥാകാരൻ, മാനാഞ്ചിറയിൽ നിന്ന് മുതലക്കുളം, മിഠായിതെരുവ് ചുറ്റി കടപ്പുറത്തേക്ക് നീങ്ങുന്ന വഴിയിൽ ഗുജറാത്തി ജനത കുടിയേറിയ ഗുജറാത്തി തെരുവും കടന്ന്, പുഴവക്കും, കോടതി നിരത്തും...എല്ലാം എല്ലാം എണ്ണി പറഞ്ഞു പോകുമ്പോൾ അതൊരു നാടിന്റെയും സമൂഹത്തിന്റെയും ജീവൻ തുടിക്കുന്ന ചരിത്രമായി തീരുന്നു. പ്രതാപ ഐശ്യര്യങ്ങൾ നിറഞ്ഞ  സുൽത്താൻ വീടിന്റെ അസ്തമയ കാലത്ത് ജനിച്ച് വളർന്ന ഉമ്മർ കോയ നോവലിലെ കേന്ദ്ര കഥാ പാത്രം മാത്രമല്ല ഒരു നാടിന്റെ ചരിത്രം പറഞ്ഞു തരുന്ന കഥാ വ്യക്തിത്വവുമാണ്. പി.എ.ജനിച്ച പൊൻമാണിച്ചിന്റകം തറവാടിനുപോലുമുണ്ട്  ഇതിഹാസ പെരുമ. നാലു താവഴികളിലായി ഏഴ് തലമുറകളും കടന്ന ഈ തറവാട് 3000ത്തിലധികം ആളുകളെ ഉൾക്കൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടിയായ തെക്കേപ്പുറത്തെപ്രസിദ്ധമായ മുസ്‌ലിം തറവാടുകളിൽ ഒന്ന്. ആ തറവാട്ടിലെ വ്യക്തിത്വങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. അവരിൽ ഒരു അന്താരാഷ്ട്ര വ്യക്തിത്വവുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സിലോണിലെ വ്യാപാരരംഗത്തെ കുലപതിയായിരുന്ന ഇമ്പിച്ചി ഹാജി. തമിഴ് സിംഹള തർക്കത്തിലെ മധ്യസ്ഥൻ, അറബ് നാടുകളെ സാമ്പത്തികമായി സഹായിച്ച വ്യക്തി , കൊളംബോ അന്താരാഷ്ട്ര വിമാനതാവളം നിർമിച്ച സ്ഥലം സംഭാവന ചെയ്ത വ്യക്തി ഇതൊക്കയായിരുന്നു പി.എയുടെ കുടുംബക്കാരനായ ഇമ്പിച്ചി ഹാജി. അതുപോലെ തലമുറകൾ ഓർക്കുന്ന മറ്റൊരു വ്യക്തിത്വവും ഈ കുടുംബത്തിന്റെ കണ്ണിയായുണ്ട്- പി.പി.ഹസൻ കോയ.


പിതാവിന്റെ ഭാവനയിലെ കഥാ പാത്രങ്ങളെ ചിത്രകാരനും ശിൽപിയുമായ മകൻ ഷഫീഖ് പുനത്തിൽ വരച്ചിട്ടുണ്ട്. ജീവൻ തുടിക്കുന്ന ഈ ചിത്രങ്ങൾ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. കോഴിക്കോട്ടെ പഴയകാല സ്റ്റേഡിയവും ഫുട് ബോൾ കാണാൻ എത്തിയ ആളുകളുടെ തിരക്കുമെല്ലാം ഒപ്പിയെടുത്ത ചിലഫോട്ടോ കളും ( പ്രശസ്ത പ്രസ് ഫോട്ടോ ഗ്രാഫർ അലി കോവൂർ ഉൾപ്പെടെ പകർത്തിയത്) പഴയ തലമുറയെ ഓർമ്മകളിലേക്ക് തിരിച്ചെത്തിക്കും.
തോമസ് ജേക്കബ് പുസ്തകത്തിന്റെ അവതാരിക അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്- പി.എയുടെ ഏറ്റവും വലിയ സർഗ സംഭാവനയായ സുൽത്താൻ വീട് രചിച്ചിട്ട് അരനൂറ്റാണ്ടാവുന്നു.  രണ്ടു വർഷം കൂടി കഴിഞ്ഞാൽ പി.എയുടെ ജന്മ ശതാബ്ദിയാവും. പി.എയോടുള്ള കടപ്പാടുകൾ ഓർത്തു കൊണ്ട് ഇവയൊക്കെ ആഘോഷിക്കേണ്ടത് എങ്ങിനെയെന്ന് ആലോചിക്കാൻ ഈ പുസ്തകം സഹായിക്കണം. 
പി.എയെക്കുറിച്ച് മാത്രമല്ല കോഴിക്കോടിന്റെയും, തെക്കേപ്പുറത്തിന്റെയും ചരിത്രം പുതുവായനക്കും പഠനത്തിനും വിധേയമാകണം. പൈതൃക സൂക്ഷിപ്പിന്റെ വഴികളിലേക്ക് ഇത്തരം പഠനങ്ങൾ ചെന്നെത്താതിരിക്കില്ല.  തെക്കേ പുറമെന്നല്ല ഇതുപോലുള്ള എല്ല മുസ്‌ലിം പ്രദേശങ്ങളും ഇന്ന് വെളിച്ചമെത്താത്ത ഇടങ്ങളൊന്നുമല്ല.  പി.എ എഴുതിയതുപോലെ 'ഇരുണ്ട യുഗത്തിന്റെ അന്തകർ' അവരുടെ ദൗത്യം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് ഈ പ്രദേശവും പുതിയ വെളിച്ചത്തിന്റെ തിളക്കത്തിലാണ്. വെളിച്ചത്തിന്റെ കൈപ്പന്തങ്ങൾ ഏറ്റുവാങ്ങാൻ ഇന്ന് പുതുതലമുറ ഞാൻ, ഞാൻ മുന്നിൽ എന്ന വാശിയോടെ ഓടിയടുക്കുന്നുണ്ട്. പി.എയുടെ തലമുറയും ഇത് വായിക്കുന്നവരുടെ തലമുറയും കാണാത്ത തെക്കേപ്പുറത്തെക്കുറിച്ചും കോഴിക്കോടിനെപ്പറ്റിയുക്കെയാവും അവർ നാളെയൊരു ദിവസം  നമുക്ക് പറഞ്ഞു തരുന്നത്.  
പുസ്തകത്തിന്റെ വില : 170 രൂപ
പേജ് -150
പ്രസാധകർ: ഗ്രെയിസ് ബുക്‌സ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി-പി.ഒ
മലപ്പുറം-673635 

Latest News