Sorry, you need to enable JavaScript to visit this website.

പ്രകൃതിയുടെ സ്പന്ദനങ്ങൾ 

ഹരിയും ആശയും
ഹരിയുടെ പ്രകൃതി സൗഹൃദ വീട് 'നനവ്'
കിളികൾക്ക് കുടിക്കാനായി വെള്ളം ഒരുക്കിയിരിക്കുന്നു

കണ്ണൂർ ജില്ലയിലെ ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിനടുത്ത വളവിൽപീടികയിലേയ്ക്കു വരിക. ഇവിടെ 'നനവ്' എന്ന വീട്ടിൽ പ്രകൃതിയോടിണങ്ങി ജീവിതം നയിക്കുന്ന ഒരു കുടുംബമുണ്ട്. ഹരി ചക്കരക്കല്ലും ആശയും. മരങ്ങളെയും പക്ഷിമൃഗാദികളെയും സ്‌നേഹിച്ചും അവയോട് കിന്നാരം പറഞ്ഞും ജീവിതം ആഘോഷമാക്കുകയാണിവർ.
''ചെറുപ്പകാലംമുതൽ പൊതുപ്രവർത്തനങ്ങളിലും  പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും ആകൃഷ്ടനായിരുന്നു. അന്നുതൊട്ടേ പ്രകൃതിസൗഹൃദമായിട്ടാണ് ജീവിച്ചുപോരുന്നത്. നമുക്ക് ജീവിക്കാനുള്ള അവകാശംപോലെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. മനുഷ്യനാണ് സർവാധിപതി എന്ന അവസ്ഥയിലാണിപ്പോൾ. മനുഷ്യന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയിലെ വിഭവങ്ങൾ ധൂർത്തടിക്കുകയാണ് - ഹരി പറഞ്ഞുതുടങ്ങുന്നു.


വാട്ടർ അതോറിറ്റിയിൽനിന്നും വിരമിച്ചതിനുശേഷമാണ് ഹരി തന്റേതായ പാതയിലൂടെയുള്ള സഞ്ചാരം തുടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയായിരുന്ന കരിവെള്ളൂർ സ്വദേശിനിയായ ആശയും ഹരിയോടൊപ്പം ചേരുകയായിരുന്നു. അധ്യാപികയായിരുന്ന ആശ ജോലിയിൽനിന്നും സ്വയം വിരമിച്ചാണ് ഹരിയുടെ ജീവിതപങ്കാളിയായത്.
സ്വന്തമായുണ്ടായിരുന്ന മുപ്പത്തിനാലു സെന്റ് സ്ഥലത്ത് ഒരു കൂടാരമൊരുക്കുകയായിരുന്നു അവർ. നനവ് എന്നു പേരിട്ട ആ വീട് ഒരു പാർപ്പിടം മാത്രമല്ല, ഇവരുടെ പാഠശാല കൂടിയാണ്. ഓരോ മുറിയും പ്രകൃതിയിലേയ്ക്ക് തുറക്കുന്ന കിളിവാതിലുകളാണ്. സുഹൃത്തായ ആർക്കിടെക്റ്റ് വിനോദാണ് ഈ വീട് രൂപകല്പന ചെയ്തതെന്ന് ഹരി പറയുന്നു. ചെലവ് കുറഞ്ഞ വീടുകളുടെ ശില്പിയായ ലാറി ബേക്കറിൽനിന്നും സ്വായത്തമാക്കിയ വാസ്തുവിദ്യയിലൂടെയാണ് ഈ വീട് പണിഞ്ഞിരിക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവഴിച്ച ഈ വീടിന് ആയിരം ചതുരശ്ര അടിയോളം വിസ്തീർണ്ണമുണ്ട്. പത്തുവർഷമായി ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. പ്രകൃതിയുടെ നനവും കുളിരും ആർദ്രതയുമെല്ലാം നുകരാനാവുന്ന സ്വപ്നക്കൂടാണിത്. ഓടുകൾ പാകി ഇടയ്ക്ക് കമ്പികൾ കയറ്റി അതിനുമുകളിൽ വാർപ്പിട്ടാണ് മേൽക്കൂര പണിഞ്ഞിരിക്കുന്നത്. ചുമരുകളാകട്ടെ മണ്ണുകൊണ്ട് മെഴുകിയിരിക്കുന്നു.


നനവിന്റെ വാതിലുകൾ ഒരിക്കലും അടയ്ക്കാറില്ല. ആർക്കും ഏതുനേരവും ഇവിടേയ്ക്ക് കടന്നുവരാം. മനുഷ്യർ മാത്രമല്ല, നിരവധി പക്ഷികളും ചെറുജീവികളും ഇവിടെ വന്നുപോകുന്നു.
വീടിനു പരിസരത്തെല്ലാം പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. മണ്ണിനെ അറിഞ്ഞ് പ്രകൃതിയെ മനസ്സിലാക്കിയുള്ള കൃഷിരീതികൾ. കുമ്പളവും മത്തനും പയറും വെണ്ടയും വെള്ളരിയുമെല്ലാം ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. നാട്ടുവിഭവങ്ങളുടെ തനതുസദ്യയൊരുക്കിയുള്ള ഭക്ഷണരീതിയാണ് ഇവരുടേത്. വേവിച്ചെടുത്ത് ഒന്നിന്റെയും രുചി കളയാൻ ഒരുക്കമല്ല. പ്രകൃതിവിഭവങ്ങളുടെ തനിമയാണ് ഇവരുടെ ജീവതാളം.


അതിരാവിലെ എഴുന്നേൽക്കാൻ അലാറം വേണ്ടാത്ത വീട്. കാട്ടുപുള്ളിന്റെ ചിലപ്പു കേട്ടാലറിയാം സമയം ആറുമണിയായിരിക്കുന്നു. പിന്നാലെ കരിങ്കിളിയും ഇരട്ടത്തലച്ചിയും വരും. കുയിലുകൾ, മഞ്ഞക്കിളികൾ,  മഞ്ഞച്ചിന്നൻ.... തുടങ്ങി വിവിധ പക്ഷികളെക്കൊണ്ട് ആ പറമ്പിൽ തിരക്കേറും. പറന്നെത്തുന്ന അതിഥികൾക്ക് ഇവർ തീറ്റയും വെള്ളവും കരുതിവയ്ക്കും. വീടിനുചുറ്റും പക്ഷികൾക്ക് തണലൊരുക്കുന്ന വള്ളിപ്പടർപ്പുകളാണ്. പക്ഷികൾക്ക് കുടിക്കാനായി തെളിനീരു നിറച്ച അമ്പതോളം ചട്ടികളും. ഇലഞ്ഞിയും ഈന്തും ഞെരിഞ്ഞിലും നാഗവള്ളിയുമെല്ലാം പക്ഷികൾക്ക് ചേക്കേറുള്ള ഇടങ്ങളാണ്. പക്ഷികളെല്ലാം ഈ കുടുംബവുമായി അത്രയേറെ ചങ്ങാത്തത്തിലാണ്.


അരയേക്കറോളം വരുന്ന പാടത്താണ് നെൽകൃഷി. കൈമ ഇനത്തിൽപ്പെട്ട നെല്ലാണ് വിളയിക്കാറ്. ഓണത്തിനാണ് നെല്ല് വിളവെടുക്കുക. ഒരു വർഷത്തേയ്ക്കുള്ള നെല്ല് ഇവിടെനിന്നും ലഭിക്കും. അതുകഴിഞ്ഞാൽ ഈ പാടത്തും പച്ചക്കറിയാണ് കൃഷി ചെയ്യുക. പലതരത്തിലുള്ള പച്ചക്കറികൾ വിളഞ്ഞുനിൽക്കുകയാണിവിടെ.
സസ്യാഹാരികളായ ഇവർക്ക് ഒന്നും പുറത്തുനിന്നു വാങ്ങുന്ന ശീലമില്ല. എല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നു. വീട്ടിൽ ഫ്രിഡ്ജില്ല. ഫാനും എയർകണ്ടീഷണറുമില്ല. എങ്കിൽപോലും ഈ വീടിന്റെ കുളിരിലെത്തിയാൽ ശീതീകരിച്ച വീടുകൾപോലും തോറ്റു പോകും. തണുപ്പുനിറഞ്ഞ ഒരു പച്ചത്തുരുത്താണിത്. ഇവിടത്തെ വൈദ്യുതി ഉപയോഗമാകട്ടെ വെറും അഞ്ചു യൂണിറ്റാണ്. മിനിമം തുകയായ നൂറു രൂപയാണ് ഇവിടത്തെ വൈദ്യുതി ബിൽ. ഫ്രിഡ്ജിനുപകരം മണൽക്കൂനയിൽ ഒരുക്കിയ കൊട്ടയിലാണ് പച്ചക്കറികളും മറ്റും സൂക്ഷിക്കുന്നത്. ഒരാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ ഈ സംവിധാനം ഉപകരിക്കുന്നു. സൂര്യന്റെ വെളിച്ചമാണ് അകത്തളങ്ങളിൽ പ്രകാശമാകുന്നത്. വൈദ്യുതിയുടെ ഉപയോഗത്തിനുശേഷം ആവശ്യമായത് സോളാർ പാനലുകളിൽനിന്നും ശേഖരിക്കുന്നു. പാചകാവശ്യത്തിനായി ബയോഗ്യാസ് പ്ലാന്റുമുണ്ട്. പാലിനും മറ്റാവശ്യങ്ങൾക്കുമായി ഒരു കാസർകോട് കുള്ളൻ പശുവും കുഞ്ഞുമുണ്ട്.


ചക്കക്കും മാങ്ങക്കും പുറമെ പഴവർഗ്ഗങ്ങൾ പലതും ഈ പറമ്പിൽ കൃഷി ചെയ്തുവരുന്നു. ഭക്ഷണത്തിനും ചില ചിട്ടവട്ടങ്ങൾ ഇവർ പുലർത്തുന്നുണ്ട്. ആവിയിൽ വേവിച്ച ഭക്ഷണമാണ് ഇവർ കഴിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും മാത്രം ഭക്ഷണം. രാത്രി പഴങ്ങളാണ് കഴിക്കാറ്. ഭക്ഷണകാര്യത്തിൽ സമയക്രമത്തിനല്ല പ്രമുഖ്യം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നതാണ് രീതി.
രോഗങ്ങൾക്ക് ഈ വീട്ടിൽ സ്ഥാനമില്ല. രോഗം വന്ന് ഡോക്ടറെ സമീപിക്കേണ്ടി വന്നിട്ടില്ല. ചെറിയ പനി വന്നാൽ പാകം ചെയ്ത ഭക്ഷണം കഴിക്കില്ല. എന്നിട്ടും പനി മാറിയില്ലെങ്കിൽ പച്ചവെള്ളം മാത്രം കുടിച്ച് ഉപവസിക്കും. ശരിയായ വിശ്രമം ലഭിച്ചാൽ മാറാത്ത അസുഖമില്ലെന്നാണ് ഹരിയും ആശയും പറയുന്നത്. പ്രകൃതിയുടെ താളങ്ങൾക്ക് അനുസരിച്ചുള്ള ജീവിതംകൊണ്ടാണ് രോഗങ്ങളിൽനിന്നും അകന്നുനിൽക്കാൻ കഴിയുന്നതെന്നാണ് ഇവരുടെ പക്ഷം.


പ്രകൃതിസൗഹൃദമായി ജീവിക്കാൻ എളുപ്പമാണ്. എന്നാൽ വികസനത്തിന്റെ പേരിൽ പ്രകൃതിക്കേൽപിക്കുന്ന ആഘാതങ്ങളേറെയാണ്. ഒടുവിൽ പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങും. അതാണ് പ്രകൃതിദുരന്തങ്ങളായി മാറുന്നത്. പ്രളയവും ഉരുൾപൊട്ടലുമെല്ലാം മനുഷ്യനിർമിതിയാണ്. മനുഷ്യന്റെ ജീവിതംകൊണ്ടുണ്ടാകുന്ന മാലിന്യങ്ങളിൽനിന്നും രൂപപ്പെടുന്ന കാർബൺ വിനാശകാരിയാണ്. ഇത് അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു. പ്രകൃതിക്ക് ഒരു താളമുണ്ട്. അത് തെറ്റുമ്പോഴാണ് പ്രകൃതിദുരന്തങ്ങളുണ്ടാകുന്നത് - ഹരി ഓർമ്മിപ്പിക്കുന്നു.
പറമ്പിൽ വളർന്നുപന്തലിച്ചുനിൽക്കുന്ന ചേരിക്കോട്ട മരമാണ് പക്ഷികളുടെ ആശ്രയം. കിളികൾക്കും പൂമ്പാറ്റകൾക്കും ഇഴജന്തുക്കൾക്കുമെല്ലാം മഴയിലും വെയിലിലുമെല്ലാം അഭയം നൽകുന്നത് ഈ മരമാണ്. പക്ഷിമൃഗാദികൾക്ക് ശത്രുക്കളിൽനിന്നും ഒളിച്ചിരിക്കാനുള്ള അഭയകേന്ദ്രം കൂടിയാണ് ഈ മരം.


''ഈ പക്ഷികളും മൃഗങ്ങളും ചെറുജീവികളുമെല്ലാം ഞങ്ങൾക്ക് തുറന്ന പുസ്തകമാണ്. ഓരോ ദിനവും ഇവരെ കൂടുതൽ അറിയുമ്പോൾ ഞങ്ങൾ വിദ്യാർത്ഥികളാവുന്നു, മറ്റു ചിലപ്പോൾ അധ്യാപകരാവുന്നു. അവർക്കു മുന്നിൽ നാം എത്രയോ ചെറുതാവുന്നു.''- ഓരോ മണൽത്തരിയിൽനിന്നും കിളിമൊഴികളിൽനിന്നും ജലകണത്തിൽനിന്നുമെല്ലാമുള്ള പ്രകൃതിയുടെ സ്പന്ദനത്തിൽനിന്നും ജീവിതം കണ്ടെത്തുകയാണിവർ.
''പരിസ്ഥിതി പ്രവർത്തകരെന്ന ഖ്യാതി നേടാനാണ് ഇത്തരം പ്രവൃത്തികളെന്നു കരുതുന്നവരുണ്ട്. എന്നാൽ പ്രകൃതി എന്താണെന്ന് അറിയാനാണ് ഞങ്ങളുടെ ശ്രമം. അതുവഴി ഞങ്ങളാരാണെന്ന് കണ്ടെത്താനും. പ്രകൃതിയെ അറിയുമ്പോഴേ ഒരാൾക്ക് സ്വയം തിരിച്ചറിയാനാവൂ എന്നാണ് ഞങ്ങളുടെ വിശ്വാസം.''- ഹരിയും ആശയും ഒറ്റസ്വരത്തിൽ പറയുന്നു.



 

Latest News