Sorry, you need to enable JavaScript to visit this website.

സ്വർണമേഘത്തുകിലണിഞ്ഞ പാട്ടെഴുത്തുകാരി 

ശശികല മേനോൻ
ശശികല മേനോൻ
അർജുനൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ എന്നിവരോടൊപ്പം ശശികല
ശശികല മേനോനും ഭർത്താവ് എൻ. വേണുഗോപാലും
പി. സുശീലയോടൊപ്പം. 
ഹൈബി ഈഡൻ, വിദ്യാധരൻ  മാസ്റ്റർ, മഞ്ജു വാര്യർ എന്നിവരോടൊപ്പം 
സത്യൻ അന്തിക്കാടിനൊപ്പം
സംഗീത സംവിധായകൻ രാജാമണിയും ശശികല മേനോനും

1976 - ലാണ് ജേസിയുടെ സിന്ദൂരം എന്ന സിനിമ ഇറങ്ങുന്നത്. ചിത്രത്തിന്റെ നിർമാതാവ് ഡോ. ബാലകൃഷ്ണനും സംഗീതം എ.ടി.ഉമ്മറുമായിരുന്നു. പുതിയ പാട്ടെഴുത്തുകാരെ ആവശ്യമുണ്ടെന്ന് കാണിച്ച് നിർമാതാവ് അന്നൊരു പത്രപ്പരസ്യം നൽകിയിരുന്നു. അതുകണ്ട് പാട്ടുകൾ അയച്ചവരിൽ ഒരാൾ ശശികലാ മേനോൻ എന്ന കൊച്ചിക്കാരിയായ പെൺകുട്ടിയായിരുന്നു. ആ പാട്ടുകൾ ഇഷ്ടപ്പെട്ട നിർമാതാവ് ചിത്രത്തിൽ ഒരു പാട്ടെഴുതാൻ അവസരം നൽകി. അതിലെ യദുകുല മാധവ ഗോകുല പാലക എന്ന കൃഷ്ണഭക്തി ഗാനം എഴുതുമ്പോൾ അവർക്ക് പ്രായം 14. പാട്ട് അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സിനിമ പിന്നണിഗാന രചനാ രംഗത്ത് സ്ത്രീകൾക്കും സധൈര്യം കടന്നുവരാനാകുമെന്ന് അത് തെളിയിച്ചു. 
അന്ന് പാട്ടിന്റെ ആവശ്യങ്ങൾക്കായി ശശികലയുമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നത് ഡോക്ടറുടെ അസിസ്റ്റന്റായ സത്യൻ അന്തിക്കാടാണ് (ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യൻ അന്തിക്കാട് തന്നെ!) സന്ദർഭവശാൽ അദ്ദേഹത്തിൽ നിന്നും സിനിമയിൽ ഒരു ഭക്തിഗാനം ഉണ്ടെന്നറിഞ്ഞ ശശികല, അതെഴുതാൻ അവസരം ചോദിച്ചു വാങ്ങുകയായിരുന്നു. 


പിൽക്കാലത്ത് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുകയും ഹിറ്റു സിനിമകൾ ഒരുപാട് ഇറക്കുകയും ചെയ്‌തെങ്കിലും ശശികലാ മേനോന് അവ യിലൊന്നിലും ഗാനരചനയ്ക്ക് അവസരം കിട്ടിയില്ല. ഇന്നും സഹോദര വിശേഷമായ ഒരു സ്‌നേഹബന്ധം തങ്ങൾക്കിടയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ പടങ്ങളിൽ പാട്ടെഴുതാൻ കഴിയാതെ പോയത് എന്തുകൊണ്ട് എന്നകാര്യം ശശികലയെ അത്ഭുതപ്പെടുത്താറുണ്ട്. ഒരുപക്ഷെ, അവസരം ചോദിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാത്തതു കൊണ്ടാവും. അദ്ദേഹത്തോടെന്നല്ല, ആരോടും പാട്ടെഴുതാൻ അവസരം ചോദിച്ച് താൻ ചെന്നിട്ടില്ല എന്നവർ വ്യ ക്തമാക്കി. സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിന്റെ കാരണങ്ങളിൽ ഒന്ന് അതാവാം എന്നാണ് അവരുടെ വിലയിരുത്തൽ.


തൊട്ടടുത്ത വർഷമാണ് എ. വിൻസെന്റിന്റെ അഗ്നിനക്ഷത്രം എന്ന സിനിമ ഇറങ്ങുന്നത്. കുടുംബസുഹൃത്ത് കൂടിയായ വിൻസെന്റ് മാഷ് അതിൽ 5 പാട്ടുകൾ എഴുതാനുള്ള അവസരം ശശികലയ്ക്ക് നൽകി. തനിക്കതിന് കഴി യുമോ എന്ന് സംശയിച്ച ശശികലയെ ധൈര്യമായി എഴുതൂ എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അന്ന് ശശികല 10-ാം ക്ലാസിൽ പഠിക്കുകയാണ്. ചിത്രത്തിലെ നിത്യസഹായ മാതാവെ എന്ന മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്തീയ ഭക്തിഗാനം അവരെഴുതിയതാണ്. ചിത്രത്തിലെ സ്വർണമേഘത്തുകിലിൻ ഞൊറിയഴിഞ്ഞു എന്ന ഗാനവും ശ്രദ്ധേയമായി. ശ ശികലയുടെ കഴിവിൽ വിശ്വാസം വന്ന വിൻസെന്റ് മാഷ് തന്റെ അടുത്ത പടമായ വയനാടൻ തമ്പാനിലും അവർക്ക് അവസരം നൽകി.


അഗ്നിനക്ഷത്രത്തിന്റെ പാട്ടുകൾ കംപോസ് ചെയ്യുന്ന സമയത്താണ് ശശികല ആദ്യമായി ചെന്നൈയിൽ പോകുന്നത്. ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത് ദേവരാജൻ മാഷാണ്. അദ്ദേഹത്തെ കുറിച്ച് അന്ന് ശശികലയ്ക്ക് ഒന്നുമറിയില്ല. അവിടെ വച്ച് പരിചയപ്പെട്ട ഭരണിക്കാവ് ശിവകുമാറാണ് ദേവരാജൻ എന്ന സംഗീത സംവിധായകന്റെ കർക്കശ സ്വഭാവത്തെ കുറിച്ച് ആദ്യസൂചന നൽകിയത്. അതോടെ പേടിയായി. എങ്കിലും അദ്ദേഹം താമ സിക്കുന്ന ഹോട്ടലിൽ ചെന്ന് ആദ്യഗാനം നൽകി. 


അദ്ദേഹത്തിന്റെ കൂടെ അപ്പോൾ ഗായിക മാധുരിയും ഉണ്ടായിരുന്നു. പാട്ട് വായിച്ചു നോക്കി അസ്സലായിട്ടുണ്ട് എന്നു പറഞ്ഞ മാഷ്, ശശികലയെ തോളത്ത് പിടിച്ച് ഒപ്പം ചേർത്തു നിർത്തി. അതോടെ അവരുടെ പേടി മാറി. ശശികലയെ കൂടെയിരുത്തിയാണ് ദേവരാജൻ മാഷ് ആ പാട്ട് റെക്കോർഡ് ചെയ്തത്. ബാക്കിയുള്ള 4 പാട്ടുകൾ പിറ്റേ ദിവസം വീട്ടിൽ ചെന്ന് അദ്ദേഹത്തെ ഏൽപ്പിച്ചു. ശശികലയുടെ കൂടെ അച്ഛൻ, ഓക്‌സ്‌ഫോർഡ് മേനോൻ എന്നറിയപ്പെടുന്ന വിശ്വനാഥ മേനോനും ഉണ്ടായിരുന്നു. അന്നവർക്ക് ഭക്ഷണം ദേവരാജൻ മാഷുടെ വീട്ടിലായിരുന്നു. വൈകുന്നേരം അദ്ദേഹം തന്നെ അവരെ മദ്രാസ് സെൻട്രലിൽ കൊണ്ടു വിട്ട് നാട്ടിലേക്ക് യാത്രയാക്കി. 
വയനാടൻ തമ്പാൻ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനും ദേവരാജൻ മാഷായിരുന്നു. പുറത്ത് പറഞ്ഞു കേട്ടതുപോലെ കർക്കശ സ്വഭാവമൊന്നും അദ്ദേഹത്തിൽ കാണാൻ ശശികലയ്ക്ക് കഴിഞ്ഞില്ല. അവർ എഴുതി കൊടുത്ത പാട്ടുകളിലെ വാക്കോ വരിയോ ഒന്നും മാറ്റാൻ അദ്ദേഹം പറഞ്ഞില്ല. അതു തന്നെ തനിക്കുള്ള അദ്ദേഹത്തിന്റെ വലിയ അംഗീകാരമായിട്ടാണ് ശശികല കാണുന്നത്. 


മാഷ് അങ്ങനെയാണ്. ഗായകരോ പാട്ടെഴുത്തുകാരോ ആരുമാകട്ടെ, കഴിവുള്ളവരാണ് എന്നു കണ്ടാൽ അദ്ദേഹമവരെ ഹൃദയത്തോട് ചേർത്തു പിടിക്കും. പുത്തൻ പാട്ടുകാരി എന്ന നിലയിൽ അദ്ദേഹം ചെയ്തു തന്ന സേവനങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് എന്ന് ശശികല ഓർമ്മിക്കുന്നു.


തുടർന്ന് ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾ രചിച്ചു. കുറേ നാടകങ്ങൾക്കും പാട്ടുകളെഴുതി. എം.കെ.അർജുനൻ മാസ്റ്റർ, ചിദംബ രനാഥ്, വിദ്യാധരൻ മാസ്റ്റർ, രാജാമണി തുടങ്ങിയവരായിരുന്നു അവയ്ക്ക് സംഗീതം നൽകിയത്. ദീപികയും കുങ്കുമവും ഉൾപ്പെടെ മലയാളത്തിലെ മി ക്ക പ്രസിദ്ധീകരണങ്ങളിലും ശശികലാ മേനോന്റെ കവിതകൾ പ്രസിദ്ധീകരി ച്ചു വന്നു. ആ സമയത്ത് വിൻസെന്റ് മാഷുടെ ഒരു പുരാണ സിനിമയ്ക്കായി പാട്ടെഴുതി. കെ.രാഘവൻ മാസ്റ്ററായിരുന്നു അതിന്റെ സംഗീത സംവിധാനം. പാട്ടിഷ്ടപ്പെട്ട അദ്ദേഹം തന്നെ ഏറെ അനുമോദിച്ചത് ഇന്നും ശശികലാ മേനോന് മറക്കാനാവാത്ത ഓർമയാണ്. നിർഭാഗ്യത്തിന് ആ ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ ബാലചന്ദ്രമേനോന്റെ താരാട്ട് എന്ന സിനിമയ്ക്ക് വേണ്ടി ആലോലം പൂമുത്തെ ആരാരിരോ എന്ന പ്രസിദ്ധമായ താരാട്ട് പാട്ടെഴുതി. അപ്പോൾ അവസാനവർഷ ബിരുദത്തിന് പഠിക്കുകയായിരുന്നു അവർ. 


1983-ലായിരുന്നു ശശികലാ മേനോന്റെ വിവാഹം. വരൻ, പ്രമുഖ കോൺഗ്രസ് നേതാവും ഗ്രെയിറ്റർ കൊച്ചി ഡവലപ്പ്‌മെന്റ് അതോറിറ്റി മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ. 
അദ്ദേഹം ഏറെ തിരക്കുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു. അതുകൊണ്ടു തന്നെ പാട്ടെഴുത്തുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കും മറ്റുമുള്ള യാത്രകളിൽ തന്നെ അനുഗമിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് വിവാഹം കഴിഞ്ഞതിന്റെ ആദ്യനാളുകളിൽ തന്നെ ശശി കലയ്ക്ക് മനസിലായി. അതോടെ സിനിമയിൽ പാട്ടുകളെഴുതി സജീവമാകാ ൻ കഴിയാതെ വന്നു. കുട്ടികൾ വിഘ്‌നേഷും ലക്ഷ്മിയും പിറന്നതോടെ എഴുത്ത് ഏതാണ്ട് പൂർണമായും നിലച്ചു. ഏകദേശം 22 വർഷത്തോളം കാര്യമായി ഒന്നുമെഴുതാതെ മക്കൾക്ക് നല്ലൊരു അമ്മയായി, ഭർത്താവിന് നല്ലൊരു ഭാര്യയായി ജീവിച്ചു. 
അക്കാലത്ത് വീട്ടിലെ പതിവു സന്ദർശകരിൽ ഒരാൾ കോൺഗ്രസ് നേതാവ് ജി.കാർത്തികേയൻ ആയിരുന്നു. ശശികല കവിതകൾ എഴുതാൻ നല്ല ടാലന്റുള്ള കുട്ടിയാണെന്നും നീയൊക്കെ കൂടി അത് നശിപ്പിക്കുകയാണ് എന്നും അദ്ദേഹം വേണുഗോപാലിനെ കുറ്റപ്പെടുത്തും. 


എഴുത്ത് ഒരു സിദ്ധി ആണെന്നും അത് നിർത്തരുത് എന്നും അദ്ദേഹം ശശികലയെ ഓർമിപ്പിക്കും. മ ക്കൾ മുതിർന്ന് പഠിത്തവും ജോലിയുമായി വീടു വിട്ടതോടെ എഴുത്തിൽ വീ ണ്ടും സജീവമാകണമെന്ന് ശശികലയ്ക്ക് തോന്നി. വീട്ടിലെ മടുപ്പിക്കുന്ന 
ഏകാന്തത മറികടക്കാനുള്ള ശ്രമമായിരുന്നു അത്. ഇക്കുറി ഭർത്താവ് വേണുഗോപാൽ അത് പ്രോത്സാഹിപ്പിക്കാൻ തയ്യാറായി. അങ്ങനെ വിദ്യാധരൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ വർണവൃന്ദാവനം എന്നൊരു ആൽബം ഇറക്കി വീണ്ടും പാട്ടെഴുത്തിൽ സജീവമായി. തുടർന്ന് ശിവപഞ്ചാക്ഷരി എന്നൊരു ആൽബത്തിന് പാട്ടുകൾ എഴുതി. സത്യം ഓഡിയോസ് പുറത്തിറക്കിയ ആൽബത്തിന് സംഗീത പകർന്നത് വിദ്യാധരൻ മാഷാണ്. അതിൽ ഒരു പാട്ടു പാടിയത് എസ്.പി. ബാലസുബ്രഹ്മണ്യനായിരുന്നു. ആ പാട്ടിലെ ചില വാക്കുകളെ കുറിച്ച് സംശയം ചോദിക്കാൻ എസ്.പി.ബി നേരിട്ട് വിളിച്ചതും പാട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞതും അത് പാടാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമാണ് എന്നറിയിച്ചതും ശശികലാ മേനോൻ അത്ഭുതത്തോടെയാണ് കാണുന്നത്.

 

അനേകം ഭാഷകളിലായി 40,000 ലേറെ പാട്ടുകൾ പാടിയ ഒരാളാണ് ഇത്രയും എളിമയോടെ തന്റെ പാട്ടിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് എന്നറിയുമ്പോൾ ആരാണ് അത്ഭുതപ്പെടാത്തത്?
2013-ൽ നേമം പുഷ്പരാജിന്റെ കുക്കിലിയാറിന് വേണ്ടി പാട്ടുകൾ എഴുതിയാണ് ശശികലാ മേനോൻ സിനിമയിൽ വീണ്ടും സജീവമായത്. അതിലെ മതിലേഖ മിഴിചാരി മറയുന്നതെന്തേ/ ഒരുവാക്കു പറയാതെ അകലുന്നതെന്തേ എന്ന പി.ജയചന്ദ്രൻ പാടിയ ഗാനം ഹിറ്റായി. തുടർന്ന് വിശ്വവിഖ്യാതമായ ജനാല, കൗരവസേന, ഗുഡ് അഗ്ലി ബാഡ്, പ്രിയമുള്ളവൾ, പത്താം ക്ലാസിലെ പ്രണയം, ജിലേബി തുടങ്ങി 15-ഓളം ചിത്രങ്ങളുടെ രചന നിർവ്വഹിച്ചു. 


ജി ലേബിയിൽ നജീം അർഷാദ് പാടിയ വരികോമലെ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ എന്ന ഗാനവും സൂപ്പർ ഹിറ്റായി. 
സ്‌ട്രോബറി തെയ്യം എന്നൊരു ആൽബം സംഗീത സംവിധായകൻ ശ രത്തിനൊപ്പം ചെയ്തു. 9 പാട്ടുകളുണ്ട് അതിൽ. ശരത്തിനൊപ്പം എട്ടു പാട്ടുകൾ ഉള്ള ഒരു ഗസൽ ആൽബം ഇറക്കാനും പദ്ധതിയുണ്ട്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ശ്രേയ അജിത്തിന്റെ കൂടെ മൂന്ന് ആൽബങ്ങൾക്ക് വരികളെഴുതി. സിത്താരയും ഗായത്രിയും മധുബാലകൃ ഷ്ണനുമൊക്കെയാണ് അതിൽ പാടിയിട്ടുള്ളത്. കൂടാതെ ക്രിസ്തീയ ഭക്തി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എഴുതുന്നുണ്ട്. 
അതിനിടയിൽ വിശ്വരൂപം എ ന്നൊരു കവിതാ സമാഹാരവും ഇറക്കി. 21 കവിതകളുണ്ട് അതിൽ. മറ്റൊരു കവിതാ സമാഹാരം തയ്യാറാവുന്നുണ്ട്.


മലയാള സിനിമയിലും നാടകങ്ങളിലും ആൽബങ്ങളിലും ഗസലുകളി ലുമായി ഏറ്റവും കൂടുതൽ പാട്ടുകളെഴുതിയ വനിത എന്ന ഖ്യാതി ശശികല മേനോൻ എന്ന ഗാനരചയിതാവിന് സ്വന്തം. അവയെല്ലാം കൂടി 150-ലേറെ പാട്ടുകൾ ഉണ്ടാവും. സിനിമയിൽ മൂന്നു തലമുറകളോടൊപ്പം പ്രവർത്തിക്കാനായി എന്ന അപൂർവ ഭാഗ്യവും അവർക്കുണ്ട്. എം.കെ. അർജുനൻ മാഷ്‌ക്ക് വേണ്ടി സിനിമകളിലും നാടകങ്ങളിലും ഗാനങ്ങളെഴുതിയ അവർ, അദ്ദേഹത്തിന്റെ മകൻ അശോകിനായും പാട്ടുകൾ എഴുതി. ഇപ്പോൾ അശോകിന്റെ മകൻ മിഥുൻ അശോകിനായും ഗാനങ്ങൾ എഴുതുന്നു. 
വലിയൊരു ഇടവേളക്ക് ശേഷവും തിരിച്ചു വന്ന് സിനിമയിൽ സജീവമാകാൻ തനിക്ക് കഴിയുന്നത് തലമുറകളുടെ അഭിരുചികളെ അടുത്തറിഞ്ഞ് വരികളെഴുതാനാവുന്നു എന്ന കഴിവിന്റെ പിൻബലത്തിലാണ് എന്ന് ശശികലാ മേനോൻ വ്യക്തമാക്കി.  

Latest News