Sorry, you need to enable JavaScript to visit this website.

ആവേശം അവസാന പന്തു വരെ, ആദ്യ എകദിനത്തിൽ വിജയിച്ച് പാക്കിസ്ഥാൻ

ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിൽ സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന പാക് നായകൻ ബാബർ അസം.

കേപ്ടൗൺ- അവസാന പന്തുവരെ കാത്തുവെച്ച ആവേശത്തിനൊടുവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാന് ജയം. മൂന്നു വിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയ 273 റൺസ് ഏഴ് വിക്കറ്റിന് 274 നേടി പാക്കിസ്ഥാൻ മറികടന്നു. അൻപതാമത്തെ ഓവറിലെ അവസാനത്തെ പന്തിലായിരുന്നു ജയം. അവസാന ഓവറിൽ മൂന്ന് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ വിജയം സ്വന്തമാക്കാൻ പാക്കിസ്ഥാന് അവസാന പന്തുവരെ കാത്തിരിക്കേണ്ടിവന്നു. അൻപതാമത്തെ ഓവറിലെ ആദ്യ പന്തിൽ ഷദാബ് ഖാൻ പുറത്തായി. ഈ ഓവറിൽ മൂന്നു റൺസായിരുന്നു ജയിക്കാൻ ആവശ്യം. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പന്തിൽ ഒരു റൺസും നേടാൻ പാക്കിസ്ഥാനായില്ല. അഞ്ചാമത്തെ പന്തിൽ ഫഹീം രണ്ടു റൺസ് നേടിയതോടെ മത്സരം സമനിലയിലായി. അവസാന പന്തിൽ ഫഹീം ഒരു റൺസ് കൂടി നേടി പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു. 103 റൺസ് നേടിയ നായകൻ ബാബർ അസമാണ് കളിയിലെ കേമൻ. പാക്കിസ്ഥാന് വേണ്ടി ഇമാം ഉൾ ഹക്ക് 70 റൺസും നേടി. 177 റൺസ് കൂട്ടുകെട്ടുമായി ബാബർ അസം -ഇമാം ഉൾ ഹക്ക് കൂട്ടുകെട്ട് ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിൽ ആൻറിക് നോർക്കിയ നേടിയ 4 വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 
186/1 എന്ന നിലയിൽ നിന്ന് 203/5 എന്ന നിലയിലേക്ക് പാക്കിസ്ഥാൻ ഏതാനും ഓവറുകളുടെ വ്യത്യാസത്തിൽ വീഴുകയായിരുന്നു. ആറാം വിക്കറ്റിൽ മുഹമ്മദ് റിസ്വാനും ഷദബ് ഖാനും ചേർന്നാണ് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 40 റൺസ് നേടിയ മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് വീഴ്ത്തി ആൻഡിലെ ഫെഹ്ലുക്വായോ പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
അവസാന രണ്ടോവറിൽ 14 റൺസായിരുന്നു പാക്കിസ്ഥാൻ നേടേണ്ടിയിരുന്നത്. 48-ാം ഓവറിൽ ഷദബ് ഖാന്റെ(24) വിക്കറ്റും ലുംഗിസാനി ഗിഡി കൊയ്തു. എന്നാൽ ആ പന്ത് നോ ബോളായിരുന്നു. അടുത്ത പന്തിൽ ഷദബ് ബൗണ്ടറി നേടുകയും അവസാന പന്തിൽ മൂന്ന് റൺസും നേടിയപ്പോൾ പാക്കിസ്ഥാന് അവസാന ഓവറിലെ ലക്ഷ്യം 3 റൺസായി മാറി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 123 റൺസുമായി റാസ്സി വാൻ ഡെർ ഡൂസ്സെൻ പുറത്താകാതെ നിന്നു.  ആണ് തിളങ്ങിയത്. ഡേവിഡ് മില്ലർ 50 റൺസും ഫെഹ്ലുക്വായോ 29 റൺസും നേടിയാണ് ടീമിനെ 273 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. പാക് നിരയിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റും നേടി.

Latest News