പ്രവാസത്തിലെ പോരാട്ടങ്ങൾക്ക് വിട; മുരളീധരന്റെ വാഗ്വിലാസം ഇനി കോടതിമുറികളിൽ   

പ്രസംഗ വേദിയിൽ, പ്രസന്നതയോടെ

സഹജീവികളായ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ചും അവർക്ക് നൈതികത ഉറപ്പു വരുത്തേണ്ടതിനെ കുറിച്ചും എപ്പോഴും ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്ന ഒരാൾ പ്രവാസം അവസാനിപ്പിച്ച് മടങ്ങുകയാണ്. നടക്കാതെ പോയ വലിയ ഒരു സ്വപ്നത്തിന്റെ വേദന പക്ഷെ അയാളെ പിന്തുടരും, അവസാന നിമിഷം സാങ്കേതിക കാരണങ്ങളാലും എംബസിയുടെ പിടിവാശി കൊണ്ടും നടക്കാതെ പോയ സൗദിയിലെ  സി.ഡി.എസിന്റെ പ്രവാസി സർവെ. 


വ്യവസ്ഥിതികളോടും അധികാര കേന്ദ്രങ്ങളോടും സഹജീവിക്ക് നീതിക്ക് വേണ്ടി നിരന്തരം കലഹിച്ചു കൊണ്ട് ഗൾഫിൽ സാമൂഹ്യ പ്രവർത്തനം  സാഹസികമാണ്. ഏത് ഗൾഫ് രാജ്യത്താണോ ജീവിക്കുന്നത് അവിടത്തെ നിയമ വ്യവസ്ഥകൾ പിന്തുടർന്നു കൊണ്ടും അതിനോട് ചേർന്നു നിന്നു കൊണ്ടും മാത്രമെ പ്രവാസിയുടെ ജീവിത പരിസരങ്ങളിലെ പ്രശ്‌ന പരിഹാരങ്ങൾക്ക് ഒരു സാമൂഹ്യ പ്രവർത്തകന് ഇടപെടാൻ കഴിയൂ. അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാർ ആശുപത്രികളിൽ നിന്ന് ചികിത്സ ലഭ്യമാക്കുക, ഹുറൂബ് നീക്കുക, സ്‌പോൺസറുമായുള്ള പ്രശ്‌നം പരിഹരിക്കുക, മൃതദേഹങ്ങൾ താമസം കൂടാതെ നാട്ടിലെത്തിക്കാൻ സഹായിക്കുക തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും എംബസി, കോൺസുലേറ്റ് സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് ഗൾഫിലെ സാമൂഹ്യ പ്രവർത്തനം. രാപകൽ കുടുംബത്തെ പോലും മറന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്ന നിരവധി പേരുണ്ട്. ഇവരുടെ ഓരം ചേർന്നു നിന്ന് പേരും പ്രശസ്തിയും ഒപ്പിച്ചെടുക്കുന്ന പരാന്ന സാമൂഹ്യ പ്രവർത്തകരുമുണ്ട്. സാമൂഹ്യ പ്രവർത്തകർ ഗൾഫിലെ മാധ്യമ പ്രവർത്തകർക്ക് പലപ്പോഴും വാർത്താ സ്രോതസ്സുകൾ കൂടിയാണ്. 
പ്രവാസികളുടെ ന്യായമായ വിഷയങ്ങൾക്ക് വേണ്ടി ഇന്ത്യൻ ബ്യൂറോക്രാറ്റിക് ചട്ടക്കൂടിനോടും നാട്ടിലെ മന്ത്രാലയങ്ങളോടും നിരന്തരമായി ഏറ്റു മുട്ടി സാമൂഹ്യ പ്രവർത്തനം പോരാട്ട വഴികളിലൂടെ കൊണ്ട് പോകുന്നവർ അപൂർവം. സൗദിയിൽ അങ്ങനെ ഒരാളുണ്ട്. രണ്ടര പതിറ്റാണ്ടിൽ അധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ തയാറെടുക്കുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആർ.മുരളീധരൻ. മുരളീധരൻ സഞ്ചരിച്ച സാമൂഹ്യ പ്രവർത്തന പാതകൾ ദുർഘടമായിരുന്നു, സാഹസികവും. അയാൾ ഏറ്റു മുട്ടിയത് പലപ്പോഴും കരുത്തരായ നയതന്ത്രജ്ഞരോടായിരുന്നു. ഇതിന് നൽകേണ്ടി വന്ന വിലയും വലുതാണ്. കേരള ഹൈക്കോടതിയെയും ദേശിയ മനുഷ്യാവകാശ കമ്മീഷനെയും പലപ്പോഴും സമീപിക്കേണ്ടിവന്നു മുരളീധരന്. മുരളിക്കെതിരെ ഇവിടെ നൽകപ്പെട്ട പരാതികൾ സൗദി വിദേശ, ആഭ്യന്തര മന്ത്രാലയങ്ങൾ കഴമ്പില്ലെന്ന് കണ്ട് തള്ളി കളഞ്ഞതിനും കാലം സാക്ഷി. 

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നു. എം.ബി രാജേഷ് എം.പി സമീപം (ഫയൽ) 


തൃശൂർ തലപ്പള്ളി സ്വദേശിനി സരസ്വതിയെന്ന വീട്ടു ജോലിക്കാരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ 89 ദിവസത്തെ കാലതാമസം വരുത്തിയ ഇന്ത്യൻ എംബസിയുടെ നടപടിക്ക് എതിരെ മുരളീധരനും സംഘടനയായ ഫൊക്കാസയും നടത്തിയ പോരാട്ടം സൗദിയിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. വൻ വിവാദം സൃഷ്ടിച്ച ഈ സംഭവത്തിൽ എംബസി ഒരു വശത്തും മുരളീധരനും ഫൊക്കാസയും മറു പുറത്തുമായി നിന്നപ്പോൾ സരസ്വതിയുടെ മരണം  ഇന്ത്യയിലെ ദേശിയ മാധ്യമങ്ങളിലും വാർത്തയായി. ദേശിയ മനുഷ്യാവകാശ കമ്മീഷൻ, പട്ടിക ജാതി കമ്മീഷൻ ,വിദേശ മന്ത്രാലയം തുടങ്ങി ഇന്ത്യയിലെ വിവിധ അധികാര കേന്ദ്രങ്ങളും നോർക്കയും ഇടപെട്ട സംഭവം. അന്നത്തെ ഡി.സി.എം സിബി ജോർജും വെൽഫെയർ വിഭാഗവുമായിരുന്നു എതിർ പക്ഷത്ത്. എതിർപ്പുകളെ ധീരമായി നേരിട്ട മുരളീധരൻ തന്റെ വഴികളിലൂടെ തളരാതെ സഞ്ചരിച്ചു. വിവാദം കത്തി നിൽക്കുന്നതിനിടയിലാണ്  എം.ബി രാജേഷ് എം.പി യോടൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദർശിച്ച്  ഗൾഫിലേക്ക് പോകുന്നവർക്ക് അടിസ്ഥാന ശമ്പളം ക്ലിയറൻസിന് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരൻ നിവേദനം നൽകിയത്. അരമണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ചയിൽ സുഷമാ സ്വരാജ് പ്രവാസി വിഷയങ്ങൾ അതീവ താൽപര്യത്തോടെയാണ് കേട്ടിരുന്നതെന്ന് മുരളീധരൻ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 
ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി എംബസിയിൽനിന്ന് 2012 ൽ വെൽഫെയർ ഫണ്ടിന്റെ കൃത്യമായ വിവരങ്ങൾ പുറത്തു കൊണ്ടുവന്ന മുരളീധരൻ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു പരാതി നൽകിയതും ചരിത്രം. വിവരാവകാശ നിയമം എംബസിയുടെ കാര്യത്തിലും ബാധകമാണെന്ന് ആദ്യം തെളിയിച്ച  സാമൂഹ്യ പ്രവർത്തകനാണ് മുരളീധരൻ. പ്രവാസി വോട്ടവകാശം, പാസ്‌പോർട്ട് നിരക്കിലെ വിവേചനം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ള മുരളീധരൻ പ്രവാസത്തിന്റെ മറു പുറത്ത് ഇനി വക്കീൽ കോട്ടണിയാൻ പോവുകയാണ്. കേരള ഹൈക്കോടതിയിൽ പാസ്‌പോർട്ട് നിരക്ക് വിവേചനവുമായി മുരളീധരൻ നൽകിയ കേസിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അതുപോലെ തന്നെ എംബസി വെൽഫെയർ ഫണ്ടിൽ നിന്ന് നിശ്ചിത ശതമാനം ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നിയമ സഹായം നൽകാൻ വിനിയോഗിക്കണമെന്ന കേസും തീർപ്പാകാതെ കിടക്കുകയാണ്. 
ഈ പരാതി കൊണ്ട് പക്ഷെ ഒരു ഗുണമുണ്ടായി. ആഴ്ചയിൽ ഒരു ദിവസം എംബസിയിൽ സ്വദേശി അഭിഭാഷകന്റെ സേവനം . 2004 ൽ ഒരു വർഷം മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനായിരുന്ന മുരളി പിന്നീട് ഫോറവുമായി തെറ്റി പിരിഞ്ഞ് ഫൊക്കാസ രൂപീകരിച്ചു. മുരളി ഫോറത്തിൽ സജീവമായിരുന്ന കാലത്താണ് വാഹനാപകടവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന  വടകര സ്വദേശി കുമാറിന്റെ മോചനത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യൻ എംബസി പ്രശംസനീയമായ സഹകരണമാണ് ഇക്കാര്യത്തിൽ നൽകിയത്. അന്ന് വെൽഫെയർ വിഭാഗം തലവൻ വി.വി. നാരായണനായിരുന്നു. 

വ്യത്യസ്തമായ ഒരു ഒപ്പു ശേഖരണ ചടങ്ങ്.  

1990 ലാണ് തിരുവനന്തപുരം ആർ.സി.സിയിലെ സൈറ്റൊ ടെക്‌നോളജിസ്റ്റായിരുന്ന മുരളീധരൻ റിയാദിലെ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തുന്നത്. ആർ.സി.സി എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഈ ഇടതു സഹയാത്രികന്റെ പ്രവാസത്തിന്റെ തുടക്കത്തിൽ തന്നെ കുവൈത്ത് അധിനിവേശത്തിന്റെ ഇരകളായി റിയാദിൽ എത്തിയവർക്ക് സഹായം എത്തിച്ചു കൊണ്ടായിരുന്നു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ടായിരുന്നു ഈ കർമം നിർവഹിച്ചത്. ഇതിനു ശേഷം 1997 വരെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു. 1997 ൽ കിംഗ് ഖാലിദ് ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിച്ച് അതിന് റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ) എന്ന് പേരിട്ടു. 1997 അവസാനം ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെ റിഫ പൊതു പ്രവാസി സമൂഹത്തിനിടയിൽ സ്വീകാര്യത നേടി. പിന്നീടാണ് റിഫയുടെ വിപുലീകരണം നടന്നത്. നിരവധി സാംസ്‌കാരിക പ്രവർത്തകർ റിഫയിൽ അംഗങ്ങളായി. സാമൂഹ്യ പ്രവർത്തന രംഗത്തും റിഫ സജീവമായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പ്രവാസി വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് നിവേദനങ്ങൾ അയക്കുന്ന രീതിക്ക് തുടക്കം കുറിച്ചത് റിഫയും മുരളീധരനുമാണെന്ന് പറയാം. സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളിൽ കൂടെ നടന്നവർക്ക് പലപ്പോഴും പുതിയ വഴികൾ കാണിച്ചു കൊടുത്ത മുരളീധരൻ പരിമിത സൗകര്യങ്ങളിൽ ഫിലിം ഫെസ്റ്റിവൽ എന്ന ആശയത്തെയും സാഹിത്യചർച്ചകളെയും യാഥാർഥ്യമാക്കി. വായനാ മത്സരത്തിന് പ്രവാസികൾക്കിടയിൽ തുടക്കം കുറിച്ചതും മുരളീധരന്റെ നേതൃത്വത്തിലാണ്.
ആർ.മുരളീധരന്റെ ഭാര്യ ശോഭ. ഏക മകൻ രാഹുൽ ബാംഗ്ലൂരിൽ എം.ബി.എ വിദ്യാർഥിയാണ്.  

Latest News