ധർമശാല- ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാണം കെട്ടു. 112 റൺസ് എടുക്കുന്നതിനിടെ ഇന്ത്യൻ നിരയിലെ മുഴുവൻ താരങ്ങളും പുറത്തായി. ധോണി മാത്രമാണ് ഇന്ത്യയെ ദയനീയമായ നാണം കെടലിൽനിന്ന് രക്ഷിച്ചത്. 87 പന്ത് നേരിട്ട ധോണി 65 റൺസെടുത്ത് പുറത്തായി.
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ലങ്ക ഇന്ത്യയെ തുടക്കത്തിൽ തന്നെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 29 റൺസ് എന്ന നിലയിൽനിന്നാണ് ധോണി ഇന്ത്യൻ ടീമിനെ പതുക്കെ മുന്നോട്ടുനയിച്ചത്.
രണ്ടാമത്തെ ഓവറിലെ അവസാന പന്തിൽ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. എയ്ഞ്ചലോ മാത്യൂസാണ് ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. അഞ്ചാമത്തെ ഓവറിലെ ആദ്യപന്തിൽ രോഹിത് ശർമ്മയും പുറത്തായി. ലക്മലിന്റെ പന്തിൽ ഡിക് വെലയാണ് ധവാനെ പിടിച്ചത്. ഒൻപതാമത്തെ ഓവറിൽ ദിനേശ് കാർത്തികും പുറത്ത്. പതിനെട്ട് പന്ത് നേരിട്ട കാർത്തിക് റൺസൊന്നും നേടിയിരുന്നില്ല.
ലക്മലാണ് കാർത്തികിനെയും വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പതിമൂന്നാമത്തെ ഓവറിൽ മനീഷ് പാണ്ഡേ കൂടാരം കയറി. പതിനഞ്ച് പന്ത് നേരിട്ട പാണ്ഡേ നേടിയതാകട്ടെ വെറും രണ്ടും റൺസ്. ഹർദിക് പാണ്ഡ്യേ പത്ത്, ഭുവനേശ് കുമാർ പൂജ്യം, കുൽജീപ് യാദവ് 19, ബുംറ പൂജ്യം, ചാഹൽ പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാർ നേടിയ റൺസ്.