Sorry, you need to enable JavaScript to visit this website.

ഈണവും വർണവും ജെമീഷിന്റെ സായൂജ്യം

തൃശൂർ ജില്ലയിലെ പാവറട്ടിക്ക് സമീപം പുതുമനശ്ശേരിയിൽ ജനിച്ചുവളർന്ന ജെമീഷ് ചെറുപ്പത്തിലേ ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ചോക്ക് കൊണ്ടും കല്ലുകൊണ്ടുമൊക്കെ തങ്ങളുടെ കൊച്ചുവീടിന്റെ ചുമരുകളിലാണ് കൂടുതലും ചിത്രങ്ങൾ വരച്ചത്. ചിത്രം വരക്കാനുള്ള കഴിവ് ഉപ്പയിൽനിന്ന് ലഭിച്ചതാകാമെങ്കിലും തന്റെ ഉമ്മയാണ് തന്റെ എല്ലാ കഴിവുകളും വളർത്തി വലുതാക്കിയത്. ജീവിത പ്രാരബ്ധങ്ങൾക്കിടയിലും ഉമ്മയുടെ പ്രോൽസാഹനമാണ് തന്നെ ഒരു കലാകാരനാക്കിയത് എന്നാണ് ജെമീഷ് കരുതുന്നത്.


ചിത്രരചന ഔപചാരികമായി പഠിക്കാനായില്ലെങ്കിലും കൂട്ടുകാരിൽ നിന്നും ഓൺലൈനായുമൊക്കെ കഴിയാവുന്നത്ര പഠിച്ചെടുത്തു. സൈൻ ബോർഡുകളും ചുവരെഴുത്തുമൊക്കെ തൊഴിലായി സ്വീകരിച്ച നാളുകളിൽ പ്രായോഗികമായ കുറേ പാഠങ്ങൾ പഠിച്ചു. കംപ്യൂട്ടർ ഗ്രാഫിക്‌സുകൾ പ്രചാരം വന്നതോടെ ശ്രദ്ധ അങ്ങോട്ട് മാറ്റുകയും ഡിസൈനിംഗ് പഠിച്ചെടുക്കുകയും ചെയ്തു. സ്വന്തമായൊരു ഡിസൈനിംഗ് ഓഫീസ് തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ഖത്തറിലേക്ക് ജോലി തരപ്പെട്ടത്. ഖത്തറിലെ പ്രമുഖ ജ്വല്ലറിയായ അൽ മുഫ്ത ജ്വല്ലറിയിൽ ഡിസൈനറായി ജോലി ചെയ്യുന്ന അദ്ദേഹം ഒഴിവ് സമയങ്ങൾ ധന്യമാക്കുന്നത് ചിത്രങ്ങൾ വരച്ചും സംഗീതസപര്യയിൽ മുഴുകിയുമാണ്.


ചിത്രരചനയിൽ എല്ലാ മീഡിയവും ഒരു പോലെ വഴങ്ങുന്ന ജെമീഷ് നല്ല ഭാവനാവിലാസമുള്ള കലാകാരനാണ്. താൻ ജനിച്ചു വീണ കൊച്ചുകുടിലും അറിവിന്റെ ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടവുമൊക്കെ ഈ അനുഗൃഹീത കലാകാരന്റെ തൂലികയിൽ വിരിയുമ്പോൾ ആ ഭാവനാവിലാസം നമ്മെ അദ്
ഭുതപ്പെടുത്തും. വാട്ടർ കളർ, പെൻസിൽ , അക്രിലിക്, ഓയിൽ എന്നിവയിലൊക്കെ ചിത്രം വരക്കുന്ന ജെമീഷ് ഇപ്പോൾ കൂടുതലും ഡിജിറ്റൽ പെയിന്റിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോർട്രെയിറ്റിലും ലാൻഡ്‌സ്‌കേപ്പിലുമൊക്കെ താൽപര്യമുള്ള അദ്ദേഹം മനോഹരമായ നിരവധി ദൃശ്യങ്ങളാണ് കാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യവും വശ്യതയുമൊക്കെ തുറന്നാസ്വദിക്കുന്ന ജെമീഷിന് മനസിൽമായാതെ നിൽക്കുന്ന ദൃശ്യങ്ങൾ കാൻവാസിലേക്ക് പകർത്താതെ  ഉറക്കം വരില്ല.  ഒട്ടേറെ അവിസ്മരണീയമായ സന്ദർഭങ്ങളും ദൃശ്യങ്ങളും ജമീഷിന്റെ അനുഗൃഹീത തൂലികയിലൂടെ സാക്ഷാൽക്കരിക്കപ്പെട്ടിട്ടുണ്ട്. 


കുറേ പാട്ടുകളെഴുതിയും സംഗീതം നൽകിയും ചിലതൊക്കെ പാടിയും മനസിന്റെ സംഘർഷങ്ങളെ ലഘൂകരിക്കുന്ന ജെമീഷ് കൂട്ടുകാരുടേയും നാട്ടുകാരുടേയും പിന്തുണയും പ്രോൽസാഹനവുമാണ് തന്റെ കലാജീവിതം മനോഹരമാക്കുന്നതെന്നാണ് കരുതുന്നത്. ജിജോയ് ജോർജ്, മുരളി മാധവൻ, കോളിൻ തോമസ്, ഹാറൂൺ തയ്യിൽ, കെ.സി. ആരിഫ്, ഷാജഹാൻ ഫൈറൂസി, ഗായികമാരായ ബീന, ജലജ എന്നിവരൊക്കെ തന്റെ സംഗീത യാത്രയുടെ ശക്തിസ്രോതസ്സുകളാണ്. അൽ മുഫ്ത ജ്വല്ലറി കുടുംബവും, ജന്മനാട്ടിലെ കൂട്ടായ്മയായ ഫെയ്സ് ഓഫ് പുതുമനശ്ശേരിയും തന്റെ സംഗീത യാത്രയും കലാജീവിതവും ധന്യമാക്കുന്നുവെന്നത് കൃതജ്ഞതയോടെ ഓർക്കുന്നു. ചാവക്കാട് സിംഗേർസ് എന്ന വാട്‌സ് അപ്പ് കൂട്ടായ്മയാണ് ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തി. നിരവധി ഗായകരെ കണ്ടെത്താനും വളർത്താനും കാരണമായ ഈ കൂട്ടായ്മ അഡ്മിൻ ബഷീർ കുറുപ്പത്തിന്റെ നേതൃത്വത്തിൽ വളരെ വലിയ സാമൂഹ്യ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്. സംഗീതം എന്നും ജെമീഷിന് ഹരമായിരുന്നു. പാട്ടു പാടാനും കേൾക്കാനും ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ഖത്തറിലെത്തിയ ശേഷം ജോലി സംബന്ധമായ പരിമിതികൾക്കിടയിലും ലഭ്യമായ ഇടവേളകളിൽ പാടാനും സംഗീതപ്രവർത്തനങ്ങൾ തുടരാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.


അൽ മുഫ്ത ജ്വല്ലറി മാനേജർ ഹുസൈൻ മുഹമ്മദിന്റെ നാടായ കാളാവിനെക്കുറിച്ച് ജെമീഷ് രചനയും സംഗീതവും നൽകിയ ഗാനം ഉടൻ പുറത്തിറങ്ങും. എം.എ. യൂസുഫലിയെക്കുറിച്ച അനിൽ ചേറായ് എഴുതി ജമീഷ് ഈണം പകർന്ന് കണ്ണൂർ ഷരീഫ് പാടുന്ന ഗാനവും താമസിയാതെ സഹൃദയരിലെത്തും. അബി ഫഌക്‌സ് മീഡിയയുടെ ബാനറിൽ ഹബീബുറഹ്മാനാണ് ഈ ആൽബം നിർമിക്കുന്നത്.
ജിജോയ് ജോർജ് എഴുതി റഷീദ് പാലയൂർ പാടിയ കിളിപാടുന്നു എന്ന ഗാനത്തിന് സംഗീതം നൽകിയത് ജിമേഷാണ്. ചാവക്കാടിനെക്കുറിച്ച ചുണക്കുട്ടികളുള്ളൊരു നാട് എന്ന മനോഹരഗാനം ഷാജഹാൻ ഫൈറൂസി മനോഹരമാക്കിയതും ജമീഷിന്റെ സംഗീത സംവിധാനത്തിലായിരുന്നു.


സുമിയാണ് ജീവിത പങ്കാളി. റീം മകളും റീസ് മകനുമാണ്. മകളും ഭാര്യയും പാടുന്നവരാണ്. ജെമീഷിന്റെ കുടുംബത്തിനുള്ള സമർപ്പണഗാനം രചനയും സംഗീതവും പൂർത്തിയായി കഴിഞ്ഞു. അവധിക്ക് നാട്ടിൽ പോകുമ്പോൾ ജെമീഷിനൊപ്പം മകളും ഭാര്യയും ചേർന്ന് പാടി സഹൃദയലോകത്തിന് സമ്മാനിക്കുന്ന വരികൾ പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളുമുള്ള ഒരു കുടുംബനാഥന്റെ വൈകാരിക തലങ്ങളെ ഒപ്പിയെടുക്കുന്നതാണ്.


പ്രവാസത്തിന്റെ വിരസ നിമിഷങ്ങളെ പാട്ടും വരയുമായി മനോഹരമാക്കുമ്പോൾ രൂപപ്പെടുന്ന  സ്‌നേഹ സൗഹൃദങ്ങൾ നൽകുന്ന ആശ്വാസം വലുതാണ്. പാടാനും സംഗീതം ചെയ്യാനുമൊക്കെ ലഭിക്കുന്ന ഓരോ അവസരങ്ങളും അവിസ്മരണീയമാക്കിയും വരകളുടെ ലോകത്ത് സ്വന്തമായൊരിടം സ്ഥാപിച്ചുമാണ് ഈ കലാകാരൻ തന്റെ സർഗജീവിതം ധന്യമാക്കുന്നത്. 

 


 

Latest News