ഐഷാബായിയും നഫീസത്ത് ബീവിയും

നൂർബിനാ റഷീദ്, കാനത്തിൽ ജമീല, ഷാനിമോൾ ഉസ്മാൻ, ഷെൽനാ നിഷാദ് തുടങ്ങിയ മുസ്‌ലിം വനിതകൾ ഇരുമുന്നണികളിലായി വിവിധ മണ്ഡലങ്ങളിൽ മാറ്റുരയ്ക്കുമ്പോൾ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഒ ഐഷാബായി, കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ എ. നഫീസത്ത് ബീവി എന്നിവരുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പ്; ഒപ്പം കഴക്കൂട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.എം സ്വതന്ത്ര പ്രൊഫ. നബീസാ ഉമ്മാളുടെ ജീവിതചിത്രവും. 

 

സാൻമരീനോ എന്ന കൊച്ചു ലാറ്റിനമേരിക്കൻ രാജ്യത്തെ മാറ്റി നിർത്തിയാൽ ലോകത്തിലാദ്യമായി വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട (1957) കേരളത്തിലെ  ഒന്നാം നിയമസഭ സമ്മേളിക്കുമ്പോൾ ആദ്യ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് കായംകുളത്ത് നിന്നും വിജയിച്ച കെ.ഒ. ഐഷാബായിയായിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രി. ചെങ്ങന്നൂരിൽ നിന്നും വിജയിച്ച ആർ. ശങ്കരനാരായണൻ തമ്പി അസംബ്ലിയുടെ പ്രഥമ സ്പീക്കർ.  
അന്നത്തെ സാഹചര്യത്തിൽ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കിടയിലെ സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസമാർജിക്കാൻ പോലും ഏറെ വിലക്കുകൾ നിലനിൽക്കുമ്പോൾ ഐഷാബായിയെപ്പോലുള്ളവർ പൊതുരംഗത്തേക്ക് ധീരമായി കടന്നുവന്ന് മാതൃക സൃഷ്ടിക്കുകയായിരുന്നു. 


രാജ്യത്തെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ. മുസ്‌ലിംകൾക്കിടയിൽ നിന്നും ആദ്യമായി അത്തരമൊരു പദവി അലങ്കരിച്ച വനിത...മികച്ച പ്രഭാഷക, നല്ല അഭിഭാഷക, സംഘാടക, സജീവ രാഷ്ട്രീയ പ്രവർത്തക എല്ലാമായിരുന്നുഐഷാബായി.മുസ്‌ലിം സ്ത്രീകൾക്ക് പുറത്തിറങ്ങി പ്രസംഗിക്കാനും പ്രകടനം നയിക്കാനും ഏറെ വിലക്കുകളുള്ളപ്പോഴാണ് ഓച്ചിറ ക്ലാപ്പന ആലുമ്പീടികയിൽ ഒരു കോൺഗ്രസ് സമ്മേളനത്തിൽ  പ്രസംഗിച്ച് സദസ്സിനെ പിടിച്ചിരുത്തി ഐഷാബായിയെന്ന പെൺകുട്ടി വിപ്ലവം സൃഷ്ടിച്ചത്. പിതാവ് തന്നെയായിരുന്നു ആ കൗമാരക്കാരിയെ എതിർപ്പുകൾ വിലവെക്കാതെ പൊതുരംഗത്തേക്ക് കൊണ്ടു വന്നത്,
സ്‌കൂൾ സാഹിത്യ സമാജങ്ങളിലൂടെ നല്ല പ്രഭാഷകയായി  ഇതിനകം മികവു തെളിയിച്ചിരുന്നു ഐഷാബായി. സ്‌കൂളിൽ മാത്രമായിരുന്നില്ല  പിന്നീട് കോളേജിലും ലോ  കോളേജിലും നിരവധി രാഷ്ട്രീയ വേദികളിലും പിന്നാലെ നിയമസഭയിലും ഉജ്വലപ്രഭാഷകയായി ഐഷാബായി പ്രഭാഷക പ്രതിഭ തെളിയിച്ചു.
ഓച്ചിറ ക്ലാപ്പനയിലെ  പ്രശസ്തമായ കൊട്ടയ്ക്കാട്ട് കുടുംബത്തിലെകെ. ഒ. ഉസ്മാൻ സാഹിബിന്റെയും കറ്റാനം ഇലിപ്പക്കുളം കൈതവന കുടുംബാംഗവുമായ ഫാത്തിമ കുഞ്ഞിന്റേയും എട്ട് മക്കളിൽ മൂന്നാമത്തെ കുട്ടിയായി ജനനം. പ്രയാർ ഹൈസ്‌കൂൾ, കറ്റാനം പോപ് പയസ്, വിമൻസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുമാണ് ഐഷാബായ്  വിദ്യാഭ്യാസം നേടിയത്. തുടർന്ന് കായംകുളം മുനിസിഫ് കോടതിയിൽ പ്രാക്റ്റീസ് തുടങ്ങി മുന്നാട്ടുപോകുമ്പോഴാണ് ആദ്യ തെരത്തെടുപ്പിൽ കായംകുളത്ത് നിന്ന് മത്സരിക്കാൻ അവസരം വന്നത്.


അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ച് കോൺഗ്രസിലെ സരോജിനി ബാനുവിനെ 13000 വോട്ടുകൾക്ക് പരാജയപ്പെടുത്തി  അഡ്വ. കെ ഓ ഐഷാബായി നിയമസഭയിത്തി.
തുടർന്ന് ഇന്ത്യയിലെതന്നെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറായി മുപ്പതാം വയസ്സിൽ ചുമതലയേറ്റു. 1959 ൽ വിമോചനസമരത്തിലൂടെ ഇ.എം.എസ് മന്ത്രിസഭ അട്ടിമറിക്കപ്പെടുന്നത് വരെ ഐഷാബായി സ്തുത്യർഹമായ രീതിയിൽ ആ പദവി അലങ്കരിച്ചു. ഈ സ്ഥാനം പിൽക്കാലത്ത് അലങ്കരിച്ചിട്ടുള്ള മറ്റു രണ്ടു വനിതകൾ നഫീസത്ത് ബീവിയും ഭാർഗവി തങ്കപ്പനും. 
1960 ൽ വീണ്ടും കായംകുളത്ത് നിന്ന് മൽസരിച്ച് കോൺഗ്രസിലെ  പ്രബലനായ എം.കെ .ഹേമചന്ദ്രനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും ഐഷാബായി കായംകുളത്തിന്റെ എം. എൽ. എ ആയി. കായംകുളം പട്ടണത്തിന്റെ സമഗ്ര വികസനത്തിനു ഒട്ടേറെ കാര്യങ്ങൾ എം എൽ എ പദവി അലങ്കരിക്കുമ്പോൾ  ഐഷാബായി ചെയ്തിട്ടുണ്ട്.
ഗവ. ആശുപത്രി, കെ. എസ.് ആർ. ടി. സി ബസ്സ്റ്റാന്റ്, കോടതി സമുച്ചയം, കൃഷ്ണപുരം പോളിടെക്‌നിക് തുടങ്ങിയവയ്ക്കു ഭൂമി ലഭ്യമാക്കിയതടക്കം പല നല്ല പ്രവർത്തനങ്ങളും അവർ കാഴ്ച വെച്ചതായി കായംകുളത്തെ പഴയ തലമുറ ഇന്നും നന്ദിപൂർവം സ്മരിക്കുന്നു. 


ആലപ്പുഴ ആറാട്ടുപുഴയിലെ  പുരാതന കുടുംബമായ കണ്ടങ്കേരിൽ അഡ്വ. കെ അബ്ദുൽ റസാക്കാണ് ഐഷാബായിയുടെ ഭർത്താവ്. അലിഗഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ റസാക്ക് എറണാകുളം ലോ കോളജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി കായംകുളം കോടതിയിലായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്. 1952 ൽ തിരുകൊച്ചി നിയമസഭയിലേക്കും 1960 - 62 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ കേരളനിയമസഭയിലേക്കും റസാഖും മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. കായംകുളം നഗരസഭാ കൗൺസിലറായിരുന്നിട്ടുള്ള ഇദ്ദേഹം ആറാട്ടു പുഴയിൽ ഓർഫനേജും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ മുൻകൈയെടുത്തു. 
1964 ൽ കമ്മ്യൂണിസ്റ്റ്  പാർട്ടി പിളർന്ന് സി. പി. ഐ (എം) നിലവിൽ വന്ന ശേഷം പിറ്റേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഐഷാബായി കരുനാഗപ്പള്ളിയിൽ നിന്ന് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. പാർട്ടിയുടെ പിളർപ്പ് വോട്ടുകൾ ഭിന്നിക്കാൻ കാരണമായതായാണു പിന്നീട് വിലയിരുത്തപ്പെട്ടത്. ആ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലതിരുന്നതിനാൽ നിയമസഭ ചേർന്നതുമില്ല. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നും ഐഷാബായി ക്രമേണ അകന്നു തുടങ്ങി. സി പി ഐ യിൽ ചേർന്നുവെങ്കിലും കൂടുതൽ സജീവമാകാനായില്ല. സി.പി.എമ്മിന്റെ സമീപനം ശരിക്കും വിഷമിപ്പിച്ചിരുന്നതായി അവർതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 


കെ. സി. ടി എന്ന മോട്ടോർ സഹകരണ പ്രസ്ഥാന രൂപീകരണത്തിലും വളർച്ചയിലും ഐഷാബായിയും  ഭർത്താവ് റസാഖും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റസാഖും രാഷ്ട്രീയത്തിൽ നിന്നും ക്രമേണ അകന്ന് നിന്ന വ്യക്തിയാണ്. സോഷ്യൽ വെൽഫെയർ ബോർഡ് കേന്ദ്ര സംസ്ഥാന സമിതിയംഗം, സ്റ്റേറ്റ് വാച്ച് ഡോഗ് കമ്മിറ്റി ഓൺ പ്രിസൺസ് അംഗം, സി.പി.ഐയുടെ  കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികളും ഐഷാബായി വഹിച്ചിട്ടുണ്ട്. ഗവൺമെന്റ് അഷ്വറൻസ് കമ്മറ്റി ചെയർപേഴ്‌സൺ ആയിരുന്നിട്ടുണ്ട്.
പാർട്ടിക്കു വേണ്ടി ജീവിതത്തിന്റെ നല്ല കാലം ചെലവഴിച്ച പലരേയും വെട്ടിനിരത്തിയ കൂട്ടത്തിൽ ഐഷാബായിയും ഉൾപ്പെട്ടുവെന്നാണ് അവരുടെ അവസാനകാല വെളിപ്പെടുത്തലുകൾ സാക്ഷ്യം പറഞ്ഞിരുന്നത്. 
2005 ഒക്ടോബർ 28 - ന് എഴുപത്തെട്ടാം വയസ്സിൽ ഐഷാബായ്  ഇഹലോകവാസം വെടിഞ്ഞു. ഫാത്തിമ റസാക് (അധ്യാപിക)സാജിദ അസീം (കൊല്ലം ടി. കെ. എം എൻജിനീയറിങ്ങ് കോളേജധ്യാപകൻ),   മുഹമ്മദ് സജ്ജാദ്, അബ്ദുൽ സലാം (ഇരുവരും ബിസിനസ്) എന്നിവരാണ് ഐഷാബായിയുടെ മക്കൾ. ഏഴു സഹോദരങ്ങളിൽ കെ. ഒ. ഷംസുദീൻ അധ്യാപകൻ, നിഘണ്ടു രചയിതാവ്, പ്രാചീന ലിപി വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തൻ. മറ്റു സഹോദരങ്ങൾ: മുഹമ്മദ് താജുദീൻ (റിട്ട. ഡിവൈ. എസ് പി), അബ്ദുൽ ഖാദർ  (റിട്ട.അധ്യാപകൻ, ) അബ്ദുൽ ഷുക്കൂർ (സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗം). മറ്റൊരു സഹോദരൻ കെ. ഒ. ഹബീബ് കെ എസ് ഇ ബി റിട്ട. എൻജിനീയറും മികച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.
ഉമ്മുകുൽസും ബായി, സൈനാ ബായ് എന്നിവർ സഹോദരിമാർ. ഈ ലേഖകൻ എം എയ്ക്ക്  പഠിക്കുമ്പോൾ സുഹൃത്തും ബന്ധുവുമായ കുറ്റിക്കാട്ട് മുഹമ്മദ് സാഹിബുമായി കെ. ഒ ഐഷാബായിയുടെ വീട്ടിൽ മിക്കപ്പോഴും സൗഹൃദ സന്ദർശനം നടത്തിയിരുന്ന നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഐഷാബായിയുടെ സ്‌നേഹവാൽസല്യങ്ങൾ ഏറെ അനുഭവിക്കാനായിട്ടുണ്ട് എന്നതും നന്ദിയോടെ ഓർക്കുന്നു. 

എ. നഫീസത്ത്  ബീവി
സദാ തൂവെള്ള വസ്ത്രമണിഞ്ഞ് ഇന്ദിരാഗാന്ധിയേപ്പോലെ ചുറുചുറുക്കോടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അഡ്വ. എ. നഫീസത്ത് ബീവി. 
കൊല്ലത്തെ പ്രശസ്തമായ ലോയർ കുടുംബത്തിലെ അബ്ദുൽ കരീമിന്റേയും കറ്റാനം ഇലിപ്പക്കുളം കട്ടചിറ പതിയാരത്ത് പുത്തൻപുരയിൽ ഹവ്വാഉമ്മയുടേയും മൂത്തമകളായി, 1924 മാർച്ച് 22 നു ജനിച്ച നഫീസത്ത് ബീവി അക്കാലത്ത് നിലനിന്നിരുന്ന വിലക്കുകളെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസം ആർജിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലെത്തി എം. എൽ. എ യും  ഡെപ്യൂട്ടി സ്പീക്കറുമൊക്കെ ആകാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധ അർഹിക്കുന്ന കാര്യം. രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ് ബീവിയ്ക്ക് 12 വയസ്സുള്ളപ്പോൾ മരണപ്പെട്ടു. കൊല്ലത്തെ 'മലയാള മന്ദിരം' സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാപ്പയുടെ മരണശേഷം കറ്റാനത്ത് ഉമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. സിക്‌സ്ത് ഫോം വരെ  കറ്റാനം  പോപ്പ്പയസ്സിലായിരുന്നു.


അഞ്ച് കിലോമീറ്റർ കാൽനടയായാണ് കറ്റാനം പോപ് പയസ് സ്‌കൂളിൽ നഫീസത്ത് ബീവി പോയിരുന്നത്. അക്കാലത്ത് മകളെ ഉന്നത വിദ്യാഭ്യാസത്തിനയ്ക്കുന്നത് എന്തിനെന്നായിരുന്നു നാട്ടുകാരിൽ ചിലരുടെ ചോദ്യം. കൈനീളമുള്ള വെള്ള  കുപ്പായവും തലയിൽ തട്ടവും ധരിച്ച് ആയിരുന്നു സ്‌കൂളിൽ പോയിരുന്നത്. ഉപ്പാപ്പയുടെ പിന്തുണയോടെയാണു വിദ്യാഭ്യാസം തുടർന്നത്. തുടർ വിദ്യാഭ്യാസത്തിനാവട്ടെ  ഉമ്മയുടെ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഉപ്പാപ്പ ഒപ്പം നിന്നു.
തിരുവനന്തപുരം വിമൻസ് കോളേജിൽ പോകാൻ വാഹന സൗകര്യം തീരെയില്ലാതിരുന്ന കാലത്ത് തലേന്ന് രാത്രി ചൂട്ടും കെട്ടി ഉപ്പാപ്പ നഫീസത്ത് ബീവിയുമായി ആയിരംതെങ്ങിലെ ബോട്ട് ജെട്ടി വരെ നടന്ന് ബോട്ടിൽ പുലർച്ചെ കൊല്ലത്തെത്തി, അവിടെ നിന്നും ട്രെയിൻ മാർഗമാണ്  വിമൻസ് കോളേജിൽ എത്തിയിരുന്നത്. 
ഹോസ്റ്റലിൽ ചേർന്നെങ്കിലും പൊങ്ങച്ചക്കാരുടെ താവളമായി തോന്നിയതിനാൽ അവിടം വിട്ടു. പിന്നെ ഒരു സദനത്തിലായി താമസം.പാവങ്ങളും ഇടത്തരക്കാരുമുണ്ടായിരുന്ന അവിടെ ഭക്ഷണത്തിനും താമസത്തിനും കൂടി പത്തു രൂപയായിരുന്നു അക്കാലത്ത് ചെലവ്. നന്നായി പഠിച്ച് ഫസ്റ്റ്ക്ലാസും ഡിസ്റ്റിങ്ഷനോടും കൂടി പരീക്ഷ പാസായി. 
വിദ്യാഭ്യാസ സമയത്ത് തന്നെയാണ് ആലപ്പുഴ പി എസ് അബ്ദുൽ ഖാദറിന്റെ മകൻ ബിഎ ക്കാരൻ അബ്ദുല്ലക്കുട്ടിയുമായി വിവാഹം നടന്നത്. തുടർ പഠനത്തിന് ഭർത്തൃവീട്ടുകാർ വലിയ പിന്തുണ നൽകി. മെഡിസിനു ചേരാനുള്ള ആഗ്രഹം പലവിധത്തിൽ തടസ്സപ്പെട്ടെങ്കിലും പിൽക്കാലത്ത് മൂത്ത മകളായ ആരിഫയെ മികച്ച ഡോക്ടറാക്കിയെന്നതും ചരിത്രം.
ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നുമാണ് ബി.എസ്‌സി നേടുന്നത്. തുടർന്ന് എറണാകുളം ലോകോളജിൽ നിന്നും എഫ് എല്ലും ബി എഎല്ലും പാസായി. 1952 ൽ ആലപ്പുഴ ബാറിൽ അഭിഭാഷകയായി. മൂന്ന് വർഷങ്ങൾക്ക് ശേഷം സജീവ രാഷ്ട്രീയത്തിലെത്തി പൊതു രംഗത്ത് സജീവമായി. ഭർത്താവിന്റെ  സഹോദരി മൈമൂനയുടെ  മകൾ സുബൈദയുടെ ഭാഗത്ത് നിന്ന് ഏറെ പിന്തുണ ലഭിച്ചു.


കമ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന് അതിപ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവ് ടി. വി തോമസിനെ 1960 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ  പരാജയപ്പെടുത്തിയാണ് നഫീസത്ത് ബീവി കേരള നിയമസഭാംഗമാകുന്നത്.
1960 ൽ മൽസരിച്ച കോൺഗ്രസുകാരിൽ ആറുപേർ വിജയിച്ചതിൽ ഏക വനിതാംഗമായിരുന്നു ബീവി. എ.എ. റഹിം (കൊല്ലം ), ഷംസുദീൻ (വർക്കല), പി.കെ.അബ്ദുൽ ഖാദർ  (കൊടുങ്ങല്ലൂർ), ടി. ഒ.ബാവ, ( ആലുവ) പി.പി. ഉമ്മർകോയ (മഞ്ചേരി) എന്നിവരാണ് അന്ന് വിജയിച്ച മറ്റംഗങ്ങൾ.
1960 ലെ ചരിത്ര വിജയത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട കോൺഗ്രസ് ഗവൺമെന്റിൽ നഫീസത്ത് ബീവിക്ക് ആരോഗ്യമന്ത്രി പദം നൽകണമെന്ന് ജവഹർലാൽ നെഹ്‌റു ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നൽകിയില്ല.


(കൃതഘ്‌നതയുടെ ആ ചരിത്രം കോൺഗ്രസ് ആവർത്തിച്ചു വന്നു.ആലപ്പുഴയിൽ പിന്നീട് അവർക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തു).
1960 മാർച്ച് 15 നു രണ്ടാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ ആയി നഫീസത്ത് ബീവി ചുമതലയേറ്റു. 1964 സെപ്റ്റംബർ 10 വരെ ആ പദവി അലങ്കരിച്ചു. ഡെപ്യൂട്ടി സ്പീക്കർമാർക്ക് ഇന്നത്തെപ്പോലെ കാർ, ഔദ്യോഗിക വസതി, സെക്രട്ടറിമാർ തുടങ്ങിയ പദവികളോ, ആനുകൂല്യങ്ങളോ  ഇല്ലായിരുന്ന കാലം കൂടിയായിരുന്നു അത്. 1962 ൽ സ്പീക്കർ സീതിസാഹിബ് അസുഖ ബാധിതനായപ്പോഴും പിന്നീട് സ്പീക്കറായ സി. എച്ച് മുഹമ്മദ് കോയ രാജി വെച്ചപ്പോഴും മൂന്ന് പ്രാവശ്യം സ്പീക്കറുടെ ചുമതല അവർ സ്തുത്യർഹമായ നിലയിൽ നിർവഹിച്ചതും ചരിത്രം. 
1962 ലെ ബജറ്റ് സമ്മേളനത്തിൽ സമചിത്തതയോടെയാണ് നഫീസത്ത് ബീവി  സഭാനടപടികൾ നിയന്ത്രിച്ചത്. 1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെയാണ് നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായിരുന്ന കാലഘട്ടം.


1967 ൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് ഇടതുപക്ഷം നേതൃത്വം നൽകിയ സപ്ത മുന്നണിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമുണ്ടായിരുന്നു. ലീഗിന്റെ കോട്ടയായ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ  നഫീസത്ത് ബീവിയെയാണ് കോൺഗ്രസ് മൽസരിപ്പിച്ചത്.
ഇസ്മഈൽ സാഹിബിനെതിരെ മത്സരിക്കാനായിരുന്നു നിയോഗം. ലീഗിനെതിരെ മത്സരിക്കുന്നവർക്ക് കെട്ടിവെച്ച കാശ് കിട്ടാത്ത മഞ്ചേരിയിൽ അന്നത് സംഭവിച്ചില്ല. 91238 വോട്ട് നേടാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം . വ്യക്തിപരമായി പോലും ആക്ഷേപങ്ങൾ ഉന്നയിച്ച് അന്ന് മുസ്‌ലിം ലീഗ് നഫീസത്ത് ബീവിയെ ആക്രമിച്ചിരുന്നു. മലപ്പുറം അന്ന് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. 
ഒരിക്കൽ നഫീസത്ത് ബീവിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെങ്കിലും അവസാനമത് മറ്റൊരാൾക്ക് നൽകുകയാണ് പാർട്ടി നേതൃത്വം ചെയ്തത്.
1980 ൽ ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലം നൽകാമെന്ന് ഓഫറുണ്ടായിരുന്നു. പിന്നീട് വാമനപുരത്ത് നിന്ന് നിയമസഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.കോൺഗ്രസിന്റെ നല്ലകാലത്തും മോശാവസ്ഥയിലും വ്യക്തിപരമായ നേട്ടങ്ങളുടെ കണക്കെടുക്കാതെ ആദർശ ശുദ്ധിയിൽ അവസാനം വരെ കോൺഗ്രസിൽ നഫീസത്ത് ബീവി അടിയുറച്ചു നിന്നു. 
നേട്ടം മാത്രം നോക്കി മലക്കം മറിഞ്ഞ് പാർട്ടി മാറി ഉളുപ്പില്ലാതെ വിലസുന്ന രാഷ്ട്രീയ നേതാക്കളുടെ കൂടു മാറ്റം ഇന്ന് ശീലമാകുമ്പോഴാണ്, ഒന്നും നേടാതെ, പാർട്ടിക്ക് വേണ്ടി അടിയുറച്ചു നിന്ന് പ്രവർത്തിക്കുമ്പോഴും  തഴയപ്പെടുകയും ചെയ്ത നഫീസത്ത് ബീവിയെ പോലെയുള്ളവരുടെ മാറ്റ് നാം തിരിച്ചറിയുന്നത്. കെ.പി.സി.സി, എ. ഐ സിസി അംഗം എന്നതിനു പുറമേ സംസ്ഥാന വനിതാകമ്മിഷൻ, നാഷണൽ കൗൺസിൽ ഫോർ വിമൻസ് എജ്യുക്കേഷണൽ സ്റ്റേറ്റ് കമ്മിറ്റി, കേരള സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി,സാമൂഹിക ക്ഷേമ ഉപദേശക ബോർഡ് ,ആലപ്പുഴ ജില്ലാ വഖഫ് ബോർഡ്,തിരുവനന്തപുരം മുസ്‌ലിം അസോസിയേഷൻ പ്രവർത്തക സമിതി തുടങ്ങി അനേകം കമ്മിറ്റികളിൽ നഫീസത്ത്ബീവി പ്രവർത്തിച്ചിട്ടുണ്ട്. 
കൊച്ചിൻ റിഫൈനറീസ് ഡയറക്ടർ, കേരള റീജിയണൽ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ഉപദേശക സമിതി അംഗം, എഡിറ്റർ പെൻഗ്വിൻ രാഷ്ട്രീയ വാരിക,ചെയർപേഴ്‌സൺ അബലാമന്ദിർ ആലപ്പുഴ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2000 - ധീവര സ്മാരക സമിതി പുരസ്‌കാരം,തൃശൂർ സഹൃദയവേദിയുടെ ലക്ഷ്മി അവാർഡ്, എം. ഇ. എസ് ലേഡീസ് വിങ് അവാർഡ്, കാൻഫെഡ് സിൽവർ ജൂബിലി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


വിമോചന സമരത്തെത്തുടർന്ന് 1959 ലും അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന ജനതാ ഗവണ്മെന്റ് ഇന്ദിരാഗാന്ധിയെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്തതിനും അറസ്റ്റ് വരിച്ച് ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
ഭർത്താവ് അബ്ദുല്ലക്കുട്ടി 1986 ജൂലൈ 28 നു  മരണപ്പെട്ടു.1977 നു ശേഷമാണു  നഫീസത്ത് ബീവി തിരുവനന്തപുരത്ത് താമസമാക്കിയത്.
ഡോ. ആരിഫ, അഡ്വ. സാദിഖ, അഡ്വ. റഷീദ. അമേരിക്കയിലെ ഹൂസ്റ്റണിൽ നെഫ്രോളജിസ്റ്റായ സലാഹുദ്ദീൻ എന്നിവർ മക്കളും സൈനുദ്ദീൻ, ഡോ. നിസാർ അഹമ്മദ്, ഷാജഹാൻ, നാസിക് അൽ അറബ് എന്നിവർ  മരുമക്കളുമാണ്. 2015 മെയ് 11 നാണു നഫീസത്ത് ബീവി അന്തരിച്ചത്. 
മരിക്കുന്നതിനു ഏതാനും ആഴ്ചകൾക്ക് മുൻപു ദൂരദർശനിലെ 'നമുക്ക് ചുറ്റും' എന്ന പരിപാടിക്ക് വേണ്ടി ഞങ്ങൾ ചെല്ലുമ്പോൾ വളരെ അവശയായി കിടക്കുകയായിരുന്നു. ആഹാരം കഴിക്കാൻ പോലും എഴുന്നേൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ഏതാനും മണിക്കൂറുകൾ കാത്തിരുന്നാണു ഒരു ചെറിയ അഭിമുഖം എടുക്കാൻ അന്ന് സാധിച്ചത്.

Latest News