ഷഡാനനൻ ആനിക്കത്ത്  (അഥവാ  കുട്ടേട്ടൻ എന്ന നേർവര)

ഈയിടെ അന്തരിച്ച പ്രമുഖ ചിത്രകാരൻ ഷഡാനനൻ ആനിക്കത്തിന് ആത്മസുഹൃത്ത് കൂടിയായ പ്രമുഖ നാടകകൃത്തും കലാകാരനുമായ കാളിദാസ് പുതുമനയുടെ സ്‌നേഹാഞ്ജലി.

1975 ന്റെ പൂർവ്വാർധത്തിലൊരു ദിവസം ചിറ്റൂരിലെ സർക്കാർ കോളേജിൽ ഒരു സാംസ്‌കാരിക പരിപാടിയുണ്ടായി. അവിടെ വെച്ച് രണ്ടു പ്രതിഭകളെ ഞാൻ പരിചയപ്പെട്ടു. ഒരാൾ വെളുക്കനെ, മറ്റേ ആൾ കറുക്കനെ, വെളുത്തത് വിശ്വം. ചെമ്പകശ്ശേരി കെ.വിശ്വം. കവിയും കർഷകനും കമ്യൂണിസ്റ്റും കറുത്തത് ഷഡാനനൻ ആനിക്കത്ത് എന്ന കുട്ടേട്ടൻ. ചിത്രകാരനും കർഷകനും കമ്യൂണിസ്റ്റും. രാപ്പകലുകൾ പോലെ അഭേദ്യമായവർ. പിന്നീടെപ്പോഴോ രാപ്പകലുകൾക്കിടകയ്‌ക്കൊരു സന്ധ്യയായി എനിക്കും ഇടമുണ്ടായി. പകലില്ലാതായിട്ട് അഞ്ചാണ്ട് തികഞ്ഞു. ഇപ്പോൾ എനിക്ക് രാത്രിയുമില്ലാതായി. രാവും പകലുമില്ലാതെ ആകെ മൂടിക്കെട്ടിയ മങ്ങിയ ഒരു സന്ധ്യയായി ഞാൻ.
എന്റെ നാടക യാത്രയിൽ നാലു പതിറ്റാണ്ടായി കുട്ടേട്ടൻ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ നാടക സംഘമായ ടാപ്-കല (തൃപ്തി ആർട്‌സ് പാലക്കാട്) കലാകാരന്മാരായ കൂട്ടുകാർ കൊല്ലം തോറും ഓരോ പുതിയ നാടകം അരങ്ങേറും. നാടകം എഴുതിക്കഴിഞ്ഞാൽ ഒരു കോപ്പി കുട്ടേട്ടനെ ഏൽപിക്കുമായിരുന്നു രംഗ പടം ഒരുക്കാൻ.

ഷഡാനനൻ ആനിക്കത്ത് (വലത്ത്), കാളിദാസ് പുതുമന 


നാടകം അരങ്ങേറുന്ന ദിവസം രാവിലെ പാലക്കാട് ടൗൺഹാളിൽ സഹായികളായ രണ്ട് ആശാരിമാരുമായി രംഗപടാധിപതി-വരയുടെ കുട്ടേട്ടൻ എത്തും. കയ്യിൽ ചായക്കൂട്ടും ബ്രഷുകളും ഒരു ലുങ്കിയും തോർത്തുമുണ്ടും ഉണ്ടാവും. ഇടുപ്പത്ത് ഭരണിയുടെ ആകൃതിയിലുള്ള, ഒരു വിരൽ വലിപ്പത്തിലുള്ള പൊടിഡപ്പി. ടി.എ.എസ്.രത്‌നം പട്ടണംപൊടി. പഴയ വരമ്പ്, ചാക്ക്, കുറച്ച് കോറാമല്ലിന്റെ തുണി, കുറച്ച് ഹാർഡ് ബോഡ് അല്ലെങ്കിൽ പ്ലൈവുഡ്. ഉച്ച കഴിയുമ്പോഴേക്ക് അരങ്ങിനു ജീവൻ വന്നിട്ടുണ്ടാവും. ചിത്രത്തൂണും ഗുഹാമുഖവും ഉലയും പിന്നെ ദൃശ്യമാത്രയിൽ തന്നെ കാണിയുടെ ആലോചനയിലേക്ക് ആഴ്ന്നിറങ്ങുന്ന അത്യപൂർവമായ ചില വരകളും വർണങ്ങളും. എന്റെ അക്ഷരവും കുട്ടേട്ടന്റെ വരകളും ചേർന്നാലേ നാടകമാവൂ എന്ന് നാൽപതു കൊല്ലമായി ഞാനറിയുന്നു. ചലനാത്മകമായ എന്റെ രംഗഭാഷ്യം സദസ്സിനെ നിശ്ചലമാക്കുമ്പോൾ കുട്ടേട്ടന്റെ നിശ്ചലമായ രംഗപടം സദസ്സിനെ ചലനാത്മകമാക്കുന്നു! അക്ഷരവും വരയും തമ്മിലുള്ള ഈ കിടമത്സരം രണ്ടു വ്യക്തികൾ തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ആത്മബന്ധമാക്കി സ്ഥിരപ്പെടുത്തി.
അതിവേഗത്തിലാണു കുട്ടേട്ടൻ ഭക്ഷണം കഴിക്കുക. 'സാവകാശം മതി, ആരും തട്ടിക്കൊണ്ടു പോകില്ല' എന്നു പലകുറി ആ ധിറുതിയെ ഞങ്ങൾ കളിയാക്കിയിട്ടുണ്ട്. എന്നാലും അതേ ധിറുതിയിൽ തന്നെ. ഒരിക്കൽ കോട്ടമൈതാനത്ത് ഒരു അഖിലേന്ത്യാ വ്യാവസായിക പ്രദർശനം നടന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ സ്റ്റാൾ രൂപകൽപന ചെയ്യേണ്ടത് കുട്ടേട്ടനായിരുന്നു. മറ്റുള്ള അനേകം സ്റ്റാളുകളിൽ പ്രശസ്തരായ കലാകാരന്മാർ രാപ്പകലുകൾ പൊരിഞ്ഞ അധ്വാനത്തിലായിരുന്നു. ഇൻസ്ട്രുമെന്റേഷന്റെ സ്റ്റാൾ അവസാന ദിവസം വരെ ഒഴിഞ്ഞ വയറുമായി കിടന്നു. കമ്പനിയധികൃതർക്ക് പരിഭ്രമമായി. അവർ നിരന്തരം കുട്ടേട്ടനെ കണ്ടും വിളിച്ചും തിടുക്കം കൂട്ടി. പക്ഷേ ചിത്രകാരനും കൂസലുണ്ടായില്ല. അവസാനം രണ്ടു കൂട്ടാളികളെയും കൂട്ടി കുട്ടേട്ടൻ സംഭവസ്ഥലത്ത് പുലർച്ചെയ്ക്ക് എത്തി. ഉച്ചയായപ്പോഴേക്ക് ഇൻസ്ട്രുമെന്റേഷന്റെ വലിയ സ്റ്റാളിൽ തൃശൂർ പൂരം അഴകാർന്നു നിന്നു. അക്കൊല്ലം ഏറ്റവും നല്ല സ്റ്റാളായി പുരസ്‌കൃതമായത് അതായിരുന്നു! അതാണെന്റെ കുട്ടേട്ടൻ.

കേരള സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്‌ലോർ അക്കാദമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളിലൊക്കെ അംഗമായിരുന്നു അദ്ദേഹം. ഒരു മാത്ര കൊണ്ട് ആജീവനാന്ത സൗഹൃദം സ്ഥാപിക്കാൻ സ്‌നേഹത്തിന്റെ പര്യായമായി ജീവിച്ച കുട്ടേട്ടന് പ്രയാസങ്ങളേതുമുണ്ടായിട്ടില്ല. തന്റെ വരകളിലും വർണങ്ങളിലും അദ്ദേഹമാവിഷ്‌കരിച്ചത് പാലക്കാടൻ കാർഷിക-നാടോടി സംസ്‌കൃതിയുടെ അഴലും അഴകും തനിമയും മാത്രം. നല്ല വായനക്കാരനും കണ്യാർ കളിയടക്കമുള്ള നാടോടി അനുഷ്ഠാന കലകളുടെ ആധികാരിക വക്താവുമായിരുന്നു കുട്ടേട്ടൻ. നിരവധി ലേഖനങ്ങൾ തന്റെ പ്രവർത്തന മേഖലകളെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുണ്ട്. പറമ്പിക്കുളത്തെ സാക്ഷരതാ ശിൽപവും തത്തമംഗലം ഇന്ദിരാ ഗാന്ധി പാർക്കിലെ ഇന്ദിരാ ഗാന്ധി ശിൽപവും ഖസാക്കിന്റെ ഇതിഹാസത്തിലേ കഥാപാത്രങ്ങളുടെ ദാരുശിൽപങ്ങളും അദ്ദേഹത്തിന്റെ സർഗ സിദ്ധിയുടെ നിത്യസ്മാരകങ്ങൾ.
എന്റെ മൂന്നു പുസ്തകങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തെക്കുറിച്ച് ഒരിക്കൽ വർത്തമാനത്തിനിടെ സൂചിപ്പിച്ചപ്പോൾ പെട്ടെന്ന് പ്രഖ്യാപനമുണ്ടായി. മൂന്നിന്റെയും പുറംചട്ടയും ഞാൻ വരച്ചുതരും! (തരും എന്നാണ്, തരാം എന്നല്ല) ആ വാക്ക് നിറവേറ്റുകയും ചെയ്തു. ഞങ്ങൾക്കിടയിൽ എന്നും ഔപചാരികതയുണ്ടായിരുന്നില്ല. സ്‌നേഹനിർഭരമായ സാന്ത്വനങ്ങളും ശാസനകളും സൗഹൃദവും മാത്രം. ഞാൻ എഴുതി ഫാറൂഖ് അബ്ദുറഹ്മാൻ സംവിധാനം ചെയ്ത എല്ലാ ടെലിഫിലിം - സീരിയലുകളിലും എന്റെ നാടകങ്ങളിലും ആ താമരത്തണ്ടിന്റെ മൃദുസ്പർശമുണ്ടായിരുന്നു. മേലിലും ആ ആത്മസ്പർശം അദൃശ്യ സാന്നിദ്ധ്യമായി നിലനിൽക്കുക തന്നെ ചെയ്യും. കാലുപിടിക്കാനും വാക്ക് പതപ്പിക്കാനും നട്ടെല്ലു വെറുതെ വളയ്ക്കാനും വശമില്ലാത്ത ആ കലോപാസകൻ ഇടതുകയ്യിൽ ചായക്കൂട്ടും വലതുകയ്യിൽ ബ്രഷും ഇടുപ്പിൽ പൊടിഡപ്പിയുമായി ഇപ്പോഴും നമുക്കറിയാത്തിടത്തെവിടെയോ വരച്ചുകൊണ്ടിരിയ്ക്കുകയാവും.

Latest News