ഷഹറാസാദ്,  നീ വെറും ഒരുടൽ അല്ല

 

ആധുനിക ഈജിപ്ഷ്യൻ നാടകവേദിയുടെ സ്ഥാപകനാണ് തൗഫീഖുൽ ഹഖീം. ഈജിപ്ഷ്യൻ നാടകത്തിന് അറബ് സാഹിത്യലോകത്ത് അദ്ദേഹം അംഗീകാരം നേടിക്കൊടുത്തു. 

'ഉടലുകൾ എന്നെ ചെടിപ്പിക്കുന്നു. ചെടിപ്പിക്കുന്നു' ഷെഹരിയാർ ചക്രവർത്തി വിലപിച്ചു. 'എനിക്ക് വേണ്ടതു വികാരമല്ല. അറിവാണ്.'
തൗഫീഖുൽ ഹഖീമിന്റെ 'ഷഹറാസാദ്' എന്ന നാടകം ആയിരത്തൊന്നു രാവുകളുടെ ആമുഖ കഥയെ, ദാർശനികമായ ഒരു ഉൾക്കാഴ്ചയോടെ കാണാൻ പ്രേരിപ്പിക്കുന്നു. ലോകപ്രശസ്തമായ ഈ കഥയെ ആധുനിക മനഃശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും  വെളിച്ചത്തിൽ അപഗ്രഥിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അറബി നാടകത്തിലെ അതികായനായ ഈ എഴുത്തുകാരന് അഗാധമായ ചില ദാർശനികാന്വേഷണങ്ങൾക്കുള്ള ഒരു ഉപകരണം മാത്രമാണ് പ്രസ്തുത കഥ. 


പച്ചമാംസത്തിനും രക്തത്തിനും വേണ്ടി ദാഹിക്കുന്ന ഷഹരിയാർ ചക്രവർത്തിയെ ആയിരത്തൊന്നു രാവുകളിലൂടെ കഥ പറഞ്ഞ്, ജ്ഞാനാർഥിയാക്കി മാറ്റുന്നത് ഷഹറാസാദ് ആണ്. ഓരോ ദിവസവും ഓരോ കന്യകയെ വിവാഹം ചെയ്യുകയും നേരം പുലരുമ്പോഴേക്ക് അവളെ വധിക്കുകയും ചെയ്തുകൊണ്ടിരുന്ന ചക്രവർത്തിയിൽ, ഷഹറാസാദിന്റെ കഥകൾ ഉണ്ടാക്കുന്ന മാന്ത്രികമായ പരിവർത്തനമാണ് നാടകത്തിന്റെ പ്രമേയം. 
ഒരു ഘട്ടത്തിൽ ചക്രവർത്തി പറയുന്നു: 'ഈ ഭൂമി, ഭൂമിയല്ലാതെ മറ്റൊന്നുമല്ല. തിരിഞ്ഞുകൊണ്ടേയിരിക്കുന്ന ഈ കാരാഗൃഹത്തിൽ നാം മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. എഴുന്നേൽക്കുകയോ വീഴുകയോ ചെയ്യുന്നില്ല. നാം ചുറ്റുന്നുവെന്നു മാത്രം. എല്ലാം  ചുറ്റിക്കൊണ്ടിരിക്കുകയാണ്.' 
ഇരുപതു തികയാത്ത ഒരു കന്യക പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള, ജീവിതത്തിന്റെ പൊരുളിനെ സംബന്ധിച്ച അദമ്യമായ ജിജ്ഞാസയ്ക്കു ചക്രവർത്തിയിൽ  തിരികൊളുത്തുകയാണ്. 
ഷഹറാസാദ്: ഞാൻ ആരെന്ന് അങ്ങയ്ക്കറിയണോ? 
ഷഹരിയാർ: ഉവ്വ്
ഷഹറാസാദ്: (പുഞ്ചിരിയോടെ) ഞാൻ മനോഹരമായ ഒരു ഉടൽ. ഒരു സുന്ദര ശരീരമല്ലാതെ മറ്റെന്താണു ഞാൻ. 
ഷഹരിയാർ: നശിച്ച സുന്ദര ശരീരം. 
ഷഹറാസാദ്: ഞാനൊരു മഹത്തായ ഹൃദയമാണ്. അല്ലാതെന്താണു ഞാൻ? 
ഷഹരിയാർ: നശിച്ച നിന്റെ ഹൃദയം! 
ഷഹറാസാദ്: അങ്ങ് ഒരിക്കൽ സ്‌നേഹിച്ചിരുന്നത് എന്റെ ദേഹത്തെയായിരുന്നുവെന്നത് നിഷേധിക്കാനാവുമോ? അങ്ങയുടെ ഹൃദയം കൊണ്ടല്ലേ എന്നെ സ്‌നേഹിച്ചത്. 
ഷഹരിയാർ: അതെല്ലാം പോയി. (സ്വയം) ഇന്നു ഞാനൊരു പാവം മനുഷ്യൻ. 
ഭൗതികമായ ആസക്തികളൊന്നും ഷഹരിയാറിനെ തൃപ്തിപ്പെടുത്തുന്നില്ല. 'ഇനിയുള്ള ജീവിതം കൊണ്ട് എന്താണു കാര്യം?' അദ്ദേഹം ചോദിക്കുന്നു. 'എല്ലാം ആസ്വദിച്ചവനാണ് ഞാൻ. എല്ലാം കൈവെടിഞ്ഞവനും.' 
ഷഹറാസാദിനെ അവളുടെ നീഗ്രോ കാമുകന്റെ കരവലയത്തിൽ കാണുമ്പോഴും അവൾ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നദ്ദേഹം സംശയിക്കുന്നു. ഷഹരിയാറിന്റെ മാനസിക സംഘർഷത്തിന്റെ പരിണതി സത്യാന്വേഷണത്തിനായുള്ള സൂഫി ചിന്തയാണ് അദ്ദേഹത്തിലുളവാക്കുന്നത്. 


തുർക്കിക്കാരിയായ അമ്മയിൽ നിന്നു ചെറുപ്പത്തിൽ കേട്ടുപഠിച്ച അൽഫ് ലൈലാകഥകൾ, അറബ് ലോകത്തിലെ ഏറ്റവും പ്രശസ്ത സാഹിത്യകാരനായി വളർന്നപ്പോഴും ഹഖീമിൽ സ്വാധീനം ചെലുത്തി. ഈജിപ്തിൽ, പുരാതന നഗരിയായ അലക്‌സാൻഡ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് തൗഫീഖുൽ ഹഖീമിന്റെ ജനനം. പിതാവ് ജുഡീഷ്യറിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. മകനെ വക്കീലാക്കാനാണ് മാതാപിതാക്കൾ ആഗ്രഹിച്ചതെങ്കിലും മകന് കൊച്ചുന്നാളിലേ നാടകത്തിലായിരുന്നു പ്രിയം. കഥകൾ വായിച്ചും ചിത്രങ്ങൾ വരച്ചും കഴിച്ചുകൂട്ടിയ ബാല്യകാലം. കയ്‌റോയിൽ അമ്മാവന്റെ വീട്ടിൽ താമസിച്ച് ലോകോളജിൽ പഠിക്കുമ്പോഴും ഹഖീം സംഗീത സദിരുകളിലും നാടക ശാലകളിലും കയറിയിറങ്ങി. പ്രശസ്ത അഭിഭാഷകനായ അബ്ദുറഹിമാൻ റഷ്ദി നിയമരംഗം വിട്ട് അഭിനയം തുടങ്ങിയതും മുഹമ്മദ് തൈമൂർ പിതാവിന്റെ വലയത്തിൽ നിന്നകന്നു കലാകാരൻമാരുടെ കൂടെ കഴിയാനാരംഭിച്ചതും ഹഖീമിനു ധൈര്യം നൽകി. അദ്ദേഹം സ്വന്തം നാടക സമിതി രൂപീകരിച്ച് അമേച്വർ നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. 
1919 ലെ പ്രക്ഷോഭ കാലത്തു വിദ്യാർഥി സമരങ്ങളിൽ ചേർന്ന ഹഖീം ദേശീയ ഗാനങ്ങൾക്കു രൂപം നൽകി. ഈ ജീവിത ഘട്ടത്തിന്റെ ചിത്രീകരണമാണ് 'ഔറത്ത് അൽ റൂഹ്' (ആത്മാവിന്റെ മടക്കം-1933) എന്ന നോവലിൽ. 
ഉപരിപഠനത്തിനു പാരീസിൽ ചെന്നപ്പോഴും നാടകങ്ങളുടെയും ഓപ്പറകളുടെയും പിന്നാലെ നടക്കുകയായിരുന്നു ഹഖീം. യൂറോപ്യൻ സാഹിത്യത്തിൽ അവഗാഹം നേടാൻ അദ്ദേഹം ശ്രമിച്ചു. 
'സഹറത്ത് അൽ ഉമർ (ജീവിത പുഷ്പം- 1943), ഉസ്ഫർ മിൻ അൽ ഷർഖ് (കിഴക്കുനിന്നു വന്ന കുരുവി- 1938)' എന്നീ ആത്മകഥാപരമായ കൃതികളിൽ നിന്നു ഹഖീമിന്റെ പാരിസ് ജീവിതം വായിച്ചെടുക്കാം. 
പാരീസിൽ നിന്നു തിരിച്ചുവന്നു സ്വന്തം നാട്ടിൽ പ്രോസിക്യൂട്ടറായി ജീവിതമാരംഭിച്ചു. ഈ ഘട്ടത്തിലെ അനുഭവങ്ങൾ നർമ രസത്തോടെ 'യൗമിയ നായ്ബ്ഫിൽ ആരിഫ്' (നാട്ടിൻപുറത്തെ ഒരു പ്രോസിക്യൂട്ടറുടെ ഡയറി) എന്ന കൃതിയിൽ വിവരിക്കുന്നു. 
കയ്‌റോയിൽ വിദ്യാഭ്യാസ, സാമൂഹികക്ഷേമ വകുപ്പുകളിൽ ജോലി ചെയ്ത ശേഷം 1943 ൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ച് അക്ബർ അൽ യൗം എന്ന പത്രത്തിൽ ചേർന്നു. 1951 ൽ അദ്ദേഹം ദാറുൽ ഖുത്തുബിന്റെ ഡയറക്ടർ ജനറലായി. 
ഉമ്മയുടെ ആധിപത്യ വാസനയും സ്വന്തം പ്രണയ പരാജയങ്ങളുമാണെന്നു പറയപ്പെടുന്നു, ഹഖീമിനെ സ്ത്രീവിദ്വേഷിയാക്കി മാറ്റിയത്. കയ്‌റോയിൽ സാനിയ എന്ന ഒരു പെൺകുട്ടിയുമായും പാരീസിൽ മറ്റൊരു യുവതിയുമായുള്ള പ്രണയവും നീണ്ടുനിന്നില്ല. പല രചനകളിലും ഈ സ്ത്രീവിദ്വേഷം പ്രകടമാണ്. സ്ത്രീകളുടെ ശത്രു എന്നു പോലും അറിയപ്പെട്ട ഹഖീം 1946 ൽ വിവാഹിതനായതോടെയാണ് അതിനു മാറ്റം വന്നത്. പാരീസിൽ യുനെസ്‌കോയുടെ ഈജിപ്ഷ്യൻ പ്രതിനിധിയും അൽ അഹ്‌റാമിന്റെ ഡയറക്ടറുമൊക്കെയായി ഹഖീം വളർന്നു. 
ബ്രിട്ടീഷ് അധിനിവേശത്തെക്കുറിച്ച് പരിഹാസപൂർവം രചിച്ച 'അൽ ദായിഫ് അൽ താഖീൽ' (അസ്വീകാര്യനായ അതിഥി) തൗഫീഖുൽ ഹഖീമിന്റെ ആദ്യ നാടകമാണ്. സോഫോക്ലിസിന്റെ നാടകങ്ങൾക്ക് ആന്ദ്രേ ജീദും ബർണാഡ് ഷായും ലൂയി പിരാന്റെലോയും ഇബ്‌സനുമൊക്കെ നൽകിയ ആധുനിക വ്യാഖ്യാനങ്ങൾ ഹഖീമിനെ വല്ലാതെ സ്വാധീനിച്ചു. അറബ് നാടക വേദിയിൽ ആദ്യമായി അമൂർത്ത നാടകങ്ങൾ അവതരിപ്പിച്ചത് ഹഖീമാണ്. ഓസ്‌കാർ വൈൽഡിന്റെയും ചെക്കോവിന്റെയും ഗെയ്‌ഥെയുടെയും ഏകാങ്കങ്ങളെ ആസ്പദമാക്കി സ്വന്തമായ രീതിയിൽ സാമൂഹിക പ്രമേയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. 
നാൽപത്തിയഞ്ചോളം സാമൂഹിക നാടകങ്ങൾ ഹഖീം രചിച്ചിട്ടുണ്ട്. 'അഹ്ൽ അൽ കഹ്ഫ് (ഗുഹാജീവികൾ)' സുലൈമാൻ അൽ ഹഖ് (ബുദ്ധിമാനായ സുലൈമാൻ) എന്നീ നാടകങ്ങൾ ഖുർആനിക പ്രമേയങ്ങളെ അടിസ്ഥാനമാക്കി രചിച്ചതാണ്. 


പ്രവാചക ജീവിതത്തെ, മതപരമായ പരിമിതികളിൽ നിന്നുകൊണ്ട് സ്വന്തമായ രീതിയിൽ ആവിഷ്‌കരിക്കാൻ ഹഖീം നടത്തിയ ശ്രമത്തിന്റെ ഫലമാണ്' മുഹമ്മദ് രചിക്കുന്നത്. ജീവചരിത്രകാരന്മാരുടെയും വ്യാഖ്യാതാക്കളുടെയും നിവേദനങ്ങളിൽ നിന്നു സ്വതന്ത്രമായി സംഭവങ്ങളെ വായനക്കാരനു മനസ്സിൽ പുനഃസൃഷ്ടിക്കാനാവുന്ന വിധത്തിൽ സംഭാഷണ രൂപത്തിലാണ് ഇതിന്റെ രചന നടത്തിയിട്ടുള്ളതെന്നു പുസ്തകത്തിന്റെ ആമുഖത്തിൽ (അൽ ബയാൻ) ഹഖീം വ്യക്തമാക്കുന്നു. 
അരങ്ങിലേക്കല്ലാതെ, വായിക്കാൻ വേണ്ടി മാത്രം രചിച്ചിട്ടുള്ള നാടകങ്ങൾ ധൈഷണികമായി ഉയർന്ന വിതാനത്തിൽ നിൽക്കുന്നവയാണ്. അത്തരം നാടകങ്ങൾ അവതരിപ്പിക്കാനുള്ളതല്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. അവതരിപ്പിക്കാതെ തന്നെ പുസ്തക ഭാഗ്യം ലഭിച്ച ഈജിപ്തിലെ ആദ്യത്തെ നാടകകൃത്തും ഹഖീമാണ്. 
ഹഖീമിന്റെ ആദ്യത്തെ അമൂർത്ത നാടകമായ 'അഹൽ അൽ ഹഖിന്റെ' മുഖ്യ പ്രമേയം കാലവും അതിനെതിരായ മനുഷ്യന്റെ ചെറുത്തുനിൽപുമാണ്. മരണ-പുനരുത്ഥാനങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. ഖുർആനിലെ 'ഗുഹാവാസികൾ' എന്ന അധ്യായമാണ് കഥാബീജം. യംലിഖ എന്ന ഒരു ആട്ടിടയനെയും മർനുഷ്, മിഷ്‌ലിനിയ്യ എന്നീ മന്ത്രിമാരെയും കഥാപാത്രങ്ങളാക്കി കാലത്തെയും ജീവിതത്തെയും സംബന്ധിച്ച സമസ്യകൾക്ക് ഉത്തരം തേടുകയാണ് ഹഖീം. 
കാലം ഹഖീമിനു പ്രിയപ്പെട്ട പ്രമേയമാണ്. 'ഔറത്ത് അൽ ശബാബ്' (യൗവനത്തിലേക്കു വീണ്ടും) എന്ന നാടകത്തിൽ യുവത്വം തിരിച്ചുകിട്ടിയ ഒരു വൃദ്ധൻ. വീണ്ടും വാർധക്യത്തിലേക്കു തിരിച്ചുപോവാനാഗ്രഹിക്കുന്നു. മഹാഭാരതത്തിലെ യയാതിക്കഥയെ ഓർമിപ്പിക്കുന്ന ഈ സൃഷ്ടിയിലും കാലത്തിന്റെ അപ്രതിരോധ്യത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
അൽ റിഹില ഇലോ അൽ ഘദ (നാളെയിലേക്കുള്ള യാത്ര) എന്ന രചനയിൽ ഒരു വിദൂര ഗ്രഹത്തിലേക്കു പോകുന്ന രണ്ടുപേർ മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം ഭൂമിയിലേക്കു മടങ്ങിവരുന്നു. ഭൂമിയിലെ ജീവിതം അതിനകം തീർത്തും യാന്ത്രികമായിത്തീർന്നിരുന്നു. സുലൈമാൻ അൽ ഹക്കീമിൽ, ഷീബാ രാജ്ഞിയായ ബിൽഖീസിന്റെ അനുരാഗം നേടാൻ കഴിയാത്ത ഒരു കഥാപാത്രമായിട്ടാണ് സോളമനെ അവതരിപ്പിക്കുന്നത്. 
'ഈഡിപ്പസ്, പിഗ്മാലിയൻ' എന്നീ വിശ്രുത കഥകൾക്കും ഹഖീം സ്വന്തമായ നാടകീയ ഭാഷ്യമുണ്ടാക്കിയിട്ടുണ്ട്. താൻ രൂപം നൽകിയ ഗലാത്യ എന്ന മനോഹരമായ സ്ത്രീപ്രതിമയ്ക്കു ജീവൻ നൽകണമെന്നു ദൈവങ്ങളോട് അഭ്യർഥിക്കുന്ന ശിൽപിയായ പിഗ്മാലിയനാണല്ലോ ഗ്രീക്ക് പുരാണത്തിലെ പ്രധാന കഥാപാത്രം. എന്നാൽ ഗ്രീക്ക് പുരാണത്തിൽ നിന്നു നാർസിസ്, ഇസ്മിൻ എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടി ഹഖീം കൂട്ടിച്ചേർത്തിരിക്കുന്നു. 
ആധുനിക ഈജിപ്ഷ്യൻ നാടക വേദിയുടെ സ്ഥാപകനാണ് തൗഫീഖുൽ ഹഖീം. ഈജിപ്ഷ്യൻ നാടകത്തിന് അറബ് സാഹിത്യലോകത്ത് അദ്ദേഹം അംഗീകാരം നേടിക്കൊടുത്തു. ഹബീബിന് മുമ്പ് ഈജിപ്ഷ്യൻ തിേയറ്റർ നിലവാരമില്ലാത്ത തമാശകളുടെയും മെലോഡ്രാമയുടെയും കൂത്തരങ്ങായിരുന്നു. അറബ് ധൈഷണിക പ്രമേയങ്ങൾ ആധുനികമായ പാശ്ചാത്യ ശൈലിയിലൂടെ അപഗ്രഥിക്കാൻ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ നേട്ടം. 

Latest News