സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന തൂലികയാൽ അനുഗൃഹീതനായ കലാകാരനാണ് ഫൈസൽ അബൂബക്കർ. മനുഷ്യ നന്മയും സാമൂഹ്യ നവോത്ഥാനവുമൊക്കെ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചം സർഗസഞ്ചാരത്തിന്റെ ധന്യമായ അടയാളപ്പെടുത്തലുകളാണ്. കണ്ണും കാതും തുറന്ന് വെച്ച് ചുറ്റും നടക്കുന്ന ക്രയവിക്രയങ്ങളോട് താത്ത്വികമായും പ്രായോഗികമായും സംവദിക്കേണ്ടത് തന്റെ സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാകാം അദ്ദേഹത്തിന്റെ ഓരോ കവിതയേയും സവിശേഷമാക്കുന്നത്. കുടുംബവും സമൂഹവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന്റ ഓരോ കവിതയും ഉദ്ഘോഷിക്കുന്നു.
ഈയിടെ സാമൂഹ്യ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഹലാൽ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഫൈസൽ പങ്കുവെച്ച കവിത ശകലങ്ങൾ ഒരു കലാകാരന്റെ സാമൂഹ്യ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതാണ്.
പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ എഴുതിയും വായിച്ചും മനോഹരമായി കവിതകൾ ആലപിച്ചും ആർദ്രവും സുന്ദരവുമാക്കുന്ന ഫൈസലിന് കവിത കേവലം ആസ്വാദനത്തിനപ്പുറം തിരുത്തലിന്റേയും വളർച്ചയുടേയും ചാലക ശക്തി കൂടിയാണ്. തീച്ചൂളയിൽ ജ്വലിക്കുന്ന കാവ്യാക്ഷരങ്ങളിലൂടെ സഹൃദയരുടെ ചിന്തയിലേക്കും ഭാവനയിലേക്കും തുളച്ചു കയറുന്ന വരികൾ ഗുണകാംക്ഷയുടേയും സ്നേഹത്തിന്റേയും മേമ്പൊടിയോടെ കൊള്ളേണ്ടിടത്ത് കൊള്ളും.
സ്കൂൾ കാലം തൊട്ടേ എഴുത്തിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഫൈസൽ കഥയും കവിതയുമൊക്കെ എഴുതുമായിരുന്നു. യൗവനാരംഭത്തിലേ പ്രവാസ ലോകത്തെത്തിയെങ്കിലും ഈ വാസനകളൊക്കെ മരുഭൂമിയിലെ ചൂടിലും തണുപ്പിലും സജീവമായി തന്നെ നിന്നു. കഥയിലെ ചോദ്യങ്ങൾ എന്ന കഥാ സമാഹാരമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. കെ.പി. സുധീരയുടെ അവതാരികയും എൻ.പി ഹാഫിസ് മുഹമ്മദിന്റെ വരകളും ഈ പുസ്തകം ശ്രദ്ധേയമാക്കി. താൻ ആദ്യാക്ഷരം കുറിച്ച പന്നിയങ്കര സ്കൂളിൽവെച്ച് പുസ്തകം പ്രകാശനം ചെയ്ത് ഈ കൃതി തന്റെ വിദ്യാലയത്തിന് സമ്മാനിച്ച് ഫൈസൽ കൃതാർഥനായി.
ദോഹയിലെ മലയാളി സർഗ സായാഹ്നങ്ങളിൽ ഈണത്തിൽ കവിത ചൊല്ലിയും സ്വന്തം രചനകൾ അവതരിപ്പിച്ചും സജീവമായപ്പോൾ കവിതകളാണ് തന്റെ തട്ടകമെന്ന് ഫൈസൽ തിരിച്ചറിയുകയായിരുന്നു. ആദിയിൽ കവിതയുണ്ടായി എന്ന പ്രഥമ കവിതാ സമാഹാരം പിറന്നതങ്ങനെയാണ്. തന്റെ കൂട്ടുകാരനായ ഇ.പി. അബ്ദുറഹിമാനാണ് ഈ പുസ്തകത്തിന്റെ പ്രിന്റിംഗ് ചെലവുകൾ വഹിച്ചത്. താൻ പഠിച്ച ചേന്ദ്രമംഗല്ലൂർ യു.പി. സ്ക്കൂളിൽ നടന്ന ഗംഭീരമായ ഒരു ചടങ്ങിൽവെച്ച് പുസ്തകം പ്രകാശനം ചെയ്യുകയും പുസ്തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും സ്കൂളിന് സമ്മാനിക്കുകയും ചെയ്താണ് ഫൈസൽ വേറിട്ട മാതൃകയായത്.
മാനവ സ്നേഹവും ഐക്യവും ഉദ്ഘോഷിക്കുന്ന കവിതകളാൽ സമ്പന്നമായ ഈ കൃതിയുടെ അവതാരികയിൽ പ്രൊഫസർ കെ.ഇ.എൻ സൂചിപ്പിച്ചതുപോലെ പല കാരണങ്ങളാൽ നാം വേറെയായിരിക്കുമ്പോഴും അതിനേക്കാളുമേറെ കാരണങ്ങളാൽ നാമൊന്നാണെന്നാണ് ഫൈസൽ തന്റെ വരികൾക്കിടയിലൂടെ നമ്മോട് ആവർത്തിക്കുന്നത്.
നിലാവിൻ നനവിൽ എന്ന ഉപവാസ കവിതകൾ ശരിക്കും അക്ഷരങ്ങളുടെ പ്രാർഥനകളാണ്. പി.കെ. ഗോപിയുടെ ചിന്തോദ്ദീപകമായ അവതാരികയും പി.എ.എ. ഗഫൂറിന്റെ പഠനവും ഈ രചനയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വ്രതത്തിന്റെ ആത്മീയത അതിമധുരമായി വിതറിയ കവിതകളാണ് ഫൈസലിന്റെ ഈ കൃതിയെന്ന പി.എം.എ. ഗഫൂറിന്റെ നിരീക്ഷണം ഏറെ കൃത്യമാണ്. അധികമായി ഒന്നുമില്ലാതെ അച്ചടക്കമുള്ളൊരു കാവ്യ ഭാഷ ഫൈസലിന്റെ എഴുത്തു ഭാഗ്യമാണ്. ഉപവാസ കവിതകൾ അറബിയിലേക്ക് വിവർത്തനം ചെയ്യാനുള്ള ചിന്തയിലാണ് ഫൈസൽ.
പരിശുദ്ധ റമദാനിലെ ഒരു പ്രത്യേക പരിപാടിയിൽവെച്ച് പുസ്തകം പ്രകാശനം ചെയ്യുകയും അതിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനം വിഷൻ 2026 ന്റെ ഇഫ്താർ പരിപാടികൾക്ക് സംഭാവന ചെയ്തു. സർഗവൈഭവം നൽകിയ സ്രഷ്ടാവിനോട് നന്ദി കാണിച്ചും ഫൈസൽ വിനയാന്വിതനായപ്പോൾ ഏറെ വിലപ്പെട്ട സന്ദേശമാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്.
സർഗസഞ്ചാരം ധന്യമാകുന്നത് അതുകൊണ്ട് കൂടെപ്പിറപ്പുകൾക്കും സമൂഹത്തിനും കൂടി ഗുണമുണ്ടാകുമ്പോഴാണെന്ന മഹത്തായ സന്ദേശമാണ് ഫൈസൽ ജീവിതത്തിലും കർമരംഗത്തും അടയാളപ്പെടുത്തുന്നത്.
കോഴിക്കോട്ടെ പ്രശസ്തമായ പാരീസ് അബൂബക്കർ ഹാജിയുടേയും പി.പി. സൈനബയുടേയും മകനായ ഫൈസൽ ദീർഘകാലം ഖത്തർ ഗ്യാസിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കെയർ ആന്റ് ക്യുവർ ഗ്രൂപ്പ് എച്ച്.ആർ. മാനേജറാണ്.
എഴുത്തിനും കവിതാവാപനത്തിനുമൊപ്പം മൈന്റ്ട്യൂൺ, ട്രെയിഗ് പ്രോഗ്രാമുകളിലും സജീവമാണ് ഫൈസൽ. റംലയാണ് ഭാര്യ. ഫർഹ, മർയം, മൂസ, സുമയ്യ എന്നിവർ മക്കളാണ്. യാസർ ബേപ്പൂർ, അബ്ദുൽ ബാസിത് വേങ്ങേരി എന്നിവർ മരുമക്കളാണ്.