Sorry, you need to enable JavaScript to visit this website.

വണ്ടൂർ അബൂബക്കർ, ജിദ്ദക്ക് ലഭിച്ച മലയാളത്തിന്റെ നന്മ

മുൻ എം.എസ്.എഫ് നേതാവും സൗദിയിലും ഖത്തറിലും കെ.എം.സി.സിക്ക് നേതൃത്വം നൽകുകയും ചെയ്ത വണ്ടൂർ അബൂബക്കറിനെ ജിദ്ദ കെ.എം.സി സി. സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കർ സ്മരിക്കുന്നു

അഡ്വ. വണ്ടൂർ അബൂബക്കർ സാഹിബ്
ജിദ്ദ കെ.എം.സി.സിക്ക് അഭിമാനമായിരുന്നു.

ഇന്ന് 2021 മാർച്ച് 5 ന് വെള്ളിയാഴ്ച കാലത്ത് ബാഗ്ലൂരിൽ വിട വാങ്ങിയ അഡ്വ. വണ്ടൂർ അബൂബക്കർ സാഹിബ് കെ.എം.സി.സി യുടെ സമുന്നത നേതാവും ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന വണ്ടൂർ അബൂബക്കർ സാഹിബ് ഒരു കാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. എം.എസ്.എഫ്  സംസ്ഥാന പ്രസിഡൻറ്  പദവിയിലേക്ക് ബാലറ്റിലൂടെ തെരഞ്ഞെടുത്ത വണ്ടൂർ അന്ന് പരാജയപ്പെടുത്തിയത് പിൻ കാലത്ത്
മുസ്ലിം ലീഗിൽ പ്രമുഖ നേതാവും നിയമസഭാംഗവുമായി മാറിയ പ്രഗൽഭ പ്രതിഭയെയാണ്. നാട്ടിൽ തന്നെ തുടർന്നിരുന്നുവെങ്കിൽ പിൻ കാലത്ത് വണ്ടൂർ പാർട്ടിയുടെ ഉന്നത പദവികളിൽ വിരാജിക്കുന്ന നേതാവാകുമായിരുന്നു. കുടിയേറ്റം ശക്തിപ്പെട്ട  കാലഘട്ടത്തിൽ ജിദ്ദയിലെത്തിയ ഈ അഭിഭാഷകൻ സൗദിയിലെ പല പ്രമുഖ കമ്പനികളുടെയും
ലീഗൽ അഡ്വൈസർ ആയി സേവനമനുഷ്ടിച്ചു. ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും കെ.എം.സി.സി.യുടെയും
വളർച്ചയിൽ വലിയ പങ്ക് വഹിച്ച വണ്ടൂർ അബൂബക്കർ സാഹിബ് ഏറെക്കാലം ജിദ്ദ കെ.എം.സി.സി.യുടെ പ്രസിഡന്റായിരുന്നു എന്നത് സംഘടക്ക് തന്നെ അഭിമാനമാണ്.
മലയാളി പ്രവാസികളികളുടെ തൊഴിൽ പ്രശ്‌നങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ നിരന്തരം ഇടപെട്ട വണ്ടൂർ ഒട്ടേറെ പേർക്ക് നീതി വാങ്ങി കൊടുക്കാൻ കോടതി കയറുകയും നിയമ പോരാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അടക്കമുള്ള ഇന്ത്യക്കാരുടെ പൊതു സ്ഥാപനങ്ങളുടെ പുരോഗതിക്കായ് വലിയ പ്രയത്‌നങ്ങൾ നടത്തി. തന്റെ കാലത്തെ ഇന്ത്യൻ അംബാസിഡർമാർ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബൂബക്കർ സാഹിബ് ആ ബന്ധങ്ങളൊക്കെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമായ് ഉപയോഗപ്പെടുത്തി.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് അടക്കമുള്ള ഉന്നത നേതാക്കളുമായ് അടുത്ത ആത്മബന്ധമുണ്ടായിരുന്നു അദ്ദേഹത്തെ ശിഹാബ് തങ്ങൾ പലതവണ 
നാട്ടിലേക്ക് ക്ഷണിക്കുകയും പല ഉന്നത പദവികളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഖത്തറിലെ ലോക പ്രശസ്തമായ ദോഹ ബാങ്കിന്റെ ലീഗൽ റിസ്‌ക് മാനേജർ സ്ഥാനം ഏറ്റെടുത്ത് ജിദ്ദയിൽ നിന്ന് ഖത്തറിലേക്ക് തട്ടകം മാറുകയായിരുന്നു. ഖത്തറിലെ സ്‌കോളേഴ്‌സ് ഇൻറർനാഷണൽ സ്‌കൂൾ ചെയർമാനായും അദേഹത്തെ  തെരഞ്ഞെടുത്തു. ഖത്തർ ഫൗണ്ടേഷൻ സീനിയർ അറ്റോർണി ,ബർവ ബാങ്ക് ചീഫ് കംപ്ലെയിന്റ് ഓഫീസർ തുടങ്ങിയ ഉത്തരവാദിത്വങ്ങളിലും സേവനം ചെയ്തു.  ഭാര്യ ഡോ. ആയിഷ ജിദ്ദയിലെ ആദ്യ കാല മലയാളി ഡോക്ടറാണ്. മുസ്ലിം ലീഗ് നേതാവും മലപ്പുറം മുനിസിപ്പാലിറ്റിയുടെ പ്രഥമ ചെയർമാനുമായ ഡോ.എം.അബൂബക്കറിന്റെ പുത്രിയും സലാഹ് കാരാടന്റെ ഭാര്യ സഹോദരിയുമാണ്  ഡോ. ആയിഷ.
ഞാൻ ജിദ്ദയിലെത്തിയപ്പോൾ സംഘടനാ രംഗത്ത് ഏറ്റവും വലിയ പ്രോത്സാഹനവും പ്രചോദനവും നൽകിയ നേതാവാണ് വണ്ടൂർ അബൂബക്കർ സാഹിബ്. ചില വേദിയിലെ പ്രസംഗങ്ങൾ കേട്ട് പല തവണ അദേഹം എന്നെ അഭിനന്ദിച്ച കാര്യം ഓർമ്മ വരികയാണ്. സി എച്ച് അനുസ്മരണ പ്രസംഗ മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ വണ്ടൂർ പറഞ്ഞു അബൂബക്കറിനുള്ള സമ്മാനം നമുക്ക് ശിഹാബ് തങ്ങളെ കൊണ്ട് കൊടുപ്പിക്കണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങൾ വന്നപ്പോൾ
വേദിയിൽ വെച്ച് തങ്ങളെ കൊണ്ട് തന്നെ എനിക്ക് സർട്ടിഫിക്കറ്റും സമ്മാനവും തന്ന രംഗം മനസ്സിൽ തെളിയുന്നു. ഒഴിവു സമയങ്ങിൽ അനീക്കസിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിക്കുകയും ഏറെ നേരം ഞങ്ങളുമായി പല വിഷയങ്ങളും ചർച്ച ചെയ്യുക പതിവായിരുന്നു.
ഖത്തറിൽ പോയ ശേഷവും നിരന്തരം വിളിക്കുമായിരുന്നു. അവസാനം വിശ്രമജീവിതം ബാഗ്ലൂരിലായിരുന്നു. സൗദി കെ.എം.സി.സി യുടെ സമുന്നത നേതാവ് ഹാഷിം എഞ്ചിനിയർ മരണപ്പെട്ടപ്പോൾ പ്രിയപെട്ട ഹാശിംക്കയെ കുറിച്ച് ഞാൻ എയ യിൽ ഒരു അനുസ്മരണ കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പ് വായിച്ച് വണ്ടൂർ അബൂബക്കർ സാഹിബ് വിളിച്ചു. അവസാനം പറഞ്ഞു എന്റെ വേരുകൾ ജിദ്ദയിലാണ്. ഞാനിന്നും കെ.എം.സി.സി.യാണ്. ജിദ്ദ കെ.എം.സി.സി. എന്ന് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത അഭിമാനമാണ്. എം.എസ്.എഫും കെ.എം.സി.സിയും എന്റെ ഹൃദയത്തിലുണ്ട്.
ഞാനെന്നും ജിദ്ദ കെ.എം.സി.സി യുടെ ഭാഗമാണ്. അത് നീ മറക്കരുത് കെട്ടോ....!
പ്രിയപെട്ട വണ്ടൂർ വിട വാങ്ങി. പക്ഷെ താങ്കൾ അടക്കമുള്ളവർ ഈ മരുഭൂമിയിൽ നട്ടുവളർത്തിയ മഹത്തായ കെ.എം.സി.സി എന്ന നന്മ മരം അനേകായിരങ്ങൾക്ക് തണലായ് മാറിയ
വൻമരമായ് വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. അങ്ങയുടെ പ്രയത്‌നങ്ങൾ
ഏറെ ഫലം കണ്ടിരിക്കുന്നു.
ജിദ്ദ കെ.എം.സി.സി അങ്ങയെ ഓർത്ത് അഭിമാനം കൊള്ളുകയാണ്. സർവ്വ ശക്തൻ വണ്ടൂർ അബൂബക്കർ സാഹിബിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ അനുശോചനം രേഖപ്പെടുത്തുന്നു.


 

Latest News