Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീലക്കുറിഞ്ഞി  പൂത്തപ്പോൾ 

കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ ഭരണ കാലത്ത് ഇന്ത്യയിലെ ഒരു ട്രെയിൻ ആയിരം കിലോ മീറ്ററോളം ദിശ മാറി സഞ്ചരിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കൗതുക വാർത്തയായിരുന്നു. ഇന്ത്യയെ പരിഹസിക്കാൻ ലഭിക്കുന്ന അവസരമൊന്നും പാഴാക്കാത്ത കൂട്ടരാണല്ലോ. 2011ൽ തിരുപ്പതി-ഭുവനേശ്വർ ട്രെയിനാണ് വഴി തെറ്റി വിജയവാഡയിലും മറ്റും കറങ്ങിയത്. വിസ്തൃതമായ മൂന്ന് റെയിൽവേ ഡിവിഷനുകളും പിന്നിട്ടായിരുന്നു നിയമ വിരുദ്ധ പ്രയാണം. ഭുവനേശ്വറിന് പകരം ബിലാസ്പൂരിന്റെ കോഡ് നൽകിയതാണ് തെറ്റ് പറ്റാൻ കാരണമെന്നൊക്കെ പിന്നീട് കേട്ടിരുന്നു. ഏതായാലും യു.പി.എ ഇടപാട് അവസാനിപ്പിക്കാനായെന്ന് ജനകോടികളെ ഓർമപ്പെടുത്തിയതായി ഇന്ത്യയുടെ ഹൃദയ ഭൂമിയിലൂടെയുള്ള ട്രെയിനിന്റെ വഴിവിട്ട പോക്ക്. ഇപ്പോഴിതാ ചരിത്രം ആവർത്തിക്കുന്നു. നവംബർ എട്ടിന്  മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ പതിമൂന്ന് കിലോ മീറ്റർ പൈലറ്റില്ലാതെ ഓടിയ ശേഷമാണ് അബദ്ധം മനസ്സിലാക്കി തിരിച്ചു പിടിച്ചത്. മഹാരാഷ്ട്രയിലെ  വാദി സ്‌റ്റേഷനിൽ നിന്നും പൈലറ്റ് ഇല്ലാതെ സഞ്ചരിച്ചു തുടങ്ങിയ എഞ്ചിനെ റെയിൽവേ ജീവനക്കാർ ബൈക്കിൽ പിന്തുടരുകയും നൽവാർ സ്‌റ്റേഷനിൽ വെച്ച് ട്രെയിനിൽ ചാടിക്കയറി നിർത്തുകയുമായിരുന്നു. അതിലും വലുത് ഇതാ വീണ്ടും. പിന്നിട്ട വാരത്തിൽ മഹാരാഷ്ട്രയിലേക്ക് പോകേണ്ട ട്രെയിനാണ് 160 കിലോമീറ്റർ ദൂരം വഴി തെറ്റിയോടി മധ്യപ്രദേശിൽ ചെന്നെത്തിയത്. ഇതൊരു സാധാരണ യാത്രാ തീവണ്ടിയായിരുന്നില്ല. സ്‌പെഷൽ ട്രെയിനായിരുന്നു. രാജ്യ തലസ്ഥാനത്ത് കിസാൻ റാലിയിൽ പങ്കെടുക്കാൻ വേണ്ടി പോയ കർഷകരായിരുന്നു തീവണ്ടിയിൽ. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കോലാപ്പൂരിലെത്തേണ്ട വണ്ടി വഴി തെറ്റി മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബാൻമോർ സ്‌റ്റേഷനിലാണെത്തിയത്. വഴി തെറ്റിയ വിവരം അറിഞ്ഞ് അവിടെ തീവണ്ടി നിർത്തിയിടുകയായിരുന്നു. സിഗ്‌നൽ നൽകിയതിലെ അപാകതയാണ് വണ്ടിക്ക് വഴി തെറ്റാൻ കാരണമെന്നാണ് എഞ്ചിൻ ഡ്രൈവർ പറഞ്ഞത്. വൻ തുക നൽകിയാണ് കൃഷിക്കാർ സ്‌പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്തത്. മൂന്ന് ലക്ഷം പേരാണ് ദൽഹിയിൽ കിസാൻ റാലിയിൽ പങ്കെടുത്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതൊന്നും മാധ്യമങ്ങൾക്ക് വലിയ വാർത്തയാകാറില്ല. തമിഴുനാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കർഷകരെത്തിയത്.  ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മിറർ നൗ ചാനലിലെ ഡിബേറ്റ് ഇതായിരുന്നു. രാജ്യത്തെ കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമെങ്ങിനെയുണ്ടായി. ഒന്നര ലക്ഷം കൃഷിക്കാർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. ഇത് ഒരു സെൻസേഷണൽ വാർത്തയല്ലാത്തതിനാൽ ആർക്കും ചർച്ച ചെയ്യാൻ താൽപര്യമുണ്ടാവില്ലെന്ന് അവതാരക ആമുഖമായി പറഞ്ഞു. ദേശീയ ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന പത്മവതിയെ ഒന്ന് കൊട്ടിയായിരുന്നു തുടക്കം. ദീപികയുടെ മൂക്കിന് വിലയിട്ട ഇ.എൻ.ടി സർജനെത്തിയത് മറ്റൊരു  പ്രമുഖ ചാനലിലാണ്. എന്തെല്ലാം അനാവശ്യങ്ങൾക്കായി സമയം മാറ്റി വെക്കുന്നുണ്ടെങ്കിലും പൊതുവേ മലയാളം ചാനലുകളുടെ ഈ വിഷയത്തിലെ നിലപാട് മാതൃകാപരമാണ്. പത്മേച്ചിയുടെ വികാരം കാര്യമായി ആരും ഉൾക്കൊണ്ടതില്ല. ബോളിവുഡിലെ തിരക്കേറിയ താരം ദീപിക പദുകോൺ രണ്ട് വർഷത്തെ  അധ്വാനമാണ് ചിത്രത്തിനായി മാറ്റി വെച്ചത്. ട്രംപിന്റെ മകൾ ഇവാൻകയ്ക്ക് ഹൈദരാബാദിൽ നൽകുന്ന തക്കാരത്തിൽ പങ്കെടുക്കില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മെർസലിനേക്കാൾ ഗംഭീരമായി ഈ സിനിമ വിജയിപ്പിക്കാൻ സംഘ പരിവാർ ക്വട്ടേഷനെടുത്തിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. ഈ വിഷയത്തിൽ റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസാമിയുടെ ചുവടുമാറ്റം ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാത്രി റിപ്പബ്ലിക്കിലെ ചർച്ച സിനിമയെ അനുകൂലിച്ചു കൊണ്ടായിരുന്നു. സിനിമ കണ്ട് തനിക്ക് ബോധ്യപ്പെട്ട കാര്യമാണിതെന്ന് പറഞ്ഞപ്പോഴേക്ക് ചാനൽ ഫാൻസുകാരുടെ പൊങ്കാലയും തുടങ്ങിയിരുന്നു. 

***    ***    ***

ഇന്ത്യക്കാരിയുടെ സൗന്ദര്യം ലോകം വീണ്ടും അംഗീകരിച്ചു. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ചില്ലാർ ഒന്നാം സ്ഥാനം നേടിയെടുത്തത്. ഹരിയാനയിലെ സൊൻപതിലെ ഭഗത് ഫുൽസിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ് മാനുഷി. മോഡിജിയുടെ വസ്ത്രഭ്രമമാണ് ഈ സുന്ദരിയ്ക്ക് പ്രചോദനമായത്. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരിയാണ് മാനുഷി. ഇതിനിടയ്ക്ക് ശശി തരൂരിന്റെ ട്വീറ്റ് വിവാദമാവുകയും ചെയ്തു.  നോട്ട് നിരോധനം അബദ്ധമായിപ്പോയി,  ഇന്ത്യൻ പണം  ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസിലാക്കണമായിരുന്നു. നോക്കൂ, ചില്ലറ (ചില്ലാർ) പോലും ലോക സുന്ദരിയായിരിക്കുന്നു. ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ രക്ഷയ്‌ക്കെത്തിയത്  മാനുഷി ചില്ലാർ തന്നെ. ലോക സുന്ദരി പട്ടം നേടിയ പെൺകുട്ടിയെന്ന നിലയിൽ തന്നെ ഇത്തരം കളിയാക്കൽ ഒന്നും തന്നെ ബാധിക്കില്ലെന്ന് മാനുഷി ട്വീറ്റ് ചെയ്തു.  ചില്ലറയിൽനിന്ന് ചില്ലാറിലേയ്ക്ക് ഒരു ചെറിയ മാറ്റം മാത്രമേയുള്ളൂ അത് നമുക്ക് മറക്കാമെന്നും മാനുഷി വ്യക്തമാക്കി.    
മാനുഷിയ്ക്ക്  നന്ദി അറിയിച്ച തരൂർ, താൻ പറഞ്ഞത് അതിന്റേതായ സ്പിരിറ്റിൽ എടുത്തത് ആഹ്ലാദകരമാണെന്ന് പ്രതികരിച്ചു. 

***    ***    ***

അൽഫോൻസ് കണ്ണന്താനത്തിന് കഷ്ട കാലം തീരുന്നില്ല. ടൂറിസം വികസിപ്പിക്കാൻ ഫ്‌ളൈറ്റ് എടുക്കാതെ നോർത്ത് ഈസ്റ്റിൽ ചെന്നതായിരുന്നു. ഇംഫാൽ വിമാനത്താവളത്തിലെത്തിയ അൽഫോൻസ് കണ്ണന്താനത്തിന് മുന്നിൽ വനിത ഡോക്ടർ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. എഎൻഐയെ ഉദ്ധരിച്ച് ന്യൂസ് 18 ഉൾപ്പെടെയുള്ള ചാനലുകൾ വാർത്ത റിപ്പോർട്ട് ചെയ്തു.  വിമാനം വൈകിയതിനെ തുടർന്നായിരുന്നു  ലേഡി ഡോക്ടറുടെ വൈകാരിക പ്രതികരണം. അൽഫോൻസ് കണ്ണന്താനത്തിന് വേണ്ടിയാണ് വിമാനം വൈകിപ്പിച്ചത് എന്നായിരുന്നു ആരോപണം. അതീവ ഗുരുതരാവസ്ഥയിൽ ഉള്ള ഒരു രോഗിയെ ചികിത്സിക്കാനാണ്  ഡോക്ടർ യാത്രക്ക് വിമാനം തെരഞ്ഞെടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ കർത്തവ്യ ബോധമുള്ള ഏത് ഡോക്ടറും അൽപം ഇമോഷണൽ ആയിപ്പോകും. തന്റെ വിമാനം ഇനിയും വൈകില്ലെന്ന് എഴുതിത്തരണമെന്ന്  യുവ ലേഡി ഡോക്ടർ കണ്ണന്താനത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ വിമാനത്തിന് കടന്നുപോകാനാണ് കാത്തിരിപ്പെന്ന വിശദീകരണം വരുമ്പോഴേക്ക് കണ്ണന്താനത്തെ പണിയില്ലാത്ത മലയാളികൾ ആഘോഷിക്കുകയും ചെയ്തു.  

***    ***    ***

രാഷ്ട്രീയ പ്രമാണിമാർ കായലുകളും മലകളും കയ്യേറി മുന്നേറുകയാണ്. അതിനിടയ്ക്കാണ് ഇടുക്കി എം.പി കൊട്ടക്കാനൂരിൽ ഭൂമി കയ്യേറിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇത് മറ്റു ചാനലുകാരും ഏറ്റു പിടിച്ചു. പന്ത്രണ്ട് വർഷത്തിനിടയ്ക്ക് പൂക്കുന്ന നീലക്കുറിഞ്ഞി ഇനിയെന്ത് ചെയ്യുമെന്ന് പറഞ്ഞാണ് വിലാപം. ആശങ്ക ഒട്ടും വേണ്ടതില്ല, വൺ റ്റു ത്രി മന്ത്രി ഫലപ്രദമായി ഇടപെടുന്നതോടെ നീലക്കുറിഞ്ഞി കാലപരിധി ഇരുപത്തിനാലോ മുപ്പത്തിയാറോ വർഷമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ കുറിഞ്ഞി ഉദ്യാനമാകെ കരിച്ചു കളയാം. കോപ്പിയടിച്ച് ഐ.എ.എസ് പാസായവർക്കൊക്കെ കണ്ടിരിക്കാം.  ഇവിടെ തന്നെ കുറിഞ്ഞി പൂക്കുന്നത് കാണണമെന്ന് വാശി പിടിക്കുന്നതെന്തിന്? അത്യാവശ്യക്കാർ കൊടൈക്കനാലിലോ കർണാടകയിലേക്കോ പോയ്‌ക്കോട്ടെ. കുമരകം കായലിന്റെ കാര്യത്തിൽ വിപ്ലവ യുവ സംഘം നടപടിയെടുത്ത ദിവസം തന്നെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഇത് ചർച്ച ചെയ്ത് ധീരത പ്രകടിപ്പിച്ചു. കൊച്ചിയിലെ ടെസ്റ്റ് ഡോസ് കണ്ട് മനസ്സിലാക്കാത്ത മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ സെക്രട്ടറിയേറ്റിന്റെ  വാതിൽ അടച്ചിട്ടതോടെ നാലാമതൊരു എസ്റ്റേറ്റില്ലെന്ന് ഏവർക്കും ബോധ്യപ്പെട്ടു. അല്ലെങ്കിലും മുഖ്യമന്ത്രിയെ ചാനൽ വടി കൊണ്ട് തോണ്ടുന്നതൊക്കെ ശരിയാണോ? സ്റ്റഡി ക്ലാസ് കൂടി ആയതോടെ എല്ലാം പൂർണമായി. തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പത്രക്കാർ  വർഷാവർഷം പ്രസ് അക്കാദമിയിൽ ചെന്ന് യോഗ്യത ഉറപ്പു വരുത്തി അക്രഡിറ്റേഷൻ പുതുക്കണം. റിഫ്രഷർ കോഴ്‌സിൽ ചേർന്ന് ലോക വിവരം വർധിപ്പിക്കുകയും വേണം. ഈ നിർദേശങ്ങൾ കേട്ടപ്പോൾ അടുത്തിടെ സൂപ്പർ ഹിറ്റായി ഓടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കള്ളനായ ഫഹദ് ഫാസിൽ പോലീസുകാരെ പരിഹസിക്കുന്ന ഒരു രംഗമാണ് ഓർത്തത്. പോലീസ് ആപ്പീസർമാർ വളരെ ഗൗരവത്തോടെ നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യം  വയർലസിലൂടെ വരാതിരിക്കാൻ നോക്കണമെന്ന് പറഞ്ഞപ്പോഴാണ് വാട്ട്‌സപ്പ് ചെക്കന്മാർ ഇതിന്റെ രംഗങ്ങൾ കൈമാറി രസിക്കുകയായിരിക്കുമെന്ന് ഫഹദ് പ്രതികരിച്ചത്.  പത്രക്കാരെ ഉപദേശിച്ചത് കൊള്ളാം. എന്നിരുന്നാലും എൻഡിടിവി ലേഖികയുടെ ഇംഗ്ലീഷിലെ അവസാന ചോദ്യത്തിന് കൂടി മുഖ്യൻ ഉത്തരം പറഞ്ഞിരുന്നുവെങ്കിൽ കേരളത്തിന് അഭിമാനിക്കാമായിരുന്നു. അന്തർധാരയൊന്നുമറിയാത്തവർ കരുതും ഇംഗ്ലീഷിലെ ചോദ്യമാണ് ബ്രണ്ണനെ വാർത്താ സമ്മേളനം മതിയാക്കാൻ പ്രേരിപ്പിച്ചതെന്ന്. പൂച്ചയ്ക്ക് മണി കെട്ടാൻ പാകത്തിൽ കായൽ നായകൻ ഇന്ദ്രപ്രസ്ഥത്തിലും മറ്റും കറങ്ങി നടക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഗൈഡൻസ് കോഴ്‌സ് ദർശിച്ച പ്രതിപക്ഷ നേതാവ് പിറ്റേ ദിവസം പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നന്നായി പെരുമാറി. ഒറ്റ കുഴപ്പം. കേരള പത്രപ്രവർത്തക യൂനിയന്റെ (കെ.യു.ഡബ്ലിയു.ജെ.) ചുരുക്കപ്പേര് മൂപ്പർക്ക് കെ.ജെ.യു.ഡബ്ലിയു ആണ്. പഴയ ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ വാർത്താ സമ്മേളനം നടത്തിയതിന്റെ ഫലമാണോ എന്നറിയില്ല. 

 

Latest News