മുനിഞ്ഞ് കത്തുന്ന ബൾബുകൾ

വായന

ഏറെ പുകിലുണ്ടാക്കിയ തന്റെ ഒരു കഥയിലെ കഥാപാത്രം എല്ലാ വെറുപ്പുകളും വിദ്വേഷങ്ങളും ഊരിയെറിഞ്ഞ് ജിദ്ദാ നഗരത്തിൽ വെച്ച് കഥാകൃത്തിനെ ആശ്ലേഷിക്കുന്ന അനുഭവം ഗംഭീരമായിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ, പാണ്ഡിത്യത്തിന്റെ സൗമ്യ ദീപ്ത മുഖമായിരുന്ന കെ.ടി മാനു മുസ്‌ല്യാർ, ദാർശനികനും മലയാളി വേണ്ടത്ര മനസിലാക്കാതെ പോയ മഹാ പ്രതിഭയുമായിരുന്ന കെ.എ കൊടുങ്ങല്ലൂർ ,മികച്ച പത്രാധിപരും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി തുടങ്ങി കോഴിക്കെടെന്ന സാംസ്‌കാരിക ഭൂമികയിലെ സംശുദ്ധ സൗഹൃദങ്ങൾ വരെ ചർച്ച ചെയ്യുന്ന മറ്റ് കുറിപ്പുകൾക്കുമുണ്ട് വായനാ സുഖം.

പിറന്ന നാടിന്റെ ഊഷ്മളതയെ താലോലിച്ചു കൊണ്ട് കടൽ കടന്നവന്റെ വിജയഗാഥകളും വിലാപ കാവ്യങ്ങളും വിരഹ ഗീതങ്ങളും മലയാളിക്ക് പരിചിതമാകുന്നത് കഴിഞ്ഞ അര നൂറ്റാണ്ടിന്റെ കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഏടുകളിൽ പ്രവാസത്തിന്റെ കൈയൊപ്പു കൂടി പതിഞ്ഞു കിടക്കുന്നതുകൊണ്ടാണ്. അതിജീവനത്തിനായി കടൽ കടന്ന് പോയവരുടെ ചരിത്രത്തിന് അര നൂറ്റാണ്ട് പിന്നിട്ടുവെന്ന് പറയുന്ന ചരിത്ര ബോധം എവിടെ നിന്ന് കടന്നുവന്നെന്ന് അറിയില്ല. ആരായിരുന്നു പ്രവാസത്തിന്റെ ആദ്യ കൊടി നാട്ടിയവനെന്നും ആർക്കും നിശ്ചയമില്ല. എങ്കിലും പ്രവാസ ചരിത്രവും അര നൂറ്റാണ്ടായെന്ന് പറഞ്ഞ് ചിലർ ആഘോഷിച്ചു. പത്തേമാരികളിലും ആടു ജീവിതങ്ങളിലും ഗദ്ദാമ കഥകളിലും ഒതുങ്ങാത്ത പ്രവാസ ചരിത്രം അതി വിശാലമാണ്. മരുഭൂമിയെ പോലെ അദ്ഭുതപ്പെടുത്തുന്ന വൈചിത്ര്യങ്ങളുടെ ചരിത്രം. അത് ഇനിയും എഴുതപ്പെടാനിരിക്കുന്നതെയുള്ളൂവെന്ന് പറയുന്ന ഏറനാടിന്റെ സ്വന്തം കഥാകൃത്തായ അബു ഇരിങ്ങാട്ടിരിയുടെ പുതിയ പുസ്തകമായ ലോ വോൾട്ടേജിൽ ഒരു ബൾബിലെ കുറിപ്പുകളും ലേഖനങ്ങളും പ്രവാസിയുടെ വൈവിധ്യ ജീവിത പരിസരങ്ങളിലേക്ക് കൂടി തുറന്നുവെച്ച ജാലകമാണ്. പ്രവാസം  അനുഭവം, ഓർമ എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ച  പത്തൊമ്പത് ലഘു ലേഖനങ്ങളുടെ സമാഹാരമാണ് ലോ വേൾട്ടേജിൽ ഒരു ബൾബ്. പഠനത്തിന്റെയും അവതാരികയുടെയും അകമ്പടിയില്ലാതെ സൈകതം ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ സമാഹരത്തിലെ ഓരോ കുറിപ്പിലും തെളിമയാർന്ന ജീവിതമുണ്ട്. സ്‌നേഹവും പ്രതീക്ഷയും പരിലാളനകളും വിശുദ്ധ പ്രണയവുമുണ്ട്. മലയാളി ഇന്ന് ഏറെ വിചാരപ്പെടുന്ന പുതിയ കുടിയേറ്റ ഭൂമികയെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണവുമുണ്ട്. 
മനുഷ്യകുലത്തിന്റെ ആദി മാതാവ് (ഹവ്വ) ഉറങ്ങുന്ന ചെങ്കടൽ തീരത്തെ മഹാ നഗരമായ ജിദ്ദയിൽനിന്ന് എഴുത്തുകാരൻ നടത്തുന്ന ആദ്യത്തെ മക്കാ യാത്രയുടെ ഹൃദ്യമായ അനുഭവ കുറിപ്പാണ് ഈ സമാഹാരത്തിലെ  ഒന്നാമത്തെ ലേഖനം. വെയിൽ ജലത്തിലൂടെ ആഴക്കടലിലേക്കെന്ന പോലെ എന്ന ശീർഷകം തന്നെ മനോഹരമാണ്. ഭാഷയെ ലാളിത്യം കൊണ്ട് എങ്ങനെ ചൈതന്യവത്താക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ലേഖനം. അതിമനോഹരമായ കൽപനകൾ കൊണ്ട് സമ്പന്നമായ ഈ ലേഖനത്തിൽ ജിദ്ദ-മക്ക യാത്രക്കിടയിൽ എഴുത്തുകാരൻ നോക്കിക്കാണുന്ന മരുഭൂമിയെ കുറിച്ചുള്ള വിവരണമുണ്ട്. അതിങ്ങനെ, പുറത്ത് വെയിൽ ആളാൻ തുടങ്ങിയിരുന്നു. നിലാവിൽ മയങ്ങി കിടന്നുറങ്ങിയ മരുഭൂമി ,വെയിൽ തലോടലിൽ ഉണർന്ന് ചൂടായി കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്റെ മേനിയിലൂടെ അനന്തമായി ഒഴുകി പോയ മുഴുവൻ ജലവും ഏതോ ഒരു നിമിഷത്തിൽ ഒറ്റയടിക്ക് വലിച്ചു കുടിച്ച് വറ്റിച്ച് മരുഭൂമിയാക്കി മാറ്റിയ ഏതൊ ഒരു കാലം കഴിഞ്ഞു പോയിരിക്കാം.
സ്വപ്‌നത്തിൽ കാവൽ മാലാഖമാരോടൊപ്പം തന്നെ തലോടാൻ എത്തുന്ന പ്രവാചകനെ കുറിച്ചുള്ള വർണനകളും ഈ ലേഖനത്തിലുണ്ട്. തകർന്നു പോയ മാതാവിന്റെ മാനസികാവസ്ഥ പൂർവ സ്ഥിതിയിലാക്കി തരാനുള്ള കണ്ണീരണിഞ്ഞ പ്രാർഥനയോടെ അവസാനിക്കുന്ന ഈ ലേഖനം വായനക്കാരന്റെ മനസിൽ ആർദ്രമായ ഒരു അടയാളമായി മാറുന്നു. കുഞ്ഞാക്കയുടെ വീടെന്ന ലേഖനത്തിൽ പ്രവാസി ഏറെ താലോലിക്കുന്ന അരുമ സ്വപ്‌നമായ വീടിനെ കുറിച്ചുള്ള കാഴ്ചകളാണെങ്കിൽ റൈമയുടെ റബർ തോട്ടത്തിൽ ഉപദേശികളുടെ സമൂഹത്തിനെ ആക്ഷേപ ഹാസ്യത്തിൽ മുക്കി കൊല്ലുന്നു. എഴുത്തുകാരന്റെ ഭാര്യ തന്നെയാണ് റൈമ. ഭാവിയിലേക്കുള്ള സമ്പാദ്യം കുറച്ചു റബർ തോട്ടമെന്ന ചതുരത്തിൽനിന്ന് രസകരമായി പുറത്തു കടക്കാൻ കരുത്തുകാണിക്കുന്ന ഒരു പ്രവാസി മനസിനെയും ഈ കുറിപ്പിൽ കാണാം. കൗതുകത്തോടെ വായിച്ചു പോകാവുന്ന മികച്ച കുറിപ്പാണ് റൈമയുടെ റബർ തോട്ടം. ആത്മാവിനു കിട്ടുന്ന വലിയ വലിയ ആഹ്ലാദമായി അറേബ്യയിലെ റമദാൻ മാസത്തെ കൂട്ടിയിണക്കുന്ന എഴുത്തുകാരനിൽ പ്രകടമാകുന്ന ആത്മീയതക്കുമുണ്ട് ഒരു പ്രത്യേകത. മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന കുടിയേറ്റ ഭൂമികകളെ കുറിച്ചുള്ള സങ്കൽപങ്ങളിലേക്കുള്ള കൃത്യമായ നിരീക്ഷണമാണ് അവരെ നാം നീന്തൽ പഠിപ്പിക്കേണ്ടെന്ന കുറിപ്പ്. ഒരു പക്ഷെ മലയാളി ഇന്ന് ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഹൈ വോൾട്ടേജിൽ കത്തി ലോ വേൾട്ടേജിൽ കത്തിയമരുന്ന ഒരു ബൾബ് പോലെയാകരുത് നാടുവിട്ടവന്റെ ജീവിതമെന്ന് ഓർമപ്പെടുത്തുന്ന കുറിപ്പിൽ വലിയ ജീവിത നിരീക്ഷണങ്ങളുണ്ട്. പ്രവാസ ഭൂമിയുടെ നേർചിത്രത്തിൽ നെട്ടോട്ടമോടുന്ന പ്രവാസിയുടെ പലപ്പോഴും ഒതുക്കപ്പെടുന്ന കണ്ണീരും കാണാതെ പോകുന്ന കിനാവുമുണ്ട്. 
ഏറെ പുകിലുണ്ടാക്കിയ തന്റെ ഒരു കഥയിലെ കഥാപാത്രം എല്ലാ വെറുപ്പുകളും വിദ്വേഷങ്ങളും ഊരിയെറിഞ്ഞ് ജിദ്ദാ നഗരത്തിൽ വെച്ച് കഥാകൃത്തിനെ ആശ്ലേഷിക്കുന്ന അനുഭവം ഗംഭീരമായിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ, പാണ്ഡിത്യത്തിന്റെ സൗമ്യ ദീപ്ത മുഖമായിരുന്ന കെ.ടി മാനു മുസ്‌ല്യാർ, ദാർശനികനും മലയാളി വേണ്ടത്ര മനസിലാക്കാതെ പോയ മഹാ പ്രതിഭയുമായിരുന്ന കെ.എ കൊടുങ്ങല്ലൂർ ,മികച്ച പത്രാധിപരും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി തുടങ്ങി കോഴിക്കെടെന്ന സാംസ്‌കാരിക ഭൂമികയിലെ സംശുദ്ധ സൗഹൃദങ്ങൾ വരെ ചർച്ച ചെയ്യുന്ന മറ്റ് കുറിപ്പുകൾക്കുമുണ്ട് വായനാ സുഖം. അതേ സമയം ഈ പുസ്തകത്തിന്റെ മുഖചിത്രം ലേഖനങ്ങളുടെ അന്തസ്സത്ത ഉൾകൊള്ളുന്ന വിധം രൂപകൽപന ചെയ്യാൻ പ്രസാധകർക്ക് സാധിച്ചിട്ടില്ലെന്നത് പോരായ്മ തന്നെയാണ്. രണ്ടാം പതിപ്പിൽ ഇതു പരിഹരിക്കാവുന്നതെയുള്ളു. 
 

Latest News