Sorry, you need to enable JavaScript to visit this website.

ഒറ്റയാൻ -കഥ

അവൻ ആ രാത്രി മുഴുവൻ മഹാ നഗരത്തിലൂടെ അലഞ്ഞു നടന്നു. തെരുവിന്റെ പല ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, അടിപിടികളല്ലാതെ തന്റെ മനസ്സിനിണങ്ങുന്ന ഒരു കാഴ്ചയും അവൻ കണ്ടില്ല. തന്റെ അലച്ചിലിന് ഒരു അന്ത്യം ഉണ്ടാക്കാൻ പല തവണ ആലോചിച്ചു. പക്ഷേ, പേരറിയാത്ത ഏതോ ശക്തി അവന്റെ മനസ്സിനെ അതിനനുവദിച്ചില്ല. ഏതെങ്കിലും ഒരു ഹോട്ടലിൽ റൂമെടുക്കാം. കൈയിൽ അതിനുള്ള പണവുമുണ്ട്. എന്നാൽ അപമാനത്തിന്റെ എല്ലാ അറ്റവും കണ്ട അവന് അതിന് മനസ്സനുവദിച്ചില്ല.
ഇനിയും വയ്യ.
ആത്മാഭിമാനമെന്നത് അവന്റെ ജീവിതത്തിൽ നിന്നും എങ്ങോട്ടോ ഒഴുകിപ്പോയിരിക്കുന്നു. തെറ്റിന്റെ ഒരംശം പോലും തന്റേതായി, അതിലില്ലെങ്കിൽ കൂടിയും. ന്യായം തന്റെ ഭാഗത്താണെന്ന് ആരുടെയും പരിഗണനയിൽ വന്നുമില്ല. വിദ്യാഭ്യാസ യോഗ്യതയും വേണ്ടുവോളം പൊതുവിജ്ഞാനവമുണ്ടായിട്ടും ആരും അവന് ജോലി നൽകിയില്ല. തന്റെ കുലത്തിലെ അവസാന കണ്ണിയായ അവൻ എല്ലാവരാലും അകാരണമായി വെറുക്കപ്പെട്ട്, ആരിൽ നിന്നും ഒരു പരിഗണനയും ലഭിക്കാതെ ഏകാകിയായി നടക്കാൻ തുടങ്ങിയിട്ട് മുപ്പത്തിനാല് വർഷം പിന്നിട്ടിരിക്കുന്നു. തന്റെ 
പിൻഗാമിയായി ആരും തന്നെ ഇനി ഉണ്ടാവരുതെന്ന് അത് കൊണ്ട് തന്നെ അവന് വാശിയുമാണ്. 
മരണം ലക്ഷ്യമാക്കി നടക്കുന്ന ചുരുക്കം ചിലരിൽ അപൂർവമായി മാത്രം കാണപ്പെടുന്ന വ്യത്യസ്ത ചിന്താഗതിക്കാരൻ - അതായിരുന്നു ലക്കി.
ഇവൻ ആരുമാകില്ല എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നിട്ടും, പേരിലെങ്കിലും ഒരു പ്രതീക്ഷയിരിക്കട്ടെ എന്ന് കരുതിയായിരിക്കണം മാതാപിതാക്കൾ ആ പേരിട്ടത്. 
അവൻ നടത്തം ആ പാലത്തിലവസാനിപ്പിക്കാനുറച്ചു. 
അങ്ങേയറ്റത്ത് ഇരുട്ടിൽ ഏകാകിയായ ഒരു രൂപം. അടുത്തപ്പോൾ ഒരു വൃദ്ധനാണെന്ന് മനസ്സിലായി. നിരാശ നിഴലിക്കുന്ന മുഖം. കൈയിൽ കൊന്തമാല. സ്‌തോത്രം ചൊല്ലുകയാണോ അതോ ആരെയെങ്കിലും ശപിക്കുകയാണോ എന്നറിയില്ല. ഏതോ ഒരു നിമിഷത്തിൽ വൃദ്ധന്റെ നോട്ടം തനിക്ക് നേരെയായത് കണ്ട അവൻ ആലോചിച്ചു. അടുത്തേക്ക് പോയാലോ? 
തന്നെ അറിയുന്നയാളാണെങ്കിൽ എന്തായാലും നല്ല സമീപനമായിരിക്കില്ല എന്നറിയാമെങ്കിലും , അങ്ങോട്ടേയ്ക്ക് ചെന്നു. 
വൃദ്ധന്റെ തൊട്ടടുത്തായി ഇരുന്നു. ഏതോ ലോകത്തിൽ നിന്നെന്ന പോലെ പെട്ടെന്ന് ,ഏതാന്തതയിൽ നിന്നും ഞെട്ടിയുണർന്ന് അയാൾ ചോദിച്ചു. 
'ആരാ'  തനി സ്പാനിഷിലാണ് ചോദ്യം. പേര് പറയാൻ അവനൊന്ന് മടിച്ചു. 
ചോദ്യം വീണ്ടുമുയർന്നപ്പോൾ രണ്ടും കൽപിച്ച് പേര് പറഞ്ഞു. 
ആ നിമിഷം തന്നെ ശകുനത്തെ പഴിച്ച്്് വൃദ്ധൻ എഴുന്നേറ്റ് പോയി. അവൻ ഏറെ നേരം എന്തൊക്കെയോ ആലോചിച്ചതിന് ശേഷം ഒരു ദൃഢപ്രതിജ്ഞയെടുത്തത് പോലെ എഴുന്നേറ്റു. അവൻ പാലത്തിന്റെ കൈവരിയിൽ കയറി നിന്നു. ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. 
തന്റെ കുലമുദ്രയുള്ള മാല റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം നദിയുടെ അഗാധതയിലേക്ക് നോക്കി പുഞ്ചിരിച്ചു.
 

Latest News