Sorry, you need to enable JavaScript to visit this website.

അതിരുകളില്ലാത്ത ഭൂമി-കഥ 

ഉത്തരേന്ത്യയിലെ മുറൈനാ ഗ്രാമത്തിൽ ജനിച്ചു വളർന്ന വിദ്യാർത്ഥിയാണ് ഗുൽദീബ് സിംഗ്. ഒഴിവു ദിവസങ്ങളിൽ യാത്ര പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഡയറിയെഴുത്ത് അവന്റെ ഒരു വിനോദമായിരുന്നു. മഞ്ഞുപെയ്യും ഡിസംബറിന്റെ മനോഹാരിതയിൽ അവന്റെ മനസ്സിലിടം പിടിച്ചത് കുങ്കുമപ്പൂവിന്റെ നിറമുള്ള, മനോഹരമായ നദികളൊഴുകുന്ന കശ്മീർ ആയിരുന്നു.. 
കശ്മീർ അവന്റെ ശ്രദ്ധയിലായതിൽപ്പിന്നെ ഇന്ത്യൻ തെരുവുകളെ ഓരോന്നായി കീറി മുറിച്ചു പഠിക്കുക എന്നതായി അവന്റെ സ്വപ്‌നം.
വളരെ വൈകാതെ തന്നെ ആ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കുകയും ചെയ്തു. ആരാണ് ദൈവത്തിന്റെ ഭൂമിയിൽ അതിർ വരമ്പുകളും നിയമങ്ങളും ഉണ്ടാക്കിയതെന്ന ചോദ്യം അവന്റെ മനസ്സിനോട്  അവൻ ചോദിച്ചു കൊണ്ടിരുന്നു. കശ്മീർ താഴ് വരകളിൽ രക്തമൊഴുകുന്നതും
സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നതും കാണുമ്പോൾ അവന്റെ മനസ്സിലേൽക്കുന്ന മുറിവുകൾക്ക് ഒരു അഗ്നിപർവതത്തെക്കാൾ കാഠിന്യം ഉണ്ടായിരുന്നു. കശ്മീർ പാക്കിസ്ഥാന്റേതോ ഇന്ത്യയുടേതോ എന്ന ചിന്ത ഗുൽദീബിനെ വല്ലാതെ അലട്ടി. 
ഭരണകൂടം ഇന്ത്യൻ ജനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനീതിയും
അക്രമവുമാണെന്ന് ഗുൽദീബിന് തോന്നിത്തുടങ്ങി. ഒരു രാജ്യത്തെ ഭരണാധികാരി തന്റെ ജനങ്ങളെ ഭയപ്പെടുന്നുണ്ടെങ്കിൽ ആ രാജ്യത്തെ ജനങ്ങൾ അവരുടെ ഭാവിയെ കുറിച്ച് ഭയപ്പെടണമെന്ന ചിന്ത ഒറ്റക്കിരിക്കുമ്പോൾ അവനെ വരിഞ്ഞു മുറുക്കി. 
വാരാന്ത്യ ദിവസങ്ങളിൽ നാട്ടിലെ യുവജന സംഘടനയുടെ സാംസ്‌കാരിക പരിപാടികൾ ഗുൽദീബിന്റെ വീട്ടിൽ വെച്ചാണുണ്ടാവാറുള്ളത്. അന്നേ ദിവസം അവിടെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കും. ഓരോ കുട്ടിയെ കാണുമ്പോഴും 
ഗുൽദീബിന്റെ ഓർമ്മകൾ വീണ്ടും കശ്മീരി കുട്ടികളിലേക്കോടിപ്പോവും, 
വർഷങ്ങൾക്ക് മുൻപ് ബോംബെ സന്ദർശിച്ചപ്പോൾ പരിചയപ്പെട്ടിരുന്ന ബോംബെവാലയുമായുള്ള സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട് ഗുൽദീബ്. അന്ന് ചായക്കടയിൽ നിന്ന് പറഞ്ഞ വാക്കുകളാണ് ഇന്ന്
ഗുൽദീബിന്റെ ചെവിയിൽ മുഴങ്ങി കേൾക്കുന്നത്. പാവങ്ങൾക്കും രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ചെലവഴിക്കേണ്ട പണം യുദ്ധോപകരണങ്ങൾക്കും സൈന്യത്തെ തീറ്റി പോറ്റാനും ഉപയോഗിക്കേണ്ടി വരുന്നതിന്റെ ഭവിഷ്യത്തായിരുന്നു അന്നത്തെ ചായയിലും ചർച്ചയിലും അലിഞ്ഞു ചേർന്നത്.


മുന്നും പിന്നും നോക്കിയില്ല. ഗുൽദീബ് ജനങ്ങളെ ബോധവൽക്കരണം 
നടത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധ റാലികളും മുദ്രാവാക്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപിപ്പിക്കാൻ ഒറ്റനാൾ കൊണ്ട് തന്നെ ഗുൽദീബിനു കഴിഞ്ഞു. അവന്റെ പ്രഭാഷണങ്ങൾ ശരവേഗത്തിൽ തന്നെ നാടും നഗരവും വീടും കുടുംബവും ഒരേരീതി
യിൽ ഏറ്റെടുത്തു. തെരുവുകൾ പ്രതിഷേധത്തിന്റെ ഇടങ്ങളാണല്ലോ തെരുവിലിറങ്ങി പോരാടാൻ അവർ ഒന്നിച്ചിറങ്ങി.

'യുദ്ധം ചെയ്യുമ്പോൾ രാജ്യത്തെ മുതലാളിമാർക്കും ആയുധധാരികൾക്കും മാത്രമേ പ്രയോജനമുണ്ടാവുകയുള്ളൂവെന്ന്'ഗുൽദീബ്  അവരെ ബോധ്യപ്പെടുത്തി. യുദ്ധത്തെ എതിർക്കുകയും, അതിന് വഴി വെക്കുന്ന നിയമങ്ങളേയും ഉത്തരവുകളേയും നിരാകരിക്കുകയും, കത്തിയും ബോംബും 
മറ്റു ആയുധങ്ങൾ നിർമ്മിക്കുന്നവരേ ഉന്മൂലനം ചെയ്യുകയും ചെയ്താൽ നമുക്ക് സമാധാന ജീവിതം കിട്ടുമെന്ന്  ഗുൽദീബ്  തെരുവിൽ ഇറങ്ങി  തന്റെ  ജനതയെ ഉണർത്തി.. മനസ്സിനെ മുറിപ്പെടുത്തുന്ന, വേദനിപ്പിക്കുന്ന,  ഇത്തരം അക്രമങ്ങളും അനീതികളും ഒരു പരിധി വരെ  സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെരുവ് പ്രതിഷേധങ്ങളിലൂടെയും തടയാൻ ഓരോ ഗുൽദീബ്  മാർക്കും കഴിയുന്നു എങ്കിൽ - ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ 
മനുഷ്യനും ജീവനും സംരക്ഷണം നൽകാൻ ശേഷിയുള്ള രാജ്യങ്ങൾ നാളെ വളർന്നു വരിക തന്നെചെയ്യും.!

'ഓരോ ഗുൽദീബുമാരുടെയും ശക്തി നമ്മൾ ഓരോരുത്തരുമാണ്..'

അതെ, അപ്പോഴാണ് ഒറ്റച്ചെടിയിൽ ഒരുപാട് പൂക്കൾ വിടരുന്നതും സൗരഭ്യം പരക്കുന്നതും.
പക്ഷെ..
നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അടർക്കളത്തിലിറങ്ങി ജീവൻ വരിച്ച ഓരോ മഹാരഥന്മാരെപ്പോലെ നമ്മുടെ ഗുൽദീബ് സിഗും നമ്മെയും നാടിനെയും
വിട്ട് നെഞ്ചിൽ കാപാലികരുടെ വെടിയുണ്ടയേറ്റ്  അതിരുകളില്ലാത്ത മറ്റൊരു ലോകത്തേക്ക്  യാത്രയായി. അതെ ഓരോ രക്തസാക്ഷിയും ചരിത്രം സൃഷ്ടിച്ചവരാണ്. അവരെന്നും നമ്മോടൊപ്പം ജീവിക്കുന്നവർ തന്നെ.
 

Latest News