Sorry, you need to enable JavaScript to visit this website.

അവസ്ഥാന്തരം -കഥ

ബാരാമതി എം.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ  രവി പാട്കർ  എന്നെ കൊണ്ടുവിട്ടു പോകുമ്പോൾ സമയം രാവിലെ ആറു മണിയാകുന്നതേയുള്ളു.
പൊട്ടിവിടരുന്ന പ്രഭാതത്തെ പാടിയുണർത്തിയ കിളികളുടെ ആരവം അപ്പോഴും നിലച്ചിരുന്നില്ല.
സ്റ്റാന്റ് ശൂന്യമാണ്.
പൂനെ സ്റ്റേഷനിൽ നിന്നും  സാഗ്ലി വില്ലേജിൽ നിന്നും രാത്രി അവസാനമായി വന്ന രണ്ടു ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു. യാത്രക്കാരൊന്നും എത്തിത്തുടങ്ങിയിട്ടില്ല.. ഒന്നുരണ്ടു കന്നുകാലികളും തെരുവുപട്ടികളും സ്റ്റാൻഡിനകത്തും പുറത്തുമായി സുഖശയനത്തിലാണ്.
രാത്രി വളരെനേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ടാവും നല്ല വിശപ്പുണ്ട്. ഇറങ്ങാൻ നേരം ചായയിട്ടു തരുമ്പോൾ രവിയുടെ അമ്മ പ്രത്യേകം പറഞ്ഞതാണ്.
'നാസ്ത ഖാ.. അണി ജാ..'
പ്രാതൽ കഴിച്ചിട്ട് പോയാൽ മതി എന്ന്.
'നകോ ആയി..'
വേണ്ടമ്മേ എന്നു പറഞ്ഞ് സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു.
അത്യാവശ്യമായി പൂനെയിൽ എത്തേണ്ടതുണ്ട് എന്ന കള്ളം പറഞ്ഞ്് ഇത്രരാവിലെ പുറപ്പെട്ടത് എന്തിനാണെന്ന് എനിക്കു തന്നെ നിശ്ചയമില്ല. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്ന അമ്മയെ ബുദ്ധിമുട്ടിക്കേണ്ട എന്നേ കരുതിയുള്ളൂ.

വർഷങ്ങൾക്ക് ശേഷം മകന്റെ മദ്രാസിയായ കൂട്ടുകാരൻ വരുന്ന വിവരം ആഴ്ചകൾക്കു മുമ്പേ അമ്മ അയൽപക്കത്തുള്ളവരോട് പറഞ്ഞു തുടങ്ങിയിരുന്നു എന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും  വരുന്ന വഴി  രവി പറഞ്ഞതോർത്തു.
ഈ വയ്യായ്കയിലും എന്തൊക്കെ തരം ഭക്ഷണങ്ങളാണ് അമ്മ എനിക്കു വേണ്ടി ഉണ്ടാക്കി വെച്ചത്.
പുരൺപോലി
റാഗ്ഡപാട്ടീസ്
സോൽകടി
മോടക്
ബജ്‌റ റൊട്ടി..
സസ്യാഹാരങ്ങളുടെ സ്വാദൂറുന്ന അനേകം മറാത്തി വിഭവങ്ങൾ.
എന്തിനാണ് ഇത്രയധികം ഭക്ഷണങ്ങൾ എന്ന എന്റെ ദീർഘശ്വാസം കേട്ട് അവർ പുഞ്ചിരിച്ചതേയുള്ളൂ. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു ശീലമുള്ളതു കൊണ്ടും അപരിചിതത്വം ഒട്ടുല്ലാത്തതുകൊണ്ടും നിർബന്ധിക്കാൻ  കാത്തുനിന്നില്ല. വളരെ നേരത്തെ തന്നെ കഴിക്കാൻ ഇരുന്നു.

'വലിയ രുചിയൊന്നും കാണില്ല. ഞാൻ ഒറ്റയ്ക്കല്ലെയുള്ളു. എന്തൊക്കെ ചെയ്യണം. എനിക്കിപ്പോൾ വയ്യ.
പത്തു മുപ്പത്തഞ്ച് വയസ്സായിട്ടും ഇവിടെയൊരുത്തൻ പോത്തിനെപ്പോലെ നടക്കുന്നുണ്ട്. ഒരു പെണ്ണുകെട്ടി  കൊണ്ടുവന്നിരുന്നെങ്കിൽ എനിക്കൊരു സഹായമായേനെ ഈ വയസ്സാംകാലത്ത്.'
ഭക്ഷണത്തിന് മുന്നിലിരുന്നു  അമ്മ സങ്കടപ്പെട്ടു.
ഇതിനു മുമ്പും പലപ്പോഴുമവർ ഈ സങ്കടം പങ്കുവെച്ചിട്ടുണ്ട്. മുമ്പ് ഒന്നുരണ്ടു തവണ ഫോൺ ചെയ്തപ്പോഴും  ഇതേ കാര്യം പറഞ്ഞു കുറെ കണ്ണീരൊഴുക്കിയിട്ടുണ്ട്.  അന്നു ഞാനവരെ ആശ്വസിപ്പിക്കുകയായിരുന്നു.
ഇക്കാര്യം രവിയോട്  പലതവണ സൂചിപ്പിച്ചതാണ്.
'പണ്ടെങ്ങോ തേച്ചിട്ടു പോയ ഒരു പെണ്ണിനെ ഓർത്ത് ശിഷ്ടജീവിതം  പാഴാക്കരുത്. അമ്മയ്ക്ക് തുണ നീ മാത്രമേയുള്ളൂ. പിന്നീട് ദുഃഖിക്കേണ്ടി വരും.'
നിശ്ശബ്ദമായി കേൾക്കുകയല്ലാതെ ഒരിക്കലും  അവനിൽ നിന്നൊരു പ്രതികരണം ഉണ്ടായിട്ടില്ല. ചിലപ്പോൾ കണ്ണുകൾ നിറയുന്നത് കാണാം. ആ ഒരു പ്രണയം  അവന്റെ മനസ്സിന് എത്രത്തോളം ഉലച്ചിൽ തട്ടിയിട്ടുണ്ടെന്ന് സുഹൃത്ത് എന്ന നിലയിൽ  ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

തന്റെ സങ്കടം അമ്മ വീണ്ടും നിവർത്തിയപ്പോൾ  അവൻ പഴയപടി നിശ്ശബ്ദനായി. കയ്യിലിരുന്ന റൊട്ടിക്കഷണം പാത്രത്തിൽ ഉപേക്ഷിച്ചു എണീറ്റു.
അമ്മ തന്റെ വിധിയെ പ്രാകി കുറേനേരം കണ്ണീർ വാർത്തു.  ഒന്നും കഴിച്ചതുമില്ല. ഈ രംഗത്ത്  അതിഥികഥാപാത്രമായ ഞാൻ
രണ്ടുപേരും ഒന്നും കഴിക്കാതെ എണീറ്റ് പോകുന്നത് നിസ്സഹായനായി കണ്ടുനിന്നു. പിന്നെ എനിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല.
അമ്മ പലതവണ നിർബന്ധിച്ചെങ്കിലും
മതി അമ്മേ.. വയറു നിറഞ്ഞു
എന്നു പറഞ്ഞു സ്‌നേഹത്തോടെ ഒഴിഞ്ഞു മാറി.
കൗണ്ടറിനരികിൽ ചെന്ന് ടിക്കറ്റെടുത്തു.
എത്ര മണിക്കാണ് പൂനെയിലേക്കുള്ള ബസ് പുറപ്പെടുക എന്ന അന്വേഷണത്തിന്  അവിടെ  ഇരുന്ന ജീവനക്കാരൻ കോട്ടുവായ്‌ക്കൊപ്പം തന്ന മറുപടി അവ്യക്തമായിരുന്നു. സ്റ്റേഷനകത്ത് ദിനപത്രം വിൽക്കുന്ന പയ്യനിൽ നിന്ന് പത്രവും വാങ്ങി ബസ്സിന്റെ ഊഴവും കാത്ത് ഇരിപ്പിടം തിരഞ്ഞപ്പോൾ ആകെയുള്ള മൂന്നു സിമൻറ് ബെഞ്ചുകളിൽ ഒന്നു ഒരു തെരുവു പട്ടി കയ്യടക്കിയിരിക്കുന്നു. മറ്റൊന്ന് വളരെ വൃത്തിഹീനവും.
പിറകിലെ മൂന്നാമത്തെ ബെഞ്ചിൽ ഒരു മധ്യവയസ്‌കൻ ചെറിയൊരു
കർചീഫ് കൊണ്ട് മുഖം മറച്ചു  നീണ്ടുനിവർന്നു കിടക്കുന്നു.
മുഷിഞ്ഞ വസ്ത്രവും കോതിയൊതുക്കാത്ത വരണ്ട തലമുടിയും  മുഖം നിറഞ്ഞു നിൽക്കുന്ന നീണ്ട താടിയുമുള്ള ഒരാൾ. തുന്നിക്കെട്ടിയ പഴയൊരു ഹാൻഡ് ബാഗ് തലയണയായി വെച്ചിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടിയുള്ള ഇരിപ്പിടം കയ്യടക്കി സുഖനിദ്ര കൊള്ളുന്ന ആ മനുഷ്യനോട് എനിക്കപ്പോൾ വല്ലാത്ത ഈർഷ്യ തോന്നി.
ബസ് സ്്്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും ഇതുപോലെ അനേകം മനുഷ്യരെ നമ്മൾ കാണാറുണ്ട്. നിലതെറ്റിയ മനസ്സിന്റെ പിന്നാലെ ദിക്കറിയാതെ ഓടുന്നവർ.
അങ്ങനെ ആരെങ്കിലുമാവാം..

ദൂരെ  ഗ്രാമത്തിൽനിന്നും രാത്രി അവസാന ബസ്സിൽ വന്നിറങ്ങി പുലരാൻ കാത്തുകിടന്ന  കർഷകരുടെ ഉച്ചത്തിലുള്ള സംസാരവും കുട്ടികളുടെ നിലവിളിയും വായനക്ക് തടസ്സമായപ്പോൾ ഞാൻ പത്രം മടക്കിവെച്ചു.
ബസ്സ് പുറപ്പെടാൻ ഇനിയും അരമണിക്കൂർ സമയമുണ്ടെന്ന് പുകയില വായിൽ തിരുകുന്നതിനിടയിൽ  ബസ് ജീവനക്കാരൻ പറഞ്ഞു. 
അതിനു മുമ്പ് ഒരു ചായ കുടിക്കാം എന്ന് കരുതി സ്റ്റേഷന് പുറത്തുള്ള തട്ടുകട ലക്ഷ്യമാക്കി നടന്നു. ചായയും വടാപാവും കഴിച്ചുകൊണ്ടിരിക്കുമ്പോൾ
തൊട്ടു മുൻപിൽ നിൽപ്പുണ്ട്
അൽപ്പം മുമ്പ് സ്റ്റേഷനകത്തെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്ന മനുഷ്യൻ. അപ്പോഴാണ് ഞാനയാളുടെ മുഖം വ്യക്തമായി കാണുന്നത്.

ആ നിമിഷം എന്റെ ഹൃദയത്തിലൂടെ വലിയൊരു മിന്നൽപ്പിണർ കടന്നു പോയതു പോലെ തോന്നി. ഞാനയാളെ വീണ്ടും വീണ്ടും സൂക്ഷിച്ചുനോക്കി. ഓർമ്മയുടെ ചില്ലകളിൽ എവിടെയോ  തൂങ്ങിക്കിടക്കുന്നത് പോലെ..
ഭൂതകാല ജീവിതയാത്രയിലെ ഏതോ വഴിയോരത്ത് വെച്ച്  ഞാനീ മനുഷ്യനെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന ഒരു തോന്നൽ. അതൊരു തോന്നൽ മാത്രമല്ല എന്ന് മനസ്സ്  ആവർത്തിച്ചു പറയുന്നു.

വളരെ പതിഞ്ഞ ശബ്ദത്തോടെ തട്ടുകടക്കാരനോട് അയാൾ ചായ ചോദിക്കുന്നു. കടക്കാരൻ കൊടുത്ത ചായ അയാൾ ഊതി ഊതി കുടിക്കുന്നു.
കുടിച്ച് തീരുന്നതുവരെ ഞാൻ കണ്ണെടുക്കാതെ അയാളെത്തന്നെ  വീക്ഷിച്ചു കൊണ്ടിരുന്നു.
മുഷിഞ്ഞ വസ്ത്രം. നീണ്ട തലമുടിയും കെട്ടുപിണഞ്ഞ താടിരോമങ്ങളും.
ഇടതു നെറ്റിയിൽ മുറിവുണങ്ങിയ നീണ്ട കറുത്ത പാട്.
ഇടയ്ക്ക് അയാൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്.
ഞാൻ പുഞ്ചിരിച്ചു. അയാളും.. 
ആവർത്തിച്ചുള്ള എന്റെ നോട്ടം ശ്രദ്ധിച്ചതാവണം വേഗം ചായ കുടിച്ചു നാണയത്തുട്ടുകൾ എണ്ണിക്കൊടുത്തു അതിവേഗം നടന്നു പോയി.
തുന്നിക്കെട്ടിയ പാൻറും തേഞ്ഞു തീർന്ന പാദരക്ഷയും അയാളുടെ വർത്തമാന ചിത്രം എടുത്തുകാട്ടുന്നുണ്ട്.
ഓർമ്മയുടെ ബോധമണ്ഡലങ്ങളിൽ അയാളെയും  തിരഞ്ഞു ഞാൻ  അവിടെത്തന്നെ നിന്നു.
ബസ്സ് പുറപ്പെടാൻ ഇനിയും സമയമുണ്ട്. കാത്തിരിപ്പിന്റെ മുഷിപ്പറിയാതെ ആ മനുഷ്യനെ  കണ്ടുമറന്ന വഴികൾ തേടി മനസ്സു സഞ്ചരിച്ചു കൊണ്ടിരുന്നു.

തിരയടങ്ങിയ ഓർമ്മകളുടെ തീരത്ത് വച്ച് ഒടുവിൽ ഞാനയാളെ കണ്ടെത്തി.
സുരേഷ് കുമാറിനെ.
ബാന്ദ്രയിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ റിക്രൂട്ടിംഗ് കമ്പനിയുടെ എം.ഡിയായിരുന്നു സുരേഷ്. ഇഷ്ടംപോലെ പണവും അടിച്ചുപൊളിക്കാൻ സ്ത്രീപുരുഷ സൗഹൃദവും. തൊണ്ണൂറുകളിൽ നഗര ജീവിതം ആസ്വാദകമാക്കി വിരാജിച്ച അതേ സുരേഷ് കുമാർ തന്നെ.

'നഗരത്തിലെ അറിയപ്പെടുന്ന അധോലോക സംഘത്തിലെ അംഗമായിരുന്നു ഒരു കാലത്ത് സുരേഷ് കുമാർ. കൊള്ളയും കൊലയും  ഭീഷണിപ്പെടുത്തിയുള്ള ഹഫ്ത പിരിവും എന്ന് വേണ്ട ഗുണ്ടായിസത്തിന്റെ സകലമേഖലകളിലും വിലസിയ യൗവനം. അധോലോക നേതാവിന്റെ ആശീർവാദത്തോടെയായിരുന്നു ട്രാവൽ റിക്രൂട്ടിംഗ് ഓഫീസിന്റെ ആരംഭം.  അടിവെച്ചടിവെച്ചുള്ള കയറ്റത്തിൽ സുരേഷ്, നഗരത്തിലെ സുരേഷ് ഭായിയായി വളർന്നു.
ആഡംബര വാഹനങ്ങൾ, ഫഌറ്റുകൾ. സുരേഷുമായി സൗഹൃദം സ്ഥാപിക്കാൻ കോളേജ് കുമാരികൾ മുതൽ വീട്ടമ്മമാർ വരെ ആഗ്രഹിച്ച കാലം.
നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള യാത്രകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസം. സ്ത്രീസൗഹൃദത്തിന്റെ ആഴങ്ങളെയും ഉപരി തലങ്ങളെയും പരമാവധി ചൂഷണം ചെയ്തു ഭൂമി സ്വർഗമാക്കിയ ഭാഗ്യവാൻ. സഹപ്രവർത്തകനായ സാമുവലാണ് റാണി വിഹാറിലെ ഒരവധിദിന സന്ധ്യയിൽ ബാഗ് പൈപ്പറിന്റെ തണുത്ത ലഹരിയിലായിരുന്നു സുരേഷിന്റെ ജീവിതം വിവരിച്ചത്.
ഗൾഫിൽ പോകാൻ  മുംബൈയിലെത്തിയ കൊല്ലത്തുകാരി ഓമനയുമായി സുരേഷ് പ്രണയത്തിലായതും അന്ധേരിയിൽ  ഒരുമിച്ചു താമസം തുടങ്ങിയതും സാമുവലാണ് പറഞ്ഞത്. അയാളുടെ പുത്തൻ പണത്തിന്റെ പളപ്പും പേശികളുടെ ബലവും  ആഡംബര വാഹനത്തിലെ  സവാരിയും ആസ്വദിച്ച ഓമന ബി.എസ്‌സി നഴ്‌സിങ് സാക്ഷിപത്രവും ഗൾഫ് മോഹവും വലിച്ചെറിഞ്ഞു  ഒപ്പം കൂടി.

ഒരിക്കൽ സാമുവലാണ് സുരേഷിനെ  പരിചയപ്പെടുത്തിയത്.ആ ഒറ്റ കൂടിക്കാഴ്ചയിൽ സാമുവൽ പറഞ്ഞ എല്ലാ കഥകളും വെറും കെട്ടുകഥകളാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു അയാളുടെ
പെരുമാറ്റം. ദീർഘകാല സുഹൃത്തിനോടെന്ന പോലെ ഹൃദയം തുറന്നുള്ള സംസാരവും പൊട്ടിച്ചിരിയും. അന്നൊരു ന്യൂ ഇയർ ആഘോഷത്തിന് സുരേഷിന്റെ ക്ഷണം സ്വീകരിച്ചു സാമുവലിനൊപ്പം ചെന്നത്
ഓർമകളുടെ നിറം മങ്ങിയ താളിൽ തെളിഞ്ഞു വന്നു.
അതിഥികളുടെ മധ്യത്തിൽ  സുരേഷും ഓമനയും കാട്ടിക്കൂട്ടിയ അതിരുകടന്ന പ്രണയ ചേഷ്ടകൾ. വെള്ളിത്തിരയിലെ നിഴൽചിത്രങ്ങൾ പോലെ ഒന്നിന് പിറകെ ഒന്നായി പിന്നോട്ട് മറഞ്ഞു പോകുന്നു.
തേഞ്ഞുതീർന്ന ഓർമ്മച്ചക്രങ്ങളുടെ പിൻ കറക്കത്തിൽ സമയം പോയതറിഞ്ഞില്ല.
ബസ്സ് പുറപ്പെടാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ.
സാരമില്ല,
അടുത്ത ബസ്സിൽ പോകാം.
സുരേഷിനെ കാണണം.
ഓർമ്മയുണ്ടോ എന്ന് തിരക്കണം. ഓമനയെക്കുറിച്ച് അന്വേഷിക്കണം. കുറേയേറെ കാര്യങ്ങൾ ചോദിച്ചറിയണം. 
അതിനുള്ള മാനസിക നിലയിൽ ആയിരിക്കുമോ അയാൾ.. സംശയമാണ്.
അയാൾ പോയ വഴി ലക്ഷ്യമാക്കി ഞാൻ അതിവേഗം നടന്നു.

എന്നെ തിരിച്ചറിയുമോ..
പഴയ കാര്യങ്ങളൊക്കെ  ഓർമ്മ കാണുമോ.. ആശങ്ക വീണ്ടും പൊതിഞ്ഞു.
ഏതാനും അടി ദൂരമുള്ള ആ വഴി നാഴിക ദൂരമുള്ള കയറ്റമായി  എനിക്കപ്പോൾ തോന്നി.
ഇല്ല, അവിടെയൊന്നും സുരേഷിനെ കണ്ടില്ല.
ചുറ്റുവട്ടത്തൊക്കെ തിരഞ്ഞു നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു പക്ഷേ എന്നെ അയാൾ തിരിച്ചറിഞ്ഞു കാണും. ഞാൻ വീണ്ടും സംശയങ്ങളുടെ കെട്ടഴിച്ചു.
മടക്കയാത്രയിലുടനീളം എന്റെ ചിന്തകളിൽ സുരേഷ് തലങ്ങും വിലങ്ങും പാഞ്ഞു. വിലകൂടിയ വസ്ത്രവും റൈബൻ സൺഗ്ലാസും പുത്തൻകാറും സുന്ദരികളായ സുഹൃത്തുക്കളും.
അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും.
അയാളുടെ സൗഹൃദവലയത്തിൽ അധികവും സമ്പന്നരുടെ  മക്കളായിരുന്നു. ബിസിനസുകാർ മുതൽ വിദ്യാർഥികൾ വരെ. പിന്നീടെപ്പോഴാണ്  താളം പിഴച്ചത്? കാലത്തിന്റെ പരീക്ഷണശാലയിൽ എപ്പോഴാണയാൾ അടിതെറ്റി വീണത്? ഓർമകളിൽ നിന്നും  സുരേഷിന്റെ നിറമുള്ള  കുറേ ചിത്രങ്ങൾ  ചികഞ്ഞെടുത്തു. പക്ഷേ  ബാരാമതി ബസ് സ്റ്റാൻഡിനകത്തെ വൃത്തിഹീനമായ സിമൻറ് ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രത്തെ കവച്ചുവെക്കുന്ന തിളക്കം മറ്റൊരു ചിത്രത്തിനും അപ്പോൾ ഞാൻ കണ്ടില്ല.

Latest News