ബീഫ് കൈകൊണ്ട് തൊടാതെ ബിൽഗേറ്റ്‌സ് മുതലാളി 

ഹിമാലയത്തിന്റെ തല പോലെയുള്ള നേപ്പാൾ നമ്മുടെ അയൽരാജ്യമായുള്ളത് അനുഗ്രഹമാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് യു.എ.ഇ വഴി പോലും പോകാനാവാതെ വന്നപ്പോൾ ആളുകൾക്ക് ഉപകരിച്ചത് ഇന്ത്യ-നേപ്പാൾ-ഗൾഫ്  റൂട്ടാണ്. ഇതിന് പിന്നിലും മലയാളി സംരംഭകരാണെന്ന് വേണം കരുതാൻ. വിസ കാലാവധി റദ്ദാവുന്ന സാഹചര്യത്തിൽ 95,000 രൂപ വരെ ചെലവുള്ള പാക്കേജായാലും ആളുകൾ പറക്കാൻ തയാറാവും. ഇന്ത്യക്കാർ പെട്രോൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടി കഴിയുകയാണ്. അപ്പോഴതാ നേപ്പാളെന്ന മുൻ ഹിന്ദു രാഷ്ട്രം നമ്മുടെ രക്ഷകനായെത്തുന്നു. 
ഇന്ത്യയിൽ പലയിടങ്ങളിലും പെട്രോൾ ഡീസൽ വില 100തൊട്ടതോടെ ജീവിതച്ചിലവ് മുട്ടിക്കാനായി വിവിധ വഴികൾ തേടുകയാണ് ജനങ്ങൾ. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ ചുരുങ്ങിയ വിലയ്ക്ക് പെട്രോൾ വാങ്ങാനായി അതിർത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുന്നത് ഇപ്പോൾ പതിവു കാഴ്ചയായിരിക്കുകയാണ്. നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തിൽ ഇന്ധനക്കടത്തായി മാറി.  അതിർത്തി കടന്നുള്ള ഇന്ധനം വാങ്ങൽ ഒരു വൻ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
ഇന്ത്യ -നേപ്പാൾ അതിർത്തിയിലെ ഭാരിതർവ, ബസന്ത്പുർ, സെമർവാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളിൽ അതിർത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് സാഹചര്യമൊരുങ്ങിയത്. നേപ്പാളിൽ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാൾ രൂപ) ഇത് 69.50 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യൻ കറൻസിയിൽ 58.88 രൂപയാണ്. 94.20 നേപ്പാൾ രൂപയാണ് അവിടെ ഡീസലിന്. വേലിക്കപ്പുറത്ത്് ബിഹാറിൽ  പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്. അതിർത്തി കടന്നുള്ള ഇന്ധനം വാങ്ങൽ മൂലം ഇവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന കുത്തനെ കുറഞ്ഞു. 
അതിനാൽ ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് പെട്രോൾ പമ്പ് ഉടമകൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. പടർന്നു പന്തലിക്കുമായിരുന്ന ഒരു സ്വയം തൊഴിൽ സംരംഭത്തെ മുളയിലേ നുള്ളാൻ ദേശീയ വാർത്താ ചാനലുകളും രംഗത്തുണ്ട്. ഇതൊക്കെ നാട്ടിൽ നടക്കുന്ന സീരിയസ് വിഷയങ്ങൾ. പക്ഷേ, അതിലൊന്നും കാര്യമില്ലെന്ന നിലപാടിലാണ് ന്യൂസ് 18 മലയാളം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവർ വൈകുന്നേരം ചർച്ച ചെയ്തത് ദൃശ്യം 2 സിനിമ റിലീസ് ചെയ്തതിനെ കുറിച്ചാണ്. നായിക ആശാ ശരത്ത് മുതൽ മുരളി ഗോപി വരെ സകല താരങ്ങളും അര മണിക്കൂർ നീണ്ട സംവാദത്തിൽ അണിനിരക്കുന്നു. സസ്‌പെൻസൊന്നും പുറത്ത് പറയല്ലേയെന്ന്് അവതാരക ആശാ ശരത്തിനെ ഓർമിപ്പിക്കുന്നുണ്ട്. ഇതിലും ഭേദം വില്യാപ്പള്ളി പോകുന്ന ജീപ്പിൽ ആളെ വിളിച്ചു കയറ്റലായിരുന്നു. തമാശ അതൊന്നുമല്ല, പ്രധാന സംഭവമായി ചാനൽ ചർച്ച ചെയ്ത സിനിമയുടെ ഒറ്റ പോസ്റ്ററും കേരളത്തിൽ ഒരിടത്തും കണ്ടിട്ടില്ല. ഒടിടി റിലീസ് ചെയ്തത് റിലയൻസിന്റെ അളിയനെങ്ങാനുമായിരിക്കുമോ? 

*** *** ***

ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെ നിരീക്ഷണം വിവാദത്തിൽ. തന്റെ പുതിയ പുസ്തകത്തിലാണ് ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. സമ്പന്ന രാജ്യങ്ങൾ 100 ശതമാനം സിന്തറ്റിക് മാംസം മാത്രമേ കഴിക്കാവൂ എന്നാണ് 'ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം: നമുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നത്. ഈ പുസ്തകത്തിലെ പല കാര്യങ്ങളും ട്വിറ്ററിൽ ഇതിനോടകം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങൾ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബിൽഗേറ്റ്‌സ് പുസ്തകത്തിൽ പറയുന്നത്.
എന്നാൽ സംഭവം വിവാദമായതോടെ ഒരു വിഭാഗം സമൂഹിക മാധ്യമങ്ങളിലൂടെ ബിൽഗേറ്റ്‌സിനെതിരെ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. ബിൽഗേറ്റ്‌സിന്റെ ചില ആശയങ്ങൾ വലിയ മണ്ടത്തരം എന്ന രീതിയിലാണ് ചിലർ ഇതിനെതിരെ പ്രതികരിച്ചത്. ബിൽഗേറ്റ്‌സ് വന്ന് വന്ന്് വെറും കാർട്ടൂൺ കഥാപാത്രമായി എന്ന രീതിയിൽ പോലും ട്വീറ്റുകൾ വന്നു. ഇവിടെ കിട്ടിയിരുന്നെങ്കിൽ നോർത്തിൽ എവിടെയെങ്കിലും മൂപ്പരെ ചീഫ് മിനിസ്റ്ററാക്കാമായിരുന്നു. 

 *** *** ***

ഏറെ കാലങ്ങൾക്ക് ശേഷം ശോഭ സുരേന്ദ്രന്റെ ഒരു അഭിമുഖം പുറത്ത് വരുമ്പോൾ, അത് ബിജെപിയിലെ ആഭ്യന്തര സംഘർഷങ്ങളുടെ ഒരു പൊട്ടിത്തെറി തന്നെ ആയിരിക്കും എന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കരുതലോടെ ആയിരുന്നു ശോഭയുടെ മറുപടികൾ. അതിലും കെ സുരേന്ദ്രനും ഔദ്യോഗിക നേതൃത്വത്തിനും എതിരെയുള്ള ഒളിയമ്പുകൾ ഓരോ വരികളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് വേണം വിലയിരുത്താൻ. ഗർഭകാലത്ത് അറസ്റ്റ് വരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ ആവർത്തിച്ചത്, ശോഭ അനുഭവിച്ച അവഗണനയുടെ ആഴം വ്യക്തമാക്കുന്നു.  അഭിമുഖത്തിന്റെ തുടക്കം മുതൽ തന്നെ കെ സുരേന്ദ്രന് നേരെ പരോക്ഷ വിമർശനത്തിന്റെ സൂചനകൾ പ്രകടമാണ്. ജെപി നദ്ദ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ താനുമായി ബന്ധപ്പെട്ടിട്ടേയില്ലെന്ന് ശോഭ കൃത്യമായി പറയുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ച പരിഗണന അടിവരയിടുകയും ചെയ്യുന്നു.
ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന തന്നെ സംസ്ഥാന ഉപാധ്യക്ഷയാക്കിയത് തരംതാഴ്ത്തലിന് തുല്യമാണെന്ന് ശോഭ മുമ്പും പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ അതിലെ ആഭ്യന്തര പ്രശ്‌നം എന്ന് ചുരുക്കുന്നുണ്ട് ശോഭ സുരേന്ദ്രൻ. എന്നാൽ പുതിയ ചുമതല തീരുമാനിക്കുമ്പോൾ തന്നോട് ഫോണിൽ ഒന്ന് വിളിച്ച് അറിയിക്കുകയെങ്കിലും ആകാമായിരുന്നു എന്ന ദുഃഖവും അവർ വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ പ്രബല പക്ഷം കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ്. മുരളീധരന്റെ നോമിനിയായാണ് കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആകുന്നതും. ഇതേ തുടർന്നാണ് ശോഭ സുരേന്ദ്രനെ സംസ്ഥാന ഉപാധ്യക്ഷ പദവിയിലേക്ക് ഒതുക്കിയത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്ന് ശോഭ സുരേന്ദ്രന്റേതായിരുന്നു.

*** *** ***

പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ.എം റോയ് കോട്ടയം കുമരനെല്ലൂരിലെ ഓഡിറ്റോറിയത്തിൽ വെച്ച്് മൂന്ന്് ദശകങ്ങൾക്കപ്പുറം അന്നത്തെ യുവമാധ്യമ പ്രവർത്തകരോട് പൈങ്കിളി വാരികകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച്് പറഞ്ഞതോർക്കുന്നു. ഇത് കേരളത്തിലെ മാത്രം സവിശേഷതയല്ല. ആഗോള തലത്തിൽ ഇങ്ങിനെയാണ്. ഇംഗഌഷിൽ പൾപ്പ് എന്നു പറയുന്ന ഇത്തരം സാഹിത്യങ്ങളുടെ സ്വാധീനം കുറച്ചു നിലനിൽക്കും. പിന്നീട് ട്രെൻഡ് മാറും. ഒരു വീട്ടിൽ ഒരു വാരിക പോരാ, കുടുംബാംഗങ്ങൾ സൗഹാർദത്തോടെ കഴിയാൻ എല്ലാവർക്കും ഓരോ വീക്ക്്്‌ലി വാങ്ങണമെന്ന്് മാർക്കറ്റ് ലീഡർ പരസ്യം ചെയ്യുന്ന സമയമാണെന്നോർക്കണം. റോയ് സാർ പ്രവചിച്ചത് അക്ഷരം പ്രതി ശരിയായി. വാരികകളുടെ ഉള്ളടക്കത്തിലെ ഹൈലൈറ്റായ കണ്ണീർ മിനി സ്‌ക്രീനിലെ പരമ്പരകൾ ഏറ്റെടുത്തു. എല്ലാം ക്ലിക്കായി. അതിന്റെയൊക്കെ എൻലാർജ്ഡ് വേർഷനായി റിയാലിറ്റി ഷോകളും തുടങ്ങി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ത്രീ ഈ ധർമം ഭംഗിയായി നിറവേറ്റുന്നുണ്ട്. 
ബിഗ് ബോസ് മൂന്നാം സീസൺ ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായി മാറിയിരിക്കുകയാണ് ഡിംപൽ ഭാൽ. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്‌റ്റൈലിസ്റ്റുമാണ്. പാതി മലയാളിയായ ഡിംപൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയിൽ പങ്കുവെച്ച ജീവിതാനുഭവം മറ്റ് മത്സരാർത്ഥികളുടേയും പ്രേക്ഷകരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു.  തന്റെ നട്ടെല്ലിന് കാൻസർ ബാധിക്കുകയും മരണത്തിൽ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റതുമായ അനുഭവവും ഡിംപൽ പങ്കുവെക്കുകയുണ്ടായി. ഒസ്റ്റിയോ ബ്ലാസ്‌റ്റോമ എന്ന അപൂർവ്വമായ കാൻസറാണ് ഡിംപലിനെ ബാധിച്ചത്. 'മരിക്കാൻ പോവുകയാണ്' നട്ടെല്ല് ക്ഷയിച്ച് പോവുക എന്നതാണ് ഈ കാൻസർ ശരീരത്തിൽ ചെയ്യുന്നത്. തനിക്ക് രോഗമുളള വിവരം ക്ലാസ്സിൽ ആർക്കും അറിയില്ലായിരുന്നു. താൻ എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാൽ മരിക്കാൻ പോവുകയാണ് എന്ന് തന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അത്തരത്തിലുളള തോന്നൽ വരുമ്പോഴൊക്കെ താൻ ട്രാക്കിലോടാറുണ്ടായിരുന്നുവെന്ന് ഡിംപൽ പറയുന്നു. വേദനയ്ക്കുളള ഗുളികകൾ വാങ്ങി കഴിച്ച് സ്‌പോർട്‌സ് ഡേയിലും താൻ പങ്കെടുത്തിരുന്നുവെന്നും ഡിംപൽ പറയുന്നു. അതിന് ശേഷം അച്ഛനും അമ്മയും ചികിത്സയ്ക്ക് വേണ്ടി തന്നെ ദില്ലിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഡോക്ടർമാർ പറഞ്ഞത് ഇനി താൻ ജീവിക്കില്ലെന്നാണ്. തന്റെ നട്ടെല്ല് കാൻസർ ബാധിച്ച് അലിഞ്ഞ് പോയിരുന്നുവെന്നും ഡിംപൽ പറഞ്ഞു. താൻ വിശ്വസിക്കുന്ന ദൈവമാണ് രക്ഷിച്ചത്. 99.9 ശതമാനവും ജീവിതത്തിലേക്ക് തിരിച്ച് കിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞ ഇടത്ത് നിന്നാണ് താൻ ഒരു അത്ഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. അതിന് ശേഷം സ്‌പോർട്‌സൊന്നും ചെയ്യരുത് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ താൻ 2004ലെ സ്‌കൂൾ മീറ്റിൽ പങ്കെടുത്തു. ഏറ്റവും മികച്ച കായിക താരത്തിനുളള അവാർഡും ആ വർഷം വാങ്ങിച്ചുവെന്ന് ഡിംപൽ പറയുന്നു. ഇനിയും തനിക്ക് കാൻസർ വരികയാണെങ്കിൽ തന്നെയും താൻ ഓടുകയും ചാടുകയും ചെയ്യുമെന്ന് ഡിംപൽ ആത്മവിശ്വാസത്തോടെ പറയുന്നു. ഇപ്പോഴും നട്ടെല്ലിന് ചെറിയ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഇത് തന്റെ ജീവിതമാണെന്നും അത് ഇഷ്ടമുളളത് പോലെ ജീവിക്കുമെന്നും ഡിംപൽ ഭാൽ പറയുന്നു. ജീവിതം എപ്പോഴും ആസ്വദിക്കുന്നു നമുക്കുളള വേദനകൾ അല്ല പ്രതിസന്ധികളെന്നും മറിച്ച് ആ വേദനകൾക്ക് നമ്മൾ പ്രതിസന്ധിയായി മാറുകയാണ് വേണ്ടത് എന്നും ഡിംപൽ ഭാൽ പറഞ്ഞു. നിങ്ങൾ ഈ കാണുന്നതല്ല താൻ. ആരും ആരെയും ജഡ്ജ് ചെയ്യുകയും പരിഹസിക്കുകയോ ചെയ്യാതിരിക്കുകയെന്നും ഡിംപൽ ആവശ്യപ്പെട്ടു. ഈ സീസണിൽ  നാബി മർക്കോസ്, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, ലക്ഷ്മി ജയൻ, മണിക്കുട്ടൻ, സൂര്യ മേനോൻ, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോൺ, സന്ധ്യ മനോജ്. അനൂപ് കൃഷ്ണൻ, മജ്‌സിയ ബാനു, റംസാൻ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളിൽ നിന്നായി പതിനാല് പേരാണ് ഈ സീസണിൽ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്  മണിക്കുട്ടനാണ്.  ആഴ്ചയിൽ 50,000 രൂപയാണ് മണിക്കുട്ടന് ലഭിക്കുന്ന പ്രതിഫലം.  രണ്ടാം സ്ഥാനമുള്ള  നോബി മാർക്കോസിന്  ആഴ്ചയിൽ 40000 രൂപയാണ് ലഭിക്കുന്നത്. സീരിയൽ നടൻ അനൂപ് കൃഷ്ണനും ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷമിക്കും ഇതേ പ്രതിഫലം തന്നെയാണ്.  ബിഗ് ബോസിൽ പങ്കെടുക്കുന്ന ബാക്കി എല്ലാ താരങ്ങൾക്കും 30,000 വീതമാണ് ഓരോ ആഴ്ചയിലും ലഭിക്കുന്നത്. അവതാരകനായെത്തിയ ലാലേട്ടനാണ് കോളടിച്ചത്. കുറേ സിനിമകൾ ചെയ്താൽ കിട്ടുന്നത്രയും പണം ലാലിന് ലഭിക്കുമെന്നാണ് പ്രചരിക്കുന്നത്.  

*** *** ***

ടൂൾകിറ്റ് കേസിൽ എഫ്‌ഐആർ വിവരങ്ങൾ ദൽഹി പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ദിഷാ രവി സമർപ്പിച്ച ഹരജിയിൽ മാധ്യമങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ് അതോറിറ്റി(എൻബിഎസ്എ)യ്ക്കും ന്യൂസ് 18, ടൈംസ് നൗ എന്നീ മാധ്യമങ്ങൾക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുംബൈ പോലീസിനോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. എഡിറ്റർമാർ മജിസ്‌ത്രേട്ട് കോടതി വരാന്തയിൽ കുറച്ച് നിരങ്ങട്ടെ.
 

Latest News