സേവനവീഥിയിൽ സ്‌നേഹചന്ദ്രിക

പതിനൊന്ന് മാസത്തിനുള്ളിൽ ആറായിരത്തോളം കോവിഡ് രോഗികളെ ചികിൽസിച്ച ജിദ്ദാ നാഷനൽ ഹോസ്പിറ്റലിലെ ഡോ. ഇന്ദുചന്ദ്രയുടെ ജീവിതം സാഹസികതയും അതിലേറെ സവിശേഷതകളും നിറഞ്ഞതാണ്. രാപകൽ ഭേദമന്യേ രോഗികൾക്കിടയിൽ ജീവിക്കുമ്പോഴും അവരുമായി സൗഹൃദം സ്ഥാപിക്കുമ്പോഴും ഇന്ദുവിന്റെ മനസ്സിൽ മനുഷ്യസ്‌നേഹത്തിന്റെ ഇശലുകൾ. റൗണ്ട്‌സിനിറങ്ങുമ്പോൾ ആ ഹൃദയത്തിൽ ആശ്വാസത്തിന്റെ ഹരിത ചാമരം. സ്റ്റെതസ്‌കോപ്പിട്ട സഹൃദയത്വത്തിന്റെ വൈവിധ്യം പകരുന്ന നാൾവഴികളിലൂടെ...
 

ഇന്ദുവും ചന്ദ്രനുമൊന്ന് തന്നെ. രണ്ടും കൂടിയായാൽ നിലാവിന് പകിട്ടേറും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജിദ്ദയുടെ ആതുരസേവനപാതയിൽ സ്‌നേഹവാൽസല്യങ്ങളുടെ നിലാശോഭയുമായി ഇതാ നിസ്വാർഥയായൊരു സന്നദ്ധപ്രവർത്തക. നിരാലംബരായ നിരവധി പ്രവാസികളുടേയും സ്വദേശികളുടേയും ഒപ്പം അവരുടെ ആശ്രിതരുടേയും ഹൃദയത്തിൽ ചന്ദനഗന്ധമുള്ള ചന്ദ്രികാരാവുകളുടെ ഓർമ കൊളുത്തിയ ഇന്ദുചന്ദ്രയെന്ന ഇന്റേണിസ്റ്റ്.
രാക്ഷസകിരീടം ചൂടിയ കോവിഡ് വൈറസുകൾ ലോകത്തെ കീഴ്‌മേൽ മറിക്കുകയും ജനജീവിതത്തിനുമേൽ കനത്ത ആഘാതമേൽപിക്കുകയും ചെയ്ത സന്ദിഗ്ധഘട്ടത്തിൽ പ്രവാസ ലോകത്ത് ഇന്ദുചന്ദ്രയെപ്പോലുള്ള ഒട്ടേറെ ഡോക്ടർമാരുടേയും മെഡിക്കൽ - പാരാമെഡിക്കൽ സ്റ്റാഫിന്റേയും മറ്റ് ആരോഗ്യപ്രവർത്തകരുടേയും വിലപ്പെട്ട സേവനം ആതുരശമന ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ അമൂല്യമായ കൈയൊപ്പുകളാണ്. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചുകൊണ്ടുള്ള സേവന പ്രവർത്തനം. ഊണും ഉറക്കവുമില്ലാത്ത ജോലി. രോഗികളോടുള്ള അനുതാപം. അവരുടെ ബന്ധുക്കളോടുള്ള ദയാവായ്പ്. 
ആത്മാർഥതയും പരക്ഷേമതാൽപര്യവും കൈമുതലായ പലരും അതാണിപ്പോഴും നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പിന്നിട്ട വർഷം കടുത്ത പ്രതിസന്ധിയുടേതായിരുന്നു, എല്ലാ അർഥത്തിലും, എല്ലാ മനുഷ്യർക്കും. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. രോഗം തീർത്ത വിഷമസന്ധി മറികടക്കുന്നതിനുള്ള പോരാട്ടം അതിശക്തമായി തുടരുന്നവരിൽ ഡോ. ഇന്ദുചന്ദ്രയും മുൻപന്തിയിലുണ്ട്.

കോവിഡിനെതിരെ പ്രതിരോധവ്യൂഹം
ജിദ്ദയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത 2020 മാർച്ച് 24 മുതലിങ്ങോട്ട് കടുത്ത ബുദ്ധിമുട്ടും പരീക്ഷണവുമാണ് ഡോക്ടർമാരും സഹപ്രവർത്തകരും നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം ഭീതിദമായൊരു ഭീഷണിയായി വ്യാപിച്ചുകൊണ്ടിരിക്കെ, ഡോ. ഇന്ദുചന്ദ്ര സേവമനുഷ്ഠിക്കുന്ന ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ആദ്യമാസങ്ങളിലൊക്കെ കോവിഡ് സ്ഥിരീകരിച്ചതും അല്ലാത്തതുമായ, ശരാശരി ഇരുന്നൂറിലധികം രോഗികളെന്ന നിലയിൽ ദിനംപ്രതി വന്ന് കൊണ്ടിരുന്നു. പകർച്ചവ്യാധിഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങൾ പരിചിതമാവുകയോ, പര്യാപ്തമാവുകയോ ചെയ്യാതിരുന്ന അക്കാലത്ത് ഈ രോഗികളുടെ മുമ്പിൽ നിസ്സഹായതോടെ നിൽക്കുന്നതിനു പകരം, ലഭ്യമായ സൗകര്യങ്ങളും മരുന്നുകളുമുപയോഗിച്ച് പ്രതിരോധത്തിന്റെ പദ്മവ്യൂഹം ചമയ്ക്കുകയായിരുന്നു ഡോ. ഇന്ദുചന്ദ്രയും കൂട്ടരും. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാനും എം.ഡിയുമായ വി.പി മുഹമ്മദലിയുടെ കൈയ്്് മെയ്്് മറന്നുള്ള സഹായങ്ങളും സമയോചിത ഇടപെടലും രോഗികളെ ഐസൊലേഷനിലാക്കി ചികിൽസിക്കാനുള്ള പ്രത്യേക സജ്ജീകരണമൊരുക്കലുമെല്ലാം കോവിഡ് പോസിറ്റീവായവർക്ക് വലിയ അനുഗ്രഹമായി. മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ചികിൽസയുടെ കാര്യത്തിൽ കടുത്ത പരീക്ഷണമായിരുന്നുവെന്ന് ഡോ. ഇന്ദുചന്ദ്ര പറയുന്നു. മാസ്‌ക് എൻ-95 വിവാദം, ഓവറോളും പി.പി കിറ്റും ലഭ്യമല്ലാതിരിക്കൽ, മരുന്നുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ തുടങ്ങിയ പ്രതിസന്ധി. തൊഴിലാളികളുടെ ഹെൽമറ്റ് ധരിച്ചാണ് ഇന്ദുവും മറ്റ് ഡോക്ടർമാരും ആദ്യകാലങ്ങളിൽ രോഗികളെ പരിചരിച്ചത്. ആത്മധൈര്യം കൈവെടിയാതെ, സമയം നോക്കാതെയുള്ള രാപകൽ ഡ്യൂട്ടി. 
ഇക്കഴിഞ്ഞ ജനുവരി വരെ ആറായിരത്തോളം കോവിഡ് രോഗികളെയാണ് ഡോ. ഇന്ദു ചികിൽസിച്ചത്. ഇവരിൽ നാൽപത്തിനാലു പേരൊഴികെ അവശേഷിക്കുന്നവരെല്ലാം സുഖപ്പെട്ട് ഡിസ്ചാർജ് ചെയ്യപ്പെട്ടു. മലയാളികളുൾപ്പെടെ മരണമടഞ്ഞ കോവിഡ് രോഗികളുടെ ബന്ധുക്കളുമായി നാട്ടിലേക്കുള്ള ഫോൺ സംസാരം ഹൃദയവേദനയുണ്ടാക്കുന്നതായിരുന്നുവെന്ന് ഡോ. ഇന്ദു പറയുന്നു. 
രോഗക്കിടക്കയിൽനിന്ന് മലയാളികളെ നാട്ടിലുള്ള അവരുടെ ഭാര്യമാരുമായി സംസാരിക്കാൻ സഹായിച്ചതൊക്കെ ഇക്കാലമത്രയുമുള്ള മെഡിക്കൽ പ്രൊഫഷനിലെ അവിസ്മരണീയാനുഭവമാണ്. രോഗം മാറുമെന്ന് അവരെ സമാധാനിപ്പിക്കുമ്പോഴും പിന്നീട് അവരുടെ മരണം അറിയിക്കേണ്ടി വന്നതിലെ സങ്കടവുമൊന്നും പറഞ്ഞറിയിക്കാനാവില്ല. 
2007 ൽ ആദ്യ ഡെങ്കിപ്പനിയും പിന്നീട് ആന്ത്രാക്‌സും എച്ച് വൺ, എൻ.വൺ പനിയുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മെഡിക്കൽ വിഭാഗത്തിൽ ഡോ. ഇന്ദു ഉണ്ടായിരുന്നു. കോവിഡ്ബാധയെത്തുടർന്ന് സഹപ്രവർത്തകരായ ഡോക്ടറും നഴ്‌സും മരണപ്പെട്ടത് കനത്ത ആഘാതമായി. തുടർന്ന് എഴുപത് ശതമാനം ആശുപത്രി ജീവനക്കാരും കോവിഡ് ചികിൽസക്ക് വിധേയമായി.

പ്രവാസാരംഭം മാലി ദ്വീപിൽ നിന്ന്
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയായ ഡോ. ഇന്ദുവിന്റെ മാതാപിതാക്കൾ ഡോക്ടർമാരായിരുന്നു. അച്ഛൻ ഡോ. ചന്ദ്രശേഖരൻ നായർ കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും അമ്മ ഡോ. രത്‌നകുമാരി തൃശൂർ മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗം മേധാവിയായും റിട്ടയർ ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദമെടുത്ത ഡോ. ഇന്ദു, റഷ്യയിലെ പാവ്‌ലോവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് പോസ്റ്റ് ഗ്രാജ്വേഷനെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിലും ജോലി ചെയ്തിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മാലിയിലേക്ക് പോയി. അവിടെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലായിരുന്നു. അതിനിടെ അവധിക്ക് വന്നപ്പോഴാണ് സുഹൃത്തായ ഒരു ഡോക്ടർ മുഖേന ജിദ്ദ നാഷനൽ ഹോസ്പിറ്റൽ സി.എം.ഡി വി.പി മുഹമ്മദലി വിളിച്ച് ജോലി ഓഫർ ചെയ്യുന്നതും 2005- ൽ ജിദ്ദയിലെത്തുന്നതും. അന്ന് തൊട്ടിന്നോളം സഹോദരതുല്യമായ സ്‌നേഹമാണ് വി.പി മുഹമ്മദലിയുമായി ഉള്ളതെന്നും 'ബോസ് എന്നതിലുപരി ആശുപത്രിക്കാര്യത്തിലും വ്യക്തിപരമായ കാര്യത്തിലും അദ്ദേഹവും കുടുംബവും നൽകിപ്പോരുന്ന സഹായം മറക്കാനാവാത്തതാണെന്ന് ഡോ. ഇന്ദു പറയുന്നു. പലപ്പോഴും വലിയ റിസ്‌കുകൾ ഏറ്റെടുത്ത് കൊണ്ടാണ് പല രോഗികളേയും ചികിൽസിച്ചിരുന്നത്. അന്ത്യം മാത്രം മുമ്പിലുള്ള, ന്യൂറോളജി സംബന്ധമായൊരു സങ്കീർണമായൊരു കേസ് പലരും ഒഴിവാക്കിയത് സ്വന്തം ധൈര്യത്തിൽ ഏറ്റെടുത്ത് ഡോ. ഇന്ദു ചികിൽസിച്ചതും മുഹമ്മദലിയെന്ന ആ രോഗിയുടെ നട്ടെല്ലിൽ നിന്ന് രക്തം കുത്തിയെടുത്ത് നടത്തിയ ആ പരീക്ഷണം വിജയിച്ചതും തന്റെ കരിയറിലെ വലിയൊരു പുണ്യമായി കരുതുന്നു. 

ഹെൽത്ത് ഒയാസിസ്, കോഫിചാറ്റ്
കോവിഡ് സംബന്ധമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാനായി ഡോ. ഇന്ദു ആരംഭിച്ച ഡോ. ഇന്ദു ഹെൽത്ത് ഒയാസിസ് ഫേസ്ബുക്ക് പേജ് പ്രവാസികളായ കോവിഡ് രോഗികൾക്ക് ഏറെ പ്രയോജനപ്പെട്ടു. ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ സംശയനിവൃത്തിക്കായി ബന്ധപ്പെട്ടു. തുടർന്ന് എച്ച് ആന്റ് ഇ ചാനലിന് (ഹെൽത്ത് ആന്റ് എന്റർടെയിൻമെന്റ്) തുടക്കമിട്ടു. 
വിജ്ഞാനവും വിനോദവും സമന്വയിക്കപ്പെട്ട ഈ ചാനൽ പരിപാടി ഇന്ന് സൗദി പ്രവാസജീവിതത്തിന്റെ മുഖദർപ്പണമായി മാറിക്കഴിഞ്ഞു. വിധുബാല, ഭാഗ്യലക്ഷ്മി, അഫ്‌സൽ, വൈക്കം വിജയലക്ഷ്മി തുടങ്ങി നിരവധി സെലിബ്രിറ്റികളെ ഈ ചാനൽ പ്രോഗ്രാമിൽ അണി നിരത്തി. ധന്യാപ്രശാന്ത്, അബ്ദുൽലത്തീഫ് ബാബു തുടങ്ങിയ ജിദ്ദയിലെ ഗായകരുടെ കൂടി സാന്നിധ്യം ചാനലിനുണ്ടായി. തിരക്കേറിയ ജോലിയ്ക്കിടയിലും സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും ഡോ. ഇന്ദു സമയം കണ്ടെത്തുന്നു. 

ഹൃദയം നുറുങ്ങിയ ഓഷ്വിറ്റ്‌സ് കാഴ്ച
മാലി ദ്വീപ്, റഷ്യ, ചൈന, കാനഡ, ഫ്രാൻസ്, സ്വിസ്, ഇറ്റലി, ചെക് റിപ്പബ്ലിക്, ജർമനി, തുർക്കി, ജോർജിയ, ഹോംകോംഗ്, യു.കെ, ഗൾഫ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ഡോ. ഇന്ദുവിന്റെ മനസ്സിനെ മഥിക്കുന്ന കാഴ്ചയായിരുന്നു ജർമനിയിലെ നാസി തടങ്കൽപാളയത്തിലെ നഷ്ടാവശിഷ്ടങ്ങളുടെ ദുരന്തസ്മാരകം. പതിനൊന്ന് ലക്ഷം മനുഷ്യരെ കുരുതി കൊടുത്ത നാസിഭീകരതയുടെ ഇരകൾ നിശ്ശബ്ദം കഥ പറയുന്ന, പീഡനത്തിനു വിധേയമായി മരണപ്പെട്ടവരുടെ ഉടുപ്പുകളും മറ്റും പ്രദർശിപ്പിച്ച ഓഷ്വിറ്റ്്‌സ് ക്യാമ്പ് ലോകമന:സാക്ഷിയെ കിടിലം കൊള്ളിക്കുന്നു. അവിടെ നിന്ന് മടങ്ങി വന്ന് ഒരാഴ്ചയിലധികം തനിക്ക് സ്വസ്ഥമായി ഉറങ്ങാനായില്ലെന്ന് ഡോ. ഇന്ദു. 

ശിശുസ്‌നേഹം, ജീവകാരുണ്യം
നാട്ടിലാകുമ്പോഴേ ജീവകാരുണ്യത്തിന് പ്രഥമപരിഗണന നൽകിയിരുന്ന ഡോ. ഇന്ദു, ആലുവ ജനസേവാ ശിശുഭവനിലെ ആജീവനാന്ത അംഗത്വമെടുത്ത് അനാഥക്കുട്ടികളുടെ സംരക്ഷണത്തിൽ പങ്കാളിയാണ്. പഠിക്കാൻ മിടുക്കരായ പല നിർധനരേയും ഇവർ സഹായിക്കുന്നു. അതിനിടെ, പുല്ലഴിയിലെ സെയിന്റ് ക്രിസ്റ്റീന ഹോമിൽ നിന്ന് സനീഷ് എന്നൊരു കുട്ടിയെ സ്‌പോൺസർ ചെയ്ത് വളർത്തി. 
ആ കുട്ടി രോഗബാധിതനാകുമ്പോൾ ബൈസ്റ്റാന്ററായി ആശുപത്രിയിൽ നിരവധി നാൾ ചെലവഴിച്ച ഡോ. ഇന്ദുവിനെ സങ്കടത്തിലാഴ്ത്തി ആ കുട്ടി മരണപ്പെടുകയായിരുന്നു. ആർക്കും ഇക്കാര്യം അറിവുണ്ടായിരുന്നില്ല. നാട്ടിലുണ്ടാകുമ്പോൾ എല്ലാ ആഴ്ചകളിലും പുവർഹോമിലും വൃദ്ധമന്ദിരങ്ങളിലും ചാരിറ്റി പ്രവർത്തനവുമായി ഡോ. ഇന്ദു സജീവമാകാറുണ്ട്. ചാരിറ്റി ബിഗിൻസ് എറ്റ് ഹോം എന്ന വചനത്തിന് സാധുത നൽകുന്നതാണ്, തന്റെ അമ്മയിൽ നിന്ന് പകർന്നു കിട്ടിയ കരുണയുടെ ബാലപാഠങ്ങളെന്നും അവർ വിശ്വസിക്കുന്നു. 

നൃത്തം, സംഗീതം, അഭിനയം
ഗുരു മോഹനചന്ദ്രൻ, സിന്ധു ശേഖർ എന്നിവരിൽ നിന്ന് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുള്ള ഡോ. ഇന്ദു നാട്ടിലും പ്രവാസലോകത്തുമായി നിരവധി വേദികളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതത്തിലും അതീവതാൽപര്യമുണ്ട്. അഭിനയമാണ് മറ്റൊരു സിദ്ധി. ജിദ്ദയിൽ തന്നെ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ട ബഷീറിന്റെ ബാല്യകാലസഖിയിലെ അഭിനയം വേറിട്ടു നിൽക്കുന്നു. 
മുഹ്‌സിൻ കാളികാവ് സംവിധാനം നിർവഹിച്ച നാടകങ്ങളിലെ മുഖ്യകഥാപാത്രങ്ങൾക്ക് ഡോ. ഇന്ദുവും ഭർത്താവ് നൗഷാദ് ചാത്തല്ലൂരും ഒപ്പം മക്കളായ സാവരിക ചാന്ദ്്‌നിയും ഷയാൻ ആരവും വേഷം പകർന്നത് ആസ്വാദകർക്ക് മറക്കാനാവില്ല. വനിതാ ഡ്രൈവിംഗ് ലൈസൻസെടുത്ത സൗദിയിലെ ആദ്യപ്രവാസി വനിതകളിലൊരാൾ കൂടിയാണ് ഡോ. ഇന്ദു. 
ആദ്യവിവാഹ ബന്ധം തകർന്ന ശേഷം ജിദ്ദയിലെ ബിസിനസുകാരനും സഹൃദയനുമായ പെരിന്തൽമണ്ണ സ്വദേശി നൗഷാദ് ചാത്തല്ലൂരുമായുള്ള അടുപ്പം അദ്ദേഹത്തെ  ജീവിത പങ്കാളിയാക്കുന്നതിലെത്തി. ഇസ്‌ലാം ആശ്ലേഷിച്ചതിനു ശേഷം തന്റെ കുടുംബത്തിൽ നിന്നുണ്ടായ ആദ്യകാല എതിർപ്പുകൾ ക്രമേണ ഇല്ലാതാവുകയും തീർത്തും സന്തോഷകരമായ ജീവിതാനുഭവത്തിലൂടെ, പ്രതിസന്ധികളത്രയും മറി കടന്ന് മുന്നോട്ടു പോവുകയും ചെയ്യുന്നതായും ഇതിന് ജിദ്ദയിലുള്ള ആത്മാർഥ സുഹൃത്തുക്കളേയും തൊഴിലുടമ ഡോ. വി.പി മുഹമ്മദലിയേയും കടപ്പാടുകളോടെ സ്മരിക്കുന്നതായും ഡോ. ഇന്ദു പറയുന്നു. മാതാപിതാക്കൾക്കൊപ്പം ദുബായിലുള്ള ഏക സഹോദരൻ വിനു ചന്ദ്രശേഖറും ഉറച്ച പിന്തുണ നൽകുന്നു. 
എച്ച്. ആന്റ് ഇ ചാനലിന്റെ സാങ്കേതിക വിഭാഗം സമർഥമായി കൈകാര്യം ചെയ്യുന്ന നൗഷാദ്, നല്ലൊരു സഹൃദയനും കലാസ്‌നേഹിയുമാണ്. മൂത്ത മകൻ സൗരവ്, ജിദ്ദ ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർഥിയാണ്. ഇപ്പോൾ ഇന്ത്യൻ എയർഫോഴ്‌സിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. ജിദ്ദയിലുള്ള സാവരിക മികച്ച നർത്തകിയും അവതാരകയുമാണ്. ഇളയ മകൻ ഷയാൻ ആരവും കലാവേദികളിൽ നിറഞ്ഞു നിൽക്കുന്നു.
 

Latest News