Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതി വിധിയില്‍ പൂര്‍ണ്ണത വന്ന ദിവസം; ഹാദിയ അച്ഛനെയും അമ്മയെയും കണ്ടതിനെ പറ്റി അഡ്വ.രശ്മിത

വിവാഹങ്ങൾ സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുമ്പോഴും അതിനെ തടസ്സപ്പെടുത്താൻ ഭൂമിയിൽ ചെകുത്താൻമാർ എടുക്കുന്ന പണിയെ നിസ്സാരമായി കാണരുതെന്നു പറയാൻ സ്വന്തം അനുഭവം തന്നെ ധാരാളമാണ്! പക്ഷേ, ഇതിന് എത്രത്തോളം മാരകമായ വേർഷൻസ് ആകാം എന്ന് മനസ്സിലായത് സുപ്രീം കോടതി വരെയെത്തിയ അല്ല എത്തിച്ച ഒരു വിവാഹക്കേസ് കണ്ടപ്പോഴാണ് ! ഹദിയയുടെ - ഡോ.ഹദിയയുടെ - വിവാഹക്കേസ്!

പ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്ത ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയതിനു ശേഷം സ്വന്തമായി ഒരു മത വിശ്വാസം തിരഞ്ഞെടുക്കുന്നു. പിന്നീട് പങ്കാളിയെയും. രണ്ടും പ്രായപൂർത്തിയായ ഏതൊരു പൗരനും ചെയ്യാൻ അവകാശമുള്ള കാര്യങ്ങളാണ്, എന്നിട്ടും അത് വിവാദമായത് അവൾ തിരഞ്ഞെടുത്ത മതവും അവൾ തിരഞ്ഞെടുത്ത പങ്കാളിയും ഇവിടെ ചില ഭൂരിപക്ഷ ഭീകരവാദികളുടെ കണ്ണിൽ ശത്രു പക്ഷത്തായതു കൊണ്ടു മാത്രമാണ്.

സ്വാഭാവികമായി ഉറ്റവരിൽ കുത്തിത്തിരുപ്പുണ്ടാക്കി. ഡോക്ടറാകാൻ പഠിപ്പിച്ച മകൾ ഏക്കെ 47 പിടിയ്ക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു നില തെറ്റിച്ചാൽ ഏതൊരച്ഛനമ്മമാരും പതറിപ്പോകും , സുപ്രീം കോടതിയിലല്ല അങ്ങേയറ്റത്ത് ഹേഗിൽ വരെ കേസുമായിച്ചെല്ലും.... ആ കഥ അങ്ങനെ തന്നെ നമുക്ക് മനസ്സിലാകും...

NIA യും ആടുമേയ്ക്കലും ഭരണഘടനാപുസ്തകം നിവർത്തിപ്പിടിച്ച് നേരെ വായിച്ച നാളുകളിൽ ചീറ്റിയ പടക്കങ്ങളായി. ലൗ ജിഹാദ് വാദങ്ങൾ പുകച്ചുരുളുകളായി കോടതിയിൽ നിറഞ്ഞപ്പോൾ ശ്വാസം മുട്ടി നിന്ന ഹ ദിയയെ ചൂണ്ടി പി.വി ദിനേശ് വക്കീൽ കോടതിയോട് പറഞ്ഞു :"അവരൊരു പ്രൊഫഷണൽ ഡോക്ടറാണ്, ഈ കോടതിയോട് സംവദിയ്ക്കാനുള്ള ഭാഷ അവളുടെ കയ്യിലുണ്ട്', കോടതി അവരോട് നേരിട്ട് സംസാരിയ്ക്കണം... അവരെ കേൾക്കാതെ തിരിച്ചയയ്ക്കരുത്! " .

സ്മാർത്തൻ മാരുടെ ഇടയിൽ നിന്ന് മനുഷ്യനായി നിന്ന് ഒരു വക്കീൽ പറഞ്ഞപ്പോ കോടതി ഹദിയയ്ക്കായി ചെവികൾ തുറന്നു... ശേഷം ചരിത്രമാണ്, ഡോ :ഹദിയ പറയുന്നത് കോടതി കേട്ടിരുന്നു, പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിയ്ക്കാൻ അവകാശമുണ്ടെന്ന് ഊട്ടിയുറപ്പിച്ചു തീർപ്പാക്കി,ഭർത്താവിൻ്റെ കൈകളിൽ ഉറപ്പോടെ പിടിച്ചു തന്നെ അവൾ കോടതിയുടെ പടവുകളിറങ്ങി...

ശേഷമുള്ള കാലം ചിലർ കാത്തിരുന്നത് ഒരു കെട്ടു പ്ലാവിലയുമായാണ് - ഹാദിയ മേയ്ക്കാൻ കൊണ്ടു പോകുന്ന ആടിനെ തീറ്റാൻ!! അവൾ പക്ഷേ വിശ്വാസം ഇസ്ലാമിലും പ്രണയം പങ്കാളിയിലും തൊഴിൽ പഠിച്ച ഡോക്ടർ പണിയിലുമായി മുന്നോട്ട് പോയി.... പ്ലാവിലകളുമായി കാത്തിരുന്നവർ ഹതാശരായി. ഹാദിയയും അച്ഛനും അമ്മയും നില്‍ക്കുന്ന ഒരു ചിത്രം കണ്ടു -ഡോ: ഹദിയയും അച്ഛനമ്മമാരും ! മനസ്സ് നിറഞ്ഞു! സുപ്രീം കോടതി വിധിയിൽ പൂർണ്ണത വന്ന നിമിഷം! അച്ഛനുമമ്മയ്ക്കും ഹദിയയ്ക്കും ദിനേശ് വക്കീലിനും നന്മകൾ വരട്ടെ!

അൻപേ ശിവം!

Latest News