Sorry, you need to enable JavaScript to visit this website.

തഴുകിക്കടന്നു പോയി, സ്നേഹാർദ്രമായ ഒരു ഇളംകാറ്റ്; വി.കെ.അബ്ദുവിനെ കുറിച്ച് മുസാഫിർ

 ഇരുമ്പുഴിയില് ഞങ്ങളുടെ വീടുകള് തമ്മിലുള്ള അകലം അര കിലോമീറ്ററിനു താഴെ മാത്രം. പരസ്പരം കാണുമ്പോഴൊക്കെ, ഉള്ളുണര്ത്തുന്ന സഹജമായൊരു മൃദുസ്‌മേരത്തില് നിന്ന് മെല്ലെ മെല്ലെ തുടക്കം. സാഹിത്യം, സംസ്‌കാരം, ഏറ്റവും അപ്‌ഡേറ്റായ വിവര സാങ്കേതിക കാര്യങ്ങള്, പിറകെ മല്സ്യക്കൃഷി.. അതോടെ, തുറന്നിടുന്നത് അപൂര്വമായ ലോകദൃശ്യങ്ങളിലേക്കുള്ള കിളിവാതില്. മേമ്പൊടിയായി നര്മോക്തിയും ശബ്ദം താഴ്ത്തിയുള്ള ചിരികളും.
 
ഇരുമ്പുഴിയിലേക്ക് താമസം മാറുന്നതിനു മുമ്പ് പുഴയ്ക്കക്കരെ, വാളക്കുണ്ടില് തറവാട് നില്ക്കുന്ന പടിഞ്ഞാറ്റുംമുറിയിലായിരുന്നു അബ്ദുവിന്റെ താമസം. ഇരുമ്പുഴിയിലേക്ക് തോണി കടന്നെത്തുന്ന അബ്ദുവിന് ചെറുപ്പത്തിലേ എഴുത്തും വായനയും ഹരമായിരുന്നു. പിതൃസഹോദരന് വി.കെ ബാപ്പുട്ടി നല്ലൊരു കവിയായിരുന്നു. അദ്ദേഹമായിരിക്കണം, അബ്ദുവിന്റെ ഈ രംഗത്തെ ആദ്യഗുരുവെന്ന് തോന്നുന്നു.
 
ഏതാണ്ട് ഒരേ കാലഘട്ടത്തില് ഞങ്ങളിരുവരും എഴുതിത്തുടങ്ങിയത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ്. എന്റെ അഭിരുചി പോലെ ഫിക്ഷനെഴുത്തായിരുന്നില്ല, അബ്ദുവിന്റെ ചോയ്‌സ്. കുറെക്കൂടി ഗൗരവമായ എഴുത്താണ് അബ്ദു തെരഞ്ഞെടുത്തത്. അതിനാല് അദ്ദേഹത്തിന്റെ ലേഖനങ്ങള് പലതും ചന്ദ്രിക ആഴ്ചപ്പതിപ്പിലല്ല, വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചത്. മൂത്ത സഹോദരന് വി.കെ കുഞ്ഞിപ്പയുടെ ഇസ്‌ലാമിക ലേഖനങ്ങളും അന്ന് നിരന്തരമായി ചന്ദ്രിക വാരാന്തപ്പതിപ്പില് വന്നിരുന്നു,
 
ഒരേ നാട്ടുകാരായിട്ടും, ഏറെക്കാലത്തെ വിടവിനു ശേഷം ഞങ്ങള് വീണ്ടും കാണുന്നത് എഴുപതുകളുടെ അവസാനം ഒറ്റപ്പാലത്ത് വെച്ചാണ്. അപ്പോഴേക്കും അധ്യാപക ജോലിയുമായി ആലത്തൂരിലായിരുന്നു അബ്ദു. ഒരു സുഹൃത്തുമൊന്നിച്ച് ആലത്തൂര് പുതിയങ്കത്ത് ഒരു പലചരക്ക് കടയും തുറന്നിരുന്നു. ഞാന് മനോരമ ലേഖകനായി ഒറ്റപ്പാലത്തുണ്ട്. അന്ന് ആലത്തൂരിലേക്ക് പോകാന്വേണ്ടി മഞ്ചേരിയില് നിന്ന് ഇരുമ്പുഴി വഴി പോകുന്ന വിജയാ ബസ്സില് എല്ലാ തിങ്കളാഴ്ചകളിലും
രാവിലെ 10.30 ന് അബ്ദു ഒറ്റപ്പാലത്തെത്തും. അവിടെ നിന്ന് തൃപ്പാളൂര് പാലം വഴി ആലത്തൂരിലേക്കുള്ള ബസ് 2.30 നാണ്.
 
അത്രയും സമയം (നാലു മണിക്കൂര്) ചെലഴിക്കാനും ഫ്രഷാകാനും അബ്ദു മിക്ക ആഴ്ചകളിലും ഒറ്റപ്പാലത്ത് എന്റെ ലോഡ്ജിലെത്തുമായിരുന്നു. ചിലപ്പോള് അദ്ദേഹത്തിന്റെ കുടുംബവുമുണ്ടാകും. സാഹിത്യവും പത്രപ്രവര്ത്തനവുമൊക്കെയായിരുന്നു ഞങ്ങളുടെ പ്രധാന സംസാര വിഷയം.
 
ആലത്തൂരില് നിന്ന് പാലക്കാട് വഴിയല്ലാതെയുള്ള പോക്കുവരവിന് ട്രാന്സിറ്റായി ഈ കുറുക്കുവഴി തെരഞ്ഞെടുത്തത്, നാട്ടുവര്ത്തമാനങ്ങള് പങ്കിടാനും ഞങ്ങള്ക്ക് അവസരമേകി. ആലത്തൂരിലെ സാഹിത്യസദസ്സുകളിലൊക്കെ അബ്ദു സജീവമായി. എന്.എം നൂലേലി എന്ന എഴുത്തു കരനുമായിച്ചേര്ന്ന് ആലത്തൂരില് നിന്ന് അബ്ദു ഒരു ഇന്ലന്ഡ് മാഗസിനും പ്രസിദ്ധീകരിച്ചതോര്ക്കുന്നു.
 
പ്രവാസം തുടങ്ങിയപ്പോള് ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച മക്കയില് വെച്ചായിരുന്നു. മക്കയിലെ ജോലിയും താമസവും അവിടെ പോസ്റ്റ്മാസ്റ്റര് ജനറലായിരുന്ന, കേരളത്തില് വേരുകളുള്ള മുഹമ്മദലി മലൈബാരിയുമായുള്ള
സഹവാസവുമൊക്കെ അബ്ദുവിന്റെ അറബിഭാഷയോടും സാഹിത്യത്തോടുമുള്ള പ്രതിപത്തി വര്ധിപ്പിക്കാനും ഭാവുകത്വം വളര്ത്താനും നന്നായി ഉപകരിച്ചു.
 
അതാകട്ടെ, അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. ഹജ് സംബന്ധമായ വാര്ത്തകളും ലേഖനങ്ങളും നിരന്തരമായി അബ്ദു എഴുതി. ഹജിന്റെ അനുഷ്ഠാനവും ചരിത്രവും പരമ്പരയായി ചന്ദ്രികയില് അച്ചടിച്ചു. മക്കയിലെ ജോലിക്കു ശേഷം ജിദ്ദ ബനിമാലികില് പ്രിസ്‌യൂണിക്കില് ജോലി ചെയ്യുമ്പോഴാണ് ഞങ്ങള് പിന്നീട് കണ്ടത്.
 
പാലക്കാട്ടുകാരനായ എന്റെ സുഹൃത്ത് ഹരിദാസ് ആയിടയ്ക്ക് എന്നോട് ചോദിച്ചു: പരിഭാഷയിൽ മിടുക്കുള്ള, നല്ലൊരു അറബിക് വിദഗ്ധനെ ആവശ്യമുണ്ട്. ഇക്കാര്യം അബ്ദുവിനോട് ഞാന് പറഞ്ഞിരുന്നു. അബ്ദു അപേക്ഷിച്ചു. ഹരിദാസിന്റെ കൂടി വ്യക്തിപരമായ ശുപാര്ശയോടെ സൗദി ബേസിക് ഇന്ഡ്‌സ്ട്രീസ് കോര്പറേഷനില് (സാബിക്) അബ്ദുവിന് നല്ല ജോലി ലഭിച്ചു.
 
ഇതിനിടെ, മാധ്യമം പത്രത്തിന്റെ കോളമിസ്റ്റും റിപ്പോര്ട്ടറും ഇന്ഫോ മാധ്യമം എഡിറ്ററുമൊക്കെയായി അബ്ദു ഉയര്ന്നു. എല്ലാ മേഖലയിലും നിശ്ശബ്ദ പ്രവര്ത്തകനായിരുന്നു അദ്ദേഹം. ലൈംലൈറ്റില് പ്രത്യക്ഷപ്പെടാന് താല്പര്യമില്ലാത്ത മൃദുഭാഷി.
 
ഇന്ഫര്മേഷന് ടെക്‌നോളജിയുടെ ഏറ്റവും പുതിയ ട്രെന്റുകള് അദ്ദേഹത്തിന് 'ഉള്ളംകൈയിലെ നെല്ലിക്ക' യായിരുന്നു. പരിഭാഷയിലും പുസ്തകമെഴുത്തിലും ഐ.ടി വിജ്ഞാനിയത്തിലുമൊക്കെ പുതുമ കൊണ്ടു വന്നു, അബ്ദു. ഇത്രയും ജിജ്ഞാസുവും അന്വേഷണകുതുകിയുംഗവേഷണ തല്പരനുമായ ഒരാളെ കണ്ടെത്തല് പ്രയാസമാണ്.
 
ഹൃദയസംബന്ധമായ അസുഖത്തെക്കുറിച്ച് അവസാനം കാണുമ്പോള് (2019 സെപ്റ്റംബര്) അബ്ദു എന്നോട് സൂചിപ്പിച്ചിരുന്നു. ഞാന് 2009 ല് ഒരു ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാര്യമൊക്കെ അബ്ദുവിന് വിവരിച്ചുകൊടുത്തതും ഇപ്പോള് ഓര്മയില്.
 
ആന്ജിയോപ്ലാസ്റ്റി കഴിഞ്ഞ് അബ്ദു പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ആശ്വാസം പകര്ന്നിരുന്നു. പക്ഷേ മരണം നിഗൂഢമായി അവിടെ പതിയിരിക്കുന്നകാര്യമാരും അറിഞ്ഞതേയില്ലല്ലോ.
 
കുടുംബത്തിന്റെ സങ്കടത്തില് പങ്ക് ചേരുന്നു, പ്രാര്ഥനാപൂര്വം.
 
 
 
 

Latest News