Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ മഹാഭാഗ്യം; മക്ക, മദീന യാത്രയെ കുറിച്ച്

സത്യവിശ്വാസികളുടെ ജീവിതവുമായി ഏറെ കെട്ടുപിണഞ്ഞുകിടക്കുന്ന രണ്ട് സ്ഥലങ്ങളാണ് മക്കയും മദീനയും. (ഫലസ്തീനിലെ ബൈത്തുൽ മഖ്ദിസും തഥൈവ). പ്രവാചകന്മാരുടെയും അനുചരന്മാരുടെയും പാദസ്പർശമേറ്റ ആ പുണ്യഭൂമികളിലൊന്ന് കാലുകുത്താൻ, വായിച്ചും കേട്ടും മനസ്സിലാക്കിയ ഇസ്‌ലാമിന്റെ ചരിത്രമുറങ്ങുന്ന ആ ഭൂമിയൊന്ന് നേരിൽ കാണാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല.  ദൈവാനുഗ്രഹത്താൽ ഈയുള്ളവന് പലപ്പോഴായി അതിന് അവസരമുണ്ടായിട്ടുണ്ട്. കൂടാതെ, സൗദി അറേബിയിലെ ഒട്ടുമിക്ക ചരിത്ര സ്ഥലങ്ങളും സന്ദർശിക്കാനും. അത് നൽകിയ അനുഭൂതി അനിർവചനീയമാണ്. അല്ലാഹുമ്മ ലകൽ ഹംദു വലകശ്ശുക്ർ. 

പുണ്യഭൂമി സന്ദർശിക്കാനുള്ള പലരുടെയും ആഗ്രഹങ്ങൾക്ക് കോവിഡ് മഹാമാരി വിലങ്ങുതടിയായിട്ടുണ്ട്. ആ സങ്കടം ഉള്ളിലൊതുക്കി, ഹജ്ജ് - ഉംറ സർവീസുകൾ പുനരാരംഭിക്കുന്ന ദിവസം സ്വപ്നംകണ്ട് കഴിയുന്നവരാണ് സൗദിക്ക് പുറത്തുള്ള പലരും. കഴിഞ്ഞ വർഷത്തെ ഹജ്ജ് പോലെ ഇപ്പോൾ നടക്കുന്ന ഉംറയും മദീനാ സിയാറയും കർശന നിബന്ധനകൾക്ക് വിധേയമാണ്. നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ അനുമതി ലഭിക്കുന്നുള്ളൂ. പടച്ചവൻ അക്കാര്യത്തിലും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച സൗദിയിലെത്തിയ എനിക്ക് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അവസരം ലഭിച്ചു. 

ഓൺലൈനിൽ അപ്ലൈ ചെയ്താൽ  ലഭിക്കുന്ന അനുമതി പത്രപ്രകാരം നിരവധി ചെക്ക് പോയിന്റുകൾ കടന്നുവേണം മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ. ഉംറ നിർവഹിക്കാൻ വേണ്ടി ഇഹ്‌റാമിന്റെ വേഷമണിഞ്ഞവർക്കേ മത്വാഫിലേക്ക് പ്രവേശനമുള്ളൂ. ഒരാൾക്ക് ഉംറ നിർവഹിക്കാനുള്ള പരമാവധി സമയം മൂന്ന് മണിക്കൂറാണ്. ഉംറക്കെന്നപോലെ,  ജമാഅത്ത് നമസ്കാരങ്ങൾക്കും ഹറമിനുള്ളിൽ പ്രവേശിക്കണമെങ്കിൽ  'ഇഅതമർനാ' ആപ്പ് ഉപയോഗിച്ച്  മുൻകൂട്ടി പെർമിഷൻ വാങ്ങണം. നമുക്ക്  അനുവദിക്കുന്ന തിയ്യതിയിൽ നിശ്ചിത സമയത്തേ അതും നടക്കൂ. 

കർശന നിയന്ത്രണങ്ങൾ ചിലപ്പോഴൊക്കെ അസൗകര്യമായി തോന്നുമെങ്കിലും ഇത്തവണത്തെ മക്കാ - മദീനാ യാത്രയിൽ അതിന്റെ ഗുണഫലവും അനുഭവിക്കാനായി. തിക്കും തിരക്കുമില്ലാത്ത, മറ്റുള്ളവരെ ചവിട്ടുകയോ അവരുടെ ചവിട്ടേൽക്കുകയോ ചെയ്യാത്ത, സ്ത്രീ-പുരുഷ കൂടിച്ചേരലുകളില്ലാത്ത ത്വവാഫും സഅ'യും. കഅബ കണ്ണുനിറയെ കണ്ടാസ്വദിച്ചും ഖൽബിലേക്കാവാഹിച്ചും തികഞ്ഞ മനസ്സാന്നിദ്ധ്യത്തോടെയുള്ള പ്രദക്ഷിണം.   അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന ത്വവാഫ് കഴിഞ്ഞപ്പോൾ, വസ്ത്രത്തിൽനിന്നും ശരീരത്തിൽനിന്നും ഇറ്റിവീണ മഴത്തുള്ളികളോടൊപ്പം എന്തൊക്കെയോ മനസ്സിൽനിന്നും  പെയ്തൊഴിഞ്ഞ അനുഭൂതിയായിരുന്നു. എന്നെ ഞാനാക്കിയ പ്രിയ ഉപ്പയുടെ മരണശേഷമുള്ള ആദ്യത്തെ ഉംറ ശരിക്കും മനസ്സിൽ തട്ടി, കണ്ണ് നിറച്ചു.

മദീനാ സന്ദർശനത്തിടെയാണ് കോവിഡ് നിയന്ത്രണത്തിന്റെ ഗുണഫലം ശരിക്കും അനുഭവിച്ചത്. ഉംറക്കെന്നപോലെ 'ഇഅതമർന'യിലൂടെ നേരത്തെ വാങ്ങിയ പെർമിഷൻ ഉപയോഗിച്ച് പുണ്യപ്രവാചകന്റെയും(സ) അബൂബക്കർ(റ), ഉമർ(റ) എന്നീ ഖലീഫമാരുടെയും ഖബറിന്റെ ചാരത്തുചെന്ന് സലാം പറഞ്ഞത് എത്ര നിഷ്പ്രയാസമായിരുന്നെന്നോ! ഫലമോ,  സ്വകാര്യ സംഭാഷണത്തിന് അവരെ ഒറ്റക്ക് കിട്ടിയപോലെയും!

ശേഷം, ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെട്ട 'റൗള'യിൽ പ്രവേശിക്കാനും നമസ്കാരം കൊണ്ടും ദിക്ർ-ദുആകൾ കൊണ്ടും ഉപയോഗപ്പെടുത്താനും സാധിച്ച അനർഘ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. നബിതിരുമേനിയും അനുചരന്മാരും നമസ്കരിച്ച, ഇസ്‌ലാമിന്റെ ചരിത്രം പറയുന്ന പള്ളിയിൽ ഇരിക്കാനും സുജൂദ് ചെയ്യാനും ചിന്തയെ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് പായിക്കാനും ലഭിച്ച പത്ത് മിനുട്ട് ശരിക്കും മുതലാക്കി. അതും ഖിയാമുല്ലൈലിന്റെ അവസാന നിമിഷങ്ങളിൽ. മുമ്പ് പല തവണ റൗളയിൽ പോയിട്ടുണ്ടെങ്കിലും, ഏറെ അച്ചടക്കമുള്ള ക്യൂവിലൂടെ ശാന്തമായ അന്തരീക്ഷത്തിൽ അവിടെ ചെന്നിരിക്കുന്നതും യാതൊരു തിക്കും തിരക്കുമില്ലാതെ മനസ്സറിഞ്ഞ് നമസ്കരിക്കാനും പ്രാർത്ഥിക്കാനും അവസരം ലഭിക്കുന്നതും പതിനാറ് വർഷം പിന്നിട്ട സൗദി ജീവിതത്തിൽ ഇതാദ്യമാണ്! പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ കൂടാൻ ആലോചിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സന്ദർഭത്തിൽ തന്നെ അതിന് ഉതവിയേകിയ നാഥാ, നിനക്കെങ്ങനെയാണ് നന്ദി ചെയ്യുക?! 

കുടുംബ സമേതം ഇനിയുമിനിയും ഈ പുണ്യഭൂമിയിൽ കാല് കുത്താനും, ഉപ്പ വിടപറഞ്ഞപ്പോൾ 'ഇനിയെനിക്ക് ആരാണ്' എന്ന് പറഞ്ഞു സങ്കടപ്പെട്ട പ്രിയ ഉമ്മയെ ഒരിക്കൽകൂടി അവിടെ കൊണ്ടുവരാനും, വിശ്വാസികളുടെ ആദ്യ ഖിബ്‌ലയായ ബൈത്തുൽ മഖ്ദിസിൽ ഒരിക്കലെങ്കിലും സുജൂദ് ചെയ്യാനുമുള്ള മോഹം പടച്ചവന്റെ മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് അൽപം മുമ്പ് മദീനാമുനവ്വറയോട് വിടപറഞ്ഞത്. നാഥാ, തുണയേകിയാലും...

Latest News