"കോൺഗ്രസ്സ് നേതാവ് ചാണ്ടി ഉമ്മൻ വർഗീയത വളർത്തുന്നു" എന്ന് കത്തോലിക്കാ മെത്രാൻ സമിതിയുടേതായി ഇന്നത്തെ ദേശാഭിമാനി പത്രം ഫ്രണ്ട് പേജിൽ ഏറ്റവും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുള്ള വാർത്തയാണ് ഈ കുറിപ്പിനാധാരം.
'ഹലാൽ ബീഫ് ', 'ഹാഗിയ സോഫിയ' തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്രിസ്ത്യൻ ഐഡികളിൽ നിന്ന് നടക്കുന്ന പ്രചരണം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്ദേശിച്ചുള്ള താണെന്നും, ആയിരക്കണക്കിനു പള്ളികൾ യൂറോപ്പിൽ ബാറുകളായി മാറുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നാത്തവർ ഇപ്പോൾ ഇത് ഉയർത്തി കൊണ്ടുവരുന്നത് ജനങ്ങളെ വേർതിരിക്കാനാണെന്നുമാണ് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, യുവ നേതാക്കാൾ ചരിത്രം കൃത്യമായി മനസ്സിലാക്കാൻ ശ്രദ്ധിക്കണമെന്നും വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവർ സമൂഹത്തിൽ വലിയ മുറിവു സൃഷ്ടിക്കുമെന്നും മെത്രാൻ സമിതി പറഞ്ഞതായും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, "കത്തോലിക്കാ സഭ "ലൗ ജിഹാദ് " വീണ്ടും പൊക്കിക്കൊണ്ടു വരുമ്പോൾ" എന്ന തലക്കെട്ടിൽ 2020 ആഗസ്റ്റ് 6 ന് ഈ ലേഖകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇവിടെ വീണ്ടും പരാമർശിക്കുകയാണ്. അന്വേഷണ ഏജൻസികകളും പരമോന്നത കോടതിയും വെറും സാങ്കല്പികമെന്നു വിലയിരുത്തിയ "ലൗ ജിഹാദ്" കത്തോലിക്ക സഭാ നേതൃത്വം വീണ്ടും ഉയർത്തിയതും, മെത്രാൻ സമതിയുടെ വക്താവ്
ആർഎസ്എസ് ജിഹ്വയായ 'ജന്മഭൂമി'യിൽ ലേഖനമെഴുതിയതും, മറ്റും സംഘ പരിവാറുമായി കൈകോർത്ത് ഇസ്ലാമോഫോബിയ വളർത്തിയെടുത്ത് സമൂഹത്തെ വിഭജിക്കുന്നതിനാണെന്ന് ആ കുറിപ്പിൽ മറ്റു കാര്യങ്ങൾക്കൊപ്പം ചൂണ്ടിക്കാട്ടിയിരുന്നു. ആയതിനാൽ, ചാണ്ടി ഉമ്മനെതിരെ മെത്രാൻ സമിതി ഇപ്പോൾ നടത്തിയ പ്രസ്താവന മലർന്നു കിടന്നു തുപ്പുന്നതിനു സമമാണ്.
ഇനി ചാണ്ടി ഉമ്മൻ പറഞ്ഞതിന്റെ നിജസ്ഥിതി പരിശോധിക്കാം.
യൂറോപ്പിൽ പള്ളികൾ ഡാൻസ് ബാറുകളായി എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് 'മഞ്ഞുമലയുടെ മുകളറ്റ' ത്തെപ്പറ്റി പരാമർശിക്കുന്നതു പോലെയാണ്. സ്ഥിതി പരമദയനീയമാണ്. യൂറോപ്പിലും അമേരിക്കയിലും പള്ളികൾ "ഡീക്കമ്മീഷൻ" ചെയ്തു കൊണ്ടിരിക്കുകയാണ്. നെതർലന്റ്സിൽ 42.1 ശതമാനം, ഫ്രാൻസിൽ 28 ശതമാനം, ജർമ്മനിയിൽ 24.7 ശതമാനം, ബ്രിട്ടനിൽ 21.3 ശതമാനം, അമേരിക്കയിൽ16.4 ശതമാനം, വത്തിക്കാൻ സ്ഥിതി ചെയ്യുന്ന ഇറ്റലിയിൽ 12.4 ശതമാനം എന്നീ ക്രമത്തിൽ പള്ളികൾ അടച്ചുപൂട്ടിക്കഴിഞ്ഞു. നെതർലന്റ്സിൽ 1600 പള്ളികളിൽ മുക്കാൽ ഭാഗം ഒരു ദശാബ്ദത്തിനുള്ളിൽ അടച്ചുപൂട്ടുമെന്നത് 2015 ലെ കണക്കാണ്. അതേ വർഷം, ജർമ്മനിയിൽ 515 കത്തോലിക്കാ പള്ളികൾ അടച്ചുപൂട്ടിയതായും റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കയിൽ, Taylor Marshall നെ പോലുള്ള കാത്തലിക് മത ഭ്രാന്തന്മാർ, "ഇസ്ലാം ഭൂമുഖത്തുനിന്നു തുടച്ചു നീക്കേണ്ട സാത്താനാണ് " എന്ന ഇസ്ലാമോഫിയായിൽ അധിഷ്ഠിതമായ വിഷം വമിപ്പിക്കലുകൾ നടത്തി കൊണ്ടിരിക്കുകയും മതസൗഹാർദ്ദം വേണമെന്നു പറയുന്ന പോപ്പിനെ പോലും അപകീർത്തിപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ അവിടെയും പള്ളികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.
അതോടൊപ്പം, കുട്ടികൾക്കെതിരായ പുരോഹിതരുടെ ലൈംഗിക പീഢനങ്ങൾ പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ വിപത്തുകളിലൊന്നായി മാറിയിരിക്കുന്നു. 1946 നും 2014 നും ഇടയിൽ ജർമ്മനിയിൽ മാത്രം 1670 പുരോഹിതർ 3677 കുട്ടികളെ മൃഗീയമായ ലൈംഗിക പീഡനത്തിനിരയാക്കിയ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അമേരിക്കയിലെ 300 കത്തോലിക്കാ പുരോഹിതർ 1000 കുട്ടികളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ വാർത്തയും പുറത്തു വന്നിട്ടുണ്ട്. വാഷിംങ്ടണിലെ കർദ്ദിനാളായിരുന്ന തിയഡോർ മക്കാരികിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഫ്രാൻസിസ് മാർപ്പാപ്പക്ക് നേരിട്ട് രംഗത്ത് വരേണ്ടി വന്നു. അയർലണ്ടിലെ കത്തോലിക്കാ പുരോഹിതരുടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെ പോപ്പ് "അപമാനവും ദു:ഖവും" രേഖപ്പെടുത്തുകയുണ്ടായി.
2018 ലെ സർവേ പ്രകാരം യൂറോപ്പിലെ കത്തോലിക്കരിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് പള്ളികളിൽ പോകുന്നത്. കോവിഡ് മഹാമാരി, നിലവിലെ പ്രവണതകൾ വെച്ചു നോക്കിയാൽ, യൂറോപ്പിൽ കത്തോലിക്കാ പള്ളികളുടെ അന്തകൻ കൂടിയായികുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 90 ശതമാനം പേരും പള്ളികൾ ഉപേക്ഷിച്ച അവസ്ഥയിലാണ്. ഉപേക്ഷിക്കപ്പടുന്ന പള്ളികൾ ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, വാസകേന്ദ്രങ്ങൾ, ഓഫീസുകൾ, സർക്കസ് കലാപ്രകടന കേന്ദ്രങ്ങൾ, വസ്ത്ര വില്പനശാലകൾ, ഡാൻസ് -ബാറുകൾ എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾക്കായി മാറ്റി വെക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ, ചാണ്ടി ഉമ്മൻ ഒരു സൂചന മാത്രമാണ് നൽകിയത്. വസ്തുതകളല്ലാതെ ഒരു വർഗീയ പരാമർശവും അതിലില്ല. ആർഎസ്എസ് മായി ചേർന്ന് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന കേരള കത്തോലിക്കാ മത നേതൃത്വം അതു വർഗീയമായി വ്യാഖ്യാനിക്കുന്നത് മറ്റു കാരണങ്ങളാലാണ്. സ്ഥലപരിമിതിമൂലം അതിലേക്ക് ഇവിടെ കടക്കുന്നില്ല.
എന്നാൽ, അതിലേറെ അപമാനകര (അപകടകരവും) മായിരിക്കുന്നത്, ചാണ്ടി ഉമ്മന്റെ മേൽ വർഗീയത ചാർത്തുന്ന മെത്രാൻ സമിതിയുടെ പ്രസ്താവനയിൽ നിന്നും പരമാവധി മുതലാക്കാൻ സിപിഎം അതിന്റെ മുഖ പത്രത്തിലൂടെ നടത്തുന്ന രാഷ്ട്രീയ അധാർമ്മികതയാണ്. ആർഎസ്എസും കത്തോലിക്കാ മത നേതൃത്വവും സംയുക്തമായി കേരളത്തിൽ വളർത്തിക്കൊണ്ടു വരുന്ന ഇസ്ലാമോഫോബിയ ലേക്കു ചാലു കീറി, ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനുള്ള ഈ നെറികെട്ട നീക്കം 34 വർഷത്തെ ബംഗാൾ ഭരണത്തിലൂടെ ബിജെപിയെ അവിടുത്തെ ഏറ്റവും വലിയ പാർട്ടിയാക്കിയ ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.