1971 ൽ തലശ്ശേരിയിൽ നടന്നത് കലാപമല്ല - ആ കൊള്ളയെ കുറിച്ച് : ഒരു ചരിത്രാന്വേഷകന്റെ ദൃക്‌സാക്ഷി വിവരണം.
1934 തലശ്ശേരി മെയിൻ റോഡിലുണ്ടായിരുന്ന പുരാതനമായ മരുമക്കത്തായ മുസ്ലിം തറവാട്ടിലായിരുന്നു ഞാൻ ജനിച്ചത്.
തലശ്ശേരി ബി.എം.പി സ്‌കൂളിൽ പതിനൊന്നാം ക്ലാസ്സിൽ ആണ് പഠിച്ചത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ കലാപം നടക്കുമ്പോൾ ഞാൻ ഒരു ചെറു കച്ചവടക്കാരനായിരുന്നു. ചരിത്രാന്വേഷിയും ചരിത്ര വിദ്യാർഥിയുമായ എനിക്ക് തലശ്ശേരിയിൽ നടന്ന 'തലശ്ശേരി കലാപം' എന്നുപറയുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അത് കലാപമായിരുന്നില്ല കൊള്ളയായിരുന്നു. രണ്ടു ദിവസം നീണ്ടു നിന്ന ആ ദുഃഖകരമായ സംഭവത്തിൽ രണ്ടു വിഭാഗത്തിൽപ്പെട്ട ഒരാൾക്കുപോലും ഒരു പരിക്ക് ഒരു പോറലോ സംഭവിച്ചിട്ടില്ല. മുസ്ലീങ്ങളും അമുസ്ലിങ്ങളും ഇടകലർന്ന ആയിരുന്നു താമസിച്ചിരുന്നത്.
രണ്ടു ദിവസവും തലശേരിയിൽ നടന്നത് മുസ്ലിം സമ്പന്നരുടെ വീടുകൾ ലക്ഷ്യം ആയിട്ടുള്ള കൊള്ളായായിരുന്നു. ഒന്നു, രണ്ടു സംഭവങ്ങൾ
ഇവിടെ കുറിക്കാം :
മദ്രാസിലെ സമ്പന്ന മര വ്യവസായി ആയിരുന്ന എൻ.കെ അഹമ്മദിന്റെ വീട് തലശ്ശേരി ചിറക്കര യിൽ ആയിരുന്നു. കൊള്ളക്കാർ അപ്പോൾ സ്ത്രീകൾ മാത്രം ഉണ്ടായിരുന്ന ആ വീട്ടിലെത്തിയപ്പോൾ അഹമ്മദിന്റെ ഉമ്മ അവിടെയുണ്ടായിരുന്നു. അവരുടെ സ്വർണ്ണാഭരണങ്ങൾ വെള്ളം കോരുന്ന തൊട്ടിയിൽ ഇട്ട് തൊട്ടിയും കയറും കിണറ്റിലേക്ക് താഴ്ത്തി.
നാട്ടിൽ നിന്നും മരഉരുപ്പടികൾ അയച്ചവരുടെ കണക്ക് തീർക്കുവാൻ എൻ. കെ അഹമ്മദ് സ്വന്തം പുതിയ ഫിയറ്റ് കാറിൽ അപ്പോൾ അവിടെ എത്തിയതായിരുന്നു. കൊള്ളക്കാർ കാറിൽ ഉള്ള ഒരു ലക്ഷം ഉറുപ്പിക കൊള്ളയടിച്ചു കാർ തീവെച്ചു കരിച്ചു. കരിഞ്ഞ കാർ അവിടെ കണ്ടത് ഓർക്കുന്നു.
1930 മുതൽ കൽക്കത്തയിലെ സമ്പന്ന ഷൂ മെറ്റീരിയൽ വ്യാപാരികൾ ആയിരുന്ന തലശ്ശേരിയിലെ എ.സി മയൗ ഹാജിയും എ.സി മമ്മുഹാജിയും. വന്ദ്യവയോധികനായ എ.സി ആബു ഹാജി അപ്പോൾ തലശ്ശേരിയിലെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നത്. പാരമ്പര്യമായി ആ തറവാട്ടുകാർക്ക് ഉണ്ടായിരുന്നതും സ്വന്തത്തിൽ സമ്പാദിച്ചതും ആയ അമൂല്യ രത്‌നങ്ങൾ കൊള്ളയടിക്കപ്പെട്ടു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ഫാക്ടറി ഉടമയുടെ എ.കെ കാദർ കുട്ടി സാഹിബിന്റെ തലശ്ശേരിയിലെ ചേറ്റംകുന്നിലെ ബംഗ്ലാവ് കൊള്ളയടിക്കാൻ കൊള്ളക്കാർ ഗേറ്റിനു മുൻപിൽ വരുന്നത് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന അദ്ദേഹത്തിൻറെ മകനും കാവൽക്കാരും മുകൾത്തട്ടിലേക്ക് ഓടി അവരുടെ ലൈസൻസുള്ള തോക്കെടുത്ത് 2 വെടി മുകളിലേക് വെച്ചപ്പോൾ കൊള്ളക്കാർ ഓടി രക്ഷപ്പെടുകയാണുണ്ടായത്.
ഈ സന്ദർഭത്തിൽ തലശ്ശേരി കാരനും പ്രശസ്തനുമായ ചീഫ് എൻജിനീയർ കുട്ട്യാമു സാഹിബും, അബ്ദുറഹ്മാൻ ബാഫഖി തങ്ങളും, സി.എച്ച് മുഹമ്മദ് കോയയും മക്കത്ത് ആയിരുന്നു. അപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കരുണാകരൻ കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ മരണപ്പെട്ട, പ്രശസ്ത അണു-ബഹിരാകാശ ശാസ്ത്രജ്ഞന്റെ മൃത ശരീരവുമായി ഗുജറാത്ത് ലേക്കുള്ള വിമാന യാത്രയിൽ ആയിരുന്നു. തലശ്ശേരിക്കാരനായ മുസ്ലിംലീഗ് നേതാവ് ചെറിയ മമ്മുക്കേയി തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ ആയിരുന്നു ആ സമയത്ത്. വിവരമറിഞ്ഞ് തലശ്ശേരിയിലേക്ക് കുതിച്ച മമ്മൂക്കേയി മാഹിക്കപ്പുറത്ത് തടഞ്ഞു വെക്കപ്പെടുകയാണ് ഉണ്ടായത്. അപ്പോൾ തലശ്ശേരി പോലീസ് നിർവീര്യമായിരുന്നു. കമാൻറ് ചെയ്യാൻ കമാൻഡർ ഇല്ലാത്ത പട്ടാളത്തെ പോലെ ആയിരുന്നു. ഈ രണ്ടു ദിവസവും ഒരു അമുസ്ലിമിന്റെ വീടും കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടില്ല. കൊള്ളയുടെ മൂന്നാമത്തെ ദിവസം പ്രതിക്കാരമെന്നോണം തലശ്ശേരി ചാലിലെ മത്സ്യ തൊഴിലാളികൾ തലശ്ശേരിയിലെ സമ്പന്ന കച്ചവടക്കാരായ കൊങ്കിണികളുടെ വീട് അക്രമിക്കുവാൻ പുറപ്പെടുകയാണ് എന്ന് അറിഞ്ഞപ്പോൾ അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് തലശേരി മുൻസിപാലിറ്റിയിലെ മുൻകാല ചെയർമാന്മാരായിരുന്ന പി.കെ ഉമ്മർ കുട്ടി സാഹിബും അഡ്വ: ടി.എം സാവാൻ കുട്ടിയുമായിരുന്നു.
ഈ സംഭവത്തിനു മുമ്പ് സാമ്പത്തികമായി ഒരു കഴിവും ഇല്ലാതിരുന്ന ആൾ പെട്ടെന്ന് രണ്ടുനിലയുള്ള ലോഡ്ജ് കെട്ടിടം പണിതു പുതിയ ബസുകൾ വാങ്ങി ബസ്‌റൂട്ട് നേടിയതും അക്കാലത്തെ തലശ്ശേരികാർക്ക് അറിയാവുന്നതാണ്. ഞാൻ ജനിച്ച പട്ടണത്തിനു സംഭവിച്ച കളങ്കം അയവിറക്കുവാൻ ആഗ്രഹിക്കാത്ത എന്നെ ഇപ്പോൾ ഉണർത്തിയത് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഗീബൽസിന്റെ സിദ്ധാന്തം (ഒരു കളവ് 100 പ്രാവശ്യം ആവർത്തിച്ചാൽ അത് സത്യമാകും). ഇത് സോഷ്യൽ മീഡിയയിൽ കൂടി പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ്. ഈ സംഭവം കഴിഞ്ഞു 6 മാസത്തിന് ശേഷം പരിചയക്കാരനായ ഒരു തെങ്ങുകയറ്റ കാരൻ ആയ തൊഴിലാളിയിൽ നിന്നും കേട്ട ഒരു സംഭവം ഇവിടെ കുറിക്കുന്നു.. : പതിവ് പോലെ തേങ്ങ പറിക്കുവാൻ അയാൾ തലശേരി ഇരിട്ടി ബസിൽ തലശേരിയിൽ എത്തി, തേങ്ങ പറിക്കുന്ന പറമ്പിലേക് നടന്ന് പോകുമ്പോൾ അപരിചിതരായ 3, 4 പേർ അയാളോട് പറഞ്ഞു: 'ഇന്ന് തേങ്ങ പറിക്കണ്ട, കൂടുതൽ പണം ഞങ്ങൾ തരാം മാപ്പിളമാർ ഹിന്ദുക്കളെ അക്രമിക്കുകയാണ്. ഈ 3, 4 പേർ ഒരു വീടിന്റെ പൂട്ട്തകർത്ത് അകത്തു കടന്ന് പലയിടത്തും തിരഞ്ഞു എന്തൊക്കെയോ എടുത്ത് കൊണ്ടുപോയി. എനിക്കും ഒന്നും തന്നില്ല. ബസ് ഇല്ലാത്തതിനാൽ എനിക്ക് നടന്ന് നാട്ടിലേക് തിരിച്ച് പോകേണ്ടി വന്നു. അന്നത്തെ കൂലിയും നഷ്ടപ്പെട്ടു. ഇതായിരുന്നു തലശ്ശേരിയിൽ സംഭവിച്ചത്.