ക്ലോസറ്റിൽ അമേദ്യത്തിന്റെ മോഡൽ കേക്ക് ഉണ്ടാക്കി അത് വധു വരന്മാരെ കൊണ്ട് തീറ്റിക്കുന്ന വൃത്തികെട്ട വീഡിയോ കാണാൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മിൽ പലരും...
ആ വൈറൽ വീഡിയോ മറ്റുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്തവരും ആഭാസങ്ങൾ പ്രചരിപ്പിക്കുന്നവരായി മുദ്ര കുത്തപ്പെട്ടു..
മനുഷ്യൻ അധഃപതിച്ചാൽ മൃഗങ്ങളെക്കാൾ അധഃപതിക്കുമെന്ന ഖുർആൻ വചനങ്ങളെ സാക്ഷ്യപ്പെടുത്തുന്ന അഭാസം എന്നല്ലാതെ എന്ത് പറയാൻ..
എന്റെ സമൂഹം മലവെള്ളപ്പാച്ചിലിലെ ചണ്ടികളെപ്പോലെയായിത്തീരുമെന്ന അന്ത്യ പ്രവാചകന്റെ തിരു വചനകൾ ഓർത്തു പോയ നിമിഷങ്ങൾ..
കല്യാണ സമയത്ത് കൂട്ടുകാരുടെ ഇത്തരം വികൃതികൾ പലപ്പോഴും മാന്യതയുടെയും, കാത്തു സൂക്ഷിക്കുന്ന സംസ്കാരത്തിന്റെയും എല്ലാ സീമകളേയും ലംഘിച്ചു കൊണ്ട് കുതിച്ചു പായുമ്പോഴും കാരണവന്മാരും, നാട്ടിലെ പ്രമുഖരും, മറ്റുള്ളവരും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്നൊരു നിലപാടെടുക്കയാണ് പതിവ്. സന്തോഷത്തിന്റെ സമയത്ത് വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കണ്ടല്ലോ എന്നുള്ള ശരാശരി മലയാളി നിലപാട്. ഇത്തരം അവഗണനയും, പ്രതികരണമില്ലായ്മയും കല്യാണ റാഗിങ്ങ് ചെയ്യുന്ന ഇക്കൂട്ടരെ പന പോലെ വളർത്തി.
ഇത്തരം ആഭാസങ്ങൾ കാണിക്കുന്ന കൂട്ടരെ
സ്നേഹത്തോടെ ബോധവൽക്കരിക്കുകയാണ് ആദ്യമായി വേണ്ടത് എന്ന് തോന്നുന്നു.. ഹെൽമറ്റില്ലാതെ യാത്ര ചെയ്ത പതിനേഴുകാരനെ സ്നേഹത്തോടെ ഉപദേശിച്ചു മനസ്സിലാക്കി കൊടുത്ത പോലീസ്കാരനെ പോലെ നാട്ടിലുള്ള സന്നദ്ധ പ്രവർത്തകരും, മഹല്ല് കമ്മിറ്റികളും ഇത്തരം അബന്ധങ്ങളിൽ ചെന്ന് വീഴുന്ന യുവാക്കളെ നേർവഴിക്ക് നടത്താനുള്ള ബോധവൽക്കരണങ്ങളിൽ കർമ്മ നിരതരാവാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..
നട്ടെല്ല് പണയം വെക്കാത്ത ആൺകുട്ടികൾക്ക് മാത്രമേ തന്റെ മകളെ കല്യാണം ചെയ്ത് കൊടുക്കുകയുള്ളൂ എന്ന് രക്ഷിതാക്കളും തീരുമാനിക്കേണ്ടതുണ്ട്..