ഇനി എന്താണ് പോം വഴി? യു.എ.ഇ യിൽ കുടുങ്ങിയ പ്രവാസികളുടെ ചോദ്യമാണ്.
ഇന്നലെ വാട്‌സാപ്പിൽ സഹായത്തിനായി ബന്ധപ്പെട്ട പ്രവാസി തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങിനെയാണ്...
3 മാസത്തിനായി ലീവിന് പോയതായിരുന്നു. കൊറോണ കാരണം ഒരു വർഷമായി ഇപ്പോൾ നാട്ടിൽ നിൽക്കുന്നു. ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് കരുതി മറ്റ് ജോലിക്കൊന്നും ശ്രമിച്ചതുമില്ല. രണ്ടര ലക്ഷം രൂപയായി വിസ പുതുക്കാനും മറ്റുമായി കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയാണ് പണമുണ്ടാക്കിയത്. ഒന്നര മാസം മുമ്പ് യുഎ.ഇ വന്നു സൗദിയിലേക്ക് തിരികെ വരാൻ നിൽക്കുമ്പോഴാണ് സൗദി അതിർത്തികൾ അടക്കുന്നത്.
അന്ന് ട്രാവൽ ബാൻ ഒരാഴ്ച്ച എന്നത് വീണ്ടും നീണ്ടപ്പോൾ മറ്റു പോംവഴിയില്ലാതെ തിരികെ പോയി.
വീണ്ടും പലരോടും കടം വാങ്ങി യു.എ.ഇയിൽ എത്തിയപ്പോഴാണ് അനിശ്ചിത കാലത്തേക്ക് അതിർത്തികൾ അടക്കുന്നത്, ഇനി തിരിച്ചു പോവാതെ നിവൃത്തിയില്ല, നാട്ടിലെത്തിയാൽ ഭാവി ജീവിതം ഒരു വലിയ ചോദ്യമാണ്. വല്ലാത്തൊരു പ്രതിസന്ധി!
ആദ്യത്തെ യാത്രാ വിലക്ക് നിശ്ചിത സമയം പറഞ്ഞിരുന്നു എങ്കിൽ നിലവിലെ സാഹചര്യത്തിൽ ഇത് അനിശ്ചിതമായി നീണ്ട് പോവാനാണ് സാധ്യത. നിലവിൽ പല ജി.സി.സി രാജ്യങ്ങളും വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തുടങ്ങി.
കേസുകൾ കൂടുന്നതിനനുസരിച്ച് ഒരു പക്ഷേ കഴിഞ്ഞ വർഷത്തെ പോലെ ഫുൾ ലോക് ആണങ്കിൽ നിലവിൽ യു.എ.ഇയിൽ കുടുങ്ങിയവർക്ക് അത് അതിനേക്കാൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോവുന്നത്.
എന്ത് തീരുമാനം എടുക്കണം എന്നതാണ് പ്രവാസികളുടെ മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യം. വിലക്ക് തീരും എന്ന പ്രതീക്ഷയിൽ അവിടെ തന്നെ തുടരണമോ അതോ തിരികെ പോവണമോ? കൃത്യമായി ഒരുത്തരം നൽകാൻ പ്രയാസമാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ യു.എ.ഇയിൽ തുടരുന്നതിൽ വലിയ അർത്ഥമുണ്ടന്ന് തോന്നുന്നില്ല. സൗദി കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോവുന്നു എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അങ്ങിനെയാണങ്കിൽ അധികം വൈകാതെ തിരികെ പോവുന്നതായിരിക്കും ഉചിതം. കാരണം ലോക് ഡൗൺ മുറുകുന്നതോടെ യു. എ.ഇ-കേരള യാത്ര നിരക്ക് വർധനക്ക് സാധ്യത കൂടുതലാണ്. മാത്രമല്ല ട്രാവൽ പാക്കേജിലെ 15 ദിവസം കഴിഞ്ഞാൽ പിന്നീട് അവിടെ നിൽക്കാൻ ചില വേറും. കെ.എം.സി.സി പോലെയുള്ള സന്നദ്ധ സംഘടനകൾക്ക് പോലും സഹായിക്കാൻ പരിമിധികൾ ഏറെയാണ്.
അവിടെ നിൽക്കുന്ന പ്രവാസികൾക്ക് എന്ത് തീരുമാനവും എടുക്കാം, എന്നാൽ വൈകും തോറും കൂടുതൽ പ്രതിസന്ധിയിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുക. എല്ലാവരും പ്രാർഥിക്കുക കാര്യങ്ങൾ എത്രയും പഴയ പടിയാവട്ടെ.