കലയുടെ വഴിയമ്പലങ്ങളിലൂടെയുള്ള യാത്ര തുടരുകയാണ് ശ്രീരേഖ ജി. നായർ. ലാസ്യവും ശൃംഗാരവും ഹാസ്യവും ഭയാനകവുമെല്ലാം സമ്മേളിക്കുന്ന കലയുടെ വിഭിന്നവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കലാകാരിയെ വേറിട്ടുനിർത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഓട്ടൻതുള്ളൽ, കഥകളി, നാടോടിനൃത്തം, ശാസ്ത്രീയസംഗീതം, മോണോ ആക്ട്, കഥാപ്രസംഗം, മൃദംഗം, വയലിൻ, നാടകം... തുടങ്ങി ശ്രീരേഖ കൈവയ്ക്കാത്ത മേഖലകളില്ല.
സൂര്യപുത്രനായ കർണ്ണന്റെ ഐതിഹാസിക ജീവിതത്തിന് നൃത്തരൂപം നൽകിക്കൊണ്ടാണ് ശ്രീരേഖ പുതിയ ചുവടു വെക്കുന്നത്. വില്ലാളിവീരനും ദാനധർമ്മിഷ്ഠനുമെല്ലാമായ കർണ്ണന്റെ ത്യാഗനിർഭരമായ ജീവിതം നൃത്തരൂപത്തിൽ അവതരിപ്പിക്കണമെന്ന് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ആ സ്വപ്നത്തിന്റെ സാഫല്യം കൂടിയാണിത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാളം ഉപപാഠപുസ്തകത്തിൽ കുട്ടിക്കൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലെ ഒരു ഭാഗമുണ്ടായിരുന്നു. അന്നുതൊട്ടാണ് കർണ്ണനോട് ആദരവ് തോന്നിത്തുടങ്ങിയത്. കുട്ടിക്കാലംതൊട്ടേ നൃത്തരംഗത്തുണ്ടായിരുന്നതിനാൽ ജീവിതത്തിൽ എന്നെങ്കിലും കർണ്ണന്റെ ജീവിതം അരങ്ങിലെത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്നര പതിറ്റാണ്ടുകാലമായുള്ള ആ സ്വപ്നമാണ് ഈ മാസം ഇരുപത്തിമൂന്നിന് കോഴിക്കോട് ടൗൺഹാളിൽ നൃത്തനാടകമായി സാക്ഷാത്കരിക്കപ്പെടുന്നത്.
അധ്യാപകനായ രമേശ് കാവിൽ രചിച്ച ഈ നൃത്തനാടകം സംവിധാനം ചെയ്തിരിക്കുന്നതും ശ്രീരേഖയാണ്. കൂടാതെ നാടകത്തിൽ കർണ്ണനായും കുന്തിയായും അരങ്ങിലെത്തുന്നതും ഈ കലാകാരിതന്നെ. രണ്ടുപേരും ഒന്നിച്ച് അരങ്ങിലെത്തുന്ന സന്ദർഭത്തിൽ ശിഷ്യയാണ് കുന്തിയായെത്തുന്നത്.
പന്തീരാങ്കാവ് വള്ളിക്കുന്ന് ഇല്ലത്തുതാഴം പുൽപറമ്പിൽ മുരളീസദനത്തിൽ ഗിരീഷ് കുമാറിന്റെ ഭാര്യയായ ശ്രീരേഖ ജനിച്ചുവളർന്നത് അങ്കമാലിയിലാണ്. നെടുമ്പാശ്ശേരിക്കടുത്ത നായത്തോട് എന്ന ഗ്രാമത്തിൽ എ.കെ. ഗംഗാധരൻ നായരുടെയും ശാന്തകുമാരിയുടെയും ഏകമകൾ. കലാരംഗത്ത് പാരമ്പര്യത്തിന്റെ പിൻബലമൊന്നുമില്ലാതിരുന്നിട്ടും അങ്കമാലി ഹോളി ഫാമിലി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ശ്രീരേഖ ആദ്യമായി ചിലങ്ക കെട്ടിയാടി. കൊരട്ടിയിലെ ശോഭാ ഗോപാലനായിരുന്നു വഴികാട്ടി. തുടക്കം നാടോടിനൃത്തത്തിലൂടെയായിരുന്നെങ്കിലും മൂന്നാം ക്ലാസിലെത്തിയപ്പോൾ കലാമണ്ഡലം സുമതി ടീച്ചറുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചുതുടങ്ങി. കലാക്ഷേത്രം സുനിൽ നെല്ലായിയുടെയും ശിഷ്യയായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സബ്ജില്ലാ തലത്തിൽ കലാതിലകപട്ടം സ്വന്തമാക്കിയത്. നൃത്തത്തിനു പുറമെ മോണോ ആക്ടിലും ഓട്ടൻതുള്ളലിലുമെല്ലാം നേടിയ മികവാണ് കലാതിലകപട്ടത്തിന് വഴിയൊരുക്കിയത്. ആറാം ക്ലാസിലെത്തിയപ്പോഴേയ്ക്കും കർണ്ണാടക സംഗീതവും മൃദംഗവും വയലിനുമെല്ലാം അഭ്യസിച്ചുതുടങ്ങി. രഘുനന്ദൻ കരിയാടായിരുന്നു കർണ്ണാടക സംഗീതം പരിശീലിപ്പിച്ചത്.
എട്ടാം ക്ലാസിലേയ്ക്കു പാസായതോടെ കലയുടെ ശ്രീകോവിലായ കലാമണ്ഡലത്തിലേയ്ക്കു ചേക്കേറി. കുട്ടിക്കാലംതൊട്ടേയുള്ള മോഹസാക്ഷാത്കാരമായിരുന്നു അത്. കലാമണ്ഡലം പുഷ്പലതയുടെ ശിക്ഷണത്തിൽ ഭരതനാട്യത്തിനു പുറമെ മോഹിനിയാട്ടവും കുച്ചിപ്പുഡിയും അഭ്യസിച്ചു. കലാമണ്ഡലത്തിൽനിന്നും ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ശ്രീരേഖ, കലാമണ്ഡലം സരസ്വതി ടീച്ചറുടെ നൃത്യാലയത്തിൽ അധ്യാപികയായെത്തി. മൂന്നുവർഷത്തോളം ഇവിടെ തുടർന്നു. ഭർത്താവ് ഗിരീഷ്കുമാറിനെ പരിചയപ്പെടുന്നതും ഇവിടെ വെച്ചായിരുന്നു. വിവാഹാനന്തരം കലാമണ്ഡലത്തിൽ അധ്യാപികയായി എത്തിയെങ്കിലും തുടരാനായില്ല. കലാമണ്ഡലം യൂണിവേഴ്സിറ്റിയായി ഉയർത്തിയതോടെ അധ്യാപനത്തിന് ബിരുദാനന്തര ബിരുദം നിർബന്ധമാക്കി. കലാമണ്ഡലത്തിൽ നൃത്തത്തിൽ പി.ജിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
പത്തുവർഷത്തോളമായി പന്തീരാങ്കാവിൽ വൈഷ്ണവ നൃത്തകലാക്ഷേത്രം എന്ന നൃത്തവിദ്യാലയത്തിന്റെ അമരക്കാരിയാണ് ശ്രീരേഖ. കലാമണ്ഡലം സുമതിക്കുട്ടിയമ്മ, ലീലാമ്മ, വിനീത നെടുങ്ങാടി തുടങ്ങിയ പ്രഗത്ഭരിൽനിന്നും സ്വയത്തമാക്കിയ ശാസ്ത്രീയ നൃത്തരീതികൾ ശിഷ്യരേയും അഭ്യസിപ്പിക്കുകയാണ് ഈ ഗുരുശ്രേഷ്ഠ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സ്വാതികലാകേന്ദ്രത്തിലും അധ്യാപികയായിരുന്നു.
കർണ്ണന്റെ ജീവിതമാണ് നൃത്തനാടകത്തിന് ഇതിവൃത്തമെങ്കിലും യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയാണിതെന്ന് ശ്രീരേഖ പറയുന്നു. മഹാഭാരതയുദ്ധത്തിന്റെ ദുരിതഫലങ്ങൾ അറിയാമായിരുന്ന കർണ്ണൻ യുദ്ധം ഒന്നിനും പരിഹാരമല്ലെന്നു കുന്തിയോടു പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാരൂപത്തിന്റെ അവസാനരംഗത്ത് സാരോപദേശമായി പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ ഈണത്തിൽ യുദ്ധവിരുദ്ധഗാനം ആലപിച്ചുകൊണ്ട് കഥാപാത്രങ്ങളെല്ലാം കൈകോർത്തു പിടിച്ചുനിൽക്കുകയാണ്. മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടന മാഫിയക്കെതിരെയും ഈ കലാരൂപം വിരൽ ചൂണ്ടുന്നുണ്ട്.
നൂറ്റിയൻപതോളം വിദ്യാർത്ഥികൾക്ക് നൃത്തപാഠങ്ങൾ പകർന്നുനൽകുന്ന ശ്രീരേഖ ശാസ്ത്രീയ രീതിയിൽതന്നെയാണ് പരിശീലനം തുടരുന്നത്. വിദ്യാർത്ഥികളിൽ ഏറെയും ഭരതനാട്യം അഭ്യസിക്കാനാണെത്തുന്നതെന്നും ശ്രീരേഖ പറയുന്നു.
നൃത്തരംഗത്ത് മാത്രമല്ല, നാടക അരങ്ങിലും സ്വന്തമായ ഇടം നേടിയിട്ടുണ്ട് ഈ കലാകാരി. 2006ലെ കേരളോത്സവത്തിലൂടെയാണ് ശ്രീരേഖ ആദ്യമായി നാടകത്തിൽ വേഷമിട്ടത്. നാടകപ്രവർത്തകൻ കൂടിയായ ഭർത്താവ് ഗിരീഷ് കുമാർ ഒരുക്കിയ പി.എം. താജിന്റെ ഇത്രമാത്രം എന്ന നാടകത്തിലായിരുന്നു ഈ വേഷപ്പകർച്ച. ഉദ്ദേശിച്ച സമയത്ത് നായികയെ കിട്ടാതെ വന്നപ്പോൾ ശ്രീരേഖ തന്നെ ഗിരീഷ് കുമാറിന്റെ നായികയാവുകയായിരുന്നു. തൊഴിലില്ലായ്മ ഇതിവൃത്തമാക്കിയൊരുക്കിയ നാടകത്തിൽ മേരി എന്ന കഥാപാത്രത്തിനായിരുന്നു ജീവൻ പകർന്നത്. കേരളോത്സവത്തിന്റെ ഭാഗമായി നടന്ന നാടകമത്സരത്തിൽ മികച്ച നടനും നടിയുമായി ഗിരീഷും ശ്രീരേഖയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കലാമണ്ഡലത്തിലെ പഠനകാലത്താണ് കഥകളി അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണകുമാറായിരുന്നു ഗുരു. രണ്ടുവർഷത്തെ ശിക്ഷണത്തിനുശേഷം ഗുരുവായൂരിൽ പൂതനാമോക്ഷം കഥകളി അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു.
മോഹിനിയാട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പിന് രണ്ടുതവണ അർഹത നേടിയ ശ്രീരേഖ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും കേരള സംഗീത നാടക അക്കാദമിയുടെ സ്കോളർഷിപ്പിന് അഞ്ചുതവണ അർഹയായിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നൃത്തപരിപാടികൾ അവതരിപ്പിച്ച ശ്രീരേഖ ഗൾഫ് രാജ്യങ്ങളായ മസ്ക്കത്തിലും ദുബായിലും ഷാർജയിലും അബുദാബിയിലുമെല്ലാം നൃത്തപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ അക്കൗണ്ട്സ് മാനേജരായ ഭർത്താവ് ഗിരീഷ് കുമാറിന്റെ സഹകരണമാണ് നൃത്തരംഗത്ത് തുടരാൻ സഹായകമാകുന്നതെന്ന് ശ്രീരേഖ പറയുന്നു. വിദ്യാർത്ഥികളായ അച്യുത് കൃഷ്ണയും ആരഭി കൃഷ്ണയുമാണ് മക്കൾ.






