ഈയിടെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. ലതയെക്കുറിച്ച്. നാല് വർഷത്തോളമായി കാൻസർ രോഗബാധിതയായിരുന്നിട്ടു കൂടി അവർ തന്റെ കർത്തവ്യങ്ങളിൽ സജീവമായിരുന്നു. പുഴയെക്കുറിച്ച് ലതയേക്കാൾ അറിവുള്ളവർ ഉണ്ടായേക്കാം. പക്ഷെ ഇത്രയും അഗാധമായി പുഴയെ സ്നേഹിച്ചവർ അധികമുണ്ടാവില്ല.
ഡോ. ലതയും ഉണ്ണികൃഷ്ണനും. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് സുപരിചിതരാണ് ഈ ദമ്പതികൾ. ഒപ്പം വികസനവാദികൾക്കും. വർഷങ്ങളോളം മാറി മാറി ഭരിച്ച സർക്കാരുകളും കെ എസ് ഇ ബിയും എത്ര ശ്രമിച്ചിട്ടും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണക്കാർ ഇവരാണ്. കാരണം ചാലക്കുടി പുഴ ഇവർക്ക് ജീവനാണ്. മകളാണ്. അതിനെ ബലി കൊടുത്തുള്ള ഒരു പദ്ധതിയും അനുവദിച്ചു കൊടുക്കാൻ ഇവർക്കാകുമായിരുന്നില്ല.
ഡോ. ലത. നദികളെ ഇത്രമാത്രം സ്നേഹിച്ചൊരാൾ അടുത്ത കാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കാം കഴിഞ്ഞ ദിവസം കേരളത്തിലെ പുഴകളിലെല്ലാം ഒഴുകിയത് കണ്ണീരായിരുന്നു. അകാലത്തിലായിരുന്നു ലതയുടെ വിടവാങ്ങൽ. ജീവിച്ചിരുന്നെങ്കിൽ കേരളത്തെ വീണ്ടും പച്ചയണിയിക്കാനുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ ഏറെ കാലം കൂടി അവരുണ്ടാകുമായിരുന്നു. കാടിനെ കടലുമായി ബന്ധിപ്പിക്കുന്നത് പുഴയാണ്- ലത പറയുന്നു, അതായത് ദേശത്തെ മുഴുവൻ. ഒഴുകുമ്പോഴേ പുഴ, പുഴയാകൂ. കെട്ടിനിന്നാൽ അതു വെള്ളം മാത്രമാണ്. ഏതെങ്കിലും ഡാമിൽ പോയി ചെവി വെച്ചുനോക്കൂ... ഒഴുകാൻ വെമ്പുന്ന പുഴയുടെ തേങ്ങലുകൾ കേൾക്കാം. വെള്ളത്തെ പുഴയായി കാണണം. എന്നാൽ നാമെന്താണ് ചെയ്യുന്നത്? പുഴയുടെ പ്രഭവ സ്ഥാനമായ കാടു മുതൽ നാം ആക്രമണം തുടങ്ങുന്നു. കാടു വെട്ടിതെളിക്കുന്നു. പിന്നെ അവസരം കിട്ടിയിടത്തെല്ലാം ഡാമുകൾ. പിന്നീടോ? പുഴയുടെ ഞരമ്പായ മണൽ വാരിയെടുക്കൽ. അശാസ്ത്രീയമായ രീതിയിൽ വെള്ളം പമ്പു ചെയ്യൽ. ഫാക്ടറികളുടെ മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കൽ. പുഴക്ക് മരിക്കാൻ ഇതെല്ലാം ധാരാളം. ലോകത്തെ ഗംഭീരമായ സംസ്കാരങ്ങളെല്ലാം ഉണ്ടായത് പുഴകൾക്കരികിൽ എന്നു കുട്ടികളെ പഠിപ്പിക്കുമ്പോൾ തന്നെയാണ് നാമിതെല്ലാം ചെയ്യുന്നത്. പുഴയെ എങ്ങനെ കാണണമെന്ന് കെ.എസ്.ഇ.ബിക്കോ വനം വകുപ്പിനോ ഇറിഗേഷൻ വകുപ്പിനോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ എന്തിനേറെ, സർക്കാരിനോ അറിയില്ല. പുഴയേയും കാടിനേയും കടലിനേയും മണലിനേയുമെല്ലാം വേറെ വേറെ കമ്പാർട്ട്മെന്റുകളായാണ് നാം കാണുന്നത്. എല്ലാം നമുക്ക് വരുമാന മാർഗ്ഗങ്ങൾ മാത്രം. പിന്നെ പുഴക്ക് ജീവിതമെവിടെ നിന്ന്? അതെങ്ങനെ ഒഴുകും? ഇപ്പോൾ പലപ്പോഴും കാണുന്നത് മലവെള്ളപ്പാച്ചിൽ. പിന്നെ കണ്ണീരും. സമീപത്തുകൂടി പുഴയൊഴുകിയിട്ടും തങ്ങളുടെ കിണറുകളിൽ വെള്ളമില്ല എന്ന വീട്ടമ്മമാരുടെ പരാതിക്കുള്ള മറുപടിക്കായി എങ്ങും പോകണ്ട.
ചാലക്കുടി പുഴയും, അതിന്റെ ഉറവിടമായ ആനമലയും ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളും സന്ദർശിച്ചുകൊണ്ടാണ് പരിസ്ഥിതി പ്രവർത്തനത്തിലേക്ക് കാലെടുത്ത് വച്ചത്. ഏതാണ്ട് 28 വർഷങ്ങൾ മുമ്പായിരുന്നു അത്. അതിനുമുമ്പ് കാർഷികസർവ്വകലാശാലയിൽ നിന്ന് പഠിച്ചിറങ്ങി കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഭാരതപുഴയുടെ തീരത്തും കരുവന്നൂർ പുഴയുടെ തീരത്തുമായിരുന്നു ഓഫീസുകൾ. പുഴകൾ സാവധാനം മരിക്കുന്നതായിരുന്നു അവർ ഓഫീസിലിരുന്ന് കണ്ടത്. കാതുകളിൽ എപ്പോഴും മുഴങ്ങിയത് പുഴയുടെ രോദനം. ഏതെങ്കിലും സർക്കാർ ഓഫീസിലിരുന്ന് മുരടിക്കാനുള്ളതല്ല തന്റെ ജീവിതമെന്നും അത് പുഴകൾക്കുള്ളതാണെന്നും ലത തീരുമാനിച്ചു. അങ്ങനെയാണ് ജോലി രാജിവെച്ച് പുഴയിലേക്കിറങ്ങിയത്. അതേ ചിന്തയിൽ ജോലി രാജിവെച്ചിരുന്ന ഉണ്ണികൃഷ്ണനുമായുള്ള പരിചയം പുഴയെ സാക്ഷിനിർത്തി ഒന്നിച്ചു ജീവിക്കുന്നതിലേക്ക് നയിച്ചു.

ഡോ.സതീശ് ചന്ദ്രൻ നായരിൽനിന്നും പകർന്നുകിട്ടിയ അറിവുകളും പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ചുള്ള ഉൾക്കാഴ്ചകളുമാണ് ലതയെ മുന്നോട്ടു നയിച്ച പ്രധാന ഊർജ്ജം. ചോലയാറിനോടും വാഴച്ചാൽ കാടുകളോടും അതിരപ്പിള്ളി വെള്ളച്ചാട്ടത്തോടും കാടർ എന്ന ആദിവാസി വിഭാഗത്തോടുമുള്ള സ്നേഹം അതിന് കരുത്തേകി. അങ്ങനെയാണ് ലത ആക്ടിവിസ്റ്റുമായത്. അതിരപ്പിള്ളി പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പഠിച്ച് ജനങ്ങളിലെത്തിക്കാനും കോടതിയുദ്ധം നയിക്കാനും മുന്നിൽ നിന്നത് ഇവരും മോഹൻദാസും എസ്. പി രവിയും മറ്റും നയിക്കുന്നചാലക്കുടി പുഴ സംരക്ഷണ സമിതി. പദ്ധതിയെ കുറിച്ചുള്ള കെ.എസ്.ഇ.ബിയുടെയും വികസനവാദികളുടേയും അവകാശവാദങ്ങളുടെയെല്ലാം മുനയൊടിയുന്നത് സമിതിയുടെ പഠനങ്ങളിൽ തട്ടിയായിരുന്നു. ഇപ്പോൾതന്നെ ആറു ഡാമുകളെ ചുമലിലേറ്റിയാണ് പാവം ചാലക്കുടി പുഴ ഒഴുകുന്നത്. ഒന്നുകൂടി താങ്ങാൻ അതിനാകില്ല. പറമ്പികുളം - ആലിയാർ കരാറിന്റെ ഭാഗമായി കുറെ വെള്ളം തമിഴ് നാട്ടിലേക്ക്. പിന്നെ ഇടമലയാറിലേക്ക്. ബാക്കി വരുന്നതാണ് താഴേക്ക് ചെല്ലുന്നത്. എത്രയോ പഞ്ചായത്തുകളിലെ ജനങ്ങൾ ഈ വെള്ളത്തിൽ ജീവിക്കുന്നു. പുഴയുടെ പ്രധാന വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതിയിലെ കാടുകളെല്ലാം തോട്ടങ്ങളായി. പദ്ധതി വന്നാൽ വാഴച്ചാൽ - അതിരപ്പിള്ളി വനങ്ങളും ഇല്ലാതാകും. ഒപ്പം അവിടത്തെ ജൈവവ്യവസ്ഥയും. ആ ജൈവവ്യവസ്ഥയിൽ കാടർ എന്ന ആദിവാസി വിഭാഗവും ഉൾപ്പെടുന്നു. ക്ഷീണിച്ചതെങ്കിലും ഇപ്പോഴുള്ള വെള്ളച്ചാട്ടം കാണാൻ കുറെ പേർ എത്തുന്നതിനാൽ ജീവിച്ചുപോകുന്ന നാട്ടുകാരും വന സംരക്ഷണ സമിതി പ്രവർത്തകരും. വെള്ളച്ചാട്ടത്തിനു താഴെ തുമ്പൂർ മുഴി ജലസേചന പദ്ധതി. 20ഓളം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ..… പുഴയിലെ വൈവിധ്യമാർന്ന മത്സ്യസമ്പത്ത്.. ഇതിനൊന്നും പകരം വെക്കാൻ പദ്ധതിയെ കൊണ്ടു കഴിയില്ല. അങ്ങനെപോയി സമിതിയുടെ വാദങ്ങൾ. 2005ൽ പുഴ കടലിൽ ചേരുന്ന അഴിക്കോട് മുതൽ പ്രഭവസ്ഥാനം വരെ നടന്ന നദീയാത്ര.. പിന്നീട് സമരങ്ങൾ.. പഠന റിപ്പോർട്ടുകൾ.. കോടതിമുറികൾ... ജനകീയ തെളിവെടുപ്പുകളിൽ പദ്ധതിക്കെതിരായ രോഷത്തിന്റെ വെള്ളച്ചാട്ടമുണ്ടാകാൻ പ്രധാന കാരണം ലതയുടെ കണ്ടെത്തലുകൾ തന്നെ... ലോകം ഏറെക്കുറെ ഉപേക്ഷിച്ചിട്ടും പുഴയുടെ ഒഴുക്ക് തടഞ്ഞുള്ള വൻകിട ജലവൈദ്യുത പദ്ധതിക്കായുള്ള നമ്മുടെവികസനവാദികൾക്ക് അതിനൊന്നും മറുപടി ഇല്ലെന്നത് സ്വാഭാവികം.
ഡോ. ലത ഇന്ത്യയിൽ മാത്രമല്ല, ആസ്ത്രേലിയ, മെക്സിക്കോ, നെതർലാൻഡ്, തായ്ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും പുഴസംരക്ഷണവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ സൗത്ത് ഏഷ്യൻ വിഭാഗത്തിന്റെ അഡൈ്വസറായും പ്രവർത്തിച്ചു. പുഴയിൽ നിലവിലുള്ള വെള്ളം വിനിയോഗം ചെയ്യുന്ന കാര്യവുമായി ബന്ധപ്പെട്ട ലതയുടെ പഠനങ്ങൾ വളരെ ആഴത്തിലുള്ളതാണ്. വെള്ളത്തിന്റെ ഉപയോഗക്രമത്തിനനുസരിച്ച് കൃഷിയിൽ മാറ്റം വരുത്തേണ്ട മാറ്റങ്ങളും അവർ നന്നായി പഠിച്ചു. ഫോറം ഫോർ പോളിസി ഡയലോഗ് ഇൻ വാട്ടർ കോൺഫ്ലിക്ടി ഇൻ ഇന്ത്യയുടെ ദേശീയ നിർവ്വാഹക സമിതിയംഗമായിരുന്നു. ലതയുടെ നേതൃത്വത്തിൽ തുടങ്ങിയ തൃശൂരിലെ റിവർ റിസർച്ച് സെന്റർ ഈ മേഖലകളിലെല്ലാം സജീവസാന്നിധ്യമായി. പുഴകളോട് സംസാരിച്ചും പുഴകൾക്കായി സംസാരിച്ചും ജീവിതം മുഴുവൻ പുഴകൾക്ക് സമർപ്പിച്ചതായിരുന്നു ആ ജീവിതം. പുഴയെ കുറിച്ചുള്ള അവരുടെ പഠനങ്ങൾ കേവലം വസ്തുതാപരമായിരുന്നില്ല, വൈകാരികം കൂടിയായിരുന്നു. അതായിരുന്നു അതിനെ മറ്റുള്ളവരുടെ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതും. പുഴകളെ മക്കളായി കാണുന്നതിനാലായിരുന്നു ഈ ദമ്പതികൾ കുട്ടികൾ വേണ്ട എന്നു പോലും തീരുമാനിച്ചത്. നാല് വർഷത്തോളമായി കാൻസർ രോഗ ബാധിതയായിരുന്നിട്ടു കൂടി അവർ തന്റെ കർത്തവ്യങ്ങളിൽ സജീവമായിരുന്നു. പുഴയെക്കുറിച്ച് ലതയേക്കാൾ അറിവുള്ളവർ ഉണ്ടായേക്കാം. പക്ഷെ ഇത്രയും അഗാധമായി പുഴയെ സ്നേഹിച്ചവർ അധികമുണ്ടാവില്ല.






