Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇവിടെ രാഷ്ട്രീയം പാടില്ല 

പണ്ടൊക്കെ നാട്ടിൽ തെരഞ്ഞെടുപ്പ് കാലത്ത്  ചൂടേറിയ ചർച്ചകൾ നടക്കുക ബാർബർ ഷോപ്പുകളിലും ഹോട്ടലുകളിലുമാണ്. വാട്ട്‌സപ്പും ന്യൂസ് അവറുമില്ലാത്തതിന്റെ കുറവ് നികത്തിയത് ഇത്തരം സംവാദങ്ങളാണ്. വന്നു വന്ന് നാട്ടിൽ കുഴപ്പമുണ്ടാക്കാനും സമൂഹ മാധ്യമങ്ങൾക്കാവുമെന്നായി. ബൈഡനെ പോലൊരുത്തൻ ഭരിക്കുന്ന അമേരിക്കയിൽ ഒരു നിമിഷം കഴിയാൻ പറ്റില്ലെന്ന് കാമ്പയിൻ  കാലത്ത് പറഞ്ഞ ആളാണ് ഡോണൾഡ് ട്രംപ്. ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിൽ നിന്നൊഴിവാക്കിയപ്പോൾ ആദ്യം ചെയ്തത് കോട്ടും സ്യൂട്ടും ധരിച്ച വാടക ഗുണ്ടകളെ കാപ്പിറ്റോളിൽ അഴിഞ്ഞാടിപ്പിക്കുകയായിരുന്നു. ഇതിനായി ഉപയോഗപ്പെടുത്തിയത് സമൂഹ മാധ്യമ പ്ലാറ്റുഫോമുകളെ. ഇതിന്റെ അപകടം മനസ്സിലാക്കിയ സക്കർബർഗ് ഫേസ്ബുക്കിലെ രാഷ്ട്രീയം പറച്ചിലിന് നിയന്ത്രണമേർപ്പെടുത്തുകയാണ്. 
രാഷ്ട്രീയ ഭിന്നതകളൂമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും ഫേസ്ബുക്കിൽ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി.  ഇതോടെ രാഷ്ട്രീയ പോസ്റ്റുകൾ ന്യൂസ് ഫീഡിൽ എത്തുന്നത് കുറയും. ഇതിനായി അൽഗൊരിതത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും. അമേരിക്കയിൽ ഇതിനോടകം തന്നെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  രാഷ്ട്രീയ ചർച്ചകൾ കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് ഉപയോക്താക്കൾ ഫീഡ്ബാക്കിൽ വ്യക്തമാക്കുന്നത്. അതിനാൽ ഭിന്നത സൃഷ്ട്രിയ്ക്കുന്ന ചർച്ചകൾ കുറയ്ക്കുകയും അതുവഴി തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീഡിൽനിന്നും രാഷ്ട്രീയ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും  സക്കർബർഗ് വ്യക്തമാക്കി.
ദൽഹിയിലെ റിപ്പബ്ലിക് ദിന സ്‌പെഷ്യലിനുള്ള സൗകര്യമായതും ഫേസ്ബുക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുക. കശ്മീരിലായാലും ദില്ലിയിലായാലും നമുക്കറിയാവുന്ന ഏക പണി നെറ്റ് ഓഫാക്കുക എന്നത് മാത്രമാണല്ലോ. 
***    ***    ***

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ വളരെ അധികമാണ്. പ്രത്യേകിച്ച് സിനിമാനടിമാർക്കാണ് ഇത്തരത്തിൽ മോശം അനുഭവം കൂടുതലായുണ്ടാകുന്നത്. മുഖമില്ലാതെ വരുന്ന ഇത്തരം കമന്റുകളോട് പലപ്പോഴും തിരിഞ്ഞു നിൽക്കലാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാൽ ലൈവിൽ അശ്ലീലം പറഞ്ഞ ആളെ തിരഞ്ഞു കണ്ടുപിടിച്ച് യുവനടി വീഡിയോ കോൾ ചെയ്താലോ? സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് 'തത്സമയം' എന്ന ഷോർട്ട്ഫിലിമാണ്. തിരക്കഥാകൃത്ത് മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ അശ്ലീലം പറയുന്നവർക്കെതിരെയാണ് ചിത്രം. പൂർണമായും മൊബൈൽ വീഡിയോയിലൂടെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ലോക്ഡൗണിന് ഇടയിൽ തന്റെ ആരാധകരോട് സംസാരിക്കാൻ ഫേസ്ബുക്ക് ലൈവിൽ വരുന്ന യുവനടിക്ക് നേരിടേണ്ടിവരുന്ന മോശം അനുഭവമാണ് ചിത്രത്തിൽ പറയുന്നത്. അപ്രതീക്ഷിത സന്ദേശം കണ്ട് താരം ലൈവ് കട്ട് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന ചർച്ചകളും തത്സമയത്തിൽ കാണിക്കുന്നു. അശ്ലീലം പറഞ്ഞവരുടെ മേൽവിലാസം സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും അവരിൽ ഒരാെള നടി തന്നെ നേരിട്ട് വിളിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരും ആദൃശ്യരല്ല എന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ആർദ്ര ബാലചന്ദ്രൻ, നീതു സിറിയക്, ഗൗരി കെ. രവി, എൽന മെറിൻ, ഉല്ലാസ് ടി.എസ്. എന്നിവരാണ് തത്സമയത്തിൽ അഭിനയിച്ചിരിക്കുന്നത്. 

***    ***    ***

യുഡിഎഫ് തോൽക്കാനുള്ള തയ്യാറെടുപ്പിലോ എന്നതായിരുന്നു കഴിഞ്ഞ ദിവസം  ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ച. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല, കെ.എം ഷാജഹാൻ, കോൺഗ്രസ് അനുകൂല മാധ്യമ പ്രവർത്തകനായ ജോർജ്ജ് പൊടിപ്പാറ, വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവരായിരുന്നു ചർച്ചയിൽ.  ചർച്ച പൊടിപൊടിക്കുന്നതിനിടെയായിരുന്നു ശ്രീജിത്ത് പണിക്കർക്ക് ഒരു അമളി പിണഞ്ഞത്. അവതാരകനോ മറ്റ് പാനലിസ്റ്റുകളോ അത് ചൂണ്ടിക്കാണിച്ചതുമില്ല. മുമ്പൊരിക്കൽ മഹിള മോർച്ച നേതാവ് സ്മിത മേനോന് പിണഞ്ഞ അതേ അബദ്ധം തന്നെയാണ് ശ്രീജിത്ത് പണിക്കർക്കും പറ്റിയത്. 
കോൺഗ്രസ് സിപിഎമ്മിനെ കണ്ട് പഠിക്കണം എന്നതായിരുന്നു ചർച്ചയുടെ ഏറെക്കുറേയുള്ള ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്നത്. പാനലിസ്റ്റ് ആയ ശ്രീജിത്ത് പണിക്കരും ഇത്തരത്തിൽ കോൺഗ്രസിനെ ഉപദേശിക്കുന്നുണ്ടായിരുന്നു.  വട്ടിയൂർക്കാവ് സീറ്റിൽ സി.പി.എം വി.കെ പ്രശാന്തിനെ മത്സരിപ്പിച്ച സംഗതിയൊക്കെ ശ്രീജിത്ത് പണിക്കർ ഉയർത്തിക്കാണിച്ചു. അന്ന് ബിജെപി എസ്. സുരേഷിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം അമ്പേ പരാജയമായിരുന്നു എന്ന നിലപാടാണ് ശ്രീജിത്ത് പണിക്കർ സ്വീകരിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ, ആര്യ രാജേന്ദ്രനെ പോലെ ഒരാളെ ഈ വരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എം ഉപയോഗിച്ചാൽ താൻ അത്ഭുതപ്പെടില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്. അത് ചിലപ്പോൾ കൈയ്യിൽ കിട്ടാത്ത നേമം പോലെ ഉള്ള ഒരു സീറ്റ് ആയിരിക്കാം. അങ്ങനെ ചെയ്താൽ പോലും അത് ഒരു രാഷ്ട്രീയ തന്ത്രമാണെന്നാണ് താൻ മനസ്സിലാക്കുക എന്നും ശ്രീജിത്ത് പറഞ്ഞു. 
ആര്യ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ മേയർ ആണ്. 21 വയസ്സാണ് ആര്യ രാജേന്ദ്രന്റെ പ്രായം. ആര്യയെ തിരുവനന്തപുരം മേയർ ആക്കാൻ സിപിഎം എടുത്ത തീരുമാനം വലിയ തോതിൽ അംഗീകരിക്കപ്പെട്ടു എന്നത്  വസ്തുതയാണ്.  
ആര്യയെ പോലെ ഒരാളെ സിപിഎം ഇത്തവണ മത്സരരംഗത്തിറക്കിയാലും അത്ഭുതപ്പെടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ആര്യ രാജേന്ദ്രന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. പ്രായപൂർത്തി വോട്ടവകാശം ആയ എല്ലാവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല എന്നത് പോലെ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. 25 വയസ്സ് പൂർത്തിയാവർക്ക് മാത്രമേ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാനാവൂ എന്നതാണ് ചട്ടം. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായം 30 വയസ്സാണ്. അതുകൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് എന്നല്ല, ഒരു മണ്ഡലത്തിലും ആര്യ രാജേന്ദ്രന് മത്സരിക്കാൻ സാധിക്കില്ല.

***    ***    ***

ചാനൽ റേറ്റിങിൽ തിരിമറി കാണിക്കാൻ റിപ്പബ്ലിക് ടിവി  എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി പണം നൽകിട്ടുണ്ടെന്ന് ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്ത. റിപ്പബ്ലിക്കിന് റേറ്റിങ് കൂടുതൽ കാണിക്കാനായി പല തവണകളായി അർണബ് പണം നൽകിയെന്ന് മുംബൈ പോലീസിന് പാർഥോ ദാസ് ഗുപ്ത  എഴുതി നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണ വിദേശ യാത്രക്കായി 12,000 ഡോളറും കൂടാതെ മൂന്ന് തവണ നേരിൽ കണ്ട് 40 ലക്ഷം രൂപയുമാണ് അർണബ് തനിക്ക് നൽകിയതെന്ന് ഗുപ്ത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 
പോലീസ്  ചാർജ് ഷീറ്റിലാണ് ഗുപ്തയുടെ മൊഴിയുള്ളത്. 3600 പേജുള്ള കേസ് ഷീറ്റിൽ ബാർക്കിന്റെ ഫോറെൻസിക് റിപ്പോർട്ടും, ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് കൂടാതെ ബാർക്കിലെ മുൻ ജീവനക്കാരുടെ മൊഴിയെല്ലാം ചേർത്താണ് ചാർജ് ഷീറ്റ് ഉണ്ടാക്കിയിരിക്കുന്നത്.ടൈംസ് നൗവിൽ  വെച്ച് 2004 മുതൽ അർണബ് ഗോസ്വാമിയെ അറിയാം. 2013ൽ ഗുപ്ത ബാർക്കിൽ പ്രവേശിച്ചതിന് ശേഷമാണ് അർണബ് 2017 ടൈംസ് നൗ വിട്ട് റിപ്പബ്ലിക്ക് ടിവി തുടങ്ങുന്നത്. ചാനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർണബ് റേറ്റിങ് കൂട്ടുന്നതിനുവേണ്ടി സഹായത്തിന് സൂചന നൽകിയിരുന്നുവെന്ന് ഗുപ്തയുടെ മൊഴിയിൽ പറയുന്നു. ചാനൽ ആരംഭിച്ചതിന് ശേഷം 2019 വരെ ടിആർപിയിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്നാണ് ചാനൽ റേറ്റിങ്ങിൽ ഒന്നാമതായി നിലനിന്നതെന്ന് അദ്ദേഹം പറഞ്ഞു. 
റേറ്റിങിൽ ഒന്നാമതായി നിലനിർത്താൻ സാഹായിച്ചതിന് തന്റെ രണ്ട് വിദേശ യാത്രയ്ക്കായി അർണബ്  6000 ഡോളർ വീതം നൽകിയെന്ന് ഗുപ്തയുടെ മൊഴിയിൽ പറയുന്നു.  മുംബൈയിൽ ഹോട്ടലിൽ എത്തി മൂന്ന് തവണകളായി 40 ലക്ഷം രൂപയും നൽകിയെന്ന് ഗുപ്ത പൊലീസിനോട് സമ്മതിച്ചു.
രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളും അർണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളിലുണ്ട്. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ മറ്റു മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇങ്ങനെ പ്രതീക്ഷിക്കുന്നതിനെ തെറ്റായി ചിത്രീകരിക്കുന്നത് അസംബന്ധമെന്നാണ് അർണബിന്റെ നിലപാട്. തന്റെ ചാനലിലൂടെയാണ് അർണബ് ഈ നിലപാട് എടുത്തത്.നേരത്തെ അർണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് ചോർന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നു.
രഹസ്യ വിവരം എങ്ങനെയാണ് അർണബിന് കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ച് കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. അർണബ് ഗോസാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. വിവരം അർണബിന് ചോർത്തിയവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമെങ്കിൽ പാക്കിസ്ഥാനും ഇത് സംബന്ധിച്ച വിവരം കിട്ടി കാണുമെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യസ്‌നേഹത്തിന്റെ ബ്രാൻഡ് അംബാസഡറായ കങ്കണയുടെ പ്രകടനങ്ങളെ കുറിച്ചും സന്ദേശങ്ങളിൽ അർണബ്ജി പറഞ്ഞതായി ശ്രുതിയുണ്ട്. പോലീസുകാർ തമ്മിലൊരു ലാത്തിച്ചാർജ് വേണോ? 

***    ***    ***

കലാപങ്ങൾക്കു പ്രേരകമാകുന്ന ടെലിവിഷൻ ചാനലുകളിലെ പരിപാടികളിലെയും വാർത്തകളിലെയും ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനു എന്തു സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി അന്വേഷിച്ചു. 1994ലെ കേബിൾ ടിവി നെറ്റ്‌വർക്ക് (നിയന്ത്രണ) നിയമം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സർക്കാരിനോടു ചോദ്യമുന്നയിച്ചത്. ദൽഹി നിസാമുദീനിൽ തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തിനെതിരേയുള്ള വാർത്തകളും ടെലിവിഷൻ പരിപാടികളും അപകീർത്തികരമാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി. 
സംഘർഷങ്ങൾക്കും കലാപങ്ങൾക്കും പ്രേരകമാകുന്ന പല വാർത്തകളും ടെലിവിഷൻ പരിപാടികളും ഉണ്ടാകുന്നതും അത്തരം കാര്യങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതിരിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്നതായി മാറാം. സുതാര്യവും സത്യസന്ധമായ റിപ്പോർട്ടിംഗ് ഉണ്ടാകുന്നോ എന്നതിലല്ല. ജനങ്ങൾ അങ്ങനെ പറയുന്നോ ഇങ്ങനെ പറയുന്നോ എന്നതുമല്ല, ഇലക്ട്രോണിക് മീഡിയകളിലെ പ്രകോപനപരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ കൈയിൽ അധികാരം എന്താണുള്ളതെന്നു കോടതി ചോദിച്ചു. 
കോവിഡ് വ്യാപനമുണ്ടായപ്പോൾ സംഭവിച്ച നിസാമുദീനിലെ തബ്‌ലീഗി സമ്മേളനത്തെ സാമുദായിക സ്പർധ ഉണ്ടാക്കുന്ന രീതിയിൽ ഉപയോഗിച്ചെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരേയുള്ള പരാതിയിൽ ചില ചാനലുകൾക്ക് നോട്ടീസയച്ചതായും ചിലവയുടെ സംപ്രേഷണം താത്കാലികമായി നിർത്തിവെച്ചതായും കേന്ദ്ര സർക്കാർ മറുപടി നൽകി. എന്നാൽ, ഇവ കൊണ്ട് പ്രകോപനം ഉണ്ടാക്കിയ വാർത്ത/ പരിപാടിയുടെ ഉള്ളടക്കങ്ങളിൽ നടപടിയെടുക്കാനായില്ലെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടായപ്പോൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിലുള്ള ഇന്റർനെറ്റ് സേവനം നിർത്തിവെച്ചതു മാത്രമാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. 

***    ***    ***

മാതൃഭൂമി ന്യൂസിൽ 27 രാവിലെയുള്ള ബുള്ളറ്റിനിൽ പത്ത് മിനിറ്റിൽ മൂന്ന് തെറ്റുകൾ. ഇടക്ക് ഒരു ലേഖിക ക്ഷമിക്കണം എന്ന് പറയുന്നത് കേട്ടു. ദൂരദർശനിലെ വാർത്തകൾ ഏതായാലും ഇത് പോലെയല്ല. ഉച്ചാരണ വൈകല്യമുള്ളവരെ പോലും ആകാശവാണിയും റേഡിയോയും അടുപ്പിക്കില്ല. 
യുട്യൂബിൽ ഒരു പെൺകുട്ടി മുതിർന്ന ദൃശ്യമാധ്യമ പ്രവർത്തക അളകനന്ദയെ ഇന്റർവ്യൂ ചെയ്യുന്നു. സൂര്യ, ദൂരദർശൻ, ഏഷ്യാനെറ്റ് അനുഭവങ്ങൾ നന്നായി വിവരിക്കുന്നു. പല സ്ത്രീകളും മനസ്സിൽ കൊണ്ടു നടക്കുന്ന ഈ ന്യൂസ് റീഡേഴ്‌സിനെങ്ങനെയാണ് ഇത്രയേറെ വസ്ത്രങ്ങൾ ലഭിക്കുന്നതെന്ന സംശയത്തിന് വരെ കൃത്യമായ ഉത്തരം നൽകി. യുട്യൂബിലെ അലോസരം ഇടക്കിടെ വരുന്ന പരസ്യങ്ങളാണ്. കോഴിക്കോട്ടോ കൊച്ചിയിലോ ഉറങ്ങാൻ കിടക്കുന്ന ആളെ തൂക്കിയെടുക്കുന്ന കൊതുകുകളെ പോലെയാണ് ഇവയുടെ വരവ്. 

Latest News