മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഫൈസൽ കുപ്പായി വരകൾക്ക് ജീവൻ പകരുന്ന കലാകാരനാണ്. പിതാമഹന് കുപ്പായത്തിന്റെ കച്ചവടമായിരുന്നതിനാലാണ് കുപ്പായി എന്ന പേര് വന്നത്. ചെറുപ്പം മുതലേ ചിത്ര രചനയും പെയിന്റിംഗുമായിരുന്നു ഫൈസലിന്റെ അഭിനിവേശം. കയ്യിൽ കിട്ടുന്ന കടലാസുകളിലൊക്കെ ഇഷ്ട നടന്മാരുടെ ചിത്രങ്ങൾ വരച്ച് സ്‌കൂൾ കാലം മുതലേ ഫൈസൽ ശ്രദ്ധേയനായിരുന്നു. ജിദ്ദയിൽ പ്രവാസിയായിരുന്ന ഫൈസലിന്റെ പിതാവ് ഓരോ വരവിലും ഫൈസലിന് സമ്മാനിച്ചിരുന്നത് മികച്ച പെയിന്റ് ബോക്‌സുകളും കാൻവാസുകളുമൊക്കെയായിരുന്നു. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന രവി മാഷും ഫൈസലിലെ കലാകാരനെ കണ്ടെത്തി പ്രോൽസാഹിപ്പിച്ചു. വരയോടൊപ്പം നന്നായി പാടുകയും ചെയ്യുന്ന ഒരു സഹൃദയനായതിനാൽ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റാൻ എളുപ്പമായി. നാട്ടിലെ യുവശ്രീ ഐ ബാൻഡ് ഓർക്കസ്ട്രയെ ഒരു പ്രസ്ഥാനമായി കൊണ്ട് നടന്ന ഫൈസൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എസ്.എസ്.എൽ.സിക്ക് ശേഷം ഉയർന്ന് പഠിക്കുന്നതിനെക്കുറിച്ചൊന്നും ഫൈസൽ ചിന്തിച്ചില്ല. എങ്ങനെയെങ്കിലും ഗൾഫിലെത്തുകയെന്നതായിരുന്നു സ്വപ്‌നം. അങ്ങനെ പിതാവ് തരപ്പെടുത്തിയ വിസയിൽ ജിദ്ദയിലെത്തി. സ്റ്റുഡിയോയും ചിത്രം വരയുമായി പത്തു വർഷത്തോളം ജിദ്ദയിലായിരുന്നു. രണ്ട് വർഷം മുമ്പാണ് ദോഹയിലെത്തിയത്.
ഖത്തറിലെ സാമൂഹ്യ പ്രവർത്തകനായ ഹൈദർ ചുങ്കത്തറയാണ് ഫൈസലിനെ ദോഹയിലെത്തിച്ചത്. ദോഹയിലെത്തിയ തൊട്ടടുത്ത ദിവസം തന്നെ നിലമ്പൂർ കൂട്ടത്തിന്റെ പാട്ടുൽസവം എന്ന പരിപാടിയിൽ ഗാനമാലപിച്ച് ഫൈസൽ മുഴുവനാളുകളുടേയും കയ്യടി വാങ്ങി. പാട്ടും വരയും കണ്ട് ആകൃഷ്ടനായ ദോഹയിലെ ജ്വല്ലറി വ്യാപാരിയായ അബ്ദുറഹിമാനാണ് ഫൈസലിന് ഒരു ആർട് സ്റ്റുഡിയോ തരപ്പെടുത്തിക്കൊടുത്തത്. സൗണ്ട് എഞ്ചിനീയർ ഈണം സലീം നിരവധി സംഗീത പരിപാടികൾക്ക് ക്ഷണിക്കാൻ തുടങ്ങിയതോടെ തിരക്ക് പിടിച്ച കലാകാരനായും പാട്ടുകാരനായും ഫൈസൽ മാറുകയായിരുന്നു. ജയ്പാൽ, നിസാം, അബ്ബാസ്, അസ്‌കോ എന്നിവരും ഫൈസലിന്റെ ഖത്തറിലെ കലാപ്രവർത്തനങ്ങൾക്ക് പരിസരമൊരുക്കിയവരിൽ പ്രധാനികളാണ്. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ ഫൈസൽ പങ്കുവെച്ച ഫോട്ടോകളും പാട്ടുകളും ശ്രദ്ധിച്ച അഫ്‌സൽ കിളയിലാണ് ഫൈസൽ കുപ്പായിയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ കാരണക്കാരനായത്. വര ഫൈസലിന് ജീവനാണ്. എല്ലാ മീഡിയകളിലും ഒരു പോലെ മികവ് പുലർത്തുന്നു എന്നതാകാം ഫൈസലിന്റെ പ്രത്യേകത. ഇരുത്തം വന്ന കലാകാരന്മാർ പോലും പലപ്പോഴും ധൈര്യപ്പെടാത്ത മേഖലയാണ് ഓയിൽ പെയിന്റും ജലച്ചായവും. വിശാലമായ ഭാവനക്കൊപ്പം അതിസൂക്ഷ്മമായ നിരീക്ഷണവും നിർവഹണ ചാരുതയും ഒത്തിണങ്ങിയാലേ ഓയിൽ പെയിന്റും ജലച്ചായവും കേമമാകൂ എന്നതു തന്നെയാകാം അതിന് കാരണം. എന്നാൽ ഓയിൽ പെയിന്റും ജലച്ചായവും കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരനാണ് ഫൈസൽ കുപ്പായി.

ഏത് നല്ല കാഴ്ചകളും ഈ കലാകാരനെ ആകർഷിക്കുന്നു. പ്രകൃതി സൗന്ദര്യവും കാലാവസ്ഥ വ്യതിയാനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളുമൊക്കെ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുവാനും പിന്നീട് പെയിന്റുകളാക്കി മാറ്റാനും സമയം കണ്ടെത്താറുള്ള ഈ കലാകാരൻ മാനവികതയും സ്‌നേഹവും ഉദ്‌ഘോഷിക്കുന്നതോടൊപ്പം പ്രകൃതി സംരക്ഷണ സന്ദേശവും അടിവരയിടുന്നുവെന്നത് കലയുടെ സാമൂഹ്യ ധർമമാണ് എടുത്ത് കാണിക്കുന്നത്.
പ്രകൃതി അതിമനോഹരമാണ്. അതിന്റെ ഓരോ ഭാവങ്ങളും കലാഹൃദയങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാൽ പ്രകൃതിയ സൗന്ദര്യം ആസ്വദിക്കെപ്പടാൻ അവസരമില്ലാതെ നഷ്ടപ്പെടുന്ന തരത്തിലുള്ള ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഭീഷണികൾ മാനവരാശിയുടെ മുന്നിൽ ചോദ്യ ചിഹ്നങ്ങളാകുമ്പോൾ മനോഹരമായ ദൃശ്യങ്ങളുടെ തന്മയത്വത്തോടെയുള്ള അവതരണത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ഈ കലാകാരൻ ഉയർത്തിപ്പിടിക്കുന്നത്. ഭൂമിയുടെ അവകാശികളായ ഓരോ ജീവജാലത്തിനും അതിന്റെ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ഓരോരുത്തരും അതിന്റെ കാവലാളുകളാവുകയും ചെയ്യുമ്പോൾ മാത്രമേ ഭൂമി സുന്ദരമായി നിലനിൽക്കുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ ഓർമപ്പെടുത്തുന്നത്.

പോർട്രെയിറ്റിലാണ് ഫൈസൽ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫൈസലിന്റെ മുഖ്യ ജോലി തന്നെ പോർട്രെയിറ്റാണ് എന്ന് പറയുന്നതാകും ശരി. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ദോഹയിലെ ഫൈസലിന്റെ ആർട് സ്റ്റുഡിയോയിൽ പോർട്രെയിറ്റിനായെത്തുന്നത്. സാധാരണഗതിയിൽ ഒന്നു രണ്ടു മണിക്കൂർ കൊണ്ടു തന്നെ ഫൈസൽ പോർട്രെയിറ്റ് പൂർത്തിയാക്കും. ഓയിൽ പെയിന്റാകുമ്പോൾ കുറച്ചധികം സമയം വേണ്ടിവരും.
കുട്ടിക്കാലം മുതലേ മുഖഭാവങ്ങളോട് ഫൈസലിന് വല്ലാത്തൊരു ഭ്രമമായിരുന്നു. ഇഷ്ടപ്പെടുന്ന വ്യക്തികളുടെ മുഖഭാവങ്ങളെ കാൻവാസിൽ പകർത്താൻ ചെറുപ്പത്തിലേ ശ്രമങ്ങൾ നടത്തുമായിരുന്നു. മരുഭൂമിയുടെ മനോഹാരിതയും അറബ് സംസ്‌കാരത്തിന്റെ ഗരിമയും കാൻവാസിൽ ഒപ്പിയെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫൈസൽ.
നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസൽ. ഫൈസലിന്റെ ഉമ്മ കല്യാണങ്ങളിലൊക്കെ പാടാറുണ്ടായിരുന്നത് ഫൈസൽ ഓർക്കുന്നു. സംഗീത വാസന ലഭിച്ചത് ഉമ്മയിൽ നിന്നാകാമെന്നാണ് ഫൈസൽ കരുതുന്നത്. കുറച്ച് കാലം സംഗീതം അഭ്യസിച്ചതും ഫൈസലിന് വലിയ മുതൽകൂട്ടായി.

റബീനയാണ് ഫൈസലിന്റെ സഹധർമിണി. അവർ ഒരു നല്ല കലാസ്വാദകയാണ്. മൂത്ത മക്കളായ റനയും നദയും പാടും. ബിരുദ വിദ്യാർഥിനിയായ റന പോർട്രെയിറ്റിലും പരീക്ഷണങ്ങൾ നത്തുന്നുണ്ട്. മൂന്നാം കഌസുകാരനായ ഇളയ മകൻ മുഹമ്മദ് ഫാബിൻ വരയും പാട്ടുമൊക്കെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.
വിനയവും എളിമയുമാണ് ഈ കലാകാരന്റെ ഏറ്റവും വലിയ പ്രത്യേകത. ആരവങ്ങളിൽ നിന്നും മാറി നിന്ന് കാര്യങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയും താൽപര്യം തോന്നുന്നവ കാമറ യിലോ കാൻവാസിലോ പകർത്തുകയോ ചെയ്യുന്ന ഈ കലാകാരൻ പരിചയപ്പെടുന്നവരുടെയൊക്കെ മനസ്സിൽ കുടിയേറും. ഒഴിവ് സമയങ്ങളൊക്കെ വരച്ചും പാടിയും ജീവിതം മനോഹരമാക്കുന്ന ഈ ചെറുപ്പക്കാരൻ മനുഷ്യ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അമൂല്യ വികാരങ്ങൾ അടയളപ്പെടുത്തിയാണ് ജീവിതം സാർഥകമാക്കുന്നത്.






