ഓണ്‍ലൈനില്‍ വരുന്ന ഹൃദയഭേദക കാഴ്ചകളുടെ കാണാപ്പുറങ്ങള്‍

'താനും കുടുംബവും പട്ടിണിയിലാണ്... കല്യാണം നടക്കുന്ന ഇടങ്ങളില്‍ പോയി അവിടങ്ങളില്‍ നിന്ന് കിട്ടുന്ന ഭക്ഷണത്തിന്റെ എച്ചിലും അറവുശാലകളിലെ വേസ്റ്റും മറ്റും കഴിച്ചു ജീവിക്കുന്നു...!
കെട്ടിച്ചമച്ച ഈ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് തിരുവനന്തപുരം  കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചാനലുകളാണ്.           
ഈ റിപ്പോര്‍ട്ടിന്റെ പിന്നാമ്പുറങ്ങള്‍ തേടി തിരിച്ചപ്പോള്‍ ലഭിച്ചത് മണ്ണ് സംരക്ഷണ വകുപ്പില്‍ െ്രെഡവര്‍ തസ്തികയില്‍ ജോലി എടുത്തു കൊണ്ടിരിക്കെ അച്ചടക്ക നടപടിയെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടപ്പെട്ടയാളാണ്  പിന്നിലെന്നാണ് മനസ്സിലായത്.
ഈ വ്യക്തിക്ക് മൂന്ന് ഭാര്യമാരും നിലവില്‍ നാലു  കുട്ടികളുമുണ്ട്. മൂന്ന് കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നു. ഒരു മകള്‍ മരിക്കുകയും ചെയ്തു.  ഒരാള്‍  സിവില്‍സര്‍വ്വീസ് പഠനത്തിന് പോകുന്നു. പഠിക്കുന്ന  സ്ഥാപനത്തിന്റെ സഹായത്താലാണ് പഠന കാര്യങ്ങളും ഭക്ഷണവും കഴിഞ്ഞു  പോകുന്നത്.
ഇയാള്‍ ആലപ്പുഴ ചേര്‍ത്തലയിലായിരുന്നു താമസം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തേക്ക് വന്നത്.                 ഈ കുടുംബത്തിനായി ഭവനപദ്ധതി, ഭക്ഷ്യ പദ്ധതി, പഠന സഹായങ്ങള്‍... എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നു വെങ്കിലും സഹായങ്ങള്‍ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കാന്‍ കുടുംബം തയ്യാറായില്ല. മാത്രമല്ല, അന്വേഷണത്തിന് പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മോശമായ രീതിയിലാണ് പ്രതികരിച്ചത്.  
2020 ഏപ്രില്‍ മാസത്തിലും  ഇത്തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിവിധ  സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പലവിധ സഹായങ്ങള്‍ കൈപ്പറ്റിയതായും അറിവുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത  പ്രതിസ്ഥാനത്ത്  ചേര്‍ത്തുനിര്‍ത്തി കൊണ്ട് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്.    

കുട്ടികളെ  വില്‍ക്കുന്നു.... എന്നാണ് മറ്റൊരു തെറ്റായ വാര്‍ത്ത. തെറ്റിദ്ധാരണ പരത്തുന്നതും  വാസ്തവത്തിന്റെ തരിമ്പു പോലും ഇല്ലാത്ത ഇത്തരം  വാര്‍ത്തകളും ഷൂട്ടു ചെയ്ത് എഡിറ്റ് ചെയ്തു
എഫക്ടസ് ചേര്‍ത്താണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. പഠിപ്പിച്ച്  അഭിനയിപ്പിച്ചിട്ടാണ് ഓരോ ഷോട്ടും എടുക്കുന്നത്.  അവരുടെ കൂടെ അവതാരകനും കരച്ചില്‍ അഭിനയിക്കുന്നു...

ഒരു അമ്മ ഗതിയില്ലാതെ മക്കളെ വില്‍ക്കാനായി തയ്യാറെടുക്കുന്നു.  കൊല്ലം കല്ലുവാതിക്കല്‍ നിന്നാണ് ഈ വാര്‍ത്ത. കെട്ടിച്ചമച്ച ഈ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചപ്പോള്‍ ആ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ദയനീയ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബം ഈ ചാനലുകാരെ ബന്ധപ്പെട്ടു വീഡിയോ അപ് ലോഡു ചെയ്യുന്നതിനു പണം മുടക്കണമെന്ന സ്ഥിതിയുള്ളതായും പറയപ്പെടുന്നു.

ചാനലുകാര്‍ തുക ഡിമാന്റു വെക്കും. പണം മുടക്കിയാലേ ക്യാമറ എടുക്കൂ. ഈ ചാരിറ്റി മാഫിയ റിപ്പോര്‍ട്ടു ചെയ്ത ദുരന്ത കഥയിലെ കഥാപാത്രങ്ങള്‍  ഈ വിവരം പറഞ്ഞിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള നിരവധി തെളിവുകള്‍ ഉന്നതാധികാരികള്‍ക്കു കൈമാറിയിട്ടുണ്ട്. പണം കൊടുത്താലേ ചാരിറ്റിക്കഥകള്‍ കണ്ണീരില്‍ ചാലിച്ചു പുറംലോകം കാണൂ എന്നു വരുന്നത് ഈ ജനാധിപത്യരാജ്യത്തു  എത്ര നിര്‍ഭാഗ്യകരമാണ്.
     
സ്‌റ്റോറി  വീഡിയോ  തുടങ്ങുമ്പോള്‍ തന്നെ സ്‌ക്രീനിന്റെ  ഇടതുവശത്ത് തുക അയക്കാനുള്ള പേര്, അക്കൗണ്ട് നമ്പര്‍ ഐ. എഫ് .എസ് .സി കോഡ്, ബാങ്കിന്റെ പേര് എന്നിവ പരിപാടിയുടെ അവസാനം വരെ വ്യക്തമായി എഴുതി കാണിക്കും. ആദ്യം  വാങ്ങിക്കുന്ന തുകയ്ക്ക് പുറമെ അക്കൗണ്ടില്‍ വരുന്ന തുകയില്‍ നിന്നും നല്ലൊരുഭാഗം ചാനലുകാര്‍ കണക്കുപറഞ്ഞ് വാങ്ങിക്കുമെന്നും ആരോപണമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിലും വര്‍ക്കലയിലും കൊല്ലം ജില്ലയില്‍ പാരിപ്പള്ളിയിയും ഓണ്‍ലൈന്‍ മാഫിയയുടെ ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ച്  ഇത്തരം ഓണ്‍ലൈന്‍ മീഡിയ ചാരിറ്റി മാഫിയാ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി,ഡിജിപി,  വനിതാ  ശിശുക്ഷേമ വകുപ്പുമന്ത്രി ശൈലജ ടീച്ചര്‍, ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ എന്നിവര്‍ക്ക് തെളിവുകള്‍ സഹിതം മുഹൂര്‍ത്തം സോഷ്യല്‍ സര്‍വ്വീസ് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയില്‍ പരാതിനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അടിയന്തിര നടപടിക്കു നിര്‍ദ്ദേശം നല്‍കി ഡി.ജി.പിക്കു  കൈമാറിയ പരാതിയി അന്വേഷിക്കാന്‍ ഐ.ജി. ഗുഗുല്ലോത് ഐ.പി.എസിനെ ചുമതലപ്പെടുത്തിയിരിക്കയാണ്.

 

Latest News