Sorry, you need to enable JavaScript to visit this website.

പരിമളം പരത്തുന്ന പിരിശം

നിറം പിടിപ്പിക്കലിന്റെയോ കഠിന വാക്ക് പ്രയോഗങ്ങളുടെയോ സാന്നിധ്യമില്ലാതെ തീർത്തും അനായാസമായി ഒഴുകിപ്പരക്കുന്ന അമ്പതു കവിതകളുടെ സമാഹാരമാണ് സഹർ അഹമ്മദിന്റെ പിരിശത്തിന്റെ ദിനങ്ങൾ. 
പ്രണയം വിവാഹത്തോടെ അസ്തമിക്കുന്നുവെന്ന പൊതുകാഴ്ചപ്പാടിനെ ഏറെ തന്മയത്വത്തോടെ തിരുത്തി അടയാളപ്പെടുത്തുകയാണ് ഈ കൃതി.
പ്രവാസിയായ പ്രിയതമൻ തന്റെ പ്രേയസിക്ക് അയക്കുന്ന വാട്‌സ്ആപ് സന്ദേശങ്ങൾ ഒരു കൃതിയാവുകയും അത് പ്രിയപ്പെട്ടവൾക്ക് ജന്മദിന സമ്മാനമായി നൽകുകയും ചെയ്തു. പിരിശത്തിന്റെ ദിനങ്ങൾ എന്ന ഈ കവിതാ സമാഹാരം ലളിതവും ഹൃദ്യവുമാകാൻ കാരണം തന്നെ അതെന്തിനായി പിറന്നു എന്നതിനാൽ കൂടിയാണ്. 
അടുത്തിരിക്കുന്ന പ്രിയപ്പെട്ടവരെ ശ്രദ്ധയോടെയൊന്ന് കേൾക്കാൻ നേരമില്ലാത്ത ഈ കാലത്ത് കുടുംബ ബന്ധങ്ങളിൽ വിള്ളലുകളും അകൽച്ചയും ധാരാളം കണ്ടുവരുന്നു. എന്നാൽ ശരീരങ്ങൾ അകലെയാകുമ്പോഴും എങ്ങനെ ഹൃദയം കൊണ്ട് അടുത്തിരിക്കാം എന്ന അടയാളപ്പെടുത്തലാണ് സഹർ അഹമ്മദിന്റെ നാലാമത്തെ കവിതാ സമാഹാരമായ പിരിശത്തിന്റെ ദിനങ്ങൾ.
സ്‌നേഹത്തിന്റെ അഗാധതക്കു ഒരു ശരീര സാന്നിധ്യം പോലും ആവശ്യമില്ല എന്ന മനോഹരമായ സാക്ഷ്യപ്പെടുത്തൽ.
അകൽച്ചയിലും അടുപ്പത്തിന്റെ പിരിശത്താൽ നിറയുന്ന കൃതി. 
പ്രവാസത്തിലെ ഒറ്റപ്പെട്ട നിമിഷങ്ങളിൽ മുല്ലഗന്ധമായി പുണരുന്ന പ്രിയതമയെ എഴുതിത്തുടങ്ങുന്ന കവിതാ സമാഹാരം ഓർമകളുടെ സുഗന്ധവും പേറി  ഒഴുകി നിറയുന്നു. 
നക്ഷത്രങ്ങൾക്കിടയിലെ ദീപ്ത നക്ഷത്രമായി പ്രിയപ്പെട്ടവളെ കാണുമ്പോൾ ഒരേ ആകാശവും ഭൂമിയും വീടാക്കിത്തീർക്കുകയാണ് കവി.
ഒപ്പം മരണത്തിനപ്പുറത്തും ഒരുമിച്ചുള്ള  ജീവിതം തേടുമ്പോൾ സ്‌നേഹവും പ്രണയവും ജീവിതവും പ്രാർത്ഥനയായിത്തീരുകയാണ്. 
ഒരുമിച്ചൊഴുകി നാഥനെന്ന സാഗരത്തിലേക്കു എത്തിച്ചേരാനുള്ള ഒരേ പുഴകളുടെ നിർമല സംഗമമായി ജീവിതത്തെ ഉപമിക്കുമ്പോൾ കുടുംബമെന്ന കൂടൽ വായനക്കാരോട് ഇമ്പമാർന്നു പുഞ്ചിരിക്കുന്നു. ജീവിത യാഥാർഥ്യങ്ങളിലെ ഇണക്കങ്ങളെയും പിണക്കങ്ങളെയും ചാരുതയോടെ അവതരിപ്പിക്കുമ്പോൾ അതിശയോക്തി ഒഴിഞ്ഞ ജീവിതമാണ് മുന്നിൽ തെളിയുന്നത്. 
സ്‌നേഹത്തിനും പ്രണയത്തിനുമൊപ്പം കരുണയുടെ തണുപ്പായും വാത്സല്യ മടിത്തട്ടായും തീരുന്ന സാദിയ എന്ന നല്ല പാതിയുടെ സാന്നിധ്യത്തെ സഹർ കവിതയായി നേദിക്കുമ്പോൾ ഉമ്മയില്ലായ്മയിലും ഉമ്മയുടെ കരുതൽ നൽകാൻ കഴിയുന്നവളെന്ന പദവി കൂടി പ്രിയപ്പെട്ടവളിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നു. 
ഓരോ പ്രവാസിയുടെയും നെഞ്ചിലെ കനലാണ് 
മക്കളുടെ വളർച്ചാ ഘട്ടങ്ങളിലെ അസാന്നിധ്യവും അവരുടെ കുസൃതികളും.
അതേ പ്രായത്തിലുള്ള കുരുന്നുകളെ കാണുമ്പോഴുണ്ടാകുന്ന വേവലാതികളും സങ്കടപ്പെയ്ത്തും സഹർ ഹൃദയസ്പർശിയായി കോറിയിട്ടിരിക്കുന്നു. 
സങ്കടങ്ങളുടെ പെരുമഴയിൽ ഒരേ കുട പകുക്കുന്ന കൂട്ടിനെ ഏറെ നന്ദിയോടെയാണ് കവിതയിൽ ചേർത്തുവെക്കുന്നത്. 

'ചേർത്തു വെച്ച കരങ്ങൾ 
പോലുമറിയാതെ 
യാത്ര ചോദിക്കാതെ 
ഒരു നാൾ നാം മണ്ണിലേക്ക് 
മടക്കപ്പെടും. 

ഒരായിരം കഥകൾക്കിടയിൽ 
മണ്ണിലടിയാതെ 
നമ്മുടെ കഥയും ബാക്കിയാകും. 
നാളെ ആരെങ്കിലും 
പിരിശത്തിന്റെ ദിനങ്ങൾ 
മറിച്ചു നോക്കും 
ആ വരികൾക്കിടയിൽ 
അവർ നമ്മെ വായിക്കും 
പിരിശങ്ങളെ കാണും!' 
സമ്മാനങ്ങൾ ഹൃദയങ്ങളെ  കൂടുതൽ അടുപ്പത്തിലാക്കും. അപ്പോൾ ഏറെ പിരിശത്തിൽ പ്രിയതമൻ പ്രിയതമക്ക് സമ്മാനിച്ച പിരിശത്തിന്റെ ദിനങ്ങളെന്ന വിശിഷ്ട സമ്മാനം എന്നെന്നും ജീവിത വനിയിൽ വസന്തത്തെ വാടാതെ നിലനിർത്താനൊരു കാരണമാകട്ടെ. കനമേതുമില്ലാതെ സ്‌നേഹത്തിലൂടെ ഒഴുകിപ്പരക്കുന്ന ജീവിതമെന്ന കവിതക്ക് ഭാവുകങ്ങൾ.
ഒരു പ്രണയിയുടെ കവിതകൾ, പൂക്കാതെ പോയ വസന്തം, നിന്നെ മാത്രം നിന്നോട് മാത്രം എന്നീ കവിതാ സമാഹാരങ്ങൾ ഇതിന് മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സഹറിന് അക്ഷര ലോകത്ത് ഇനിയുമേറെ ഉയരം പറക്കാൻ കഴിയട്ടെ. 

പിരിശത്തിന്റെ ദിനങ്ങൾ
(കവിതാ സമാഹാരം )
പെൻഡുലം ബുക്‌സ്‌
 

Latest News