Sorry, you need to enable JavaScript to visit this website.

എല്ലാം തകിടം മറിയാന്‍ ഒരു നിമിഷം മതി; പിന്നെ കനിവിന്‍റെ നീർത്തുള്ളികള്‍

https://www.malayalamnewsdaily.com/sites/default/files/filefield_paths/shahina.jpg
എന്റെ ഒരു അടുത്ത ബന്ധു. അരോഗ ദൃഢഗാത്രൻ. വീട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത തന്റെ കൃഷിഭൂമിയിൽ ചില്ലറ ജോലികൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി കുളിയും ളുഹർ നമസ്കാരവും കഴിഞ്ഞ് ഉച്ചയൂണ് കഴിക്കാൻ തീൻമേശക്ക് മുൻപിൽ ഇരുന്നതും ബോധരഹിതനായികസേരയിൽ നിന്നും നിലത്തേക്ക് ചാഞ്ഞു. ഉടൻതന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കാനാ യെങ്കിലും നിമിഷങ്ങളോളം ഓക്സിജൻ തടസ്സപ്പെട്ടതിനാൽ സുപ്രധാന മസ്തിഷ്ക കോശങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. , കോമസ്റ്റേജിൽ രണ്ടു മാസത്തെ ആശുപത്രി വാസത്തിനിടയിൽ സാധ്യമായ ചികിത്സ കളെല്ലാം ഡോക്ടർമാർ ചെയ്തുകഴിഞ്ഞു. ഒടുവിൽ ഇനിയുള്ള ചികിത്സ വീട്ടിൽനിന്ന് തുടർന്നാൽ മതിയാവും എന്ന് അറിയിച്ചു കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ശേഷം ആറു മാസക്കാലത്തെ ഗൃഹ പരിചരണത്തിനൊടുവിൽ അദ്ദേഹം ഈ ലോകത്ത് നിന്നും യാത്രയായി.
മനുഷ്യജീവിതത്തിന്റെ താളക്രമം തകിടം മറിയാൻ നിമിഷങ്ങൾ മതി ! പെട്ടെന്നുണ്ടാവുന്ന അപകടങ്ങളോ രോഗങ്ങളോ നിമിത്തം ശയ്യാവലംബരാവുന്ന രോഗികളെ വീട്ടിലേക്കു മാറ്റുമ്പോൾ ബന്ധുക്കൾക്ക് ഉണ്ടാവുന്ന ആശങ്ക വളരെ വലുതാണ്. കത്തീറ്റർ, റൈൽസ് ട്യൂബ് എന്നിവ മാറ്റുക , ബെഡ്സോർ ഡ്രസ്സ് ചെയ്യുക, പ്രഷർ ഷുഗർ പരിശോധന തുടങ്ങിയവയെല്ലാം രോഗിയുടെ ബന്ധുക്കളെ പ്രതിസന്ധിയിലാക്കുന്നു. ഇവിടെയാണ് പാലിയേറ്റീവ് കെയർ സെന്റർ കളുടെ സേവനം രോഗിക്കും ബന്ധുക്കൾക്കും സമൂഹത്തിന് തന്നെയും മാതൃകയാവുന്നത്.
അത് വരെ പാലിയേറ്റീവ് കെയർ സെന്ററുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അവയുടെ സഹായം തേടുന്നു.
രോഗി പരിചരണം കുടുംബത്തിന്റത് മാത്രമല്ല സമൂഹത്തിന് കൂടിയാണെന്ന് കാഴ്ചപ്പാടിൽനിന്ന് രൂപംകൊണ്ട മഹത്തായ സംരംഭമാണ് പാലിയേറ്റീവ് കെയർ. ജന്മനാ വൈകല്യമുള്ളവർ, കാൻസർ, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം പറ്റിയവർ, വൃക്കരോഗികൾ മാനസികരോഗികൾ, വാർദ്ധക്യ രോഗികൾ തുടങ്ങിയവരെല്ലാം പാലിയേറ്റീവ് പരിചരണ ത്തിന്റെ പരിധിയിൽ വരുന്ന വിഭാഗമാണ്. ചികിത്സതേടി ഹോസ്പിറ്റലിലേക്ക് പോകാൻ പ്രയാസമനുഭവിക്കുന്ന ഇത്തരം രോഗികൾക്ക് മെഡിക്കൽ ടീം വീടുകളിലെത്തി ചികിത്സ നൽകുകയും പരിചരിക്കുകയും ചെയ്യുന്ന ഹോംകെയർ സംവിധാനമാണ് പാലിയേറ്റീവ് കെയറുകളുടെ ഏറ്റവും വലിയ സവിശേഷത. ഇവയ്ക്കുപുറമേ കിടപ്പു രോഗികൾക്കുള്ള കട്ടിലുകൾ, വീൽചെയർ, വാട്ടർബെഡ്, എയർ ബെഡ്, യൂറിൻ ബാഗ്, മരുന്നുകൾ തുടങ്ങിയവയെല്ലാം പാലിയേറ്റീവ് കെയർ സൊസൈറ്റികൾ മുഖേന രോഗിക്ക് ലഭ്യമാക്കുന്നു.
പാലിയേറ്റീവ് കെയർ നേതൃത്വം, മെഡിക്കൽ സംഘം എന്നിവരോടൊപ്പം രാഷ്ട്രീയ
മത സാംസ്കാരിക സംഘടനകൾ യൂത്ത് ക്ലബ്ബുകൾ മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെയെല്ലാം നിർലോഭമായ പിന്തുണയും സഹകരണവും കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. ഉദാരമതികളായ പൊതുസമൂഹത്തിൽ നിന്നും സ്വീകരിക്കുന്ന സഹായധനമാണ് പാലിയേറ്റീവ് കെയർ പ്രസ്ഥാനങ്ങളുടെ ഊർജ്ജസ്രോതസ്സ്. അതുകൊണ്ടുതന്നെ പാലിയേറ്റീവ് കെയറിലേക്ക് നാം നൽകുന്ന ഓരോ ചില്ലറ തുട്ടുകളും വേദനയുടെ ഞെരിപ്പോടിലേക്ക് പെയ്തിറങ്ങുന്ന കനിവിന്റെ നീർത്തുള്ളികളാണ്!
 

 

Latest News