- അഛൻ തന്നെ അടിച്ചു, തൊഴിച്ചു, ചീത്ത വിളിച്ചു -യെലേന ഡോകിച്
സിഡ്നി- പുരുഷ പീഡനത്തിന്റെ കഥയുമായി ഓസ്ട്രേലിയൻ വനിതാ ടെന്നിസ് താരം യെലേന ഡോക്കിച്ചും. തന്റെ പരിശീലകൻ കൂടിയായ പിതാവ് ഡാമിർ ഡോകിച്, തന്നെ നിരന്തരം അടിക്കുകയും, തൊഴിക്കുകയും, മുടിയിൽ പിടിച്ചു വലിക്കുകയും, ചെവിക്കുപിടിക്കുകയും, മുഖത്തു തുപ്പുകയുമെല്ലാം ചെയ്തിട്ടുണ്ടെന്ന് 34 കാരി വെളിപ്പെടുത്തി. ഇതിനും പുറമെ തന്നെ എപ്പോഴും ചീത്ത വിളിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും മുൻ വിംബിൾഡൺ സെമി ഫൈനലിസ്റ്റായ ഡോകിച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയിൽ പറയുന്നു.
അഛൻ എന്നെ ക്രൂരമായി അടിച്ചിട്ടുണ്ട്. ഞാൻ ടെന്നിസ് കളിക്കാൻ തുടങ്ങിയ ദിവസം മുതലാണ് അതാരംഭിച്ചത്. ഏറെകാലം അത് തുടർന്നു. എല്ലാ നിയന്ത്രണവും വിട്ട നിലയിലായിരുന്നു അതെന്നും മുൻ ലോക നാലാം നമ്പർ താരം ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.
2000ലെ വിംബിൾഡൺ സെമി ഫൈനലിൽ ലിൻഡ്സെ ഡാവൻപോർട്ടിനോട് തോൽക്കുമ്പോൾ യെലേനക്ക് 17 വയസ്സായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ തോൽവി അംഗീകരിക്കാനോ തന്നോട് മിണ്ടാനോ അഛൻ തയാറായിരുന്നില്ല. പിന്നീട് ഞാൻ അഛനെ ഫോണിൽ വിളിച്ചപ്പോൾ കുടുംബം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് ചെല്ലേണ്ടെന്നാണ് പറഞ്ഞത്. ആകെ തകർന്ന ഞാൻ കോർട്ടിലെ കളിക്കാരുടെ വിശ്രമസ്ഥലത്തുതന്നെ കിടക്കുവാൻ തീരുമാനിച്ചു. എന്നാൽ സംഘാടകർ എന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ട് ഹോട്ടലിലേക്ക് പോകാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്നും യെലേന തുടർന്നു.
ഇക്കാര്യങ്ങൾ തുറന്നുപറയാൻ യെലേന കാട്ടിയ ധൈര്യത്തെ ടെന്നിസ് ഓസ്ട്രേലിയ അഭിനന്ദിച്ചു. യെലേന മത്സര രംഗത്ത് സജീവമായിരുന്നപ്പോൾ കുടുംബത്തിൽനിന്ന് പ്രശ്നങ്ങൾ നേരിട്ടിരുന്നതായി എന്നാൽ അന്ന് അക്കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോൾ സെർബിയയിലുള്ള ഡാമിർ ഡോകിച്, മകളുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
യെലേന ഫോമിന്റെ പാരമ്യത്തിൽ നിൽക്കവേ, കുഴപ്പക്കാരായ കുടുംബാംഗങ്ങളും പരിശീലകരും മത്സരങ്ങൾ കാണാൻ വരരുതെന്ന് ഡബ്ല്യു.ടി.എ വിലക്കിയിരുന്നു.