Sorry, you need to enable JavaScript to visit this website.

പത്ത് വർഷം തളിർത്തുനിന്ന 'പച്ചില'

പത്ത് വർഷമെന്നത് ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ തുടക്കക്കാരുടെ രചനകൾക്ക് പ്രാമുഖ്യം നൽകി പരിമിതികളിൽ നിന്നുകൊണ്ട് ഒരു വ്യക്തി ചെറുതെങ്കിലും ഒരു   പ്രസിദ്ധീകരണം പത്തു വർഷം നടത്തിക്കൊണ്ടു പോവുക എന്നത് അൽപം ത്യാഗം തന്നെയാണ്. സാഹിത്യ,  കലാ തൽപരത മാത്രം കൈമുതലാക്കി ആത്മവിശ്വാസത്തോടെ നിലകൊള്ളാനായതിനാലാണ്  ഇന്ന്   'പച്ചില' എന്ന കൊച്ചു പ്രസിദ്ധീകരണം വിജയത്തിലെത്തിക്കാനായത്. 
മുൻ പ്രവാസിയും കവിയും ചിത്രകാരനുമായ മുനീർ മങ്കടയുടെ പത്രാധിപത്യത്തിൽ മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെ സഹകരണത്തോടെ കലാ, സാഹിത്യ രചനകൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 2010 ഡിസംബർ മുതൽ മങ്കടയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച ലിറ്റിൽ മാഗസിനാണ് പച്ചില. 2020 ഡിസംബറോടെ പ്രസിദ്ധീകരണത്തിന്റെ പത്താണ്ട് പിന്നിട്ടിരിക്കുകയാണ് പച്ചില ലിറ്റിൽ മാഗസിൻ എന്ന കൊച്ചു പ്രസിദ്ധീകരണം.
പരിസ്ഥിതി സംരക്ഷണം, പ്രകൃതി നിരീക്ഷണം  കാർഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലൂന്നിയാണ് പച്ചിലയുടെപ്രയാണം.
ഇൻലന്റ് മാഗസിൻ രീതിയിൽ നാലു പേജുകളിലായി മാസികയായി പ്രസിദ്ധീകരണം തുടങ്ങിയ പച്ചില പരമ്പരാഗത മലയാള പ്രസിദ്ധീകരണങ്ങളിൽ നിന്നും ഭിന്നമായി സാഹിത്യ സൃഷ്ടികൾക്കൊപ്പം ചിത്രകാരന്മാരെ  കൂടി പ്രോൽസാഹിപ്പിക്കുന്നതിനും വളർത്തികൊണ്ടുവരുന്നതിനുമായി പ്രത്യേകം ശ്രദ്ധയൂന്നുന്നുണ്ട്.  2020 സെപ്റ്റംബർ മുതൽ ഡിജിറ്റൽ പതിപ്പായാണ് പച്ചില പുറത്തിറങ്ങുന്നത്. 2017  മുതൽ സൈൻ മങ്കട എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ  മേൽനോട്ടത്തിലാണ്  പച്ചിലയുടെ  പ്രസിദ്ധീകരണം. 
 2015 ൽ അഞ്ചാം വാർഷികപ്പതിപ്പ്,  2020 ഡിസംബറിൽ പത്താം വാർഷിക പ്പതിപ്പ്, 2021 ജനവരിയിൽ പുതുവൽസരപ്പതിപ്പ് തുടങ്ങിയ പ്രത്യേക പതിപ്പുകളും ഇതിനകം പുറത്തിറങ്ങി.  ഡിജിറ്റൽ പതിപ്പായതോടെ പ്രസിദ്ധീകരണാത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിച്ചതായും പുതിയ സാങ്കേതികതകൾ ഉപയോഗപ്പെടുത്തി മാസികയെ കൂടുതൽ പേരിലേക്ക് എത്തിക്കാനായതായും പത്രാധിപർ മുനീർ മങ്കട പറയുന്നു. രണ്ടു കവിതാ സമാഹാരങ്ങളുടെ രചയിതാവും പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രഫറും കൂടിയാണ് മുനീർ മങ്കട.
 

Latest News