പ്രവാസ സാഹിത്യം എന്നും സമ്പന്നമാണ്. ജോലിഭാരത്തിൽ നിന്നും ആശ്വാസമെന്നോണമെങ്കിലും സാഹിത്യം ചർച്ച ചെയ്യാനും എഴുത്തിലും വായനയിലും ശ്രദ്ധ ചെലുത്താനും പ്രവാസി ജാഗരൂകനാണ്. കഥാസാഹിത്യത്തിലും കവിതയിലും പ്രവാസി സാന്നിധ്യം അനിഷേധ്യമാണ്. എന്നാൽ നോവൽ സാഹിത്യം എഴുതപ്പെടുന്നത് വിരളമാണ്. വായന മരിക്കില്ല എന്ന് ഹൃദയം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്ന സാഹിത്യാഭിരുചിയുള്ളവരെ എവിടെയും കണ്ടുമുട്ടാം. അതിനിടയിലാണ് വിദ്യാഭ്യാസം ഇംഗ്ലീഷ് മാധ്യമത്തിൽ പൂർത്തിയാക്കി, എൻജിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ഒരു യുവ വീട്ടമ്മ ഇവിടെ നമ്മെ വിസ്മയിപ്പിക്കുന്നത്. മലയാള സാഹിത്യത്തെ സ്നേഹിക്കുകയും പ്രതിഭാധനരായ എഴുത്തുകാരെ വായിക്കുകയും ചെയ്ത ആൻസി മോഹൻ മാത്യു എന്ന എഴുത്തുകാരിയെ ആണ് ഇന്നിവിടെ വിലയിരുത്തുന്നത്. അവരുടെ പെൺതൂവലുകൾ എന്ന നോവൽ പുതിയ എഴുത്തുകാരിയുടെ ഭയമേതുമില്ലാതെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു.
ഈ നോവലിലെ കേന്ദ്ര കഥാപാത്രം അന്ന, ഓരോ തൂവലുകളും ചീകിമിനുക്കുകയാണ്. നിറമുള്ളതും നരച്ചതും കൊഴിഞ്ഞതുമായ തൂവലുകളെ കൃത്യമായി ചേർത്തുവെച്ച ചിറകേറി പറക്കുകയാണ്. തന്റെ ജീവിത വഴികൾ ആ തൂവലിൽ മഷി ചാലിച്ച് നമുക്ക് മുന്നിൽ വരച്ചുവെയ്ക്കുകയാണ്. തനിക്ക് തന്നെ തിരിച്ചറിയാനും ആ തിരിച്ചറിവിലെ നെല്ലും പതിരും വേർതിരിക്കാനും ആദ്യാവസാനം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ചാച്ചനിലൂടെയും സൂസിച്ചിയിലൂടെയും ഗീതാന്റിയിലൂടെയും അച്ചയിലൂടെയും നാരായൺ സാറിലൂടെയും ഹസ്നയിലൂടെയും ജസ്വന്തിലൂടെയും ഡോ. ജ്വാലയിലൂടെയും സുജച്ചേച്ചിയിലൂടെയും സപ്നയിലൂടെയും എന്തിന്, ഫ്രഞ്ചുകാരൻ മാർക്കിലൂടെയുമെല്ലാം അന്ന തന്റെ സമൂഹത്തെ വരച്ചിടുകയാണ്. കനിവിന്റെ, മാതൃത്വത്തിന്റെ, പ്രണയത്തിന്റെ, നഷ്ടബോധത്തിന്റെ, ചതിയുടെ ചെറുകുറിപ്പുകൾ നമുക്ക് മുന്നിൽ തുറന്നുവെച്ചിരിക്കുന്നു.
ഈ നോവലിലെ കേന്ദ്ര കഥാപാത്രം അന്ന, ഓരോ തൂവലുകളും ചീകിമിനുക്കുകയാണ്. നിറമുള്ളതും നരച്ചതും കൊഴിഞ്ഞതുമായ തൂവലുകളെ കൃത്യമായി ചേർത്തുവെച്ച ചിറകേറി പറക്കുകയാണ്. തന്റെ ജീവിത വഴികൾ ആ തൂവലിൽ മഷി ചാലിച്ച് നമുക്ക് മുന്നിൽ വരച്ചുവെയ്ക്കുകയാണ്. തനിക്ക് തന്നെ തിരിച്ചറിയാനും ആ തിരിച്ചറിവിലെ നെല്ലും പതിരും വേർതിരിക്കാനും ആദ്യാവസാനം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
ഒരു എഴുത്തുകാരിയുടെ സർവ സ്വാതന്ത്ര്യത്തോടെയുമാണ് ആൻസി മോഹൻ മാത്യു എന്ന നോവലിസ്റ്റ് പെൺതൂവലുകൾ എഴുതിയത്. ജുബൈലിൽ നിന്നും ഒരു നോവൽ പിറക്കാനിരിക്കുന്നു എന്ന് അവതാരിക എഴുതിയ, പ്രിയപ്പെട്ട പി ജെ ജെ ആന്റണി സാർ ഒരിക്കൽ കണ്ടപ്പോൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ, കാത്തിരിപ്പുമുണ്ടായിരുന്നു. ഒടുവിൽ പുസ്തകം കൈപ്പറ്റിയപ്പോൾ സന്തോഷമായി. വായന തുടങ്ങിയപ്പോൾ ഏറെ ആനന്ദിച്ചു. കുറെ വായനക്കാരും, ഏറെ കൊതിപ്പിക്കുന്ന കുറെ എഴുത്തുകാരും ആസ്വാദകരുമുള്ള ജുബൈലിൽ ഇങ്ങനെയൊരാൾ ഉണ്ടായിരുന്നു. ആ ചിന്തയിൽ നിന്നും ഈ നോവലിന്റെ അവസാന പുറവും വായിച്ചുതീർത്തപ്പോൾ ആനന്ദിച്ചു. ലളിത സുന്ദരമായ ഭാഷ. ഏതു വായനാഗണത്തിനും എളുപ്പം വായിച്ചുതീർക്കാവുന്ന ഒരു പുസ്തകം.
ഇനിയും ഒരുപാട് രചനകളുമായി ഈ എഴുത്തുകാരി നമുക്ക് മുന്നിൽ വരും എന്നുറപ്പാണ്. ആ എഴുത്തിന്റെ വഴികളിൽ സഞ്ചരിക്കുമ്പോൾ, പുതുവഴികളും പുതുശൈലികളും എളുപ്പത്തിൽ ആൻസിക്ക് മുന്നിൽ തെളിയും എന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്നത്തെ ഗദ്യസാഹിത്യം ആവശ്യപ്പെടുന്ന പലതിനോടും മുഖം തിരിച്ചു നിൽക്കുന്നുണ്ട് ആൻസി. പല ഘട്ടങ്ങളിലും ഒരു ഡയറിയെഴുത്തിന്റെ ലാഘവത്തിലേക്ക് നോവൽ താഴ്ന്നുപോയി എന്ന് തോന്നിപ്പിക്കുന്നു. ആത്മകഥാംശമുള്ള ചില ഭാഗങ്ങളെ ഒരു ദൃശ്യം പോലെ നമുക്ക് മുന്നിൽ തെളിച്ചിടുന്നുണ്ട് എഴുത്തുകാരി. സ്ത്രീപക്ഷ എഴുത്തുകളുടെ തീവ്രത പലയിടങ്ങളിലും അനുഭവവേദ്യമാണ് എങ്കിലും ഇനിയും പിറക്കാനിരിക്കുന്ന നോവലുകളിലൂടെ, ആൻസി മോഹൻ മാത്യു എന്ന ഈ എഴുത്തുകാരി കൂടുതൽ കൂടുതൽ രാകിമിനുക്കപ്പെടും എന്ന എല്ലാ സൂചനകളും തരുന്നുണ്ട് പലയിടത്തും. പൊതുവെ നോവലുകളിൽ പലപ്പോഴായി കടന്നുവരാറുള്ള ന്യൂനതകൾ താരതമ്യേന കുറവാണ് എന്നത് തന്നെ ആശ്വാസം തരുന്നു. നിറയെ വായിക്കപ്പെടുന്ന, എഴുത്തിൽ തന്റെ നിലപാടുകൾ വിളിച്ചു പറയുന്ന ഒരു എഴുത്തുകാരിയായി നിലനിൽക്കാൻ ഈ എഴുത്തുകാരിക്കാവട്ടെ എന്ന് ആശംസിക്കുന്നു.






