Sorry, you need to enable JavaScript to visit this website.

താൽക്കാലിക സുഖത്തിൽ എല്ലാം മറന്നു പോകുന്നവർ; കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍

റബ്ബർത്തോട്ടത്തിലെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരണപ്പെട്ട വാർത്തയാണ് രാവിലെ പത്രത്തിൽ കണ്ടത്. എങ്ങനെയാണ് മാസങ്ങൾ വയറ്റിൽ ചുമന്ന കുഞ്ഞിനെ വലിച്ചെറിയാൻ തോന്നുക എന്നതിൽ ഇന്നൊരു അമ്പരപ്പുമില്ല. അതിലേറെ ക്രൂരത സ്വന്തം കുഞ്ഞുങ്ങളോട് കാണിക്കുന്ന ലോകമാണ്.
ഇങ്ങനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് പോറ്റാൻ ഗതിയില്ലാത്തത് കൊണ്ടല്ല. അവിഹിതബന്ധത്തിൽ പിറന്ന കുഞ്ഞിനെ സമൂഹത്തിന്റെ മുന്നിൽ നിന്ന് മറച്ചുവെക്കാനാണ് ഗർഭാവസ്ഥയിലോ പ്രസവിച്ച ഉടനെയോ കൊന്നുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.
 
'മക്കളില്ലാത്ത എത്രയോ ആളുകൾ ഒരു കുഞ്ഞിനെ കിട്ടാൻ മരുന്നും പ്രാർത്ഥനകളുമായി നടക്കുമ്പോൾ ഏത് മഹാപാപിയാണ് ഇങ്ങനെ സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞത്' എന്ന് രോഷം കൊള്ളുന്ന സമൂഹം തന്നെ വിവാഹിതയല്ലാത്ത ഒരു പെണ്ണ് പ്രസവിച്ചാൽ അവളെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാറുമില്ല. അങ്ങനെ വളരേണ്ടി വരുന്ന ഒരു കുഞ്ഞും അമ്മയും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും പരിഹാസവും എത്ര ഭീകരമാണ് എന്നതും പറയേണ്ടതില്ല. അതു തന്നെയാണ് ഈ ക്രൂരതയ്ക്ക് പ്രേരിപ്പിക്കുന്നതും. പച്ചപ്പാവമായി ജീവിച്ച ഒരു പെണ്ണിനെ പോലും സ്വന്തം കുഞ്ഞിനെ കൊല്ലാൻ മാത്രം ക്രൂരയാക്കാനുള്ള അവസ്ഥയിലേക്ക് എത്തിക്കാൻ മാത്രം 'നന്മയും സദാചാരബോധവും' നമ്മുടെ സമൂഹത്തിനുണ്ട്.
'വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ, അടങ്ങി ഒതുങ്ങി ജീവിച്ചൂടെ' എന്നൊക്കെ കല്ലെറിയാൻ അർഹതയുള്ള പാപം ചെയ്യാത്ത പുണ്യാത്മാക്കൾ നിറഞ്ഞു തുളുമ്പുന്ന നമ്മുടെ നാട്ടിൽ തന്നെയാണ് പെൺവാണിഭവും അശ്ലീലചിത്ര കച്ചവടവും തഴച്ചു വളരുന്നതും, ദേവാലയങ്ങളിലും മതപഠനസ്ഥാപനങ്ങളിലും പോലും കുട്ടികൾ അടക്കം പീഡിപ്പിക്കപ്പെടുന്നതും, വീടകങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങളുടെ നേരെ പോലും കാമക്കൈകൾ ഉയരുന്നതും നിർഭയാ ഹോമുകളിൽ അന്തേവാസികൾ ഏറുന്നതും എന്ന യാഥാർഥ്യം നമുക്ക് കാണാതിരിക്കാം.
വികാരത്തിന് മുന്നിൽ വിവേകം നഷ്ടപ്പെട്ടും കരുതലില്ലാതെയും താൽക്കാലിക സുഖത്തിൽ എല്ലാം മറന്നു പോകുന്നവർ ഭവിഷ്യത്തിനെ കുറിച്ചോർക്കാറില്ല. ഗർഭിണി ആണെന്നറിയുന്നതോടെ പങ്കാളിയായ പുരുഷൻ മിക്കവാറും നൈസായി ഒഴിവാകും. ഗർഭം ഇല്ലാതാക്കേണ്ട ബാധ്യത പെണ്ണിന്റേത് മാത്രമാവും. കുഞ്ഞിനെ ജനിപ്പിച്ചവൻ അത് തന്റേതല്ല എന്ന് പറഞ്ഞ് അവളെ അഴിഞ്ഞാട്ടക്കാരി ആക്കാനും മടിക്കില്ല. രഹസ്യമായ ഗർഭഛിദ്രത്തിന്റെ വഴികൾ തേടി ജീവൻ നഷ്ടപ്പെട്ടവരും വലിയ ചൂഷണങ്ങളിലേക്ക് എത്തിപ്പെട്ടവരും ധാരാളം. ആരെയും അറിയിക്കാതെയോ വീട്ടുകാർ മാത്രം അറിഞ്ഞോ ഒമ്പത് മാസം അവിഹിതഗർഭം പേറി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ അവസ്‌ഥ, പ്രസവശേഷം ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ചെയ്യുന്ന ക്രൂരത...
ഇതൊന്നും നിസ്സാരമായ അനുഭവങ്ങളായിരിക്കില്ല ഒരു പെണ്ണിനും.
ഏതാനും വർഷങ്ങൾക്ക് മുമ്പ് കുവൈത്തിൽ നിന്ന് വായിച്ച ഒരു പത്രവാർത്ത ഓർക്കുന്നു. കുഞ്ഞുങ്ങളെ വിദേശത്തേക്ക് കടത്തുന്ന ഒരു സംഘത്തെ പിടികൂടിയ വാർത്ത. അവിഹിതബന്ധങ്ങളിൽ പിറന്ന കുഞ്ഞുങ്ങളെയാണ് ഇവർ വാങ്ങി പുറത്തേക്ക് കടത്തിയിരുന്നത്. ആ വാർത്തയുടെ നടുക്കം ഇപ്പോഴും വിട്ടിട്ടില്ല. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരുടെ മക്കളാണ് മറ്റേതൊക്കെയോ രാജ്യങ്ങളിൽ തങ്ങളുടെ മാതാപിതാക്കൾ ആരെന്ന് പോലും അറിയാതെ വളരുന്നുണ്ടാവുക!. ചിലപ്പോൾ അവയവ കച്ചവടത്തിന് വേണ്ടി, ലൈംഗിക ചന്തകളിൽ വിൽപ്പനയ്ക്കായി....
സമൂഹത്തെ പേടിച്ചും നിയമത്തിന്റെ നൂലാമാലകൾ ഭയന്നും നിസ്സഹായത കൊണ്ടും സ്വന്തം കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ മനസ്സ്. ജീവിതകാലം മുഴുവൻ അവർ അനുഭവിക്കേണ്ടി വരുന്ന വ്യഥ... ഏതോ നാട്ടിൽ തന്റെ കുഞ്ഞ് എങ്ങനെയോ വളരുന്നു എന്നത് എന്നും ഉള്ളിൽ ഉണ്ടാക്കുന്ന നീറ്റൽ.
വ്യക്തികൾക്കും സമൂഹത്തിനും വിവേകം ഇല്ലാതാകുമ്പോൾ ഇനിയും ഇങ്ങനെ ഒരുപാട് കുഞ്ഞുങ്ങൾ ആരുമറിയാതെ കൊല്ലപ്പെടുകയോ വലിച്ചെറിയപ്പെടുകയോ ചെയ്യും.
ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. ശരീരസുഖത്തിന്റെ ഉത്പന്നമായി നിന്ദ്യതയോടെ വലിച്ചെറിയേണ്ട ഒന്നാവരുത്. വളരാൻ അനുവദിക്കണം മാതാപിതാക്കളും സമൂഹവും.

Latest News