Sorry, you need to enable JavaScript to visit this website.

ജീവനൊടുക്കുന്ന കേരളം

https://www.malayalamnewsdaily.com/sites/default/files/2021/01/05/ashik1.jpg

ആത്മഹത്യകളുടെ നിരകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടു കൊണ്ടിരിക്കുന്നത്. വീട് കുടിയൊഴിപ്പിക്കാന്‍ വന്നവരെ വിരട്ടിയോടിക്കാനായി ദേഹത്തു പെട്രോളൊഴിച്ച് തങ്ങളുടെ ജീവന്‍ കുരുതി കൊടുത്ത ദമ്പതികള്‍, രണ്ടു മക്കളെയും കൊന്നു തള്ളി സ്വയം ജീവിതമവസാനിപ്പിച്ച  ഓട്ടോ െ്രെഡവര്‍, മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്ത വിജയം നേടാനാവില്ലെന്ന് സ്വയം വിശ്വസിച്ച് ജീവിതത്തില്‍നിന്ന് ഒളിച്ചോടിയ വിദ്യാര്‍ഥികള്‍, അങ്ങനെ സ്വന്തം ജീവിതം മടുക്കുന്നവര്‍ ഏറിവരികയാണെന്ന് സമീപകാല ആത്മഹത്യകളുടെ പരമ്പര ഉണര്‍ത്തുന്നു.
യഥാര്‍ഥത്തില്‍ മനുഷ്യന്റെ ജീവിതം അവസാനിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലെന്നിരിക്കേ സ്വജീവിതം തീര്‍ത്തു കളയാന്‍ മനുഷ്യന്‍ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള അടങ്ങാത്ത ആധിയാണ് മനുഷ്യനെക്കൊണ്ട് ഇത്തരത്തിലുള്ള കടുംകൈ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മറ്റുള്ളവരുടെ വിഷമതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ തന്റെ വിഷമതകളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന തെറ്റിദ്ധാരണയും ആത്മഹത്യകള്‍ക്ക് കാരണം തന്നെയാണെന്ന് അനുമാനിക്കാന്‍ സാധിക്കും.
തന്റെ വിഷമതകളുടെ ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവെക്കാന്‍ ഒരു അത്താണി കണ്ടെത്താന്‍ സാധിക്കാത്തതും സ്വയം ജീവനൊടുക്കുന്നതിനുള്ള കാരണം തന്നെ.  കാട്ടിലകപ്പെട്ട രണ്ട് കൂട്ടുകാരുടെ കഥയില്‍ പറയുന്നത് പോലെ ഇടി വെട്ടിയപ്പോള്‍ ഒരുത്തന്‍ തന്റെ വിധിയെ പഴിച്ച് മേലോട്ട് നോക്കിയിരുന്നപ്പോള്‍ ഇടി മിന്നലിന്റെ പ്രകാശത്തില്‍ തെളിഞ്ഞ കാട്ടു പാതയിലൂടെ കാട്ടില്‍ നിന്നും  രക്ഷപ്പെട്ട രണ്ടാമത്തവന്‍ നമ്മുടെ മുമ്പില്‍ തുറന്നു തരുന്ന രക്ഷയുടെ ഒരു മാര്‍ഗമുണ്ട്..
ഏത് പ്രതിസന്ധിയിലും തന്റെ മുമ്പില്‍ രക്ഷയുടെ ഒരു വഴി തുറന്നു കിട്ടുമെന്ന ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ നേരിടാനുള്ള ഏറ്റവും വലിയ കരുത്ത്. ആ വിശ്വാസം ഓരോരുത്തരും തന്റെ മനസ്സില്‍ സ്വയം നിറക്കേണ്ടതുണ്ട്.
തന്റെ പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും ഭാരം ദൈവ സന്നിധിയില്‍ ഇറക്കിവെക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. അതിനായി ഓരോ നാട്ടിലും കുറച്ചു വീടുകള്‍ ചേര്‍ന്ന് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. ഓരോ വീട്ടിലെയും കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിനുള്ള പരിഹാരങ്ങള്‍ക്കായി അധികൃതര്‍ തയാറാവുകയും ചെയ്താല്‍ നമ്മുടെ കൊച്ചു കേരളത്തെ നമുക്ക് രക്ഷിക്കാനാവും.
ഇത്രയധികം ജീവന്‍ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം വെടിയാന്‍ ജനങ്ങളും ജനപ്രതിനിധികളും തയാറായില്ലെങ്കില്‍ വിലപ്പെട്ട ജീവനുകള്‍ ഇനിയും  പിടഞ്ഞു വീണേക്കാം. മാനസികവും ശാരീരികവുമായി  ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കക്ഷിരാഷ്ട്രീയില്ലാതെ നമുക്കൊരുമിക്കാം. ലക്ഷ്യബോധ്യമുള്ള നല്ലൊരു ജനതക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം

 

 

Latest News